19 December 2024, Thursday
KSFE Galaxy Chits Banner 2

ഈമാനുള്ള കൊച്ചനിയൻ

Janayugom Webdesk
March 25, 2022 7:43 pm

ഥകളേക്കാൾ വേഗതയുള്ള കഥാനായകന്മാരുണ്ടാവും ഓടിയോടി മുന്നിലെത്തി ഒരു ലൈറ്റ് ഹൗസ് പോലെ അകലെനിന്നും വെട്ടം തരുന്നവർ. അവരെക്കുറിച്ചെഴുതുമ്പോൾ നമ്മുടെ പേനകൾക്ക് വിരാമചിഹ്നത്തിന്റെ ആവശ്യകതയെ ഉണ്ടായെന്നുവരില്ല. മഷി ഒലിച്ചുകൊണ്ടേയിരിക്കും. നമ്മളെപ്പോഴും ചലിച്ചുകൊണ്ടേയിരിക്കും. ഇക്കാണുന്ന കടലിനക്കരെ ദുഫായിയാണെന്ന് ഓരോ മലയാളിയെയും പറഞ്ഞു പഠിപ്പിച്ചത് മാമുക്കോയയാണ്. ‘ഗഫൂർക്കാ ദോസ്ത്’ എന്ന് പറഞ്ഞു കടല് കടന്ന് ദുബായി കാണാൻ ഞാൻ ആഗ്രഹിച്ചിട്ടേയില്ല. തളരുവോളം തിരമാലകളിൽ കളിച്ച് രസിക്കാൻ, തീരത്തിരുന്ന് അനന്തതയിലേക്ക് നോക്കാൻ, സായന്തനം കാണാൻ.. മോഹങ്ങൾക്ക് ഒരു പരിധിയിൽ കവിഞ്ഞും ദൂരമുണ്ടാകുമ്പോഴാണ് തിരിഞ്ഞുനോട്ടത്തിന് കണ്ണെത്താതെ വരുന്നത് എന്നറിഞ്ഞതിൽപ്പിന്നെ ദൂരപരിധി ഒരു വിഷയമായി തന്നെ കൈകാര്യം ചെയ്തു പോകുന്നു.

വിചാരിക്കുമ്പോഴൊക്കെ നടത്താവുന്ന, ഒരിക്കലും മതിവരാത്ത ആഗ്രഹം. അതായിരുന്നു കടൽ. കടലിനെക്കുറിച്ച് എന്തോ പറയുന്നതിനിടെ ഷഹാന പിറുപിറുത്തു. “ന്താ അവിടെ? ഞാൻ ചോദിച്ചു. “ഞാനും ഉമ്മയും കടലിൽ ചവിട്ടില്ല എന്ന് ഉറപ്പിച്ചതാണ്” ബെല്ലടിച്ചതിനാൽ കാരണം തിരക്കിയില്ല. നിഷാലിന്റെ ഇഷ്ടനിറം പച്ചയാണ്. അവൻ എട്ടാം ക്ലാസ്സിലാണെങ്കിലും തികഞ്ഞ രാഷ്ട്രീയബോധമുള്ള കുട്ടിയായിരുന്നു. മുസ്ലിം ലീഗ് രക്തത്തിൽ കലർന്നിരുന്നു. ആർമിക്കാരനാവണമെന്ന് മോഹിച്ച കൊച്ചു പയ്യൻ. ഫുട്ബോളായിരുന്നു ഇഷ്ടവിനോദം. കെ ടി എം ബൈക്ക് വാങ്ങണമെന്നായിരുന്നു ആഗ്രഹം. സോറിയാസിസ് വന്നതിനാൽ ചവർത്ത മരുന്ന് കഴിക്കുമ്പോഴും അവനുറക്കെ ചിരിക്കും. ഷഹാന അന്ന് പത്താം ക്ലാസ്സിലാണ്. എസ് എസ് എൽ സി പാസ് ആയിട്ടും മിഠായി വാങ്ങി കൊടുക്കാത്തതിൽ അവൻ പരിഭവിച്ചിരുന്നു. മൂന്ന് കൊല്ലം നിരന്തരമായി അപസ്മാരം വന്നതിനാൽ അവനെ വിഷമിപ്പിക്കാൻ ഉമ്മ തയ്യാറല്ല. മാർച്ച്‌ മാസം അഞ്ചാം തിയ്യതിയാണ് ഷഹാനയുടെയും, നിഷാലിന്റെയും ജന്മദിനം. “ഇത്താത്ത രണ്ടായിരത്തി മൂന്നിലും, ഞാൻ രണ്ടായിരത്തി എട്ടിലും,

ല്ലേ ഇത്താത്ത?” “അതേടാ ” “നിക്ക് ചെലവ് വേണം യ്യ് ജയിച്ചേന് ” “ഇനി പ്ലസ്ടു ന്ന് നോക്കാം ” എന്ന് ഞാൻ പറയും. അവനെ ഞങ്ങള് ‘പായേൽ മുള്ളി’ എന്ന് വിളിക്കുമായിരുന്നു.എന്നും രാത്രി മൂത്രമൊഴിക്കും. ഞാനിടയ്ക്കൊക്കെ വിളിച്ചെഴുന്നേൽപ്പിക്കും, വല്ലിമ്മ മരിക്കുന്നതിന് മുൻപത്തെ ദിവസം അസ്സലായി ഒഴിച്ചു. ഞങ്ങള് കളിയാക്കി. അവൻ ഒറ്റയ്ക്ക് തുണികൾ കഴുകി.. ശ്വാസം മുട്ടലുവരുന്ന രാത്രിയാണ് ഭയാനകം, ഞാനവന്റെ തലയിൽ തട്ടിക്കൊടുക്കും. ഉപ്പ ഗൾഫിലാവുന്ന എല്ലാ വീട്ടുകാരെയും പോലെ ഉമ്മയും മക്കളും എല്ലാം അറിഞ്ഞും പറഞ്ഞും ജീവിച്ചു. രാത്രി കട്ടിലിൽ കിടന്ന് ഗുസ്തി കളിക്കും. കണ്ണെത്തും ദൂരത്തുള്ള ഒട്ടുമ്മൽ കടപ്പുറത്തേക്ക് അവൻ കളിക്കാനൊന്നും പോയിരുന്നില്ല. മീൻ വളർത്തൽ പരിപാടി വീട്ടിലായിരുന്നു. പൈസക്കാരനായിവീട്ടിൽ ഹോം തിയേറ്റർ വെക്കണമെന്നായിരുന്നു അവന്റെ പൂതി. അവശ്യസാധനങ്ങളായ സൈക്കിൾ, അക്വാറിയം എന്നിവ ഉപ്പാക്ക് വിട്ട് കൊടുത്തു. ഗൾഫിന്ന് വന്നാൽ വാങ്ങിക്കാമെന്ന് ഉപ്പ വാക്കും കൊടുത്തു. സൂര്യനുദിച്ചാൽ വീട്ടിലേക്കെത്തുന്ന കൂട്ടുകാരൻ ജുനൈസിനും, എനിക്കും മാത്രം അറിയുന്നൊരു രഹസ്യമുണ്ട്.. നിഷാലിന് ഒരു കളിക്കൂട്ടുകാരിയുണ്ട്. അവളോട് അവനൊരിച്ചിരി ഇഷ്ടക്കൂടുതലുണ്ട്. “ഞാനോളെക്കെട്ടും ” എന്ന് വീമ്പ് പറയുന്ന കള്ളക്കാമുകനെ ഞങ്ങള് കളിയാക്കി ചിരിക്കും. ഉമ്മേടെ ചെക്കനായിരുന്നു അവൻ. പത്ത് രൂപ കൊടുത്ത് അയൽവാസികൾ കടയിൽ വിട്ടാൽ എട്ടേ ചിലവായുള്ളൂ എങ്കിൽ രണ്ട് രൂപ തിരിച്ചേൽപ്പിക്കുന്ന അനുസരണയുള്ള പയ്യൻ. എത്ര ദേഷ്യപ്പെട്ടാലും ‘ഇത്താത്തക്കുട്ടീ‘ന്ന് വിളിച്ച് വരുന്നവൻ. നോമ്പിന് ഞങ്ങളൊരുമിച്ച് നിസ്കരിക്കും. പെരുന്നാളിന് അവൻ കൂട്ടിവെച്ച കാശെടുത്ത് ചെറുതെന്തേലും വാങ്ങി തരും. ഷഹാന നിർത്താതെ തുടർന്നു. അനിയനോടുള്ള അവളുടെ വാത്സല്യം കണ്ട് ഞാൻ അതിശയിച്ചു. ലോക്ക്ഡൗൺ കാലത്ത് അവർ ആസ്വദിച്ച് കളിച്ചതും. പുത്തൻപുരയിൽ ഖാദറാക്കയുടെ വീട് നോക്കി, കടൽക്കാറ്റും കൊണ്ട് അവര് ടെറസിന്റെ മുകളിലിരിക്കുന്നതും. കഥയിലുടനീളം ഞാനൊരു കേൾവിക്കാരിയായി. ഒരുപക്ഷെ നല്ല കേൾവിക്കാരിയാവുകയും ഒരു നിയോഗം തന്നെ.ഈ ദുനിയാവിൽ നല്ല കേൾവിക്കാർക്ക് മാത്രം കേൾക്കാനായി എത്രയെത്ര കഥകളാണിവിടെ. പിറക്കാതെ പോയൊരു ആങ്ങളക്കൊച്ചിനെ ഓർത്തു. ചുവപ്പ് വൾക്കാരോ ചെരുപ്പിടുന്ന, വൈകുന്നേരങ്ങളിൽ കടല വറുത്തത് വാങ്ങി തരുന്ന ‘ആരാടാ ന്റെ ഇത്തയെ ശല്ല്യം ചെയ്യുന്നത് ‘എന്ന് നെഞ്ചും വിരിച്ച് ചോദിക്കുന്ന.. ഇടയ്ക്കൊക്കെയും ഞാനവളോട് ചോദ്യങ്ങൾ ചോദിച്ചു. അറിയാനുള്ള എന്റെ വ്യഗ്രതയെ ബഹുമാനിക്കുന്നവർ മാത്രം തരുന്ന മറുപടികളെ സസന്തോഷം സ്വീകരിച്ച് ഞാനും ഷഹാനയുടെയും , നിഷാലിന്റെയും തോട്ടടുത്തിരുന്നു. വാവേന്ന് വിളിക്കുമ്പോ, “എന്നെയിനി അങ്ങനെ വിളിക്കണ്ട, ഞാൻ വലുതായി” എന്ന നിർദേശവും ഇടക്കവൻ ഇത്താത്തയോട് പറഞ്ഞു. സൂപ്പിക്കുട്ടിയിലേക്ക് അഡ്മിഷൻ എടുക്കാൻ പോയതും,കൊറോണ കാരണം നഷ്ടപ്പെട്ട കുറേ നല്ല ദിനങ്ങളെക്കുറിച്ചും സംസാരിച്ചു. “ഞാനെന്ത് അപകടത്തിൽ പെട്ടാലും ഇത്താത്ത എന്നെ രക്ഷിക്കുമോ? ” എന്ന ചോദ്യത്തിനായിരുന്നു ഏറ്റവും നിഷ്കളങ്കത. ശവ്വാൽ മാസം പതിനാറാം ദിവസം , ഒരു വെള്ളിയാഴ്ച ‚ഷഹാനക്കും, നിഷാലിനും പനി പിടിച്ചു. ഓട്ടോക്ക് കാത്തെങ്കിലും കിട്ടിയില്ല. പതിനേഴുകാരിയായ ഇത്താത്തയുടെ കൈ പിടിച്ച് എട്ടാം ക്ലാസ്സുകാരൻ നടന്നു.കടലിനോടഭിമുഖമായി നിൽക്കുന്ന പള്ളിക്കാട്ടിലേക്ക് നോക്കി അവൻ ചൊല്ലി. “അസ്സലാമു അലൈക്കും അഹ് ല ദ്ദിയാർ മിനൽ മുസ് ലിമീന വൽ മുഅമിനീന വ ഇന്നാ ഇൻശാ അ ബി കും ലാഹികൂൻ.” “ഇത്താ ” “ന്താടാ? ” “ഈമാന്റെ പകുതി വൃത്തിയും, ക്ഷമയുമല്ലേ?” “അതെ ” “എനിക്കത് രണ്ടും ഉണ്ടെന്ന് തോന്നുന്നു. എന്റെ ഈമാൻ മുഴേനായി.” കളിക്കാൻ പോവാൻ പറഞ്ഞാലും കേൾക്കാത്ത അവനന്ന് ഉച്ചക്ക് കളിക്കാൻ പോവാൻ റെഡിയായി.ജുനൈസ് എത്തിയിട്ടില്ല. അവനെവിടുന്നോ രണ്ട് കടലപ്പൊതി വാങ്ങി വന്നു.ഒരു പൊതി ഉമ്മയും ഷഹാനയും കൊറിച്ചു .

ജുനൈസിനെ കാത്തു നിൽക്കാതെ നിഷാൽ കളിക്കാൻ പോയി. അടിയൊഴുക്കുള്ള സമയമാണെന്ന് ആരൊക്കെയോ പറഞ്ഞിരുന്നു. വൈകിയിട്ടും നിഷാലിനെ കാണാഞ്ഞ് ഉമ്മ ഷഹാനയെ തിരയാനയച്ചു. തിരയും തീരവും ഒന്നായി തിരച്ചിലിന്റെ വ്യാപ്തി കൂടി. നാടിളകി. ഉമ്മ അറിയരുതെന്ന് കരുതി വീടായ വീട് മുഴുവനും അവളോടി. ഉമ്മ അറിയരുതേ എന്നാർത്തു പറഞ്ഞു. പക്ഷെ ഉമ്മ അലറിയോടി. കടലിനപ്പുറം യാതൊന്നുമറിയാതെ ഉപ്പ തകർന്നിരുന്നു.. “മിസ്സേ പിന്നെ എന്റേം ഉമ്മാടേം ബോധം പോയി. ബാക്കിയൊന്നും എനിക്കറിയില്ല.” കഥ നിശ്ചലമായി. പ്ലസ് ടുവിന് പഠിക്കുന്ന ഷഹാന ജയിച്ചതിന്റെ മിഠായിപ്പൊതി കൊടുക്കും മുൻപ്, മൂന്നാം പക്കം അവനെ കടല് തിരിച്ചു കൊടുത്തു. തലയിലെവിടെയോ ചോരയിറ്റിയതിന്റെ പാട്. “ഓന്റെ ചോരയിറ്റിയ കടല് കാണാൻ ഇഷ്ടല്ല ഞങ്ങൾക്ക് ” തിന്നാതെ ബാക്കി വെച്ച കടലപ്പൊതി തണുത്തു. രക്ഷിക്കാമെന്നു വാക്ക് കൊടുത്ത ഇത്താത്തയുടെ കൈകൾ അവനെ രക്ഷിച്ചില്ല. കണ്ണീരൊഴുകുമ്പോൾ വാക്കുകൾ കുതിർന്നില്ലാതെയാകുന്ന ഏതൊരു പെണ്ണിന്റെയും അസഹനീയത മറ്റൊരു പെണ്ണിന് കാണാൻ കഴിയും. ഷഹാനക്ക് ലിപികൾ കൊടുക്കാനേ എനിക്ക് കഴിഞ്ഞുള്ളു. അലങ്കരിച്ചും, വിശദീകരിച്ചും ആവർത്തിക്കാൻ എനിക്കൊന്നുമില്ലാത്ത ഇക്കഥയിലൂടെ കുറേ ദിവസം അലഞ്ഞു. അവസാനം ഒട്ടുമ്മൽ കടപ്പുറം കാണാൻ തോന്നി. മുൻപ് കണ്ടതിനേക്കാൾ അധികമായി അതിനെന്തൊക്കെയോ എന്നെ കാണിക്കാനുണ്ടാവുമെന്ന തോന്നൽ.ഒരു ഞായറാഴ്ച ഉച്ചക്ക് കരിങ്കല്ലുകൾ കൂട്ടിയിട്ട് ഹാർബർ പണി പാതിയായി കിടക്കുന്ന വഴിയിലൂടെ നടന്നു. സൂര്യൻ അസ്തമയത്തിരക്കിലാണ്. ആരില്ലേലും, ഉണ്ടേലും ഞാനെന്റെ ദിനചര്യ ചെയ്യുമെന്ന പ്രതീതിയിൽ കടലിനെ ചുംബിക്കാനായുന്ന ഒരു ചുവന്ന പൊട്ട്. മരണത്തിന്റെ നാല്പതു ദിവസം മുൻപ് ഒരാൾ മരണപ്പെട്ടിട്ടുണ്ടാവുമെന്ന് പറയാറുള്ള സ്വന്തമായി കയ്യൊപ്പിടാൻ പോലും അറിയാത്ത ആയിസാബിത്താത്ത, മനസ്സിലെവിടെയോ വന്നു പോയി. ഈമാൻ മുഴുവനായ ഒരു കുട്ടി, എന്നോ മരണത്തെ മുൻകൂട്ടി അറിഞ്ഞവൻ.. അലറിക്കരഞ്ഞ, ഉപ്പുനീരു കുടിച്ച കടൽ. തീരത്ത് നിന്ന് നോക്കുന്ന സുന്ദരമായ കാഴ്ചയല്ല കടൽ. വ്യക്തം! കടൽക്കാറ്റിന് വല്ലാത്ത ചൂട്. വെള്ളത്തിലേക്കിറങ്ങാൻ തോന്നിയില്ല. ആരൊക്കെയോ ചുഴികളിൽ തട്ടി പരക്കം പായുന്ന ചിത്രങ്ങൾ. ഫോണിലെ ഷഹാന സെക്കന്റ്‌ ബി എ എന്ന നമ്പർ തൊട്ടു. അപ്പുറത്ത് “എന്തെ മിസ്സേ? ” “ഞാനിവിടുണ്ട് ബീച്ചിൽ, നീ വീട്ടിലുണ്ടോ?” “ഉണ്ട്, ഇപ്പൊ വരാം ” “വേഗം വാ ” അവൾ വേഗം വന്നു. തമ്മിൽ തമ്മിൽ ഞങ്ങൾ അധികമൊന്നും മിണ്ടിയില്ല.കടൽച്ചൂര് അവളിൽ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി തോന്നി. “മിസ്സ്‌ വീട്ടിൽ വരുമോ? ഉമ്മയുണ്ടവിടെ” “ഇല്ലെടാ പിന്നെ വരാം ” “ഇവിടടുത്താ വേഗം തിരിച്ചു പോരാം ” സമയം ആറെ അൻപത്തി അഞ്ച്. “വൈകും കുട്ടീ ” “സാരല്ല്യ, വേം വരാം ” നല്ലൊരു ടെറസ് വീട്. കോളിങ് ബെല്ലിന്റെ മുകളിൽ എന്തോ മിനുമിനുത്ത കടലാസുകൊണ്ട് മുഹമ്മദ്‌ നിഷാൽ എന്നെഴുതിയിരിക്കുന്നു. ആരുടെയോ കരവിരുതാണത്. അവളുടെ ഉമ്മ ആതിഥ്യമര്യാദയോടെ എന്നെ ക്ഷണിച്ചു. മാങ്ങാ ജൂസും, സാൻഡ് വിച്ചും മുന്നിൽ റെഡി.. മറ്റെന്തൊക്കെയോ ചിന്തയിൽ മുഴുകിയ എനിക്ക് സാൻഡ് വിച്ചൊന്നും കഴിച്ചിട്ട് പോയില്ല. ഉമ്മ കുറേ സങ്കടം പറഞ്ഞു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മകന്റെ വിയോഗം അവരുടെ ചിരി ഇല്ലാതാക്കിയിരിക്കുന്നു. ജുനൈസ് എവിടന്നോ ഓടി വന്നു.

ഞാനവനോട് സംസാരിച്ചു. കളിക്കൂട്ടുകാരൻ നഷ്ടപ്പെട്ടെങ്കിലും സ്വന്തം വീട്ടിലേക്ക് കയറി വന്ന പോലെയാണ് അവന്റെ നിൽപ്പ്. അധികനേരം എനിക്കവിടെ ഇരിക്കാനായില്ല. തിരിച്ചു പോരുമ്പോ പള്ളിക്കാടിന്റെ തെക്കേത്തൊടിയിലേക്ക് കൈ ചൂണ്ടി ഷഹാന പറഞ്ഞു. “അവിടെയാണ് നിഷാലുള്ളത്. ഞാനിപ്പോ സലാം പറഞ്ഞത് മിസ്സ്‌ കേട്ടാ?” “ഇല്ലാലോ ” “ഹേ കാബറാളികളെ, നിങ്ങൾക്ക് സമാധാനം, അല്ലാഹുവിന്റെ വിധിയാൽ ഞാനും നിങ്ങളിലേക്ക് ചെരേണ്ടവനാകുന്നു.” “ഓഹോ ഇങ്ങനെയാണോ?” “അവനവിടെ ഉണ്ടാവില്ലേ മിസ്സേ ” “ഉണ്ടാവും ഡാ ” “മിസ്സേ നഷ്ടപ്പെടുമ്പോഴാണ് സ്നേഹത്തിന് എന്ത് ഭംഗിയായിരുന്നു എന്ന് തോന്നുക അല്ലേ?” “അല്ല മോളെ, ചുരുങ്ങിയ കാലമാണെങ്കിൽ പോലും എത്രമാത്രം പരിഗണിക്കപ്പെട്ടു എന്നതിലാണ് സ്നേഹത്തിന്റെ ഭംഗി ” “അപ്പൊ ഞങ്ങളെ നിഷാലിന് നല്ല ഭംഗിയാവും ലേ ” “ആവും, സ്നേഹിക്കുകയും നിരന്തരം സ്നേഹിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യന്മാർക്ക് പ്രത്യേക ഭംഗി ഉണ്ടാവും.” അവളെന്റെ കൈ മുറുകെ പിടിച്ചു. “ചിലപ്പോ എനിക്ക് കടല് കണ്ടാൽ കലി വരും മിസ്സേ, കടല് ഇല്ലായിരുന്നെങ്കിൽ ” “പാടില്ല, ഒരേ വസ്തു പലർക്കും പലതാണെടാ, കടലെപ്പോഴും ആശ്വാസമാകുന്നവരും ഉണ്ടാകും. ഇഷ്ടവും ഇഷ്ടക്കേടും നമ്മളുണ്ടാക്കുന്നതല്ലേ.നിന്റെ കഥയത്രയും ഞാൻ കേട്ടിരുന്നത് ഇഷ്ടം കൊണ്ടല്ലേ. എത്രമാത്രം കൊടുക്കുന്നുണ്ടോ അതിലിരട്ടി കിട്ടുന്നതല്ലേ ഇതൊക്കെ? ഈമാനുള്ള നിഷാലിനെ നോക്ക്, എല്ലാവരോടും അവന് ഇഷ്ടമേ ഉള്ളു ” “അവനോടിക്കളിക്കുന്നത് ഞാൻ സ്വപ്നം കാണാറുണ്ട്, ഉമ്മച്ചി ഇടയ്ക്കൊക്കെ കരയും. ആൺകുട്ടി പോയെന്നും പറഞ്ഞ്. ഓരെ നോക്കാൻ ആളുണ്ടാവില്ലാന്നും പറയും ” “ഞാനുണ്ടാവുമെന്ന് ഉശിരോടെ പറയ്‌. അതാണ്‌ നീ ചെയ്യേണ്ടത്.” “നിഷാല് ഞങ്ങളൊപ്പം ണ്ടാവും അല്ലേ മിസ്സേ, മിസ്സ്‌ ഇതെഴുതുമ്പോ ഓന്റെ പേര് മാറ്റണം ട്ടോ, ഓന്റെ പേര് പബ്ലിക് ആക്കണ്ട. എനിക്കൊരു കുട്ടിയുണ്ടാവുമ്പോ ഇടാൻ വെച്ചതാ.” “ആയ്ക്കോട്ടെ, നീ തന്നെ മറ്റൊരു പേര് പറഞ്ഞു താ ” അവളുടെ കണ്ണ് നനഞ്ഞു. ഇനിയും ചോദ്യങ്ങൾ മുന്നോട്ട് നീങ്ങിയാൽ വിരസത തോന്നാം എന്നതിനാൽ ഞാൻ പിന്നൊന്നും ചോദിച്ചില്ല . അല്ലെങ്കിലും ഏത് ചോദ്യത്തിനാണിവിടെ വ്യക്തമായ ഉത്തരമുള്ളത്? ചോദ്യങ്ങൾ വീണ്ടും വീണ്ടും ചോദ്യങ്ങൾ തന്നെ സൃഷ്ടിക്കുന്നതിനാൽ, ഞാനവ നിർത്തുന്നു. കഥയേക്കാൾ വേഗത്തിലോടുന്ന കുഞ്ഞുനായകന്മാർക്ക് അന്തരീക്ഷത്തിൽ എത്രയെത്ര പേരുകളാണ്! അവരെക്കുറിച്ചെഴുതാൻ, എളുപ്പമാണ്. അവർക്ക് നടക്കാൻ വഴി കൊടുത്ത് കഥയെഴുത്തുകാർ മാറി നിൽക്കുക. എന്നിട്ട് സാകൂതം നിരീക്ഷിക്കുക. ഓരോ മനുഷ്യനും മണ്ണടിയും വരെ, അല്ല മണ്ണിൽ കിടന്നും കഥകൾ സൃഷ്ടിക്കുന്നു. പ്രപഞ്ചത്തിൽ അന്തമില്ലാതെ ലയിച്ചു ചേരുന്നു.. വിജിഷ വിജയൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.