23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 6, 2024
November 14, 2024
November 12, 2024
November 12, 2024
November 9, 2024
October 29, 2024
October 18, 2024
October 14, 2024
October 7, 2024
October 6, 2024

പാകിസ്ഥാന്‍ രാഷ്ട്രീയം അനിശ്ചിതത്വത്തിലേക്ക്

രാജാജി മാത്യു തോമസ്
March 27, 2022 7:00 am

മാർച്ച് 25 നു ചേർന്ന പാകിസ്ഥാൻ നാഷണൽ അസംബ്ലിയിൽ (ദേശീയ പാര്‍ലമെന്റ്) പ്രതീക്ഷിച്ചതുപോലെ അത്ഭുതങ്ങൾ ഒന്നും സംഭവിച്ചില്ല. പ്രധാനമന്ത്രി ഇമ്രാൻഖാന് എതിരെ പാകിസ്ഥാൻ മുസ്‍ലിം ലീഗും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയും ഉൾപ്പെട്ട സംയുക്ത പ്രതിപക്ഷം സമർപ്പിച്ച അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കുമെന്നും അത് വിജയിക്കുമെന്നുമുള്ള കണക്കുകൂട്ടലുകൾ അസ്ഥാനത്തായി. അന്തരിച്ച ഒരു അംഗത്തിന് അനുശോചനം രേഖപ്പെടുത്തി അസംബ്ലി തൽക്കാലത്തേക്ക് പിരിയുകയായിരുന്നു. ചരമോപചാരം അർപ്പിച്ചു പിരിയുക എന്നത് ഒരു അംഗീകൃത കീഴ്‌വഴക്കം ആയതുകൊണ്ടുതന്നെ പ്രതിപക്ഷ പ്രതിഷേധം വിലപ്പോയില്ല. ഇനി തിങ്കളാഴ്ച ചേരുന്ന നാഷണൽ അസംബ്ലി അവിശ്വാസം ചര്‍ച്ചക്കെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2018 ൽ സൈന്യത്തിന്റെ പിന്തുണയോടെ അധികാരത്തിൽ വന്ന ഇമ്രാൻഖാന് എതിരെ ഉയർന്നുവന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇപ്പോഴത്തേത്. സാമ്പത്തിക തകർച്ചയടക്കം ഭരണപരാജയം ആരോപിച്ചാണ് ഭൂട്ടോ, നവാസ് ഷെരീഫ് കുടുംബങ്ങളുടെ പിൻതുടച്ചാവകാശം പേറുന്ന മുഖ്യ പ്രതിപക്ഷ കക്ഷികൾ സംയുക്തമായി മാർച്ച് എട്ടിന് നാഷണൽ അസംബ്ലി സെക്രട്ടേറിയറ്റിന് അവിശ്വാസ നോട്ടീസ് നൽകിയത്. അവിശ്വാസ നോട്ടീസ് ലഭിച്ചാൽ 14 ദിവസങ്ങൾക്കുള്ളിൽ അത് ചർച്ചക്ക് എടുക്കണം എന്നാണ് പാകിസ്ഥാൻ ഭരണഘടന നിഷ്കർഷിക്കുന്നത്. എന്നാൽ, മാര്‍ച്ച് 23 നു നിശ്ചയിച്ചിരുന്ന ഇസ്‍ലാമിക രാഷ്ട്ര സംഘടനയുടെ (ഒഐസി) മന്ത്രിതല യോഗം കണക്കിലെടുത്ത് നാഷണൽ അസംബ്ലി സമ്മേളിക്കുന്നത് 25നു എന്ന് നിശ്ചയിക്കുകയായിരുന്നു. 342 അംഗ നാഷണൽ അസംബ്ലിയിൽ അവിശ്വാസത്തെ പരാജയപ്പെടുത്താൻ ഇമ്രാൻഖാന് കുറഞ്ഞത് 172 അംഗങ്ങളുടെ പിന്തുണ ആവശ്യമാണ്. ഖാന് ഇപ്പോൾ അത്രയും പേരുടെ പിന്തുണ ഇല്ലെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഖാന്റെ പാർട്ടിയായ പാകിസ്ഥാൻ തെഹരീഖ് ഇ ഇൻസാഫിനു അസംബ്ലിയിൽ 155 പേരുടെ പിന്തുണയാണ് ഉള്ളത്. അവരിൽ തന്നെ രണ്ടു ഡസൻ പേർ ഖാന് എതിരെ തിരിഞ്ഞ് പ്രതിപക്ഷത്തിന് ഒപ്പം ആണത്രെ. പുറമെ ഖാനെ പിന്തുണച്ചിരുന്ന മൂന്ന് ചെറുപാർട്ടികളും മറുകണ്ടം ചാടിയതായാണ് വാർത്ത. സംയുക്ത പ്രതിപക്ഷത്തിന് 163 അംഗങ്ങളുടെ പിൻബലമാണുള്ളത്. എന്നാൽ ഈ കണക്കുകൾക്കു അപ്പുറമുള്ള ആത്മവിശ്വാസത്തിലാണ് ഖാൻ ക്യാമ്പ്. യഥാസമയം അവിശ്വാസം ചർച്ചചെയ്യാൻ നാഷണൽ അസംബ്ലി വിളിച്ചുചേർക്കാതിരുന്നത് വൻ പ്രതിപക്ഷ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. സ്പീക്കറുടെ നിലപാടിൽ പക്ഷപാതിത്വം ആരോപിച്ച് നാഷണൽ അസംബ്ലിയിലേക്ക് മാർച്ചും രാജ്യത്തുടനീളം പ്രതിഷേധങ്ങളും പ്രതിപക്ഷം സംഘടിപ്പിച്ചിരുന്നു. വൻ റാലികളുമായി പ്രതികരിച്ച ഖാനും പാർട്ടിയും ഇന്ന് (മാര്‍ച്ച് 27 ഞായറാഴ്ച) ലക്ഷങ്ങളെ അണിനിരത്തി ഇസ്ലാമബാദിൽ റാലി നടത്തുകയാണ്. “തിന്മക്കെതിരെ, നന്മക്കൊപ്പം അണിനിരക്കുക”, എന്ന മുദ്രാവാക്യത്തോടെ തന്റെ ജനകീയ പിന്തുണ പ്രകടിപ്പിക്കുകയും പ്രതിപക്ഷത്തെ അമ്പരപ്പിക്കുകയുമാണ് ഖാന്റെയും പാർട്ടിയുടെയും ലക്ഷ്യം. അസഹിഷ്ണുതയും ആൾക്കൂട്ടത്തെ അണിനിരത്തി പ്രതിയോഗികളെ നേരിടുക എന്നതും ഖാന്റെ രാഷ്ട്രീയ പ്രവർത്തന ശൈലിയുടെ മുഖമുദ്രയാണ്.


ഇതുകൂടി വായിക്കാം; പാകിസ്ഥാന്‍ രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്


തുടർച്ചയായ റാലികളും പ്രതിഷേധങ്ങളും പാകിസ്ഥാൻ രാഷ്ട്രീയത്തെ ക്രമാതീതമായി ചൂടുപിടിപ്പിച്ചിട്ടുണ്ട്. അത് അക്രമങ്ങളിലേക്കും പൊട്ടിത്തെറികളിലേക്കും നീങ്ങുമോ എന്ന ആശങ്ക രാജ്യത്തിനകത്തും പുറത്തും ശക്തമാണ്. ഉദ്വേഗജനകമായ രാഷ്ട്രീയാന്തരീക്ഷത്തിൽ രാജ്യവും ലോകവും ഉറ്റുനോക്കുന്നത് പാകിസ്ഥാനി സൈനിക സംവിധാനത്തെയാണ്. പാകിസ്ഥാൻ രാഷ്ട്രീയത്തിലെ നിയാമക ശക്തിയാണ് സൈന്യം. അവരുടെ പിന്തുണകൂടാതെ ആ രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു ഭരണകൂടവും നിലനിന്നിട്ടില്ല. പാകിസ്ഥാന്റെ ഇതപര്യന്തമുള്ള ചരിത്രത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനും അതിന്റെ കാലാവധി പൂര്‍ത്തിയാക്കാനായിട്ടില്ല. അവയുടെ ഓരോന്നിന്റെയും പതനത്തിനു പിന്നില്‍ പാകിസ്ഥാന്‍ സെെന്യത്തിന്റെ കരങ്ങള്‍ പ്രത്യക്ഷമായോ പരോക്ഷമായോ ഉണ്ടായിരുന്നുതാനും. 2018ലെ തെരഞ്ഞെടുപ്പില്‍ ഭൂട്ടോയുടെയും നവാസ് ഷെരീഫിന്റെയും പിന്മുറക്കാര്‍ക്കു പകരം പട്ടാളം ഇമ്രാന്‍ഖാനെ തിരഞ്ഞെടുക്കുകയായിരുന്നു. പക്ഷെ, ഇപ്പോൾ സംഗതികൾ കീഴ്മേൽ മറിഞ്ഞിരിക്കുന്നു. പാകിസ്ഥാൻ ഇന്റർ സർവീസ് ഇന്റലിജൻസ് (ഐഎസ്ഐ) മേധാവിയെ തല്‍സ്ഥാനത്തുനിന്നു മാറ്റി പ്രതിഷ്ഠിക്കുന്നത് സംബന്ധിച്ച് സൈനിക മേധാവി ഖമർ ജാവേദ് ബജ്‌വയുമായി ഇമ്രാൻഖാൻ പരസ്യമായി ഏറ്റുമുട്ടുകയുണ്ടായി. പ്രധാനമന്ത്രിക്ക് അവസാനം കീഴടങ്ങേണ്ടിവന്നു. അതോടെ ഖാനും സൈനിക നേതൃത്വവും തമ്മിൽ അകന്നു. അതിന്റെ വിലയായി ഖാന് സൈന്യം പുറത്തേക്കുള്ള വഴി കാട്ടിക്കഴിഞ്ഞതായാണ് വാർത്ത. അതുതന്നെയാണ് പ്രതിപക്ഷത്തിന് തങ്ങളുടെ നിലപാട് കടുപ്പിക്കാൻ കരുത്തു പകരുന്നത്. കൂറുമാറ്റക്കാരെ അനുനയിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൂടെ നിർത്താൻ ഖാനും പാർട്ടിയും കഠിന യത്നത്തിലാണ്. അത്തരക്കാരെ അയോഗ്യരാക്കാൻ സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ളതായും വാർത്തയുണ്ട്. ഇടക്കാല തെരഞ്ഞെടുപ്പ് സാധ്യതയും പരിഗണനയിലുണ്ട്. പാകിസ്ഥാൻ രാഷ്ട്രീയത്തിലെ അടുത്ത നീക്കങ്ങളും വിസ്മയങ്ങളും കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളു. പാകിസ്ഥാനിലെ ഇപ്പോഴത്തെ പ്രതിസന്ധിക്കു മുഖ്യ കാരണം സാമ്പത്തികവും ആഭ്യന്തര അസ്വസ്ഥതകളുമാണ്. പണപ്പെരുപ്പവും വിലക്കയറ്റവും ജനജീവിതത്തെ വീർപ്പുമുട്ടിക്കുന്നു. യുഎസും നാറ്റോയും അഫ്ഗാനിസ്ഥാൻ വിട്ടതോടെ പാകിസ്ഥാനെക്കൊണ്ട് അവർക്കു പഴയ ഉപയോഗം ഇല്ലാതെ ആയിരിക്കുന്നു. പഴയ തോതിലുള്ള സഹായങ്ങളും നിലച്ചിരിക്കുന്നു. ആ വിടവുനികത്താൻ ചൈനക്ക് എത്രത്തോളം കഴിയുമെന്നും, താല്പര്യമുണ്ടെന്നും കാത്തിരുന്ന് കാണണം. പാകിസ്ഥാൻ സംഭവവികാസങ്ങളിൽ ഏറെ ഉൽകണ്ഠ വേണ്ടത് ഇന്ത്യക്കാണ്. കാരണം അത് അതിർത്തിയിലെ സമാധാനത്തെയും ഉപഭൂഖണ്ഡത്തിലെ രാഷ്ട്രീയത്തെയും നിർണായകമായി സ്വാധീനിക്കും. ഒരേസമയം ശ്രീലങ്കയിലും പാകിസ്ഥാനിലും പ്രശ്നങ്ങൾ നീറിപ്പുകയുന്നതും പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതും ഇന്ത്യയുടെ ഉറക്കംകെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.