20 October 2024, Sunday
KSFE Galaxy Chits Banner 2

മൻസിയയുടെ മനഃക്ലേശം

എ പി അഹമ്മദ്
April 1, 2022 7:00 am

വി പി മൻസിയ എന്ന നർത്തകിയുടെ സങ്കടങ്ങൾ, സാംസ്കാരിക കേരളം ഏകസ്വരത്തിൽ ഏറ്റുവാങ്ങുമ്പോൾ, അത് കേരളത്തിന്റെ നിലച്ചുപോകാൻ പാടില്ലാത്ത നവോത്ഥാന സംവാദങ്ങൾക്ക് ചൂടേറ്റുക മാത്രമല്ല; ആ കലാകാരിയുടെ ജീവിതയാത്രയിലെ ആഹ്ലാദകരമായ ഒരു ചരിത്രഘട്ടം അടയാളപ്പെടുക കൂടിയാണ്. മലപ്പുറം ജില്ലയിൽ നെടിയിരുപ്പിലെ വലിയ പീടികക്കൽ അലവിക്കുട്ടിയുടെ പുത്രി ആദ്യാക്ഷരത്തോടൊപ്പം നർത്തനകലയിലും ഹരിശ്രീ കുറിച്ചത്, മാതാവായ കൊണ്ടോട്ടിക്കാരി ചെമ്പൻ ആമിനയുടെ ഉത്സാഹത്തിലാണ്. ചേച്ചി റൂബിയയോടൊപ്പം ശാസ്ത്രീയനൃത്തം പ്രാദേശികമായി പഠിച്ചു തുടങ്ങിയ കുട്ടിക്കാലത്തു തന്നെ, യാഥാസ്ഥിതിക മതപരിസരം ആ കുട്ടികൾക്കും കുടുംബത്തിനും നേരെ അജ്ഞതയുടെ അപഹാസ്യ നൃത്തങ്ങൾ ആരംഭിച്ചിരുന്നു. ആത്മീയതയുടെ ആത്മാവോ സംസ്കാരത്തിന്റെ സത്തയോ തിരിച്ചറിയാനാവാത്ത സമുദായവികാരം, ആക്ഷേപം, പരിഹാസം, ഒറ്റപ്പെടുത്തൽ, മഹല്ല് വിലക്ക് തുടങ്ങിയ അപ്രഖ്യാപിത കലാപരിപാടികളിലൂടെ ആ കുട്ടികളെ നിഷ്ക്കരുണം ‘പ്രചോദിപ്പിച്ചു‘കൊണ്ടിരുന്നു. ആ പ്രചോദനമാണ് മാതാപിതാക്കളുടെ സ്ഥൈര്യവും മൻസിയയുടെ ലക്ഷ്യബോധവും മൂർച്ചപ്പെടുത്തിയത്. ധനക്ലേശവും മനഃക്ലേശവും തരണം ചെയ്ത് മുന്നേറിയ ആ സഹനയാത്ര ഒരിക്കലും താളം പിഴച്ചില്ല. ഭരതനാട്യവും കേരള നടനവും കുച്ചിപ്പുഡിയും ഒരേസമയം പരിശീലിക്കാൻ പഠനത്തേക്കാൾ സമയവും ശ്രദ്ധയും ചെലുത്തി. മൊറയൂർ വിഎച്ച്എം ഹയർ സെക്കന്‍ഡറി സ്കൂളിന്റെയും മലപ്പുറം ജില്ലയുടെയും അഭിമാനതാരമായി 2007 മുതൽ 2012വരെ തുടർച്ചയായി സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഈ മൂന്നിനങ്ങളിലും വിജയതിലകം ചൂടിയതോടെ നൃത്തമാണ് തന്റെ മേൽവിലാസമെന്ന് മൻസിയ തെളിയിച്ചു. തുടർന്ന് മഞ്ചേരി എൻഎസ്എസ് കോളജിൽ ബിരുദ പഠനത്തിന് ചേർന്നതോടെ 2013ലും 2014ലും കാലിക്കറ്റ് യൂണിവേഴ്സിറ്റി കലാതിലകമായി. 2017ൽ മദിരാശി സർവകലാശാലയിൽ നിന്ന് എംഎ (ഭരതനാട്യം) ഒന്നാം റാങ്കോടു കൂടി ജയിച്ചതോടെ മൻസിയ ചരിത്രമായി. മുഴുവൻ സമയ നർത്തകിയായി വേദികളിൽ ശോഭിച്ചുതുടങ്ങിയ മൻസിയക്ക് കോട്ടക്കൽ പിഎസ്‌വി നാട്യസംഘത്തിൽ നിന്ന് ലഭിച്ച കഥകളി വേഷ പരിശീലനവും പ്രയോജനപ്രദമായി. 2018ൽ കേരള കലാമണ്ഡലത്തിൽ നിന്ന് എംഫിൽ നേടിയ ശേഷം വിഖ്യാത നർത്തകി ഡോ. രാജശ്രീ വാരിയരുടെ കീഴിൽ ഗവേഷണ പഠനം തുടരുകയാണ് മൻസിയ. പ്രിയപ്പെട്ട ഉമ്മയുടെ മരണവേളയിൽ പോലും അനുകമ്പ കിട്ടിയില്ല. വള്ളുവമ്പ്രം മുസലിയാര്‍ പീടികയിൽ തന്നെ ‘ആഗ്നേയ’ എന്ന പേരിൽ നൃത്തവിദ്യാലയം ആരംഭിച്ച മൻസിയക്ക് പിന്നീട് വേദികളും ധാരാളമായി കിട്ടിത്തുടങ്ങി. നാഷണൽ ഡിഫൻസ് ഫെസ്റ്റിവൽ പരിപാടികളിൽ ദേശവ്യാപകമായി പങ്കെടുത്തു. ചിദംബരം നാട്യാഞ്ജലിയിലും തഞ്ചാവൂർ നൃത്തോത്സവത്തിലും ക്ഷണിക്കപ്പെട്ടു. തൃശൂരിൽ സംഗീത നാടക അക്കാദമിയുടെയും പാലക്കാട്ട് ‘സ്വരലയ’യുടെയും അതിഥിയായി ചുവടുവച്ചു. ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ വേദികളിൽ പതിവായി ആദരിക്കപ്പെട്ടു. 2018ൽ മലപ്പുറത്ത് നടന്ന സിപിഐ സംസ്ഥാന സമ്മേളനവേദിയിൽ മൻസിയ നൃത്തം ചെയ്തു.


ഇതുകൂടി വായിക്കാം; മതങ്ങൾ മലിനമാക്കുന്ന കലാരംഗം


യുവകലാസാഹിതി സാംസ്കാരിക യാത്രയിലും പങ്കാളിയായി. 2019ൽ കേരള നിയമസഭയിൽ നൃത്തം ചെയ്യാൻ അവസരം ലഭിച്ച മൻസിയ പിന്നീട് ‘സഭാ ടിവി‘യിൽ മാധ്യമ പ്രവർത്തകയായി. ഇപ്പോൾ സാംസ്കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെലോഷിപ്പ് മലപ്പുറം ജില്ലാ കോഓഡിനേറ്ററായി സേവനം ചെയ്യുന്നു. അമൂല്യമായ പുരസ്കാരങ്ങളായും അനവധി അംഗീകാരങ്ങൾ ഈ കലാകാരിയെ തേടിയെത്തി. 2014ൽ ഗുരു ഗോപിനാഥ് ട്രസ്റ്റിന്റെയും 2015ൽ ശ്രീ ശങ്കരാചാര്യ സർവകലാശാലയുടെയും യുവപ്രതിഭാ പുരസ്കാരങ്ങൾ നേടി. 2018ൽ സാംസ്കാരിക വകുപ്പിന്റെ കേരളനടനം ഫെലോഷിപ്പും ലഭിച്ചു. മതജീവിതത്തിന്റെ ചിട്ടവട്ടങ്ങൾ മൻസിയയുടെ ചുവടിലും ചിന്തയിലും ഒരിക്കലും കടന്നുകയറിയിട്ടില്ല. കലോപാസനയുടെ താളക്രമത്തിലാണ് ആ ചിലങ്കകൾ ചലിച്ചത്. ഇക്കഴിഞ്ഞ ജനുവരിയിൽ വയലിനിസ്റ്റായ ശ്യാം കല്യാണിനെ ജീവിതപങ്കാളിയായി സ്വീകരിക്കുമ്പോഴും കലയുടെ രാഗവിസ്താരം മാത്രമാണ് ആ മനസിൽ മുഴങ്ങിയത്. മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമിയിൽ നവദമ്പതികൾക്ക് നൽകപ്പെട്ട സ്നേഹവിരുന്നിന് ‘ഭാവതാളലയം’ എന്നാണ് കൊണ്ടോട്ടിക്കാർ വിളിച്ചപേര്! എന്നാൽ ഇപ്പോൾ മൻസിയയുടെ കലാജീവിതത്തെ വെല്ലുവിളിക്കാൻ നൂതന മതവേഷങ്ങൾ അവതരിച്ചിരിക്കുന്നു. മൻസിയ നർത്തനമാടിയ എണ്ണമറ്റ ക്ഷേത്രമുഖങ്ങളിൽ നിന്ന് ഇന്നോളം കേട്ടിട്ടില്ലാത്ത കലാവിരുദ്ധ സ്വരമാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്ര വക്താക്കളിൽ നിന്ന് കേൾക്കേണ്ടി വന്നത്. ഏപ്രിൽ 21ന് ക്ഷേത്രോത്സവത്തിൽ നൃത്തം ചെയ്യാൻ ക്ഷണിക്കപ്പെടുകയും പ്രോഗ്രാം നോട്ടീസിൽ ഇടം പിടിയ്ക്കുകയും ചെയ്ത മൻസിയ, ഹിന്ദുവല്ലാത്തതിനാൽ പരിപാടിയിൽ നിന്ന് ഒഴിവാക്കപ്പെട്ടു. ഹൃദയവേദന ഫേസ്ബുക്കിൽ പങ്കുവച്ച മൻസിയക്കു വേണ്ടി ഇന്ന് കേരളമാകെ രോഷം കൊള്ളുകയാണ്. ഇടതുപക്ഷ യുവജന, സാംസ്കാരിക പ്രസ്ഥാനങ്ങൾ തുറന്ന പോർമുഖങ്ങൾ നാടിനെ മുഖരിതമാക്കുന്നു. പ്രമുഖരായ ജനനേതാക്കളും മൻസിയക്കുവേണ്ടി രംഗത്തിറങ്ങിക്കഴിഞ്ഞു. ഒരുകൂട്ടർ മതത്തിന്റെ പേരിൽ കലാരൂപങ്ങളെ അന്യവൽക്കരിച്ചും മറ്റൊരുകൂട്ടർ കലാരൂപങ്ങളെ മതത്തിന്റെ കുത്തകയാക്കിയും നടത്തുന്ന വിഭാഗീയ വിക്രിയകൾ കണ്ടുനിൽക്കാനാവില്ല എന്ന് സഹൃദയലോകം പ്രഖ്യാപിക്കുന്നു. സംഘപരിവാർ ഘടകങ്ങൾ പോലും സംവാദങ്ങളുടെ പുതിയ തിരികൾ കൊളുത്തുന്നു. ആരാണ് ഹിന്ദു?, ആരാണ് അഹിന്ദു? കലയും മതവും തമ്മിലെന്ത്? തുടങ്ങിയ ഒട്ടേറെ ചോദ്യങ്ങൾ ഒരുമിച്ച് ഉയരുന്നു. സർവ ദേവാലയങ്ങളും സകല മനുഷ്യർക്കും തുറന്നുകൊടുക്കേണ്ടതിന്റെ അനിവാര്യതയും ചൂണ്ടി കാണിക്കപ്പെടുന്നു. വിഭാഗീയതയുടെ ഇരുൾ ദേശപ്പരപ്പിൽ നിറയുന്ന കാലത്ത്, ഒരു കലാകാരിയുടെ മനഃക്ലേശം നവോത്ഥാന ചിന്തകൾക്ക് നിമിത്തമായെങ്കിൽ, മൻസിയയുടെ ജീവിതസമരം വെറുതെയായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.