22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024

ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി തുടങ്ങുന്നു; നരേഷ് പട്ടേലിനുവേണ്ടിവല വിരിച്ച് ആംആദ്മി

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
April 1, 2022 1:07 pm

ഈവര്‍ഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഗുജറാത്തില്‍ സ്ഥാനം ഉറപ്പിക്കുന്നതിനായി കിണഞ്ഞു പരിശ്രമിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സംസ്ഥാനം കൂടിയായ ഗുജറാത്തില്‍ അധികാരത്തിലിരിക്കുന്നത് ബിജെപിയാണ്. ഗുജറാത്തിലെ ജനങ്ങള്‍ ബിജെപിയുടെ ഭരണത്തില്‍പൊറുതി മുട്ടിയിരിക്കുന്ന സാഹ്ചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇവിടെ പ്രതിപക്ഷം കോണ്‍ഗ്രസുമാണ് ‚എന്നാല്‍ കോണ്‍ഗ്രസില്‍ജനങ്ങള്‍ക്ക് വിശ്വാസമില്ല.2017 ലെ ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ 77 സീറ്റുകളായിരുന്നു ഗുജറാത്തില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. സംസ്ഥാനത്ത് സമീപകാലത്ത് കോണ്‍ഗ്രസിന് നടത്താന്‍ കഴിഞ്ഞ ഏറ്റവും മികച്ച പ്രകടനമായിരുന്നു ഇത്. പിന്നീട് അംഗങ്ങളുടെ കൂറുമാറ്റം മൂലം 64 ലേക്ക് ഒതുങ്ങിയെങ്കിലും സംസ്ഥാനത്ത് ഉടനീളം സംഘടന സാന്നിധ്യമുള്ള പാർട്ടിയാണ് കോണ്‍ഗ്രസ്. 2022ന്റെ അവസാനം ഗുജറാത്ത് മറ്റൊരു നിയമസഭ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് മുന്നില്‍ കാണുന്ന വലിയ ലക്ഷ്യം സംസ്ഥാന ഭരണം പിടിക്കുക എന്നത് തന്നെയാണെങ്കിലും ഉള്ളതെങ്കിലും കൈവിട്ട് പോവാതിരിക്കണമേയെന്ന പ്രാർത്ഥനയാണ് പല നേതാക്കളുടേയും ഉള്ളില്‍.

കാര്യങ്ങള്‍ കഴിഞ്ഞ തവണത്തേത് പോലെ അത്ര അനുകൂലമല്ല എന്നുള്ളതാണ് തിരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ കോണ്‍ഗ്രസ് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം.ഇതിനിടെയാണ് പട്ടേല്‍ സമുദായത്തില്‍ വലിയ സ്വാധീനമുള്ള നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് എത്തിക്കാനുള്ള നീക്കവുമായി ഒരു വിഭാഗം നേതാക്കള്‍ മുന്നിട്ട് ഇറങ്ങിയത്. നരേഷ് പാര്‍ട്ടിയിലെത്തിയാല്‍ കോണ്‍ഗ്രസിന് ഗുജറാത്തിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് പ്രതിപക്ഷ നേതാവ് സുഖ്‌റാം രത്‌വ അവകാശപ്പെടുന്നത്. നിയമസഭ തെരഞ്ഞെടുപ്പില്‍ വളരെ പ്രധാനമായ സൗരാഷ്ട്ര മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവാണ് നരേഷ് പട്ടേല്‍ എന്നതാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷകള്‍ വർധിപ്പിക്കുന്നത്.

നരേഷ് പട്ടേലിനെ പാർട്ടിയിലെത്തിച്ച് മുന്നേറ്റം ഉണ്ടാക്കാമെന്ന വലിയ പ്രതീക്ഷകളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുമ്പോഴാണ് അദ്ദേഹത്തിനായി ആം ആദ്മി പാർട്ടി രംഗത്ത് എത്തിയിരിക്കുന്നത്. നരേഷ് പട്ടേലിനെ ഏത് വിധേനയും തങ്ങളുടെ പാളയത്തിലേത്തിക്കാനാണ് പാര്‍ട്ടി കണ്‍വീനറും,ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെ പാർട്ടി ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥി എന്ന വാഗ്ദാനം ഉള്‍പ്പടെ അവർ നല്‍കിയെന്നാണ് സൂചന. ഡല്‍ഹിക്ക് പുറമെ പഞ്ചാബിലും അധികാരം പിടിച്ച ആം ആദ്മി പാർട്ടി അടുത്തതായി ലക്ഷ്യമിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ഗുജറാത്ത്. അടുത്തിടെ ചില തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മുന്നേറാന്‍ സാധിച്ചതും അവരുടെ പ്രതീക്ഷ വർധിപ്പിക്കുന്നുണ്ട്.

ഇതോടൊപ്പം തന്നെയാണ് കോണ്‍ഗ്രസിന് കൊടുക്കാതെ നരേഷ് പട്ടേലിനെ സ്വന്തമാക്കാനുള്ള നീക്കം ആം ആദ്മി പാർട്ടി തുടങ്ങിയത്.വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പാട്ടിദാർ നേതാവും ഖൊഡൽധാം ട്രസ്റ്റിന്റെ സ്ഥാപകനുമായ നരേഷ് പട്ടേൽ തങ്ങളെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഗുജറാത്ത് ആംആദ്മി പാർട്ടി പ്രസിഡന്റ് ഗോപാൽ ഇറ്റാലിയ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. കോൺഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. ഇന്ത്യയിലുടനീളം, ആ പാർട്ടി ഓരോ ദിവസവും തളർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ നരേഷ് പട്ടേലിന് ഈ മുങ്ങുന്ന കപ്പലിൽ ചേരുന്നത് അനുയോജ്യമാകുമെന്ന് ഞാൻ കരുതുന്നില്ല.

ഇറ്റാലിയ പറയുന്നുഞങ്ങൾ പട്ടേലിന് മുന്നില്‍ പാർട്ടിയുടെ നിലപാട് വ്യക്തമാക്കി കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രവർത്തനവും പ്രത്യയശാസ്ത്രവും എ എ പിയുമായി യോജിക്കുന്നതാണ്. ഡൽഹിയിലും പഞ്ചാബിലും ഞങ്ങൾ ഇതേ ജോലി ചെയ്യുന്നുണ്ട്. ഗുജറാത്തിൽ എ എ പിയിൽ ചേരാനും പാർട്ടിയെ നയിക്കാനും നരേഷിനോട് ഞങ്ങൾ ആവശ്യപ്പെടുകയാണ്. അന്തിമ തീരുമാനം അദ്ദേഹത്തിന്റേതായിരിക്കും, പക്ഷേ അദ്ദേഹം ഞങ്ങളെ നയിക്കണമെന്നാണ് ഞങ്ങളുടെ വലിയ ആഗ്രഹം- ഇറ്റാലിയ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ആകെ കോണ്‍ഗ്രസിന് അധികാരമുള്ള മൂന്ന് സംസ്ഥാനങ്ങളില്‍ പഞ്ചാബ് കൂടെ നഷ്ടമായതോടെ ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. അധികാരം ഉള്ള സംസ്ഥാനങ്ങളില്‍ അധികാരത്തിന് പുറത്തേക്കും പ്രതിപക്ഷത്തിരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുതല്‍ ദുർബലമായ പ്രതിപക്ഷമായും മാറിക്കൊണ്ടിരിക്കുന്ന അവസ്ഥയിലൂടെയാണ് കോണ്‍ഗ്രസ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്.

ശക്തമായ തിരിച്ച് വരവ് എന്നതിനപ്പുറം എങ്ങനെ പിടിച്ച് നില്‍ക്കാന്‍ കഴിയും എന്നാണ് പാർട്ടി പ്രാഥമികമായി ചിന്തിക്കുന്നത്. മഹാരാഷട്രയില്‍ ശിവസേന‑എന്‍സിപി സഖ്യത്തിന്‍റെ ഭാഗമായി അധികാരത്തിലുണ്ട്. ഭരണത്തിലിരുന്ന സംസ്ഥാനങ്ങളില്‍ പോലും മുഖ്യപ്രതിപക്ഷമായി ആകുവാന്‍ പോലുംകോണ്‍ഗ്രസിന് കഴിയുന്നില്ല

Eng­lish Summary:Congress begins set­back in Gujarat; Aam Aad­mi Par­ty spreads net for Naresh Patel

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.