പാകിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന് വീണ്ടും തിരിച്ചടി. അവിശ്വാസ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരിയുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി വിധിച്ചു. പ്രധാനമന്ത്രിയുടെ നിര്‍ദേശമനുസരിച്ച് പ്രസിഡന്റ് ആരിഫ് അല്‍ഫി ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി നിയമവിരുദ്ധമാണെന്നും ചീഫ് ജസ്റ്റിസ് ഉമര്‍ അത്ത ബന്ദിയാല്‍ ഉത്തരവിട്ടു. ദേശീയ അസംബ്ലിയും ഇമ്രാന് ഖാന് മന്ത്രിസഭയും പുനഃസ്ഥാപിച്ചതായി കോടതി അറിയിച്ചു. ദേശീയ അസംബ്ലി നാളെ 10.30ന് വിളിച്ചുചേര്‍ക്കും. ഇമ്രാന് ഖാനെതിരായ അവിശ്വാസ പ്രമേയത്തില്‍ അന്തിമതീരുമാനമാകാതെ ദേശീയ അസംബ്ലിയുടെ സെഷന് പിരിച്ചുവിടരുതെന്നും ഉത്തരവില്‍ പറയുന്നു. ദേശീയ അസംബ്ലി നടപടികളില്‍ സര്‍ക്കാര്‍ ഒരുതരത്തിലുള്ള ഇടപെടലുകളും നടത്തരുതെന്നും കോടതി ഉത്തരവിട്ടു.
സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ബന്ദിയാല്‍ അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഐകകണ്ഠ്യേനെയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സിഖന്ദര്‍ സുല്‍ത്താന്‍ രാജയെ സുപ്രീം കോടതി വിളിച്ചുവരുത്തിയിരുന്നു. തെരഞ്ഞെടുപ്പ് നടത്താന്‍ കുറഞ്ഞത് നാല് മാസമെങ്കിലും ആവശ്യമാണെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് കോടതിയെ അറിയിച്ചു. ഇന്നലെ രാത്രി ഏഴരയോടെയാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചത്. എന്നാല്‍ അരമണിക്കൂറിലധികം വൈകിയാണ് വിധി പുറത്തുവന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കോടതിക്ക് ചുറ്റും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും പിഎംഎല്‍എന്‍ നേതാവ് ഷഹബാസ് ഷെരീഫ്, പിപിപിയുടെ ബിലാവല്‍ ഭൂട്ടോ, തുടങ്ങി നിരവധി രാഷ്ട്രീയ പ്രവര്‍ത്തകരും വിധികേള്‍ക്കാനായി കോടതിയില്‍ തടിച്ചുകൂടിയിരുന്നു.
ഇമ്രാന് ഖാനെതിരായ പ്രമേയം വോട്ടിനിടാതെ തള്ളിയ ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം ഖാന് സുരിയുടെ നടപടിയില്‍ അപാകതയുള്ളതായി വിചാരണ വേളയില്‍ കോടതി അഭിപ്രായപ്പെട്ടിരുന്നു. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിദേശകരങ്ങളാൽ പ്രേരിതമായ നീക്കമെന്ന് ചൂണ്ടിക്കാണിച്ചാണ് ഡെപ്യൂട്ടി സ്പീക്കർ തള്ളിയത്. ശേഷം പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താന്‍ പ്രസിഡന്റ് ഉത്തരവിടുകയായിരുന്നു. 342 അംഗ നാഷണൽ അസംബ്ലിയിൽ 172 പേരുടെ പിന്തുണയുണ്ടെങ്കിൽ അവിശ്വാസപ്രമേയം പാസാകും. ഇമ്രാന് ഖാന്റെ പിടിഐക്ക് 155 അംഗങ്ങളാണുള്ളത്. പ്രമേയം പാസാക്കാൻ പ്രതിപക്ഷത്തിന് പിടിഐ വിമതരുടെ വോട്ട് നിർണായകമാണ്. വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെടുകയാണെങ്കില്‍ ഈ രീതിയില്‍ പുറത്താകുന്ന ആദ്യ പ്രധാനമന്ത്രിയാകും ഇമ്രാന് ഖാന്. നേരത്തെ രണ്ട് പ്രധാനമന്ത്രിമാര്‍ക്കെതിരെ അവിശ്വാസ പ്രമേയം വന്നപ്പോള്‍ വോട്ടെടുപ്പിന് മുമ്പ് ഇരുവരും രാജിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇമ്രാന് ഖാന് രാജി ആവശ്യം നിരാകരിക്കുകയും അവസാന പന്തുവരെ കളി നേരിടുമെന്ന് പ്രഖ്യാപിക്കുകയുമായിരുന്നു.
English Summary:Rejection of no-confidence motion unconstitutional; Imran Khan setback
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.