23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 23, 2023
May 28, 2023
November 15, 2022
October 16, 2022
September 1, 2022
June 10, 2022
June 1, 2022
May 16, 2022
April 14, 2022
March 9, 2022

ആന്റണിയും സുധാകരനും കൊമ്പുകോര്‍ക്കുന്നു

കെ രംഗനാഥ്
തിരുവനന്തപുരം
April 14, 2022 9:59 pm

കെ വി തോമസിനെതിരായ അച്ചടക്ക നടപടിയെച്ചൊല്ലി ദേശീയ അച്ചടക്ക സമിതി അധ്യക്ഷനും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗവുമായ എ കെ ആന്റണിയും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പരസ്പരം കൊമ്പുകോര്‍ക്കുന്നു. കെ വി തോമസിനെ പാര്‍ട്ടിയില്‍ നിന്ന് ആജീവനാന്തം പുറത്താക്കിയേ മതിയാകൂ എന്നാണ് സുധാകരന്റെ നിലപാട്. മൃദുവായ അച്ചടക്കനടപടി സ്വീകരിച്ച് തോമസിനെ പാര്‍ട്ടിയില്‍ തന്നെ ഉറപ്പിച്ചു നിര്‍ത്തണമെന്നാണ് ആന്റണിയുടെ അഭിപ്രായം.

സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും എ, ഐ ഗ്രൂപ്പ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഗ്രൂപ്പില്ലാത്ത വി എം സുധീരനും മുല്ലപ്പള്ളി രാമചന്ദ്രനും പി ജെ കുര്യനും മുന്‍ കെപിസിസി അധ്യക്ഷന്‍ കെ മുരളീധരന്‍ എംപിയുമടക്കമുള്ള സംസ്ഥാനനേതൃത്വം മിക്കവാറും ഒന്നടങ്കം തോമസിനെ പുറത്താക്കണമെന്ന കാര്‍ക്കശ്യ അഭിപ്രായക്കാരാണ്. എല്‍ദോസ് കുന്നപ്പള്ളിയെപ്പോലുള്ള അപൂര്‍വം ചിലര്‍ മാത്രമേ തോമസിന്റെ പിന്തുണക്കാരായുള്ളു.

വ്യത്യസ്താഭിപ്രായം പറഞ്ഞ് വാര്‍ത്തയില്‍ ഇടംപിടിക്കാന്‍ മാത്രമുള്ള എല്‍ദോയുടെ അടവാകട്ടെ ആത്മാര്‍ത്ഥതയില്ലാത്തതാണെന്ന് സുധാകരന്‍ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെ പരിഹാസമഴ ചൊരിയുന്നുണ്ട്. ശാസനയ്ക്കു പകരം മറ്റ് അച്ചടക്ക നടപടികള്‍ മതിയെന്ന അഭിപ്രായമാണ് ആന്റണിക്കുള്ളതെന്നാണ് സൂചന. തോമസിനെതിരേ ആറുമാസം മുതല്‍ ആറുവര്‍ഷം വരെ സസ്പെന്‍ഷന്‍ എന്ന മറ്റ് നടപടികള്‍ മതിയെന്ന അഭിപ്രായമാണ് അച്ചടക്ക സമിതിക്കുള്ളത്. തോമസിനൊപ്പം അച്ചടക്ക നടപടി നേരിടുന്ന പഞ്ചാബ് പിസിസി മുന്‍ അധ്യക്ഷന്‍ സുനില്‍ ജാക്കറിന് ആറു വര്‍ഷത്തെ സസ്പെന്‍ഷന്‍ നല്കിയാല്‍ മതിയെന്ന് അച്ചടക്ക സമിതിയില്‍ ധാരണയായതായി അറിയുന്നു.

അച്ചടക്ക നടപടി സബന്ധിച്ച കാരണം കാണിക്കല്‍ നോട്ടീസിന് തിങ്കളാഴ്ചയാണ് തോമസ് മറുപടി നല്കുക. മരണംവരെ താന്‍ കോണ്‍ഗ്രസുകാരനായിരിക്കുമെന്ന തോമസിന്റെ പ്രഖ്യാപനം അച്ചടക്ക നടപടിയെ സ്വാധീനിക്കാനാണെന്നാണ് സുധാകരന്റെ അഭിപ്രായം. പുറത്താക്കാതെ തോമസിനെ ചില കുരുട്ടുവിദ്യകളിലൂടെ പാര്‍ട്ടിയില്‍ പിടിച്ചുനിര്‍ത്തിയാല്‍ തോമസിന്റെ നേതൃത്വത്തില്‍ അച്ചടക്കലംഘനങ്ങളുടെ പെരുമഴക്കാലമാണുണ്ടാകാന്‍ പോകുന്നതെന്ന കടുത്ത ആശങ്ക കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയേയും ആന്റണിയേയും സുധാകരന്‍ അറിയിച്ചിട്ടുണ്ടെന്ന സൂചനകളും പുറത്തുവരുന്നു.

പുകഞ്ഞ കൊള്ളി പുറത്തുതന്നെയെറിയണം എന്ന സുധാകരന്റെ പിടിവാശി അദ്ദേഹത്തിന്റെ ഒരു പ്രസ്റ്റീജ് പ്രശ്നം തന്നെയായി മാറിയിരിക്കുന്നു. തോമസിനെ പുറത്താക്കുന്നതൊഴികെയുള്ള ഒരു നടപടിയും സുധാകരനും സംസ്ഥാന നേതൃത്വത്തിനും സ്വീകാര്യമല്ല. നേരേമറിച്ച് തോമസിനെ പുറത്താക്കാതെ അച്ചടക്ക സമിതി അഴകൊഴമ്പന്‍ തീരുമാനങ്ങളെടുത്താല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുമെന്ന മുന്നറിയിപ്പ് തന്റെ അടുത്ത വൃത്തങ്ങളെ സുധാകരന്‍ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. ചുരുക്കത്തില്‍ കോണ്‍ഗ്രസിനെ ഊരാക്കുടുക്കിലേക്ക് തള്ളിവിടുന്നതാണ് തോമസിന്റെ നീക്കങ്ങള്‍.

Eng­lish summary;Antony and Sud­hakaran are in fight

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.