22 November 2024, Friday
KSFE Galaxy Chits Banner 2

Related news

August 13, 2024
December 22, 2023
October 3, 2023
September 25, 2023
September 22, 2023
May 3, 2023
March 30, 2023
December 28, 2022
December 13, 2022
November 12, 2022

ദേശീയ വിദ്യാഭ്യാസനയം വെല്ലുവിളി: സെമിനാര്‍

സ്വന്തം ലേഖകന്‍
ആലപ്പുഴ
April 19, 2022 7:08 pm

രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വാണിജ്യവല്‍ക്കരണത്തിന്റെ വാതില്‍ തുരന്നിടുന്ന ദേശിയ വിദ്യാഭ്യാസ നയം വെല്ലുവിളിയാണെന്ന് സെമിനാര്‍. എഐഎസ്എഫ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ദേശിയ വിദ്യാഭ്യാസ നയം നടപ്പിലാക്കുമ്പോൾ’ എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് പ്രമുഖരുടെ നിരീക്ഷണം. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഓണ്‍ലൈനായി സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

ദേശിയ വിദ്യാഭ്യാസനയം കച്ചവട ശക്തികൾക്ക് സഹായകരമാകുന്നതാണെന്നും കേന്ദ്രം പിൻതുടരുന്നത് മുതലാളിത്ത താൽപര്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ദേശിയ തലത്തിൽ വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്.

ശാസ്ത്ര സാങ്കേതിക രംഗത്ത് സമഗ്രമായ മാറ്റത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. ഇത്തരം മാറ്റങ്ങൾ വിദ്യാഭ്യാസ മേഖലയെയും സ്വാധിനിക്കും. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വിദ്യാർത്ഥികളെയും ഉൾക്കൊള്ളുന്നത് ആവണം പുതിയ നയം.

ഗുണമേന്മയുള്ള വിദ്യാഭ്യാസം ഓരോ വിദ്യാർത്ഥികളുടെയും അവകാശമാണ്. അത് പ്രദാനം ചെയ്യുവാൻ സർക്കാരിനും ഉത്തരവാദിത്വം ഉണ്ട്. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിനാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ധനികരെന്നോ ദരിദ്രരെന്നോ ഭേദമന്യേ മുഴുവൻ കുട്ടികൾക്കും പുതിയ സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസമാണ് കേരളത്തിൽ നൽകുന്നത്.

കേരളത്തിലെ പൊതുവിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി. ഒരു ക്ലാസിന് പരിശീലനം ലഭിച്ച ഒരു അധ്യാപകൻ എന്ന സംവിധാനം നിലവിലുള്ള ഏക സംസ്ഥാനം കേരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേശിയ വിദ്യാഭ്യാസ നയം സമഗ്രമായ ചര്‍ച്ചകള്‍ക്ക് വിധേയമാക്കണമെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. വിദേശ സര്‍വ്വകലാശാലകളെ ഇന്ത്യയിലേയ്ക്ക് ക്ഷണിക്കുകയും വിദേശരാജ്യങ്ങളില്‍ ഇന്ത്യന്‍ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തനം ആരംഭിക്കുവാനും നയം ശുപാര്‍ശ ചെയ്യുന്നുണ്ട്. ഓരോ ഇഞ്ചിലും വൈവിദ്ധ്യം നിലനില്‍ക്കുന്ന ഇന്ത്യയ്ക്ക് യോജിച്ചതല്ല ഈ നയം.

വിദ്യാഭ്യാസ മേഖലയെ കണ്‍കറണ്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതോടെ പാളിച്ചകളും വ്യാപകമായി. രാജീവ് ഗാന്ധിയുടെ കാലത്താണ് ഇത് നടപ്പിലാക്കിയത്. വിദ്യാഭ്യാസ മേഖലയില്‍ ഇതോടെ കേന്ദ്രസര്‍ക്കാരിന് പിടിമുറുക്കുവാനും അവസരം ലഭിച്ചു. വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരണം ലക്ഷ്യമിട്ടുള്ള നയം ആപത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദേശിയ വിദ്യാഭ്യാസ നയം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥി സംഘടനകളുമായി ചര്‍ച്ച ചെയ്യണമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. സര്‍വ്വകലാശാലകള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പുതിയ നയം സംബന്ധിച്ച് ആശയകുഴപ്പം നിലനില്‍ക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്ഥിര നിയമനങ്ങള്‍ നിയന്ത്രിച്ച് കരാര്‍ നിയമനം പ്രോത്സാഹിപ്പിക്കുന്നതാണ് നയം. ഇത് അധ്യാപകരുടെ ആത്മവിശ്വാസവും സുരക്ഷിതത്വവും ഇല്ലാതാക്കും.

ഇന്ത്യയില്‍ ഓരോ ദിവസവും ദിവസേന അഞ്ച് മുതല്‍ ഏഴ് വരെ സ്കുളുകള്‍ ആരംഭിച്ചാല്‍ മാത്രമേ എല്ലാവര്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കാനാകൂ. പറയുന്ന കാര്യങ്ങള്‍ നടപ്പാക്കാനുള്ള ഒരു പദ്ധതിയും വ്യക്തമല്ല. കേന്ദ്ര സര്‍ക്കാര്‍ കാര്യങ്ങള്‍ പെരുപ്പിച്ചാണ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ദേശിയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ മോഡറേറ്റർ ആയി. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ്ബാബു, പി സി വിഷ്ണുനാഥ് എം എൽ എ, സിപിഐ ദേശിയ കൗൺസിൽ അംഗം കെ പി രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി ജെ അരുൺബാബു സ്വാഗതവും വിപിൻദാസ് നന്ദിയും പറഞ്ഞു.

Eng­lish summary;National Edu­ca­tion Pol­i­cy Chal­lenge: Seminar

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.