രണ്ട് ഉത്സവങ്ങൾ നാം ഈ മാസം ആചരിച്ചു. ഒന്നാമത് വിഷു, പിന്നെ ഈസ്റ്ററും. രണ്ടും പ്രത്യാശയുടെയും അതിജീവനത്തിന്റെയും സന്ദേശം ഉൾക്കൊള്ളുന്നവയാണ്. വിഷു അടിസ്ഥാനപരമായി വിളവെടുപ്പ് ഉത്സവമാണെങ്കിലും നരകാസുരനെ വധിച്ച കഥയുമായി അതിനെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അധികാരം തലയ്ക്ക് പിടിച്ച നരകാസുരൻ ലോകം മുഴുവൻ കീഴടക്കിയശേഷം ഇന്ദ്രനെയും കീഴടക്കാൻ ശ്രമിക്കുമ്പോൾ കൃഷ്ണൻ അദ്ദേഹത്തെ വധിച്ചു എന്നും അല്ല കൃഷ്ണന്റെ നിർദേശപ്രകാരം സത്യഭാമ അയാളെ വധിച്ചു എന്നുമാണ് ഐതിഹ്യം. കൃഷ്ണനും ഈ സമരത്തിൽ അല്പം പരിക്കു പറ്റുന്നുണ്ട്. നരകാസുരനിലൂടെ പ്രതിനിധീകരിക്കപ്പെടുന്ന നരകത്തിന്റെ ആധിപത്യം അങ്ങനെ അവസാനിച്ചതാണു വിഷുവിലൂടെ ആചരിക്കപ്പെടുന്നത്. ഏതാണ്ടു സമാനമായ വിധത്തിൽ തന്നെയാണ് ഈസ്റ്ററിന്റെയും കാര്യം. യേശുവിനെ അക്കാലത്തെ അധികാര പ്രമത്തരായ യഹൂദ നേതൃത്വം റോമാ ഗവർണറുടെ സഹായത്തോടെ വധിച്ചു. എന്നാൽ യേശു മൂന്നാംനാൾ മരണത്തെ അതിജീവിച്ച് ഉയിർക്കുകയുണ്ടായി. രണ്ടിലും അധികാരത്തിന്റെ അപ്രമാദിത്തം അവസാനിച്ചതിന്റെ നിർദേശമാണ് ലഭിക്കുന്നത്. നരകാസുരൻ പതിനാറായിരം സ്ത്രീകളെയാണ് തട്ടിക്കൊണ്ടുപോയി തടവിലാക്കിയത്. ഭൂമീദേവിയേയും തടവിലാക്കി ലോകത്തിന്റെ വ്യവസ്ഥകളെ മുഴുവൻ താറുമാറാക്കി ഭരിക്കാൻ ശ്രമിച്ചു.
ക്രിസ്തുവിന്റെ കാലത്തെ യഹൂദ നേതൃത്വം ആ സമൂഹത്തിലെ സ്ത്രീകളെയും പുരുഷന്മാരെയും ഒരുപോലെ മതത്തിന്റെ അനീതിപരമായ നിയമത്തിന്റെ പേരിൽ തടവിലാക്കിയിരുന്നു. ഈ നേതാക്കന്മാരിൽ നിന്നും അവരുടെ മനുഷ്യത്വരഹിതമായ ഉപദേശങ്ങളിൽ നിന്നും ജനത്തെ മോചിപ്പിക്കാനുള്ള പരിശ്രമത്തിലാണ് യേശു വധിക്കപ്പെടുന്നത്. എന്നാൽ അധികാരത്തിന്റെ ഈ കരാള ഹസ്തത്തിനു യേശുവിനെ മൂന്നു നാളുകൾക്കപ്പുറത്ത് മരണത്തിന്റെ തടവിൽ കിടത്താൻ കഴിഞ്ഞില്ല. സ്ത്രീകളെയും ഭൂദേവിയേയും തടവിലാക്കിയ നരകാസുരനും ഏറെക്കാലം അവരെ അടിമകളാക്കാൻ കഴിഞ്ഞില്ല. എന്നാൽ അധികാരം തലയ്ക്ക് പിടിച്ചവർ തടവിലാക്കിയ അശരണരും നിഷ്കളങ്കരുമായവരെ വീണ്ടെടുക്കാൻ ശ്രമിച്ചവരെ കുറേ കാലത്തേക്കോ നാളുകളിലേക്കോ നിഷ്ക്രിയരാക്കാൻ കഴിഞ്ഞു. ആ കാലത്ത് കുറ്റമില്ലാത്ത രക്തം കുറേ ചിന്തപ്പെടുകയും ചെയ്തു.
ഈ രണ്ടുകാര്യത്തിലും തിന്മയുടെ ശക്തിയെ അധികാര ഭ്രഷ്ടമാക്കി എന്നാണ് കഥാന്ത്യം. എങ്കിലും അധികാരപ്രമത്തതയും അതുമൂലം ചിന്തപ്പെടുന്ന രക്തവും, നഷ്ടമാകുന്ന ജീവനും ഇന്നും യാഥാർത്ഥ്യമായി തുടരുന്നു. 2022 ഫെബ്രുവരി 20-ാം തീയതി ആരംഭിച്ച റഷ്യ‑ഉക്രെയ്ൻ യുദ്ധം ഈ കുറിപ്പെഴുതുമ്പോഴും ആയിരക്കണക്കിനു സാധാരണക്കാരുടെയും പട്ടാളക്കാരുടെയും മരണത്തിനും കോടിക്കണക്കിന് വസ്തുവകകളുടെയും കെട്ടിടങ്ങളുടെയും നാശത്തിനും കാരണമായി തുടരുകയാണ്. എന്നിതവസാനിക്കും എന്ന് ഒരു നിശ്ചയവുമില്ല. യുദ്ധത്തിനു രണ്ട് ഭാഗത്തും അവരുടേതായ ന്യായീകരണ വാദങ്ങളുണ്ട്. എന്നാൽ കൊല്ലപ്പെടുന്നവരും സകലതും നഷ്ടപ്പെട്ട് അന്യദേശത്ത് അഭയം തേടുന്നവരും ഭൂരിപക്ഷവും സാധാരണക്കാരായ മനുഷ്യരാണ് എന്നതും അത്യന്തിക വിജയം ആർക്കെങ്കിലും ഉണ്ടാവുക സംശയകരമാണ് എന്നതും അവശേഷിപ്പിക്കുന്നത് പഴയൊരു ചോദ്യമാണ്, “കണ്ടം വിറ്റ് കാളയെ വാങ്ങിയാൽ എവിടാണ് ഉഴുന്നത്” എന്നതുതന്നെ.
ഈ സാഹചര്യത്തെ മുതലെടുത്ത് തങ്ങളുടെ യുദ്ധോപകരണങ്ങൾ വിറ്റുതീർക്കാൻ ജാഗരൂകരായിരിക്കുന്ന ഒരു വിഭാഗമുണ്ട്. അതിൽ മുൻപന്തിയിലാണ് അമേരിക്ക. ഇക്കഴിഞ്ഞ വാരം പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളറിന്റെ സഹായം ഉൾപ്പെടെ ഈ യുദ്ധകാലത്ത് മാത്രം അമേരിക്ക ഉക്രെയ്‌ന് ആകെ നൽകുന്നത് രണ്ട് ബില്യണ്‍ ഡോളറിന്റെ യുദ്ധോപകരണ സഹായമാണ്. അതോടൊപ്പം അമേരിക്കൻ ടെലിവിഷൻ ചാനലുകളും മറ്റ് മാധ്യമങ്ങളും ഈ സാഹചര്യത്തെ പഴയ കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ പുതിയ പതിപ്പിറക്കാൻ ഉപയോഗിക്കുന്നുമുണ്ട്. എന്നെ അത്ഭുതപ്പെടുത്തുന്നത്, വിയറ്റ്നാമിലെയും, കൊളംബിയയിലെയും അഫ്ഗാനിസ്ഥാനിലെയും ഇറാക്കിലെയും ഒക്കെ അമേരിക്കയുടെ മനുഷ്യാവകാശ ധ്വംസനങ്ങളെ മറന്നുകൊണ്ട് ഇപ്പോൾ റഷ്യ നടത്തുന്ന യുദ്ധത്തെ അവർ അപലപിക്കുന്നു എന്നതാണ്. തങ്ങൾ ചെയ്യുമ്പോൾ അത് സ്വാതന്ത്ര്യ സംരക്ഷണം, മറ്റുള്ളവർ ചെയ്താൽ അത് മനുഷ്യാവകാശ ലംഘനം! ഈ യുദ്ധത്തിന്റെ ഒരു കാരണം മുൻപ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന ഉക്രെയ്ൻ ഇപ്പോൾ യൂറോപ്യൻ യൂണിയന്റെ ഭാഗമാകാൻ ശ്രമിച്ചതാണ്. ഇതിനെതിരെ ആ രാജ്യത്തുതന്നെ പ്രതിഷേധമുണ്ട്. യൂറോപ്പിന്റെ സർവാത്മനായുള്ള സഹായം ലഭിക്കും എന്ന് കരുതിയാണ് സെലെൻസ്കി യുദ്ധത്തിനിറങ്ങിത്തിരിച്ചത്. അവർ പക്ഷെ ഇപ്പോഴും തലതിരിഞ്ഞു നിൽക്കുകയാണ്.
അതേ സമയം അമേരിക്ക എരിതീയിൽ എണ്ണ ഒഴിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു. ഇപ്പോൾ സെലൻസ്കി പുലിവാലു പിടിച്ചതുപോലായി. ഇതുകൊണ്ട് റഷ്യയുടെ നടപടിയെ നമുക്ക് ന്യായീകരിക്കാനാകും എന്നും ഞാൻ കരുതുന്നില്ല. ഇത്തരുണത്തിലാണ് “ജനയുഗ“ത്തിന്റെ എഡിറ്റർ രാജാജി മാത്യു തോമസ് ഈ വിഷയത്തെക്കുറിച്ച് നടത്തിയ വിലയിരുത്തൽ ശ്രദ്ധേയമാകുന്നത്. പരസ്പര ചർച്ചയിലൂടെ പരിഹരിക്കാൻ ശ്രമിക്കാമായിരുന്ന ഒരു പ്രശ്നം എന്നവസാനിക്കും എന്നുറപ്പില്ലാത്ത ഒരു സംഘട്ടനത്തിലേക്ക് നയിക്കുകയായിരുന്നു ഇരു വിഭാഗവും. ഞാൻ ആരംഭിച്ചിടത്തേക്ക് തിരികെ വരട്ടെ, അധികാര ഗർവ് തലയ്ക്കുപിടിച്ച നരകാസുരന്റെയും യേശുവിന്റെ കാലത്തെ മത നേതാക്കളുടെയും അക്രമത്തിൽ അടിമയാക്കപ്പെട്ട, ജീവൻ നഷ്ടപ്പെട്ട, അത് പതിനാറായിരം സ്ത്രീകളുടെ ആയാലും ക്രൂശിക്കപ്പെട്ട യേശുവിന്റെ അന്നത്തെ യഹൂദ സമൂഹത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ആയാലും സഹനവും മരണവും അധികാരികളുടെ അത്യന്തിക വിജയം ഉറപ്പാക്കുന്നില്ല; മറിച്ച് അവയുടെ താല്ക്കാലികം മാത്രമായ വിജയത്തെയും നീതി നിഷേധിക്കപ്പെട്ടവരുടെ അതിജീവനത്തെയുമാണ് അത്യന്തികമായി ഘോഷിക്കുന്നത്.
മനുഷ്യ സ്വാതന്ത്ര്യത്തെയും, മനുഷ്യ ജീവനെയും നിഷേധിച്ച ഒരു അധികാരകേന്ദ്രവും എക്കാലവും നിലനിൽക്കില്ല എന്നാണ് നാം ചരിത്രപുസ്തകങ്ങളില്‍ വായിക്കുന്നത്, അവ എത്ര പ്രബലമായവ ആയിരുന്നാലും. ഇതിനു നമുക്ക് കേരള ചരിത്രത്തിൽ തന്നെ ഉദാഹരണമുണ്ട്. അധമരെന്ന് വിളിക്കപ്പെട്ടിരുന്നവർക്ക് വഴിയെ നടക്കാനും, സ്വതന്ത്രമായി പ്രവർത്തിക്കാനും അവകാശം നിഷേധിക്കപ്പെട്ടിരുന്ന ഒരു സാമൂഹിക അധികാര വ്യവസ്ഥ ഇവിടെ ഉണ്ടായിരുന്നു ഏറെയല്ലാത്ത കാലം മുൻപ്. ഇന്നത് കാലയവനികയ്ക്കുള്ളിൽ മറഞ്ഞ വിഷയമാണ്. ഇതുതന്നെ ആയിരിക്കും എവിടെയും അനുഭവം. അതിനായി പുരോഗമനവിപ്ലവ രാഷ്ട്രീയ പ്രസ്ഥാനം നൽകിയ സംഭാവനയും ചരിത്രത്തിന്റെ ഏടുകളിലുണ്ട്. വിഷുവും, ഉയിർപ്പ് പെരുന്നാളും മനുഷ്യന്റെ ഈ അതിജീവന സാധ്യതയുടെ സൂചനകളാണ്. അതാണ് സത്യം, അതാണ് സ്ഥായി ആയത്. അത്യന്തികമായ സത്യം മനുഷ്യനും അവരുടെ സ്വാതന്ത്ര്യവും അതിജീവനവുമാണ്. ഇവയെ നിഷേധിക്കുന്ന ഒരു അധികാര കേന്ദ്രത്തിനും നിലനില്പില്ല. ഇത് തിരിച്ചറിയാനുള്ള ചരിത്രബോധം എല്ലാ അധികാരികൾക്കും ഉണ്ടാകട്ടെ എന്നതാണ് വിഷു, ഈസ്റ്റർ ആശംസ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.