23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

May 7, 2024
April 8, 2024
February 21, 2024
February 10, 2024
February 2, 2024
February 1, 2024
December 11, 2023
September 20, 2023
August 29, 2023
August 28, 2023

ഗ്യാന്‍വാപി; സംഘര്‍ഷം തുടരുന്നു

Janayugom Webdesk
ലഖ്നൗ
May 7, 2022 10:02 pm

ഉത്തര്‍പ്രദേശില്‍ കാശിവിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാന്‍വാപി മുസ്‌ലിം പള്ളിയുടെ സര്‍വേയ്ക്കായി എത്തിയ സംഘത്തെ വീണ്ടും തടഞ്ഞു. കോടതി നിയോഗിച്ച സംഘത്തെ പള്ളിക്കു മുമ്പില്‍ വച്ച് പ്രതിഷേധക്കാര്‍ തടയുകയായിരുന്നു. പള്ളിക്കുള്ളിലേക്ക് കയറാന്‍ ഇവരെ അനുവദിച്ചില്ല. വെള്ളിയാഴ്ച സര്‍വേയ്ക്കും ശൃംഗര്‍ ഗൗരി ക്ഷേത്രം പരിശോധിക്കുന്നതിനുമായി സംഘം എത്തിയിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഇന്ന് സര്‍വേ തുടരണമെന്ന് വാരാണസി കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സംഘം വീണ്ടും സ്ഥലത്തെത്തുകയായിരുന്നു. അഡ്വക്കേറ്റ് കമ്മിഷണര്‍ അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് സര്‍വേയ്ക്കായി കോടതി നിയോഗിച്ചിട്ടുള്ളത്. എന്നാല്‍ അജയ് കുമാറിന്റെ നിയമനം പക്ഷപാതപരമാമെന്ന് ചൂണ്ടിക്കാട്ടി ഗ്യാന്‍വാപി പള്ളിയുടെ മേൽനോട്ടം വഹിക്കുന്ന അഞ്ജുമാൻ ഇന്‍സാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകൻ അഭയ് യാദവ് കോടതിയ സമീപിച്ചിരുന്നു.

അജയ് കുമാറിനെ തല്‍സ്ഥാനത്തു നിന്നും മാറ്റണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സര്‍വേ നടപടികള്‍ തുടരണമെന്ന് ഉത്തരവിട്ട കോടതി ഇരുവിഭാഗങ്ങളോടും തങ്ങളുടെ ഭാഗം രേഖാമൂലം എഴുതി നല്‍കാൻ നിര്‍ദേശം നല്‍കി. കേസ് അടുത്തമാസം ഒമ്പതിന് പരിഗണിക്കും. അതേസമയം കോടതി ഉത്തരവിനെ വിമര്‍ശിച്ച് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്തെത്തി.

ഉത്തരവ് 1980–90 കളിലെ രഥയാത്രയുടെ രക്തച്ചൊരിച്ചിലിനും മുസ്‌ലിം വിരുദ്ധ അക്രമത്തിനും വഴി തുറക്കുകയാണെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. പളളിയോട് ചേര്‍ന്നുള്ള ശൃംഗര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യാരാധന അനുവദിക്കണമെന്നാവശ്യപ്പെട്ട് മൂന്ന് സ്ത്രീകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പള്ളി പരിസരത്ത് സര്‍വേ നടത്തി വീഡിയോ പകര്‍ത്താന്‍ വാരാണസി കോടതി ഉത്തരവിട്ടത്.

മുഗൾ ഭരണാധികാരി ഔറംഗസേബ് ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്ന് ആരോപിച്ചുള്ള ഹര്‍ജി പരിഗണിച്ച വാരാണസി കോടതി നേരത്തെ പള്ളിയുടെ പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേയ്ക്ക് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് അലഹബാദ് ഹൈക്കോടതി സ്റ്റേ ചെയ്തു.

Eng­lish summary;Gyanwapi; The con­flict continues

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.