23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
November 22, 2024
July 25, 2024
July 18, 2024
July 8, 2024
June 14, 2024
June 11, 2024
May 19, 2024
May 2, 2024

ജനങ്ങളുടെ സഹകരണത്തോടെ സമയബന്ധിതമായി കെ-റെയിൽ പദ്ധതി പൂർത്തിയാക്കണം: നവയുഗം

Janayugom Webdesk
ദമ്മാം
May 15, 2022 5:00 pm

കേരളത്തിന്റെ അടിസ്ഥാനസൗകര്യവികസനത്തിനും, വ്യവസായിക, ടൂറിസം വളർച്ചയ്ക്കും പുതിയ മാനങ്ങൾ നൽകുന്ന പദ്ധതിയാണെന്നും, പരിസ്ഥിതിയ്ക്കും, ഭൂമി വിട്ടുകൊടുക്കുന്ന ജനങ്ങൾക്കും നഷ്ടമൊന്നുമുണ്ടാകാത്ത വിധം സമയബന്ധിതമായി ആ പ്രോജക്റ്റ് പൂർത്തിയാക്കാൻ കേരളത്തിന്റെ വികസനം ആഗ്രഹിയ്ക്കുന്ന എല്ലാവരും പിന്തുണയ്ക്കണമെന്നും നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

നാളത്തെ തലമുറയ്ക്ക് വേണ്ടിയുള്ള പദ്ധതി ആണിത്. വിദേശത്തെ എക്സ്സ്പ്രസ്സ് ഹൈവേകളും, ബുള്ളറ്റ് ട്രെയിനുകളും കാണുമ്പോൾ, ഇവയൊക്കെ നമ്മുടെ നാട്ടിലും വരണമെന്ന് ആഗ്രഹിയ്ക്കാത്ത പ്രവാസികൾ ഉണ്ടാകില്ല. അത് കൊണ്ട് തന്നെയാണ് പ്രവാസലോകത്തു നിന്നുമുള്ള വലിയ പിന്തുണ കെ റെയിൽ പദ്ധതിയ്ക്ക് ലഭിയ്ക്കുന്നത്.

പദ്ധതിയ്ക്കായി വീടും സ്ഥലവും നഷ്ടമാകുന്നവർക്ക് ഏറ്റവും മികച്ച നഷ്ടപരിഹാരം നൽകി മാത്രമേ സ്ഥലം ഏറ്റെടുക്കുകയുള്ളൂ എന്ന് സർക്കാർ ഉറപ്പ് വരുത്തണം. കൃത്യമായ പ്ലാനിങ്ങോടെ, വേഗത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി, സമയബന്ധിതമായി പ്രോജക്റ്റ് പൂർത്തിയാക്കണം.
റെയിൽവേയുടെ കാര്യത്തിൽ എക്കാലവും കേന്ദ്രസർക്കാരിന്റെ അവഗണന നേരിടുന്ന ഒരു സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തിന് നിയന്ത്രണമുള്ള സിൽവർലൈൻ എന്ന അതിവേഗട്രെയിൻ നിലവിൽ വന്നാൽ, കേരളത്തിന്റെ ഗതാഗത മേഖലയിലും, ടൂറിസം മേഖലയിലും, അടിസ്ഥാന സൗകര്യവികസനത്തിലും വൻകുതിച്ചുചാട്ടം ഉണ്ടാകും. ഇതുവഴി പുതിയ വ്യവസായങ്ങൾ ആരംഭിയ്ക്കാനും, സ്റ്റാർട്ട്‌അപ്പുകൾ ഉണ്ടാകാനും വഴിയൊരുക്കും. കേരളത്തിലെ വ്യവസായ വികസനത്തിനും, തൊഴിലില്ലായ്‌മ പരിഹരിയ്ക്കാനുമുള്ള വലിയൊരു ചുവടുവയ്പ്പ് ആകുമത്. അത് മനസ്സിലാക്കി കേരളവികസനത്തിനായി ഒരുമിച്ചു നിൽക്കുന്നതിനു പകരം, രാഷ്ട്രീയലക്ഷ്യത്തോടെ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനും, അടിസ്ഥാന സർവ്വേ പ്രവർത്തനങ്ങളെ വരെ അക്രമസമരങ്ങളിലൂടെ തടസ്സപ്പെടുത്താനും ശ്രമിയ്ക്കുന്ന പ്രതിപക്ഷപാർട്ടികളുടെ നിലപാടുകൾ ജനാധിപത്യവിരുദ്ധമാണ്.

മറ്റു സംസ്ഥാനങ്ങളിലെ എം പിമാർ സംസ്ഥാനത്തിന്റെ വികസനപദ്ധതികൾക്കായി പാർലമെന്റിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ഒന്നിച്ചു പൊരുതുമ്പോൾ, കേരളത്തിലെ പ്രതിപക്ഷ എംപിമാരും, മലയാളിയായ ബിജെപി മന്ത്രിയും, കേരളത്തിന്റെ അഭിമാനപദ്ധതി മുടക്കാൻ വേണ്ടി ഡൽഹിയിൽ ഒന്നിച്ചു പ്രവർത്തിയ്ക്കുന്ന കാഴ്ച അപഹാസ്യമാണ്. വികസനം കൊതിയ്ക്കുന്ന കേരളത്തിലെ പുതുതലമുറ ഇതൊക്കെ കാണുന്നുണ്ട് എന്ന കാര്യം ഇവർ മറക്കുന്നു.

കേരളത്തിന് അഭിമാനമാകുന്ന ഒരു പദ്ധതിയെ തകർക്കാൻ വേണ്ടി, പദ്ധതിപ്രദേശങ്ങളിൽ സംഘടിപ്പിയ്ക്കുന്ന അക്രമസമരങ്ങളിലൂടെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള പാഴ്ശ്രമം, പ്രതിപക്ഷം ഉപേക്ഷിയ്ക്കണമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പ്രമേയം ആവശ്യപ്പെടുന്നു.

Eng­lish Sum­ma­ry: The K‑Rail project should be com­plet­ed on time with the coop­er­a­tion of the peo­ple: Navayugam

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.