23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

February 2, 2024
February 1, 2024
December 11, 2023
June 9, 2022
June 8, 2022
May 30, 2022
May 26, 2022
May 24, 2022
May 23, 2022
May 21, 2022

ഗ്യാന്‍വാപി; മുദ്ര വയ്ക്കാനുള്ള സിവില്‍ കോടതിയുടെ ഉത്തരവില്‍ ദുരൂഹത

Janayugom Webdesk
വാരാണസി
May 16, 2022 10:48 pm

വിശ്വാസത്തിന് തീപിടിപ്പിച്ച് നേട്ടംകൊയ്യാനുള്ള ശ്രമത്തിന്റെ ഭാഗമായി മറ്റൊരു അയോധ്യയാക്കി ഗ്യാന്‍വാപി മസ്ജിദിനെ മാറ്റാനുള്ള നീക്കത്തിനിടെ സ്ഥലം മുദ്ര വയ്ക്കാനുള്ള വാരാണസി സിവില്‍ കോടതി ഉത്തരവില്‍ ദുരൂഹത. കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദ് മേഖലയില്‍ ശിവലിംഗം കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ അവകാശവാദമുന്നയിച്ചതിനു പിന്നാലെയാണ് കോടതി നടപടി. സിവില്‍ കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കാനിരിക്കുകയാണ്. അതിനിടെ അഭിഭാഷകന്റെ അവകാശവാദത്തിന്റെ മറവില്‍ മസ്ജിദിന്റെ ഭാഗം മുദ്രവച്ച് സംരക്ഷിക്കുവാന്‍ നിര്‍ദേശം നല്കിയ കോടതി നടപടിയാണ് ദുരൂഹതയുണര്‍ത്തുന്നത്.

മസ്ജിദ് സമുച്ചയത്തില്‍ കോടതി നിര്‍ദേശിച്ച വീഡിയോഗ്രാഫി സര്‍വേ അവസാനിച്ചപ്പോള്‍ കിണറ്റില്‍ ശിവലിംഗം കണ്ടെത്തിയതായാണ് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ വിഷ്ണു ജെയിന്റെ അവകാശവാദം. തുടര്‍ന്ന് പ്രദേശം അടച്ചുപൂട്ടാനും ആളുകള്‍ ആ സ്ഥലത്തേക്ക് പോകുന്നത് തടയാനും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മയോട് വാരാണസി കോടതി ഉത്തരവിട്ടു. മേഖലയില്‍ വന്‍ സുരക്ഷാസന്നാഹം തുടരുകയാണ്.

എന്നാല്‍ വീഡിയോഗ്രാഫിക്കുള്ള അനുമതിയുടെ മറവില്‍ കിണറിനടിയില്‍ പരിശോധിച്ചെന്ന റിപ്പോര്‍ട്ട് നല്‍കിയാണ് വിധി സമ്പാദിച്ചത്. സമുച്ചയത്തിന്റെ സര്‍വേയും വീഡിയോഗ്രാഫിയും നടത്താനാണ് സിവില്‍ കോടതി നേരത്തെ അഡ്വക്കറ്റ് കമ്മിഷണര്‍മാരെ നിയോഗിച്ചിരുന്നത്. നടപടി അലഹബാദ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടെങ്കിലും ഹര്‍ജി തള്ളി. തുടര്‍ന്ന് മൂന്നുദിവസംകൊണ്ട് വീഡിയോ സര്‍വേ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് എത്രയും വേഗം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അഡ്വക്കേറ്റ് കമ്മിഷണര്‍മാരായ വിശാല്‍ സിങ്, അജയ് പ്രതാപ് സിങ് എന്നിവര്‍ പറഞ്ഞു. അതേസമയം ശിവലിംഗം കണ്ടെത്തിയെന്ന അവകാശവാദം സ്ഥിരീകരിക്കാന്‍ കൗശല്‍ രാജ് ശര്‍മ്മ തയാറായില്ല.

സര്‍വേയുടെ വിവരങ്ങള്‍ കോടതിയിലാണ് സമര്‍പ്പിക്കേണ്ടതെന്നും മറ്റാര്‍ക്കും വിവരങ്ങള്‍ പുറത്തുവിടാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. ഗ്യാന്‍ വാപി മസ്ജിദ് പരിസരത്ത് സ്ഥിതി ചെയ്യുന്നതായി അവകാശപ്പെടുന്ന ശൃംഗാര്‍ ഗൗരി ക്ഷേത്രത്തില്‍ നിത്യപൂജയ്ക്ക് അനുമതി തേടി അഞ്ച് സ്ത്രീകളാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. മുഴുവന്‍ സ്ഥലവും കാശി വിശ്വനാഥ ക്ഷേത്രത്തിന്റേതാണെന്നും മസ്ജിദ് ക്ഷേത്ര സമുച്ചയത്തിന്റെ ഒരു ഭാഗം മാത്രമാണെന്നും 1991 മുതല്‍ ഹിന്ദുസംഘടനകള്‍ വാദിച്ചിരുന്നു.

മൂന്ന് പതിറ്റാണ്ടുനീണ്ട നിയമപോരാട്ടം

1991ലാണ് ഗ്യാന്‍വാപി മസ്ജിദ്-കാശിവിശ്വനാഥ ക്ഷേത്രം വിഷയത്തില്‍ നിയമപോരാട്ടം ആരംഭിച്ചത്. പള്ളി പൊളിക്കണമെന്നാവശ്യപ്പെട്ട് കാശി വിശ്വനാഥ മന്ദിര്‍ ട്രസ്റ്റാണ് ആദ്യം ഹര്‍ജി നല്‍കുന്നത്. 2,000 വര്‍ഷങ്ങള്‍ക്കു മുമ്പ് വിക്രമാദിത്യ മഹാരാജാവാണ് ക്ഷേത്രം നിര്‍മ്മിച്ചത്, 1664ല്‍ മുഗള്‍ ഭരണാധികാരിയായ ഔറംഗസേബ് ക്ഷേത്രത്തിന്റെ ഒരു ഭാഗം പൊളിച്ച് പള്ളി നിര്‍മ്മിക്കുകയായിരുന്നു എന്നാണ് ഹര്‍ജിക്കാരുടെ ആരോപണം.

1998ല്‍ പള്ളിയുടെ മേല്‍നോട്ടം വഹിക്കുന്ന സമിതി 1991ലെ ആരാധനാലയ നിയമം ചൂണ്ടിക്കാട്ടി ഹര്‍ജി തള്ളണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കീഴ്‌ക്കോടതി ഹര്‍ജി തള്ളിയതിനാല്‍ പള്ളി കമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചു. വര്‍ഷങ്ങളായി ഒരു തടസവുമില്ലാതെ ഇരു ആരാധനാലയങ്ങളിലും പ്രാര്‍ത്ഥനകള്‍ നടന്നുവരുന്നതായി കമ്മിറ്റി കോടതിയെ അറിയിച്ചു. കോടതി നടപടികള്‍ സ്റ്റേ ചെയ്തു. 2019ല്‍ കേസ് വീണ്ടും കുത്തിപ്പൊക്കും വരെ മറ്റ് ഒരു നിയമനടപടിയും വിഷയത്തില്‍ ഉണ്ടായിട്ടില്ല.

ആരാധനാലയ നിയമം 1991

1947 ഓഗസ്റ്റ് 15നുണ്ടായിരുന്ന അതേ നിലയില്‍ ആരാധനാലയങ്ങള്‍ നിലനില്‍ക്കണമെന്നാണ് 1991 ലെ ആരാധനാലയ നിയമം. അയോധ്യയിലെ രാമജന്മഭൂമി ഒഴികെയുള്ള ഇന്ത്യയിലെ ഏതെങ്കിലും ആരാധനാലയത്തിന്റെ പദവിയെ ചോദ്യംചെയ്യുന്ന ഏതൊരു അവകാശവാദവും നിയമത്തിന്റെ ലംഘനമാണ്. ബാബറി മസ്ജിദ് വിഷയത്തിലെ സുപ്രീം കോടതി വിധിയുടെ ലംഘനം കൂടിയാണ് നിലവിലെ ആരാധനാലയങ്ങള്‍ക്ക് മേലുള്ള അവകാശവാദം.

Eng­lish summary;Gyanwapi; Mys­tery over civ­il court order to seal

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.