28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

June 7, 2022
June 6, 2022
June 1, 2022
May 29, 2022
May 28, 2022
May 28, 2022
May 24, 2022
May 18, 2022
May 13, 2022
May 8, 2022

തൃക്കാക്കര ഉപതെരഞ്ഞെടുപ്പും ദേശീയ- സംസ്ഥാന രാഷ്ട്രീയവും

സത്യന്‍ മൊകേരി
വിശകലനം
May 18, 2022 6:00 am

തൃക്കാക്കര നിയമസഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ഏറെ ചര്‍ച്ചാവിഷയമാണ്. എല്‍ഡിഎഫ് ഗവണ്‍മെന്റിന് 99 എംഎല്‍എമാരുടെ പിന്തുണയുള്ളതാണ്. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പ് ഫലം ഗവണ്‍മെന്റിനെ ബാധിക്കുന്നതല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ എല്‍ഡിഎഫിന് അനുകൂലമായി വിധി നല്കിയതാണ്. കേരളത്തിലെ ജനങ്ങളുടെ മതനിരപേക്ഷ‑ജനാധിപത്യ‑ഇടതുപക്ഷ ബോധം തെരഞ്ഞെടുപ്പില്‍ വ്യക്തമായി പ്രതിഫലിച്ചു. കേരളാ ഗവണ്‍മെന്റിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കും രാഷ്ട്രീയ‑സാമൂഹ്യ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്കും ജനങ്ങള്‍ പിന്തുണ നല്‍കി. എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നതോടെ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. 2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായി വികസനപദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. 1957 മുതല്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്ന സഖാക്കള്‍ ഇഎംഎസ്, സി അച്യുതമേനോന്‍, പി കെ വാസുദേവന്‍ നായര്‍, ഇ കെ നായനാര്‍, വി എസ് അച്യുതാനന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ കേരളത്തില്‍ നടപ്പാക്കിയ, ലോകമാകെ ശ്രദ്ധിച്ചതും ചര്‍ച്ച ചെയ്യുന്നതുമായ ‘കേരള മോഡല്‍’ വികസനങ്ങള്‍ക്ക് രൂപം നല്‍കി പ്രാവര്‍ത്തികമാക്കി. അതിന്റെ തുടര്‍ച്ചയായ വികസനപദ്ധതികളാണ് 2016ല്‍ അധികാരത്തില്‍ വന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് നടപ്പിലാക്കിയത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ വലിയ കുതിപ്പ് ഉണ്ടാക്കുവാന്‍ ആ ഗവണ്‍മെന്റിന് കഴിഞ്ഞു. ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി കടുത്ത പ്രതിരോധവും കള്ള പ്രചരണങ്ങളുമാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം നടത്തിയത്. സംഘ്പരിവാര്‍ ശക്തികളും ബിജെപിയും എസ്ഡിപിഐ, ജമാ അത്തെ ഇസ്‌ലാമി ഉള്‍പ്പെടെയുള്ള എല്ലാ ശക്തികളും ഗവണ്‍മെന്റിനും മുന്നണിക്കുമെതിരായി യോജിച്ച് അണിനിരന്നു. ഈ നീക്കങ്ങള്‍ക്കെല്ലാം കേന്ദ്രഗവണ്‍മെന്റ് സര്‍വ പിന്തുണയും നല്‍കി. സംസ്ഥാന ഗവണ്‍മെന്റിനെ വലിച്ചു താഴത്തിടുമെന്ന് കടുത്ത ധാര്‍ഷ്ട്യത്തോടെ ബിജെപി പ്രസിഡന്റ് ആയിരുന്ന അമിത് ഷാ, കണ്ണൂരില്‍ വന്ന് പ്രഖ്യാപിച്ചു. ഗവണ്‍മെന്റിനെ അട്ടിമറിക്കാനും എല്‍ഡിഎഫിനെ തകര്‍ക്കാനും നടത്തിയ എല്ലാ നീക്കങ്ങളെയും സംസ്ഥാനത്തെ മതേതര ജനാധപത്യ ഇടതുപക്ഷ വിശ്വാസികളായ ജനങ്ങളെ അണിനിരത്തി പരാജയപ്പെടുത്താന്‍ എല്‍ഡിഎഫിന് കഴിഞ്ഞു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം അതാണ് വ്യക്തമാക്കുന്നത്. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയ ശക്തികള്‍ക്കെതിരായി മതേതര-ജനാധിപത്യ‑ഇടതുപക്ഷ ശക്തികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടുന്ന സന്ദര്‍ഭമാണിത്. 2024ല്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ട്, വീണ്ടും അധികാരത്തില്‍ വരാനുള്ള പദ്ധതികളാണ് ബിജെപിയും സംഘപരിവാര്‍ ശക്തികളും നടത്തുന്നത്. ജനങ്ങളില്‍ വര്‍ഗീയ‑ജാതി-ഗോത്ര, ഭാഷാബോധം വളര്‍ത്തിക്കൊണ്ടുവരിക എന്നതാണ് അതിന് അവര്‍ സ്വീകരിക്കുന്ന മാര്‍ഗം.

സങ്കുചിതമായ ദേശീയതയിലൂടെ ജനങ്ങളെ ദേശീയ ഭ്രാന്തന്മാരാക്കാനുള്ള പ്രചരണങ്ങളാണ് ഇപ്പോള്‍ രാജ്യത്ത് നടന്നുവരുന്നത്. ജനങ്ങളെ ദുരിതത്തിലാക്കുന്ന സാമ്പത്തിക നയങ്ങള്‍ക്ക് എതിരായി രാജ്യത്ത് ശക്തമായ ജനകീയ പ്രക്ഷോഭം വളര്‍ന്നുവരുന്നുണ്ട്. കര്‍ഷകസമരവും തൊഴിലാളി പണിമുടക്കും അതിന്റെ ഭാഗമാണ്. വിദ്യാര്‍ത്ഥികളും യുവാക്കളും കര്‍ഷകത്തൊഴിലാളികളും ബുദ്ധിജീവികളും ജീവനക്കാരും മഹിളകളുമെല്ലാം തെരുവിലിറങ്ങി ശക്തമായി പ്രതിഷേധിക്കുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ പ്രധാനപ്പെട്ട പങ്കാണ് എല്‍ഡിഎഫും കേരള ഗവണ്‍മെന്റും സ്വീകരിക്കുന്നത്. രാജ്യത്ത് ബദല്‍ നയം ഉയര്‍ത്തി പോരടിക്കുന്ന എല്ലാ ജനവിഭാഗങ്ങള്‍ക്കും ശക്തി പകരുന്നതാണ് കേരള ഗവണ്‍മെന്റും എല്‍ഡിഎഫും. അതുകൊണ്ടുതന്നെ കേരള ഗവണ്‍മെന്റിനെയും ഗവണ്‍മെന്റിന് നേതൃത്വം നല്‍കുന്ന എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്തുക എന്നത് കേന്ദ്രഗവണ്‍മെന്റിന്റെയും മൂലധന ശക്തികളുടെയും രാഷ്ട്രീയ അജണ്ടയാണ്. കേരളത്തിലെ പ്രതിപക്ഷം എല്ലാ പിന്തുണയും ഈ നീക്കങ്ങള്‍ക്ക് നല്‍കുന്നു. സംസ്ഥാനത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ആസൂത്രിതമായ നീക്കങ്ങളാണ് നടത്തുന്നത്. ആലപ്പുഴയിലും പാലക്കാടും നടന്ന ആര്‍എസ്എസ്-എസ്ഡിപിഐ സംഘര്‍ഷങ്ങളും കൊലപാതകങ്ങളും അതാണ് വ്യക്തമാക്കുന്നത്. സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ച് മതഭ്രാന്ത് കുത്തിപ്പൊക്കി, ജനങ്ങളെ ചേരിതിരിക്കാനുള്ള നീക്കം ബോധപൂര്‍വമാണ്. വര്‍ഗീയ ശക്തികളെ നിയമപരമായി ഇല്ലായ്മ ചെയ്യുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ച് കേരളാ ഗവണ്‍മെന്റ് മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. വിവിധ മതവിശ്വാസികള്‍ കേരള ഗവണ്‍മെന്റിന്റെ നടപടികള്‍ക്കും എല്‍ഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്കും ശക്തിപകരുന്നു.


ഇതുകൂടി വായിക്കാം; യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം


2016ല്‍ അധികാരത്തില്‍ വന്ന എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ തുടര്‍ച്ചയായി അധികാരത്തില്‍ വന്ന സംസ്ഥാന ഗവണ്‍മെന്റ് സമയബന്ധിതമായി വികസന പദ്ധതികള്‍ നടപ്പിലാക്കി മുന്നോട്ടുപോകുകയാണ്. അടിസ്ഥാന വികസന മേഖലയില്‍ കുതിപ്പുണ്ടാക്കുക എന്നത് ഗവണ്‍മെന്റിന്റെ പ്രധാന ലക്ഷ്യമാണ്. പുതിയ കാലഘട്ടത്തിനനുസൃതമായ വികസന കാഴ്ചപ്പാടാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ചത്. അതിനുള്ള മാന്‍ഡേറ്റും ജനങ്ങള്‍ നല്‍കുകയുണ്ടായി. ദേശീയ ഹെെവേ വികസനം, മലയോര റോഡ്, തീരദേശ ഹെെവേ, ദേശീയ‑ഉള്‍നാടന്‍ ജലപാത എന്നീ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ സാമൂഹ്യ‑സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടാകുക. അത് മുന്നില്‍ക്കണ്ടാണ് ഗവണ്‍മെന്റ് പദ്ധതികള്‍ നടപ്പിലാക്കുന്നത്. പദ്ധതികളെ തടസപ്പെടുത്തുന്നതിന് പ്രതിപക്ഷവും ബിജെപി-സംഘ്പരിവാര്‍-എസ്ഡിപിഐ- ജമാ അത്തെ ഇസ്‌ലാമി സംഘടനകള്‍ ശ്രമിക്കുകയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രക്ഷോഭരംഗത്ത് കൊണ്ടുവരുന്നു. എല്‍ഡിഎഫ് ഗവണ്‍മെന്റ് പ്രഖ്യാപിച്ച പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയാണ് മുന്നോട്ടുപോയത്. വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന നഷ്ടപരിഹാരം ഉറപ്പുവരുത്തി. ജനങ്ങളുടെ പിന്തുണയോടെയാണ് പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. പദ്ധതികള്‍ക്ക് ആവശ്യമായ ഭൂമി വിട്ടുനല്‍കുന്നതിന് ഉടമകള്‍ തയാറായതിന്റെ അനുഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. സ്ഥലം ഏറ്റെടുത്ത പ്രദേശത്തെ ജനങ്ങളും സ്ഥലഉടമകളും നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണ നല്‍കി. കേരളത്തില്‍ അതിവേഗ റയില്‍ യുഡിഎഫ് അധികാരത്തില്‍ വന്നപ്പോഴും നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എല്‍ഡിഎഫ് സില്‍വര്‍ ലെെന്‍ എന്ന പേരിലാണ് അതിവേഗ റയില്‍ പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാഥമികമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തില്‍ത്തന്നെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടത്തുകയാണ്. ‌പദ്ധതിയുടെ പ്രാഥമികമായ പ്രവര്‍ത്തനം സ്ഥലം ഏതാണ് എന്ന് നിശ്ചയിക്കലാണ്. അതിനായി സര്‍വെ നടത്താന്‍പോലും പ്രതിപക്ഷവും അവരോടൊപ്പം അണിനിരക്കുന്ന വര്‍ഗീയ ശക്തികളും അനുവദിക്കുന്നില്ല. ഭൂമി നഷ്ടപ്പെടുത്തുന്നവര്‍ക്ക്, അവര്‍ ആഗ്രഹിക്കുന്ന നഷ്ടപരിഹാരം നല്‍കുമെന്നും പുനരധിവാസം ഉറപ്പുവരുത്തുമെന്നും ഗവണ്‍മെന്റ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും പദ്ധതിയെ തടസപ്പെടുത്തുന്നു. പദ്ധതികള്‍ ജനങ്ങളെ ബോധ്യപ്പെടുത്തിയാകണം നടപ്പിലാക്കേണ്ടതെന്ന് സിപിഐ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ചില ഉദ്യോഗസ്ഥരുടെ നടപടികള്‍ ഗവണ്‍മെന്റിനെതിരായി ജനങ്ങളെ തിരിച്ചുവിടാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് സഹായകരമാകുമെന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ട്.

പൊതുവിതരണ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് കേരളത്തില്‍ നടക്കുന്നത്. ഉപഭോക്തൃ സംസ്ഥാനമായിട്ടും വിലക്കയറ്റം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സംസ്ഥാനമാണ്. വ്യാവസായിക മേഖലയില്‍, വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാനും നഷ്ടത്തിലായ വ്യവസായങ്ങളെ ലാഭത്തിലാക്കുന്നതിനുമായി നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കാര്‍ഷികമേഖലയില്‍ കൂടുതല്‍ ഉണര്‍വ് ഉണ്ടാക്കുന്നതിനും ഭക്ഷ്യോല്പാദനം വര്‍ധിപ്പിക്കുന്നതിനും കര്‍ഷകന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. ക്ഷീരകര്‍ഷകരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി നിരവധി പദ്ധതികള്‍ ആവിഷ്കരിച്ചു. പാല്‍ ഉല്പാദനത്തില്‍ സ്വയം പര്യാപ്തത കെെവരിക്കുക എന്ന ലക്ഷ്യം വെെകാതെ തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയും. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി ആശ്വാസ പദ്ധതികള്‍ നടപ്പില്‍ വരുത്തുന്നുണ്ട്. പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ക്ക് പട്ടയം നല്‍കുന്നതിനായി സമയബന്ധിതമായ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഭൂമി തരംമാറ്റലിലെ കാലതാമസം ഒഴിവാക്കുന്നതിനായി സ്വീകരിച്ച നടപടികള്‍ പ്രശംസനീയമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലും പൊതു വിദ്യാഭ്യാസ മേഖലയിലും നിരവധി പദ്ധതികളാണ് നടപ്പിലാക്കുന്നത്. പൊതു വിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടതോടെ ഗവണ്‍മെന്റ് വിദ്യാലയങ്ങളില്‍ പഠിക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തുന്നുണ്ട്. പാര്‍പ്പിട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും തീരദേശ മേഖലയിലെയും മലയോര മേഖലയിലെയും ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ മുന്നോട്ടു കൊണ്ടുപോകുകയാണ്. പട്ടികജാതി-പട്ടിക വിഭാഗം ജനങ്ങളുടെ ക്ഷേമത്തിനായി നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാമ്പത്തിക ജീവിതത്തില്‍ പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന പ്രവാസികളുടെ ക്ഷേമത്തിനായി സ്വീകരിച്ച നടപടികള്‍ ശ്രദ്ധേയമാണ്. ലോകത്തിനും രാജ്യത്തിനും മാതൃകയായി വികസന പ്രവര്‍ത്തനങ്ങള്‍ എല്‍ഡിഎഫ് ഗവണ്‍മെന്റ് നടപ്പിലാക്കുന്നുണ്ട്.


ഇതുകൂടി വായിക്കാം; ഇന്ത്യൻ ആസൂത്രണ വികസനത്തിന്റെ ഗതിവിഗതികൾ


ബിജെപി ഗവണ്‍മെന്റിന്റെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കെതിരായ ബദല്‍-രാഷ്ട്രീയ സാമ്പത്തിക നയവും കേരള ഗവണ്‍മെന്റ് മുന്നോട്ടുവച്ചിട്ടുണ്ട്. മതേതതര-ജനാധിപത്യ വിശ്വാസികളായ സംസ്ഥാനത്തെ ജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടാണ് എല്‍ഡിഎഫ് ഗവണ്‍മെന്റും മുന്നണിയും പ്രവര്‍ത്തിക്കുന്നത്. കേരള ഗവണ്‍മെന്റിനും എല്‍ഡിഎഫിനും എതിരായി പ്രതിപക്ഷം സ്വീകരിച്ചിട്ടുള്ള നിലപാടില്‍ യുഡിഎഫിന്റെ പിന്നില്‍ അണിനിരന്ന ജനവിഭാഗങ്ങളില്‍ കടുത്ത അസംതൃപ്തിയും പ്രതിഷേധവും ഉയര്‍ന്നുവന്നിട്ടുണ്ട്. ബിജെപി-സംഘ്പരിവാര്‍-എസ്ഡിപിഐ‑ജമാഅത്തെ ഇസ്‌ലാമി സംഘടനകളുമായുള്ള കോണ്‍ഗ്രസ്-മുസ്‌ലിംലീഗ് കൂട്ടുകെട്ട് യുഡിഎഫിനെ പിന്തുണക്കുന്ന ജനങ്ങളില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. കേരള ഗവണ്‍മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങളെയും രാഷ്ട്രീയ നിലപാടുകളെയും അന്ധമായി എതിര്‍ക്കുന്നതില്‍ അവര്‍ രോഷാകുലരാണ്. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ബിജെപി അനുകൂലവും വികസന വിരുദ്ധമായ നിലപാടിനു കോണ്‍ഗ്രസിനകത്ത് ശക്തമായ പൊട്ടിത്തെറികളും അടിയൊഴുക്കുകളും ഉണ്ടാകുന്നുണ്ട്. ഇടതു-ജനാധിപത്യ മുന്നണി സ്വീകരിക്കുന്ന വികസന നയങ്ങള്‍ക്കും വികസന പദ്ധതികള്‍ക്കും പിന്തുണ നല്‍കുന്നതിനായി യുഡിഎഫിന്റെ പിന്നില്‍ അണിനിരന്നിരുന്ന വിവിധ ജനവിഭാഗങ്ങള്‍ തയാറാകുന്നതായി കാണാം. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ കെ വി തോമസ് മാഷും നിരവധി കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ച നിലപാട് അതാണ് വ്യക്തമാകുന്നത്. തൃക്കാക്കര നിയോജകമണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ കേരള വികസനവും ദേശീയ രാഷ്ട്രീയ പ്രശ്നങ്ങളുമാണ് എല്‍ഡിഎഫ് ജനങ്ങളുടെ മുന്നില്‍ ഉയര്‍ത്തുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ വിജയിപ്പിക്കുന്നതിലൂടെ എല്‍ഡിഎഫിനും ഗവണ്‍മെന്റിനും കൂടുതല്‍ കരുത്ത് പകരും. ദേശീയതലത്തില്‍ മതേതര-ജനാധിപത്യ ഇടതുപക്ഷ ശക്തികള്‍ക്ക് നവ ഫാസിസ്റ്റ് ശക്തികള്‍ക്ക് എതിരായി നടക്കുന്ന പോരാട്ടത്തിന് കൂടുതല്‍ പ്രചോദനവും ഉണ്ടാക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.