വര്‍ധിത ആത്മവിശ്വാസത്തോടെയാണ് ഇടതുപക്ഷ സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് മഹാമാരി പടര്‍ന്നുപിടിച്ചതിനുശേഷം ഇതാദ്യമായി നേരിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. നല്ലതോതില്‍ ജനപിന്തുണ വര്‍ധിച്ചതായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം അതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എല്‍ഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഓരോന്നായി നടപ്പാക്കുകയാണ് സര്‍ക്കാര്‍. സര്‍വതലസ്പര്‍ശിയായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യംവയ്ക്കുന്നത്. പ്രത്യേക ശ്രദ്ധ വേണ്ട ചില മേഖലകളെ ഉള്‍പ്പെടുത്തി നൂറുദിന പദ്ധതികള്‍ നടപ്പാക്കി. രണ്ടാം നൂറുദിന പദ്ധതി ഇന്നലെയാണ് പൂര്‍ത്തിയാക്കിയത്.
യുവജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് ആധുനിക തൊഴിലവസരങ്ങളടക്കം ലഭ്യമാക്കാനാണ് ശ്രമം. 3,95,338 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ആറ് വര്‍ഷംകൊണ്ട് 1,83,706 ലക്ഷം പേര്‍ക്ക് നിയമന ശുപാര്‍ശ നല്കി. പിഎസ്സി വഴി 22,345 പേര്‍ക്കാണ് തൊഴില്‍ നല്‍കിയത്. ഭരണനിര്‍വഹണ രംഗത്തെ സുപ്രധാന ആവശ്യവും ആഗ്രഹവുമായ കേരള അഡ്മിനിസ്ട്രേറ്റീവ് (കെഎഎസ്) യാഥാര്‍ത്ഥ്യമാക്കി. 105 പേരുടെ നിയമനം അനുവദിക്കുകയും അവര്‍ക്കുള്ള പരിശീലനം ആരംഭിക്കുകയും ചെയ്തു.
ലൈഫ് പദ്ധതിയിലൂടെ 2,95,000 വീടുകള്‍ നല്‍കാനായി. അടുത്ത ഒരു മാസത്തിനുള്ളില്‍ ഇത് മൂന്ന് ലക്ഷമാകും. ഭൂരഹിതര്‍ക്ക് 15,000 പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന പ്രഖ്യാപിത ലക്ഷ്യം പിന്നിട്ട് 33,530 പട്ടയങ്ങള്‍ ഇതിനകം വിതരണം ചെയ്തു. ഈ വര്‍ഷം 47,030 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 3,570 പട്ടയങ്ങള്‍കൂടി വിതരണത്തിന് സജ്ജമായതായും മുഖ്യമന്ത്രി പറഞ്ഞു.
അതിതീവ്ര ദാരിദ്ര്യം തിരിച്ചറിയാനുള്ള പ്രക്രിയ ഫലപ്രദമായി പൂര്‍ത്തിയാക്കി. മുഴുവന്‍ തദേശസ്വയംഭരണ സ്ഥാപനങ്ങളും ഉള്‍പ്പെടുന്ന 19,489 വാര്‍ഡുകളില്‍ നടത്തിയ കണക്കെടുപ്പില്‍ 64,006 കുടുംബങ്ങള്‍ ഈ ഗണത്തില്പ്പെടുന്നവയാണെന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. ഇവരെ ദാരിദ്ര്യരേഖയ്ക്ക് പുറത്തുകൊണ്ടുവരുന്നതിന് ഓരോ കുടുംബത്തിനും മൈക്രോ പ്ലാന്‍ തയാറാക്കി.
ഒരു വര്‍ഷക്കാലയളവിനുള്ളില്‍ 2,14,274 പുതിയ റേഷന്‍ കാര്‍ഡുകളാണ് വിതരണം ചെയ്തത്. വാടകവീടുകളിലും തെരുവോരത്തും താമസിക്കുന്നവര്‍ക്ക് കാര്‍ഡ് ലഭിക്കുന്നതിന് ഉണ്ടായിരുന്ന സാങ്കേതിക തടസം നീക്കി. ആദിവാസി ഊരുകള്‍, പ്ലാന്റേഷന് മേഖലകള്‍ എന്നിവിടങ്ങളില്‍ റേഷന്‍ ഉറപ്പാക്കുന്നതിന് മൊബൈല്‍ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു.
സര്‍വമേഖലകളെയും ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ഇത്തരം ക്ഷേമ, വികസന പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കെതിരായ നീക്കങ്ങള്‍ തുറന്നുകാട്ടി ജനപിന്തുണയോടെ അവ നടപ്പാക്കും. ഏത് എതിര്‍പ്പുകളെയും വിധ്വംസക നീക്കങ്ങളെയും കുപ്രചരണങ്ങളെയും മറികടക്കാനുള്ള കരുത്ത് ജനങ്ങള്‍ സര്‍ക്കാരിന് പകര്ന്നുനല്കുന്നുണ്ട്. എതിര്‍പ്പ് ഉയര്‍ന്ന ഇടങ്ങളിലെല്ലാം ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിനാണ് വിജയമുണ്ടായത്. അതുകൊണ്ടുതന്നെ പ്രഖ്യാപിച്ച ഒരു പദ്ധതികളില്‍ നിന്നും പിറകോട്ടുപോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
English summary;Entering the second year with complete confidence; Chief Minister
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.