പ്രകൃതി ദൃശ്യങ്ങളും മനുഷ്യഭാവങ്ങളും നിറയുന്ന ജീവിതത്തെ തൊട്ടറിയുന്ന മനോഹര ചിത്രങ്ങൾ. ഓയിൽ പെയിന്റിംഗും വാട്ടർ കളറും മ്യൂറൽ പെയിന്റിംഗുമെല്ലാമായി എഴുപതോളം കലാകാരൻമാർ ഒരുക്കിയ നൂറിലധികം ചിത്രങ്ങൾ. ജീവന്റെ വിലയുള്ളതാണ് ഈ ചിത്രങ്ങൾ. വൃക്ക രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ചുമർ ചിത്ര കലാകാരൻ വികാസ് കോവൂരിന് സഹായവുമായി സൗഹൃദ കൂട്ടായ്മയിൽ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ നന്മയുടെ സ്പർശമുള്ള ചിത്രപ്രദർശനം ഏറെ ശ്രദ്ധേയമാകുകയാണ്. ചിത്രകാരന്മാരുടെ കൂട്ടായ്മ പുനർജനിയാണ് ജീവരേഖ എന്ന പേരിൽ ആർട് ഗാലറിയിൽ പ്രദർശനം നടത്തുന്നത്.
രോഗം ബാധിച്ച് നാലു വർഷത്തോളമായി ചികിത്സയിൽ കഴിയുന്ന വികാസിന് വൃക്ക മാറ്റിവെക്കാൻ 35 ലക്ഷം രൂപ ആവശ്യമാണ്. ശ്രദ്ധേയനായ യുവ ചിത്രകാരനായ വികാസ് കോവൂർ നിരവധി പേർക്ക് ഗുരുവാണ്. ചിത്രം വരച്ചും വരപ്പിച്ചും ജീവിത വഴി കണ്ടെത്താൻ ശ്രമിക്കുന്ന യുവാവ് അപ്രതീക്ഷിതമായി രോഗത്തിന്റെ പിടിയിലമർന്നതോടെ പ്രതിസന്ധിയിലായി. അമ്മ നൽകിയ വൃക്കയുമായി എട്ടു വർഷത്തോളം കഴിഞ്ഞു. ഇതിനിടെ ആ വൃക്കയുടെ പ്രവർത്തനവും നിലച്ചു. പിന്നീട് നാലു വർഷത്തോളമായി ഡയാലിസിലൂടെ ജീവൻ നിലനിർത്തുകയാണ്. താൻ വരച്ച മനോഹരങ്ങളായ ചിത്രങ്ങളും ഭാവനയും രചനാ ശേഷിയും മാത്രമെ വികാസിന് മൂലധനമായി കൈയ്യിലുള്ളു.
വികാസിന്റെ പ്രയാസം മനസ്സിലാക്കിയ സുഹൃത്തുക്കളും ഗുരുക്കൻമാരും ശിക്ഷ്യൻമാരുമെല്ലാം ചേർന്നാണ് ചിത്രപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ഒരു ചിത്രം വാങ്ങു, ഒരു ജീവന് തുണയേകൂ എന്ന സന്ദേശവുമായാണ് പ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ചിത്രങ്ങൾ വിറ്റു കിട്ടുന്ന മുഴുവൻ തുകയും വികാസിന്റെ ചികിത്സയ്ക്കായി ഉപയോഗിക്കും. ആയിരം രൂപ മുതലാണ് ചിത്രങ്ങളുടെ വില. 75,000 രൂപ വിലയുള്ള മ്യൂറൽ പെയിന്റിംഗ് ഉൾപ്പെടെ ഇതിനകം വിറ്റുപോയിട്ടുണ്ട്. ചിത്രങ്ങൾ വാങ്ങി പരമാവധി സഹായിക്കണമെന്നാണ് സംഘാടകരുടെ അഭ്യർത്ഥന. അമ്മയ്ക്കും സഹോദരനുമൊപ്പം കോവൂരിലെ ശ്രീപദം വീട്ടിലാണ് വികാസ് താമസിക്കുന്നത്. ചികിത്സാ സഹായ കമ്മിറ്റി എസ്ബിഐ വെള്ളിമാട്കുന്ന് ബ്രാഞ്ച് 38151827957 എന്ന നമ്പറിൽ അകൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്എസ്സി കോഡ്: SBIN0016659.ഫോൺ: 9947214537.ചിത്രപ്രദർശനം 28 വരെ തുടരും.
English Summary: Valuable pictures of life
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.