കോർപറേറ്റ് പ്രീണനത്തിന്റെ ഭാഗമായി കേന്ദ്രം നടപ്പിലാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി കേരളം പിന്തുടരേണ്ടതില്ലെന്നും സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം പുനഃസ്ഥാപിക്കണമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കെജിഒഎഫ് പോലുള്ള സര്‍വീസ് സംഘടനകള്‍ ഇതിനായുളള പോരാട്ടം നടത്തണമെന്നും കാനം പറഞ്ഞു. കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷന്‍ 26-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം അയ്യന്‍കാളി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണനിർവഹണം വേഗത്തിലാക്കുന്നതിന് ക്രിയാത്മകമായി പ്രവർത്തിക്കുവാൻ കഴിയുന്നവരാണ് സർക്കാർ ജീവനക്കാർ. സാമൂഹിക സുരക്ഷയും ജീവൻ സുരക്ഷയും ഉറപ്പ്‍ വരുത്തുവാൻ ജീവനക്കാർ പരിശ്രമിക്കണം. അതുവഴി സിവിൽ സർവീസിനെ ജനപക്ഷത്ത് ഉറപ്പിച്ചു നിർത്തണമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.
ഭരണഘടനയും ഫെഡറൽ സംവിധാനവും ഇല്ലാതാക്കാൻ ശ്രമിക്കുന്ന കേന്ദ്ര ഗവണ്‍മെന്റിനെതിരെ ഭരണനിർവഹണ രംഗത്ത് ശക്തമായ പ്രതിഷേധങ്ങളുയർത്താൻ സാധിക്കണം. അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്ര സർക്കാർ നടത്തിവരുന്നത്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുക ജോലിഭാരം വർധിപ്പിക്കുക എന്ന രീതിയാണ് ഭരണപരിഷ്കാരവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ കണ്ടുപിടിച്ചിരിക്കുന്നത്. ഇത് സിവിൽ സർവീസിനെ കാര്യക്ഷമമാക്കുന്നതിന് പകരം തകർക്കുകയാണ് ചെയ്യുന്നത്.
കേരളം അതിൽനിന്നും വ്യത്യസ്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. കൂടുതൽ തസ്തികകൾ അനുവദിക്കുന്നതിനും നിരവധി ആളുകളെ സർവീസിൽ കൊണ്ടുവരുന്നതിനുമുള്ള നടപടികളാണ് സംസ്ഥാനം സ്വീകരിച്ചുവരുന്നതെന്നും കാനം പറഞ്ഞു. കെജിഒഎഫ് സംസ്ഥാന പ്രസിഡന്റ് ഡോ. കെ എസ് സജികുമാർ അധ്യക്ഷത വഹിച്ചു. മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചു റാണി മുഖ്യപ്രഭാഷണം നടത്തി.
English Summary:Statutory pension scheme should be reinstated: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.