പാചകവാതകവും പച്ചക്കറിയുമുൾപ്പെടെ നിത്യോപയോഗസാധനങ്ങളുടെ വിലവർധനവിനൊപ്പം അരിവിലയും കുതിച്ചുയർന്നതോടെ കുടുംബ ബജറ്റുകൾ താളം തെറ്റുന്നു. അവശ്യസാധനങ്ങളിലെ ഒന്നാമനായ അരിയുടെ വിലവർധനവിൽ നട്ടംതിരിയുകയാണ് ജനം.
ആന്ധ്രയിൽ നിന്നുള്ള വരവ് കുറഞ്ഞതാണ് സംസ്ഥാനത്ത് അരിവില കുതിച്ചുയരുന്നതിന് കാരണം. ഒരു കിലോ ജയ അരിക്ക് ഒരാഴ്ചയ്ക്കിടെ കൂടിയത് 5.50 രൂപയാണ്. വൈദ്യുതിക്ഷാമം മൂലം മില്ലുകൾ പ്രവർത്തിക്കാത്തതാണ് ആന്ധ്രയിൽനിന്ന് അരിവരവ് നിലയ്ക്കാൻ കാരണം. സ്ഥിതി തുടർന്നാൽ വില ഇനിയും കുതിച്ചുയരും.
മലയാളികൾക്ക് പ്രിയമേറിയ ജയ, സുരേഖ അരികൾക്കാണ് കൂടുതലും വില വർധിച്ചിരിക്കുന്നത്. ഇവ പ്രധാനമായും എത്തുന്നത് ആന്ധ്രയിൽ നിന്നാണ്. കടുത്ത വൈദ്യുതി പ്രതിസന്ധി കാരണം ആഴ്ചയിൽ മൂന്നു ദിവസം അഞ്ചു മണിക്കൂർ വീതം മാത്രാമാണ് അരി മില്ലുകൾക്ക് പ്രവർത്തിക്കാൻ കഴിയുന്നത്. ഇതോടെ അരി ഉല്പാദനം എൺപതു ശതമാനത്തോളം കുറഞ്ഞു. ആവശ്യമുള്ളതിന്റെ പത്തു ശതമാനത്തിൽ താഴെ മാത്രമാണ് നിലവിൽ സംസ്ഥാനത്തേക്കെത്തുന്നത്.
കഴിഞ്ഞ ആഴ്ച ഒരു കിലോ ജയ അരിയുടെ മൊത്തവില 33 രൂപയായിരുന്നത് ഇപ്പേൾ 38 രൂപയാണ്. ചില്ലറ വിപണിയിൽ 42 രൂപ നൽകണം. സുരേഖ അരി കിലോഗ്രാമിന് 37 രൂപയാണ് ഇപ്പോഴത്തെ വില. എന്നാൽ ക്രാന്തി തുടങ്ങിയ അരിയിനങ്ങൾ വിപണിയിലേക്ക് എത്തുന്നില്ലെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.
തമിഴ്നാട്ടിൽനിന്നും കർണാടകയിൽനിന്നും ചെറിയതോതിലെങ്കിലും അരി എത്തുന്നത് മാത്രമാണ് ആശ്വാസം. ഉല്പാദനം കുറഞ്ഞതും ചരക്ക് നീക്കത്തിനുള്ള ചെലവ് വർധിച്ചതുമാണ് വിലക്കയറ്റത്തിന് കാരണമായി വ്യാപാരികൾ പറയുന്നത്. ഇതിന് പുറമെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിലേക്ക് കയറ്റുമതി വർധിച്ചതും വിപണിയിൽ അരിയുടെ ലഭ്യതയ്ക്ക് കുറവ് വരുത്തി.
English summary;hike in rice prices
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.