1 May 2024, Wednesday

Related news

May 1, 2024
April 29, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024

മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നു; ഒരുവര്‍ഷം 66,758 കേസുകള്‍

കേരളത്തില്‍ പിടിച്ചത് 36 ക്വിന്റല്‍ കഞ്ചാവ്
ബേബി ആലുവ
കൊച്ചി
July 25, 2023 7:53 pm

കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 66,758 മയക്കുമരുന്ന് കേസുകളെന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ കണക്ക്. മുൻവർഷം കേസുകളുടെ എണ്ണം 68,144 ആയിരുന്നു. 2021–22 വർഷം ആകെ പിടിച്ചെടുത്തത് 28,334 കിലോഗ്രാം മയക്കുമരുന്നാണ്. ഈ വർഷം ഹെറോയിനാണ് മുമ്പൻ. പിടിച്ചെടുത്തതില്‍ 1791 കിലോഗ്രാം ഹെറോയിനായിരുന്നു.
ഡിആർഐ മാത്രം 103 കേസുകൾ പിടിച്ചു. കേരളത്തിൽ കഴിഞ്ഞ വർഷം 3,602 കിലോയിലധികം കഞ്ചാവും 1902 കഞ്ചാവ് ചെടികളും പിടികൂടി നശിപ്പിച്ചിരുന്നു. 37,455 ഗ്രാം ഹാഷിഷ് ഓയിൽ, 447 ഗ്രാം ഹെറോയിൻ, 7,775 ഗ്രാം എംഡിഎംഎ എന്നിവയും പിടികൂടിയിരുന്നു. ഇടുക്കിയിൽ നിന്ന് ഹാഷിഷ് ഓയിൽ ഗൾഫ് രാജ്യങ്ങളിലേക്കും കടത്തുന്നുണ്ടെന്നാണ് കണ്ടെത്തൽ. കുവൈറ്റിലേക്കാണ് കൂടുതൽ. നെടുമ്പാശേരി വിമാനത്താവളത്തിൽ മയക്കുമരുന്ന് പിടികൂടിയതുമായി ബന്ധപ്പെട്ട് കുവൈറ്റിൽ തങ്ങുന്ന ചില മലയാളികൾക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഈ വർഷം കേരളത്തിൽ എക്സൈസ് മാത്രം എടുത്തത് 45,637 കേസുകളാണ്. 2,726 പേർ അറസ്റ്റിലായി. പിടിച്ചെടുത്ത മയക്കുമരുന്നിന്റെ ഏകദേശ മൂല്യം 14.66 കോടി രൂപ വരുമെന്നാണ് വിലയിരുത്തൽ. ബംഗളൂരുവിലെ ലാബുകളിലാണ് അനധികൃതമായി എംഡിഎംഎ ഉല്പാദിപ്പിക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഇന്ത്യയിലേക്കെത്തുന്ന മാരക രാസലഹരിയിൽ അധികവും അഫ്ഗാനിസ്ഥാനില്‍ നിന്നാണ്. പാകിസ്ഥാൻ വഴിയാണ് ഇന്ത്യയിലേക്കെത്തുന്നത്. ലഹരിക്കടത്ത് തടയാൻ ചുമതലപ്പെട്ട അതിർത്തി രക്ഷാസേനയിലെ ഇന്റലിജൻസ് വിഭാഗം ജാഗ്രത കടുപ്പിച്ചതോടെ കടത്ത് സമുദ്രം വഴിയാക്കിയിട്ടുണ്ട്.
മെത്താഫിറ്റമിൻ ഉൾപ്പെടെയുള്ള 25,000 കോടിയുടെ മാരക രാസലഹരി നേവിയും എൻസിബിയും ചേർന്ന് കൊച്ചിത്തീരത്ത് പിടിച്ചത് മേയിലാണ്. കഴിഞ്ഞ വർഷം 1,500 കോടിയുടെ മയക്കുമരുന്നാണ് സംസ്ഥാനത്ത് പിടിച്ചത്.
അതിർത്തി വഴി ഡ്രോൺ മുഖേനയും ലഹരി കടത്തുന്നതായി കണ്ടെത്തിയിരുന്നു. മയക്കുമരുന്ന് കടത്തലിൽ ഇടനിലക്കാരായി പ്രവർത്തിക്കുന്നതിലധികവും ദക്ഷിണാഫ്രിക്കൻ സംഘങ്ങളാണ്. ഇവരിൽ നല്ല പങ്ക് സ്ത്രീകളുമാണ്. മേയ് അവസാനം, ഏഴ് കോടി വിലമതിക്കുന്ന ഒരു കിലോ ഹെറോയിനുമായി കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ബറുണ്ടി സ്വദേശിനി നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായിരുന്നു.
ഇറ്റലി കേന്ദ്രമായി പ്രവർത്തിക്കുന്ന ക്രിമിനൽ-മയക്കുമരുന്ന് സിണ്ടിക്കേറ്റായ ‘ദ്രങ്ഗേറ്റ’ ഇന്ത്യയിലും സജീവമാവുന്നതായി അന്താരാഷ്ട്ര കുറ്റാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ് നിലവിലുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാന്നിധ്യമുള്ള കേരളത്തിലേക്കും ഇവരുടെ ലഹരിക്കണ്ണികൾ നീളുന്നതായി എൻസിബിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

eng­lish summary;Drug mafia takes hold; 66,758 cas­es a year
you may also like this video;

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.