24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

August 26, 2024
March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023
June 11, 2023
May 24, 2023
May 23, 2023

പൊരുതുന്ന കലയുടെ വസന്തകാലം

ബൈജു ചന്ദ്രന്‍
കാലം സാക്ഷി
May 25, 2022 5:44 am

1944ലെ ആ ദിവസം രാവിലെ ബോംബെയിലെ ബാന്ദ്രയിൽ പാലി ഹില്ലിലെ വീട്ടിലിരുന്ന് പത്രം വായിക്കുകയായിരുന്ന ബൽരാജ് സാഹ്നിയുടെ ശ്രദ്ധ ഈ വാർത്തയിലുടക്കി നിന്നു. കമ്മ്യൂണിസ്റ്റ് വിപ്ലവകാരികൾ ആവേശകരമായ മുന്നേറ്റം നടത്തുന്ന ചൈനയിലെ പീപ്പിൾസ് തിയേറ്ററിനെക്കുറിച്ച് ധാരാളം കേട്ടിട്ടുണ്ട്. ഇന്ത്യയിലും അങ്ങനെയൊരു ജനകീയ നാടകപ്രസ്ഥാനമുണ്ടെന്നത് ബൽരാജിന് പുതിയ അറിവായിരുന്നു. അന്നുതന്നെ പത്രപ്രവർത്തകനായ വി പി സാത്തെ എന്ന സുഹൃത്തിനെ ആകസ്മികമായി കണ്ടുമുട്ടിയപ്പോഴാണ്, അദ്ദേഹവും ആ പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും പുരോഗമന സാഹിത്യകാരനായ ക്വാജാ അഹമ്മദ് അബ്ബാസ് തന്റെ ഏറ്റവും പുതിയ നാടകം വായിക്കുന്നത് കേൾക്കാൻ പോകുകയാണെന്നുമൊക്കെ അറിയുന്നത്. നാടകവായനയിൽ പങ്കുചേരാനായി സാത്തെ ബൽരാജിനെയും ക്ഷണിച്ചു.

അന്ന് വൈകുന്നേരം ബോംബെയിലെ ഓപ്പറാ ഹൗസിന്റെ സമീപത്തുള്ള സംഗീത വിദ്യാലയത്തിൽ വച്ചുനടന്ന ആ കൂടിച്ചേരലിൽ ഇരുപതോളം യുവതീയുവാക്കളും സന്നിഹിതരായിരുന്നു. ബൽരാജ്, സുഹൃത്തായ ചേതൻ ആനന്ദിനോടൊപ്പമാണ് അവിടെയെത്തിയത്. അതുവരെ നേരിൽ കണ്ടിട്ടില്ലെങ്കിലും അബ്ബാസ് രചിച്ച വികാരതീവ്രമായ കഥകൾ പലതും ബൽരാജ് വായിച്ചിരുന്നു. നാടകം വായിച്ചുകഴിഞ്ഞ്, നിശബ്ദതയുടെ ആ ഇടവേളയിൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അബ്ബാസ് ഒരു പ്രഖ്യാപനം നടത്തി. “സുഹൃത്തുക്കളെ, എന്റെയീ നാടകം വായിച്ചുകേൾക്കാൻ താല്പര്യപ്പെട്ട് ബൽരാജ് സാഹ്നിയും ഇവിടെ വന്നുചേർന്നിട്ടുണ്ട്. ഇപ്റ്റയ്ക്കു വേണ്ടി ബൽരാജ് ഈ നാടകം സംവിധാനം ചെയ്യണമെന്ന അഭ്യർത്ഥനയോടെ ഞാനിത് അദ്ദേഹത്തിനെ ഏല്പിക്കുകയാണ്”.


ഇതുകൂടി വായിക്കൂ:   ഇനിയൊരു യുദ്ധം വേണ്ട


ഒരു നിമിഷത്തേക്ക് പെട്ടെന്ന് ഒന്നു സ്തബ്ധനായി ഇരുന്നുപോയെങ്കിലും ബൽരാജ് ആ നാടകത്തിന്റെ കയ്യെഴുത്ത് പ്രതി സന്തോഷത്തോടെ ഏറ്റുവാങ്ങി. 1944 ഡിസംബർ മാസത്തിൽ ‘സുബൈദ’ എന്ന ആ നാടകം ബോംബെയിലെ സുന്ദർബായ് ഹാളിൽ അരങ്ങേറി.

ഇപ്റ്റയുമായുള്ള ബൽരാജിന്റെ ഹൃദയബന്ധത്തിന്റെ ആരംഭം കുറിക്കുന്നത് അങ്ങനെയാണ്. ബൽരാജിനെ സംബന്ധിച്ചിടത്തോളം ഇപ്റ്റ ഒരു വികാരം തന്നെയായി മാറി. കലയെയും രാഷ്ട്രീയത്തെയും വേറിട്ടു കാണേണ്ടതില്ലെന്നും അവ രണ്ടുംകൂടി ലയിച്ചുചേർന്ന ഇപ്റ്റപോലെയൊരു വേദിയാണ് തന്റെ യഥാർത്ഥ തട്ടകം എന്ന് തിരിച്ചറിഞ്ഞു. ഒരു മുഴുവൻ സമയ പ്രവർത്തകനാകുന്നതിനു മുമ്പ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി പി സി ജോഷിയെ നേരിട്ടുകണ്ട് സംസാരിക്കണമെന്ന് തോന്നി. അങ്ങനെയാണ് പാർവതി കുമാരമംഗലം മുഖാന്തിരം ജോഷിയുമായുള്ള സാഹ്നി ദമ്പതിമാരുടെ ആ സമാഗമം നടക്കുന്നതും ‘പിസിജി‘യുമായുള്ള ഒരു ആജന്മബന്ധത്തിന് തുടക്കം കുറിക്കുന്നതും.

സമൂഹത്തിന്റെ അടിത്തട്ടിൽ കഴിയുന്നവരുടെ നൊമ്പരങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ്, അവരുടെ ആശയാഭിലാഷങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുന്ന കാര്യത്തിൽ ആ കലാകാരന്മാർക്ക് പരിമിതികൾ ഒരുപാടായിരുന്നു. ഇതിന് പരിഹാരമായി പി സി ജോഷി ആവിഷ്കരിച്ചത് രണ്ട് കർമ്മപരിപാടികളാണ്. കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാരാണെങ്കിൽപ്പോലും ദന്തഗോപുരം വിട്ടിറങ്ങാൻ കൂട്ടാക്കാത്ത കലാപ്രതിഭകളെ ചേരിപ്രദേശങ്ങളിലും നാട്ടിൻപുറങ്ങളിലുമൊക്കെ പ്രവർത്തിക്കാനായി പറഞ്ഞയയ്ക്കുക എന്നതായിരുന്നു അതിൽ ഒന്നാമത്തേത്. ബൂർഷ്വാ-പെറ്റി ബൂർഷ്വാ വിഭാഗങ്ങളിൽപ്പെട്ട കലാകാരന്മാരുടെ അറിവും സർഗപരമായ കഴിവുകളുമൊക്കെ, നിസ്വവർഗത്തിന്റെ വിനോദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി പ്രയോജനപ്പെടുത്താനുള്ള അവസരമായിട്ടാണ് ജോഷി ഇതിനെ വിഭാവനം ചെയ്തത്.


ഇതുകൂടി വായിക്കൂ:   ഈ സമരത്തെ അടിച്ചമര്‍ത്താനാകില്ല


അധഃസ്ഥിത വർഗത്തിൽപ്പെട്ടവരും തൊഴിലാളികളുമൊക്കെ തിങ്ങിപ്പാർക്കുന്ന ചേരിപ്രദേശങ്ങളിലേക്കും ഉൾനാടുകളിലേക്കും യാത്രചെയ്ത്, അവരുടെയിടയിലുള്ള സർഗപ്രതിഭകളെ കണ്ടെത്തി സംഘടനയിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്നതായിരുന്നു ജോഷിയുടെ മറ്റൊരാശയം. ബൽരാജുമായുള്ള കൂടിക്കാഴ്ചയിൽ ജോഷി ആവശ്യപ്പെട്ടത് അങ്ങനെയൊരു ദൗത്യം ഏറ്റെടുക്കാനാണ്. തന്റെ പുതുപുത്തൻ മോട്ടോർ സൈ­ക്കിളിലേറി ബൽരാജ് ബോംബെ പട്ടണത്തിന്റെ ഊടുവഴികളിലൂടെയെല്ലാം ചുറ്റിത്തിരിഞ്ഞു. അവിടെ ഭൂരിപക്ഷം പേരുടെയും മാതൃഭാഷ മറാത്തിയായിരുന്നു. ബൽരാജിനാകട്ടെ മറാത്തിയിൽ ഒരക്ഷരം പോലും അറിയുകയുമില്ല. അതൊന്നും വകവയ്ക്കാതെ ബൽരാജ് അവരുടെയിടയിലേക്ക് ഇറങ്ങിച്ചെന്നു. തൊഴിലാളികളുടെ ജീവിതത്തെക്കുറിച്ച് അടുത്തറിയാനായി, അവരുടെ കോളനികളിലെ നിത്യസന്ദർശകനായി. വളരെപ്പെട്ടെന്ന് തന്നെ മറാത്തിയും വശമാക്കി.

കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗങ്ങളൊ പാർട്ടിയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയനിൽ പ്രവർത്തിക്കുന്നവരൊ ആയ തൊഴിലാളികളിൽ പ്രതിഭാശാലികളായ പലരും ഉണ്ടായിരുന്നു. ആടാനും പാടാനും അഭിനയിക്കാനുമൊക്കെ പ്രാവീണ്യമുള്ള അവരുടെ കലാപ്രകടനങ്ങളെല്ലാം പാർട്ടിയുടെയും യൂണിയന്റെയും സമ്മേളന വേദികളിൽ മാത്രമായി ഒതുങ്ങിനിന്നു. ‘തേച്ചു മിനുക്കിയാൽ കാന്തിയും മൂല്യവും വാച്ചിടുന്ന’ ആ കലാകാരന്മാരെ കണ്ടുപിടിച്ച് പ്രസ്ഥാനത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്ന നിയോഗമാണ് ബൽരാജ് നിശ്ചയദാർഢ്യത്തോടെ ഏറ്റെടുത്തത്.


ഇതുകൂടി വായിക്കൂ:   നവകേരളത്തിന്റെ തുടര്‍ച്ചയ്ക്ക്


ആട്ടവും പാട്ടും സംഭാഷണങ്ങളുമെല്ലാം കൂടിക്കലർന്ന ‘തമാശ’ നാടകമായിരുന്നു മഹാരാഷ്ട്രയുടെ ഏറ്റവും പ്രമുഖ തനതുകലാരൂപം. തമാശ നാടകങ്ങളിലൂടെ അസാമാന്യമായ ജനപ്രീതി നേടിയെടുത്ത ഒരാളായിരുന്നു അണ്ണാ ഭാവു സാത്തെ എന്ന ദളിത് കലാകാരൻ.

അണ്ണാ ഭാവുവിന് അറിവിന്റെ വിശാലമായ ലോകത്തേക്കുള്ള വാതായനം തുറന്നുകൊടുക്കുകയാണ് ബൽരാജ് ആദ്യം ചെയ്തത്. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചും സാർവദേശീയ സംഭവങ്ങളെക്കുറിച്ചുമൊക്കെ ബൽരാജ് പറഞ്ഞുകൊടുത്തതിൽ നിന്നെല്ലാം അണ്ണാഭാവു തന്റെ പ്രമേയം കണ്ടെത്തി.

ആ നാടോടി കലാരൂപത്തിന്റെ അടിസ്ഥാന സ്വഭാവത്തിന് കോട്ടമൊന്നും വരുത്താതെ തന്നെ തമാശയുടെ അരങ്ങിനെ കുറച്ചുകൂടി കൊഴുപ്പിക്കാനും പൊലിപ്പിക്കാനും ഉതകുന്ന പുതിയ സാങ്കേതിക സംവിധാനങ്ങൾ ബൽരാജ് പരിചയപ്പെടുത്തിക്കൊടുത്തു. ദളിത് വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന ഒരു കലാകാരൻ ജാതിമതഭേദമന്യേ ഒരു വലിയ പ്രേക്ഷകസമൂഹത്തിന് സ്വീകാര്യനായി മാറിയതാണ് ബൽരാജ് സാഹ്നിയുടെ സർഗാത്മകമായ ഇടപെടലുകൾ കൊണ്ട് സംഭവിച്ചത്. മഹാരാഷ്ട്രയിലെ മറ്റൊരു നാടോടി കലാരൂപമായ ‘പോവ്ടാ’ എന്ന നാടൻ പാട്ടുകളുടെ ഗായകൻ ഗവാങ്കറെയും ബൽരാജ് ഇതേ വഴിയിലൂടെയാണ് ഇപ്റ്റയിലേക്ക് കൊണ്ടുവന്നത്. അധികം വൈകാതെ തന്നെ ഗവാങ്കറും സംഘവും ഇപ്റ്റയിലെ ഏറ്റവും ജനപ്രീതി നേടിയ കലാകാരന്മാരായി മാറി.

അമർ ഷെയ്ക്ക് എന്ന നാടൻ പാട്ടുകാരനായിരുന്നു ബൽരാജ് സാഹ്നിയുടെ ഏറ്റവും വലിയ ‘കണ്ടുപിടുത്തം’. ആരെയും വശീകരിക്കുന്ന, ഘനഗംഭീരമായ ശബ്ദത്തിന്റെ ഉടമയായിരുന്ന അമർ ഷെയ്ക്ക് മറാത്തിയിലും ഹിന്ദുസ്ഥാനിയിലുമൊരുപോലെ പാട്ടുകൾക്ക് ഈണം പകരുകയും ആലപിക്കുകയും ചെയ്തിരുന്നു. കേട്ടു പഴകിയ മധുര സ്വരങ്ങളിൽ നിന്നൊക്കെ വേറിട്ടുനിന്ന ആ ശബ്ദ ഗാംഭീര്യവും ആലാപന സിദ്ധിയും എങ്ങനെ മെച്ചപ്പെടുത്താൻ കഴിയുമെന്ന് ബൽരാജ് അമറിന് പറഞ്ഞു മനസിലാക്കിക്കൊടുത്തു. ബോംബെയുടെ പോൾ റോബ്സൺ എന്നറിയപ്പെട്ടിരുന്ന അമർ ഷെയ്ക്ക് ഇപ്റ്റയുടെ ഏറ്റവും ജനപ്രീതിയാർജ്ജിച്ച മുഖങ്ങളിലൊന്നായി മാറി.


ഇതുകൂടി വായിക്കൂ:   ജീവിത യാഥാർത്ഥ്യങ്ങൾക്കുനേരെ പിടിച്ച 


ഒന്നാന്തരം കലാകാരനാണെങ്കിലും ഒരു തികഞ്ഞ അരാജകവാദിയായിരുന്നു ഗുജറാത്തിൽ നിന്നുള്ള ജസ്വന്ത് താക്കർ. ജസ്വന്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ബൽരാജ് വിടാതെ പിറകെ കൂടി. വൈകാതെ തന്നെ ജസ്വന്തിന്റെ നേതൃത്വത്തിലും ഇപ്റ്റയുടെ കുടക്കീഴിലുമായി ഒരു ഗുജറാത്തി നാടക സംഘവും നാടോടി ഗാന നൃത്തനൃത്യ സംഘവും രൂപം കൊണ്ടു.

ലണ്ടനിൽ ബൽരാജ് കണ്ടു പരിചയിച്ച യൂറോപ്യൻ ശൈലിയിലുള്ള അരങ്ങിൽ നിന്ന് പാടെ വിരുദ്ധമായ തനത്/നാടോടി സമ്പ്രദായത്തിലധിഷ്ഠിതമായ ഒരു അരങ്ങായിരുന്നു ഇപ്റ്റയുടേത്. ഉന്നത സാമൂഹ്യ ശ്രേണിയിൽപ്പെട്ട നഗരവാസികളും ബുദ്ധിജീവികളുമടങ്ങുന്ന ഒരു അഭിജാത സദസിന് പകരം തൊഴിലാളികളും കൃഷിക്കാരും ചേരിവാസികളുമുൾക്കൊണ്ട വെറും സാധാരണ മനുഷ്യരായിരുന്നു ഇപ്റ്റയുടെ നാടകങ്ങളും കലാപരിപാടികളും കാണാനെത്തിയിരുന്നത്. ഈ പച്ചമനുഷ്യർ തിങ്ങിനിറഞ്ഞ സദസും അരങ്ങും തമ്മിലുടലെടുത്ത ആ ജൈവ ബന്ധം ബൽരാജ് സാഹ്നി എന്ന നടന് ഊർജം പകർന്ന ഇന്ധനമായി. എന്നാൽ പൊരുതുന്ന കലയുടെ ആവേശത്തെയും ഉത്സാഹത്തെയുമെല്ലാം തല്ലിക്കെടുത്തിക്കൊണ്ട് വിപ്ലവ സാഹസികതയുടെ ദിനങ്ങൾ കടന്നുവന്നത് വളരെപ്പെട്ടെന്നായിരുന്നു…

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.