16 April 2024, Tuesday

Related news

March 31, 2024
September 12, 2023
August 12, 2023
July 26, 2023
July 23, 2023
July 10, 2023
June 11, 2023
May 24, 2023
May 23, 2023
March 27, 2023

ഇപ്റ്റ നാട്ടരങ്ങിലെ നക്ഷത്രതിളക്കം

Janayugom Webdesk
ആലപ്പുഴ
August 12, 2023 11:57 am

നാടൻ പാട്ടിനൊപ്പം അനുഷ്ഠാന കലകളും പാരമ്പര്യ കലാരൂപങ്ങളും ഇപ്റ്റയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ രീതിയിൽ പുനർജനിച്ചപ്പോൾ കണികൾക്കത് പുതുഅനുഭവമായി മാറുകയാണ്. 25 വർഷങ്ങൾക്ക് മുൻപ് നാട്ടിലെ യുവാക്കളെ സംഘടിപ്പിച്ച് തികച്ചും അമച്വർ നാടൻ പാട്ട് സംഘമായി തുടങ്ങിയ ഇപ്റ്റ നാട്ടരങ്ങ് ഇന്ന് ലോകമെങ്ങും തരംഗമായ ഫോക് ബാൻഡായി മാറ്റിയതിന് പിന്നിൽ പ്രവർത്തിച്ചത് സജീവ് കാട്ടൂർ എന്ന അസാധാരണ പ്രതിഭയും. സജീവിന്റെ ഗവേഷണ മികവും സർഗ്ഗാത്മകമായ ഇടപെടലും കൊണ്ട് ഇപ്റ്റയുടെ പ്രസക്തി കടൽകടന്നു. ഇതിനോടകം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലുമായി 3000 ൽ അധികം വേദികൾ പിന്നിട്ട ഇപ്റ്റ നാട്ടരങ്ങ് ഇന്ത്യയിലെ പ്രശസ്തവും ഏറ്റവും അധികം കലാകാരന്മാരെ ഉൾക്കൊള്ളുന്നതുമായ ഫോക് ബാൻഡാക്കി മാറ്റുവാനും സജീവ് കാട്ടൂരിന് കഴിഞ്ഞു.

ആദ്യകാലത്ത് അടുത്തുള്ള ലൈബ്രറിയുടെ പരിപാടിയിൽ പാടാൻ ഈ കൂട്ടായ്മക്ക് അവസരം നിഷേധിച്ചപ്പോൾ അവർ തളർന്നില്ല. പ്രതിഷേധം ഉള്ളിലൊതുക്കി പ്രദേശത്തെ മണൽ തിട്ടയിൽ നിന്ന് പാടി തുടങ്ങിയ സംഘത്തെ ഇതേ ലൈബ്രറിയുടെ പുതിയ ബിൽഡിങ് ഉദ്ഘാടനത്തിനു ഇങ്ങോട്ട് വന്നു ക്ഷണിച്ചത് ചരിത്രം. കാട്ടൂർ എന്ന തീരദേശ ഗ്രാമത്തിൽ നിന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് സർഗ്ഗാത്മകമായി പടരാൻ നാട്ടരങ്ങിനെ പ്രാപ്തമാക്കുന്നതിൽ പ്രതിഭാശാലിയായ സജീവ് കാട്ടൂർ വഹിച്ച പങ്ക് നിസ്തുലമാണ്. ചേർത്തല എസ എൻ കോളേജിൽ പഠിക്കുന്ന കാലം മുതൽ തന്നെ കവി, നാടക പ്രവർത്തകൻ, ഗായകൻ എന്നീ നിലകളിൽ ശ്രദ്ധേയനായിരുന്നു അദ്ദേഹം. പരമ്പരാഗത നാടൻ കലാ രംഗത്തെ കുറിച്ച് ആഴത്തിൽ പഠനം നടത്തിയാണ് ഇപ്റ്റ നാട്ടരങ്ങിനെ ഈ രംഗത്തെ ഏറ്റവും പ്രശസ്തമായ ബാൻഡ് ആക്കി മാറ്റിയത്.

സജീവ് കാട്ടൂരിന്റെ സഹോദരനും ഇപ്റ്റയുടെ ദേശീയ കമ്മറ്റി അംഗവുമായിരുന്ന ടി എസ് സന്തോഷ്കുമാർ തുടക്കം കുറിച്ച ഇപ്റ്റ നാട്ടരങ്ങിനെ അസാധാരണമാം വിധം മികവുറ്റതാക്കി മാറ്റാനായി ഒട്ടനവധി പ്രതിസന്ധികളെ അതിജീവിച്ചു. ഈ ഘട്ടങ്ങളിൽ എല്ലാം ടീമെന്ന നിലയിൽ നാട്ടരങ്ങിനെ ഒരുമിച്ച് നിർത്തുന്നതിൽ സജീവ് കാട്ടൂർ ആത്മസമർപ്പണം നടത്തി. ഇപ്റ്റ നാട്ടരങ്ങ് സെക്രട്ടറി, ഇപ്റ്റ ആലപ്പുഴ ജില്ലാ സെക്രട്ടറി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഇന്ന് കേരളത്തിൽ ജീവിച്ചിരിക്കുന്ന പരമ്പരാഗത നാടൻ കലാ ഗവേഷകനും പെർഫോമറൂമാണ്. അന്യംനിന്നു പോയ കടലോരപ്പാട്ടുകൾക്കും കലകൾക്കും പുതു ജീവനേകാനുള്ള പരിശ്രമവും നടത്തിവരുന്നുണ്ട്, പരേതരായ ശിവരാമൻ, സരസമ്മ ദമ്പതിമാരുടെ പുത്രനാണ്, കൊച്ചിൻ കോർപ്പറേഷൻ ജീവനക്കാരിയായ സജിനിയാണ് ഭാര്യ, വിദ്യാർത്ഥികളായ ആദിത്യ ശിവരാമൻ,ആഗ്നേയ ശിവരാമൻ എന്നിവർ മക്കളാണ്.

Eng­lish Sum­ma­ry: Starlight in Ipta Natarang

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.