21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 16, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 8, 2025
April 7, 2025
April 4, 2025
April 3, 2025

കോണ്‍ഗ്രസില്‍ നിന്ന് നേതാക്കളുടെ കൊഴിഞ് പോക്ക് ;2014 നും 2021 നും ഇടയില്‍ 222 ജനപ്രതിനിധികള്‍ കോണ്‍ഗ്രസ് വിട്ടു

പുളിക്കല്‍ സനില്‍രാഘവന്‍
ന്യൂഡല്‍ഹി
May 26, 2022 12:50 pm

രാജസ്ഥാനിലെ ഉദയ്പൂരില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ നടത്തിയ ശിന്തന്‍ ശിബിരവും, തുടര്‍ന്ന് പാര്‍ട്ടിയുടെ താല്‍ക്കാലിക അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ പരിഷ്ക്കാരങ്ങളും സജീവമാകുമ്പോഴും പാര്‍ട്ടിയില്‍ നിന്നും നിരവധി പേര്‍ മറ്റ് പാര്‍ട്ടിയിലേക്ക് ചേക്കേറുന്നു. അവസാനമായി മുതിര്‍ന്ന നേതാവ് കബില്‍സിബലും പാര്‍ട്ടിവിട്ടിരിക്കുന്നു.കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. 2014 ല്‍ കേന്ദ്ര ഭരണം നഷ്ടമായ ശേഷം സംഘടനാപരമായി ശോഷിച്ച അവസ്ഥയിലാണ് രാജ്യം ഏറ്റവും കൂടുതല്‍ കാലം ഭരിച്ച പാര്‍ട്ടി.

സംഘടനാപരമായി നേരിടുന്ന ദൗര്‍ബല്യങ്ങളും അനുഭവസമ്പന്നരായ നേതാക്കളുടെ കൊഴിഞ്ഞുപോക്കുമാണ് കോണ്‍ഗ്രസ് അടുത്തിടെ തുടര്‍ച്ചയായി അഭിമുഖീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച ഗുജറാത്തിലെ ഹര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടതിന് പിന്നാലെ ഇപ്പോഴിതാ മുതിര്‍ന്ന നേതാവ് കപില്‍ സിബലും കോണ്‍ഗ്രസില്‍ നിന്ന് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.2014 ല്‍ ബി ജെ പി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിന് ശേഷം നേതൃതലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു 65 നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്. 2014 ലും 2019 ലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇക്കാലയളവില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഭരണം നഷ്ടമായിരുന്നു. യഥാക്രമം 44, 52 സീറ്റുകളാണ് 2014, 2019 തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ലഭിച്ചത്. 

ലോക്സഭയില്‍ 10 ശതമാനം സീറ്റെങ്കിലും വേണമെന്ന യോഗ്യതാ മാനദണ്ഡം തെറ്റിയതിനാല്‍ ലോക്സഭയില്‍ പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാന്‍ പോലും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.ചിന്തന്‍ ശിബിരവുമായി കോണ്‍ഗ്രസ് ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ പോകുന്നു എന്ന നേതാക്കളുടെ പ്രഖ്യാപനങ്ങള്‍ക്കിടെയാണ് കപില്‍ സിബലിനെ പോലൊരാള്‍ പാര്‍ട്ടി വിടുന്നത് എന്നതും ശ്രദ്ധേയമാണ്. അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് റിപ്പോര്‍ട്ട് അനുസരിച്ച്, 2014 നും 2021 നും ഇടയില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ 222 ഇലക്ട്രല്‍ സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസ് വിട്ട് മറ്റ് പാര്‍ട്ടികളില്‍ ചേര്‍ന്നു എന്നാണ് പറയുന്നത് അതേ കാലയളവില്‍ 177 എം പിമാരും എം എല്‍ എമാരും പാര്‍ട്ടി വിട്ടു. 2014 ന് ശേഷം നിരവധിജനകീയരായ നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്മധ്യപ്രദേശിലെ കോണ്‍ഗ്രസിന്റെ യുവ നേതാവും രാഹുല്‍ ഗാന്ധിയുടെ അനുയായിയുമായി ജ്യോതിരാദിത്യ സിന്ധ്യ 2020‑ല്‍ പാര്‍ട്ടി വിട്ടു.

മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് എം എല്‍ എമാര്‍ക്കൊപ്പം സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്. ദ്ദേഹം ഇപ്പോള്‍ മോദി സര്‍ക്കാരില്‍ ക്യാബിനറ്റ് മന്ത്രിയാണ്. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും തരുണ്‍ ഗൊഗോയിയുടെ അടുത്ത അനുയായിയുമായ ഹിമന്ത ബിശ്വ ശര്‍മ്മ 2015‑ലാണ് പാര്‍ട്ടി വിട്ടത്. അദ്ദേഹം ഇപ്പോള്‍ അസമിന്റെ മുഖ്യമന്ത്രിയാണ്. മണിപ്പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എം എല്‍ എ എന്‍ ബിരേന്‍ സിങ് 2016ല്‍ ബി ജെ പിയില്‍ ചേര്‍ന്ന് 2017 ല്‍ മുഖ്യമന്ത്രിയായി. 2016‑ലെ അരുണാചല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച പെമ ഖണ്ഡു, 2016 സെപ്റ്റംബറില്‍ പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചലിലേക്ക് കൂറുമാറി. പിന്നീട് അദ്ദേഹം ബി ജെ പിയില്‍ ചേരുകയും വീണ്ടും മുഖ്യമന്ത്രിയാകുകയും ചെയ്തു. 2016 ലാണ് അജിത് ജോഗി കോണ്‍ഗ്രസ് വിട്ട് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും പാര്‍ട്ടിയുടെ ഡല്‍ഹി ഇന്‍ ചാര്‍ജുമായിരുന്ന പിസി ചാക്കോ കഴിഞ്ഞ വര്‍ഷം കേരള നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് രാജിവച്ച് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയില്‍ ചേര്‍ന്നു.

മണിപ്പൂര്‍ കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷന്‍ ഗോവിന്ദാസ് കോന്തൗജം അടുത്തിടെയാണ് ബി ജെ പിയില്‍ ചേര്‍ന്നത്. പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയായിരുന്ന അമരീന്ദര്‍ സിംഗ് കോണ്‍ഗ്രസ് വിട്ട് പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന സ്വന്തം പാര്‍ട്ടി രൂപീകരിച്ചത് അടുത്തിടെയാണ്. മുന്‍ ഗോവ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലേരിയോ 2022 ലെ സംസ്ഥാന തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് പാര്‍ട്ടി വിട്ടത്. ഫലേരിയോയ്ക്ക് മുമ്പ്, അസമിലെ സില്‍ച്ചാറില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയും കോണ്‍ഗ്രസ് നേതാവ് സന്തോഷ് മോഹന്‍ ദേവിന്റെ മകളുമായ സുസ്മിത ദേവ്, കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് വൈസ് പ്രസിഡന്റും മുന്‍ യുപി മുഖ്യമന്ത്രി കമലപതി ത്രിപാഠിയുടെ കൊച്ചുമകനുമായ ലളിതേഷ് ത്രിപാഠി, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത് മുഖര്‍ജി എന്നിവരും പാര്‍ട്ടി വിട്ടിരുന്നു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നിന്നുള്ള വിമത കോണ്‍ഗ്രസ് എം എല്‍ എ അദിതി സിംഗ് ബിജെപിയില്‍ ചേര്‍ന്നത് ഈ വര്‍ഷമാണ്. മുന്‍ ഗോവ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് എം എല്‍ എയുമായ രവി എസ് നായികും ബി ജെ പിയില്‍ ചേര്‍ന്നിരുന്നു.

ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ കിഷോര്‍ ഉപാധ്യായ അടുത്തിടെ പാര്‍ട്ടി വിട്ട് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിച്ചിരുന്നു. മുന്‍ കേന്ദ്രമന്ത്രി അശ്വനി കുമാര്‍, ജിതിന്‍ പ്രസാദ എന്നിവരും അടുത്തിടെയാണ് പാര്‍ട്ടി വിട്ടത്. ഇരുവരും ഗാന്ധി കുടുംബത്തോട് അടുത്ത് നില്‍ക്കുന്ന നേതാക്കളായിരുന്നു. ഉദയ്പൂരില്‍ ‘നവ് സങ്കല്‍പ് ചിന്തന്‍ ശിവിര്‍’ നടക്കുന്ന ദിവസമാണ് പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സുനില്‍ ജാഖര്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉന്നത നേതൃത്വം ഗുജറാത്തിനെ വെറുക്കുന്നുവെന്ന് ആരോപിച്ച് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത് കഴിഞ്ഞ ആഴ്ചയാണ്.

ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന പട്ടേല്‍ 2019ലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ദക്ഷിണേന്ത്യയില്‍ നിന്ന് എപി അബ്ദുള്ളക്കുട്ടി, ഖുശ്ബു സുന്ദര്‍ എന്നിവരും കോണ്‍ഗ്രസ് വിട്ട് ബി ജെ പിയില്‍ ചേര്‍ന്നിരുന്നു. അടുത്തിടെ മുന്‍ കേന്ദ്രമന്ത്രിയായ കെ വി തോമസും കോണ്‍ഗ്രസിനോട് ഇടഞ്ഞാണ് നില്‍ക്കുന്നത്. രാജസ്ഥാനിലും സച്ചിന്‍ പൈലറ്റിന് പകരം അശോക് ഗെലോട്ടിനെ തിരഞ്ഞെടുത്തത് സംസ്ഥാന ഘടകത്തില്‍ ഏറെ ഭിന്നത സൃഷ്ടിച്ചിരുന്നു. 

ഉപമുഖ്യമന്ത്രിയും രാജസ്ഥാന്‍ കോണ്‍ഗ്രസ് മേധാവിയുമായിരുന്ന പൈലറ്റ് ഗെലോട്ട് സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതാണ്. ഛത്തീസ്ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും സംസ്ഥാന ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോയും തമ്മിലുള്ള ഭിന്നതയാണ് ഇപ്പോള്‍ ചര്‍ച്ചയായത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ കൂറുമാറ്റമാണ് എച്ച്ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള ജെ ഡി എസ്-കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമായത്.സംഘടനാപരമായി കോണ്‍ഗ്രസ് ഏറെ ദൗര്‍ബല്യമാണ് നേരിടുന്നത്

Eng­lish Summary:Leaders drop out of Con­gress: 222 MPs left Con­gress between 2014 and 2021

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.