ഇന്നലെ ലോക പരിസ്ഥിതി ദിനമായിരുന്നു. നമ്മുടെ ഒരേയൊരു ഭൂമിയെക്കുറിച്ച് ഓര്‍ക്കാനൊരു ദിനം. ‘ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്ന വ്യാകുലശോകഗാനം പാടുന്ന ആശങ്കാദിനം. ഈ ദിനത്തില്‍ രണ്ടുപേര്‍ മനസിലേക്ക് ഓടിക്കയറി വരുന്നു. സിപിഐക്കാരനായ മുന്‍ മുഖ്യമന്ത്രി സി അച്യുതമേനോനും പക്ഷി നിരീക്ഷകനായിരുന്ന ഇന്ദുചൂഡന്‍ എന്ന പ്രൊഫ. നീലകണ്ഠന്‍ നമ്പൂതിരിയും. പരിസ്ഥിതിയും പരിസ്ഥിതിനാശവും കാര്യമായ വിഷയമല്ലാതിരുന്ന അരനൂറ്റാണ്ടിനു മുമ്പ് ക്രാന്തദര്‍ശിയായ മുഖ്യമന്ത്രി അച്യുതമേനോന്‍ സംസ്ഥാനത്തിന് ഒരു ശാസ്ത്രസാങ്കേതിക പരിസ്ഥിതി ഗവേഷണ കേന്ദ്രം സ്ഥാപിച്ചു. പരിസ്ഥിതിക്കും ഭൂമിക്കും ഒരു പടച്ചട്ടയാകാനുള്ള നിരവധി സ്ഥാപനങ്ങള്‍ക്ക് ഇതോടെ തുടക്കം കുറിച്ചു. പീച്ചി വനഗവേഷണ കേന്ദ്രം ആയിരുന്നു അതിലൊന്ന്. പരിസ്ഥിതിക്ക് വനാവരണം സൃഷ്ടിക്കാനുള്ള പദ്ധതികള്‍ക്കും അതോടെ നാന്ദിയായി. നഗരങ്ങളിലെ കൊച്ചു മൈതാനങ്ങള്‍ പോലും നഗരങ്ങളുടെ ശ്വാസകോശങ്ങള്‍ ആകണമെന്നാഗ്രഹിച്ച അദ്ദേഹം തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനത്തെ ശുദ്ധവായു ശ്വസിക്കാനുള്ള ഇടമാക്കി മാറ്റി. പക്ഷേ മൈതാനം നവീകരിക്കപ്പെട്ട് പുതിയൊരു മുഖപടമണിഞ്ഞപ്പോള്‍ പുത്തരിക്കണ്ടം മൈതാനം മറ്റാരുടേയോ സ്മാരകമായി. ശാസ്ത്രസാങ്കേതിക പരിസ്ഥിതി ഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അന്‍പതാം വാര്‍ഷികമായിരുന്നു കഴിഞ്ഞയാഴ്ച. ഈ സ്ഥാപനത്തിന്റെ മഹത്വത്തെക്കുറിച്ച് കോടികള്‍ മുടക്കി സര്‍ക്കാര്‍ പരസ്യങ്ങള്‍ നല്കി. അതിലൊരിടത്തും അച്യുതമേനോന്റെ പേരുപോലുമില്ലായിരുന്നു. അച്യുതമേനോന്‍ ജനമനസുകളിലെ സ്മാരക സ്തംഭങ്ങളാവുമ്പോള്‍ അധികൃതര്‍ നന്ദിയില്ലായ്മയുടെ തീണ്ടാ തോറ്റംപാട്ടുകാരാവരുത്. നമുക്ക് ഒരേയൊരു ഭൂമിയേയുള്ളു. നമുക്ക് ഒരേയൊരു അച്യുതമേനോനേയുള്ളൂ.
സലിം അലിയെപ്പോലെ ലോകപ്രശസ്ത പക്ഷിനിരീക്ഷകനായിരുന്നു ഇന്ദുചൂഡന്‍ എന്ന നീലകണ്ഠന്‍ നമ്പൂതിരിസാര്‍. സ്ഫുടമായ ഭാഷയില്‍ ഇംഗ്ലീഷ് ക്ലാസെടുക്കുമ്പോള്‍ ആ ശോഷിച്ച ചട്ടക്കൂടിനുള്ളില്‍ ഒരു വലിയ പരിസ്ഥിതി സ്നേഹിയും പക്ഷിസ്നേഹിയും ഒളിഞ്ഞിരിപ്പുണ്ടെന്ന് തങ്ങളാരും അറിഞ്ഞിരുന്നില്ലെന്ന് ഇന്ദുചൂഡന്‍ സാറിന്റെ അന്നത്തെ ശിഷ്യരായ മുതിര്‍ന്ന തലമുറ ഇന്നോര്‍ക്കുന്നു. പക്ഷികള്‍ കൂടുകൂട്ടുന്നതു മുതല്‍ ഇണചേരുന്നതും മുട്ടയിടുന്നതും കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുന്നതും സസൂക്ഷ്മം അദ്ദേഹം നിരീക്ഷിച്ചു. കുളക്കോഴിയും കൊക്കു മുതല്‍ തൂക്കണാംകുരുവികള്‍ വരെയുള്ളവയുടെ ആവാസവ്യവസ്ഥകളെക്കുറിച്ച്, പക്ഷിയുടേതായാലും ഹിംസ്രമൃഗത്തിന്റേതായാലും മനുഷ്യന്റേതായാലും അവരുടെ പാര്‍പ്പിടം ഒരു സ്വപ്നമാണ്. തൂക്കണാംകുരുവികള്‍ ആ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍ നടത്തുന്ന അധ്വാനത്തെ ഇതിഹാസതുല്യമാണെന്ന് വിശേഷിപ്പിച്ചാലും മതിയാകില്ല. നദിക്കരെനിന്നും കുറ്റിക്കാടുകളില്‍ നിന്നും നാരുകളും വള്ളികളും ചെറുചുള്ളിക്കമ്പുകളും ശേഖരിച്ച് ഒരു മഹാശില്പിയുടെ ചാതുര്യത്തോടെ അവ കൂടൊരുക്കുന്നു. ഉറപ്പിനായി ഉമിനീരും ചെളിയും. പ്രവേശനദ്വാരം, പടിപ്പുര, പല നിലകളിലായി ബര്‍ത്തുകള്‍ പോലെ മുറികള്‍ എന്നിവ നിര്‍മ്മിക്കുന്നതു കാണാം. കുരുവികള്‍ തങ്ങളുടെ സ്വപ്നക്കൂടിനുള്ളില്‍ വെളിച്ചം പരത്താന്‍ മിന്നാമിനുങ്ങുകളെ പിടിച്ച് ‘ഭിത്തി‘യില്‍ പതിച്ചുവയ്ക്കുന്നു. മനുഷ്യന്‍ അവന്റെ ഒരു കുഞ്ഞു സ്വപ്നവീടൊരുക്കാനും എത്രത്തോളം അധ്വാനമാണ് പുറത്തെടുക്കുക. ഒരുനാള്‍ ജെസിബിയുടെ കരാളദംഷ്ട്രകളുപയോഗിച്ച് ഈ സ്വപ്നക്കൂടും സ്വപ്നവീടും തകര്‍ത്താല്‍ തൂക്കണാം കുരുവിയുടെയും മനുഷ്യന്റെയും ദുഃഖം സമാനമായിരിക്കും. ഇപ്രകാരം തകര്‍ക്കപ്പെടുന്നത് പരിസ്ഥിതിയെയും പക്ഷിജന്തു മനുഷ്യകൂലാദികളുടെയും സ്വപ്നങ്ങളുമാണെന്ന് വികസന ദാഹമെന്ന മിഥ്യയില്‍ നാമറിയാതെ പോവുന്നതുമല്ല.
രണ്ടു വര്‍ഷം മുമ്പാണ്. ഇപ്പോഴത്തെ യുഎഇ പ്രസിഡന്റും അന്നത്തെ അബുദാബി കിരീടാവകാശിയുമായ ഷേഖ് നഹ്യാനും ദുബായ് ഭരണാധികാരി ഷേഖ് റാഷിദ് അല്‍മഖ്ദൂമും ചേര്‍ന്ന് ഒരു വ്യവസായ നിര്‍മ്മാണ സ്ഥലം സന്ദര്‍ശിക്കാന്‍ പോയി. പതിനായിരക്കണക്കിനു കോടി ഡോളറിന്റെ പദ്ധതി പാതിവഴിയെത്തി നില്‍ക്കുന്നു. പദ്ധതി പ്രദേശം ചുറ്റിനടന്നു കണ്ട അവരുടെ കണ്ണില്‍പ്പെട്ടത് ഒരു പൊന്തക്കാടിനുള്ളിലെ പക്ഷിക്കൂട്. ഉള്ളില്‍ അടയിരിക്കുന്ന തള്ളപ്പക്ഷി, പ്രിയതമയ്ക്കു ഭക്ഷണവുമായെത്തിയ ആണ്‍കിളി തങ്ങളുടെ സ്വപ്നക്കൂടിനു കാവലാളായി ചുറ്റിത്തിരിയുന്നു. ഈ അപൂര്‍വ കാഴ്ച കണ്ട ഭരണാധികാരികള്‍ കല്പിച്ചു; പദ്ധതി മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുക. അവരുടേയും നമ്മുടേയും വികസന സങ്കല്പങ്ങള്‍ തമ്മില്‍ ധ്രുവാന്തരമില്ലേ! വികസനം ഹൃദയപക്ഷമാകണം. കിളിയുടെയും മനുഷ്യന്റെയും ഹൃദയപക്ഷം. അതാണ് മഹാനായ കാറല്‍മാര്‍ക്സിന്റെ വാക്കുകള്‍ നമ്മുടെ ഓര്‍മ്മയില്‍ വന്നുനിറയുന്നത്. ഈ ഭൂമി ഏതെങ്കിലും ഒരു ഒറ്റപ്പെട്ട വ്യക്തിയുടെയോ സമൂഹത്തിന്റെയോ രാഷ്ട്രത്തിന്റെയോ അല്ല. എല്ലാ മനുഷ്യരുടെയും കൂട്ട സ്വത്തുമല്ല ഭൂമി, മനുഷ്യന്‍ ഭൂമിയുടെ ഗുണഭോക്താക്കള്‍ മാത്രമാണ്. അതു കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ വരുംതലമുറകള്‍ക്ക് കൈമാറാന്‍ ബാധ്യസ്ഥരാണ് നമ്മള്‍. പരിസ്ഥിതി തകര്‍ത്തുകൊണ്ടുള്ള ആവാസവ്യവസ്ഥയല്ല ഭാവിതലമുറകള്‍ക്ക് കൈമാറേണ്ടത്.
മനോരമയിലെ ലേഖകനായിരുന്ന അന്തരിച്ച ഡി വി ജയകുമാറിന് കാറോടിക്കാന്‍ പഠിക്കണം. ആദ്യപാഠങ്ങള്‍ പഠിക്കാന്‍ വാങ്ങിയത് ഒരു പുതുപുത്തന്‍ സ്റ്റാന്‍ഡേര്‍ഡ് 2000 കാര്‍. ആദ്യ ദിവസം കന്നിയോട്ടം കരമനവഴി. പത്തടി വണ്ടി നീങ്ങുന്നതിനു മുമ്പുതന്നെ കന്നി അപകടവും. ബ്രഹ്മാണ്ഡന്‍ കാര്‍ തെരുവിലലയുന്ന പോത്തിന്റെ ചന്തിക്കിട്ട് ഒരൊറ്റ ഇടി. കണ്ടുനിന്നവര്‍ പറഞ്ഞു, പഠിക്കുന്നെങ്കില്‍ പോത്തിനെ ഇടിച്ചുതന്നെ പഠിക്കണം. ഭാഗ്യത്തിന് വലിയ പോറലൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. വിജയകുമാര്‍ പിന്നീടൊരിക്കലും സ്റ്റിയറിങ്ങില്‍ കൈതൊട്ടിട്ടില്ല. മരണം വരെ ഒരു ഡ്രൈവറായിരുന്നു അദ്ദേഹത്തിനു തുണ! എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍ ഒരു കാറപകടത്തില്‍പ്പെട്ടുവെന്ന് കേട്ടപ്പോഴാണ് വിജയകുമാറിനെ ഓര്‍ത്തുപോയത്. മന്ത്രിയുടെ കാറില്‍ കുടിച്ചു കിന്റായ ഒരു യുവാവിന്റെ കാര്‍ വന്നിടിച്ചു. പയ്യനെ അറസ്റ്റ് ചെയ്തു പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി. അപ്പോഴും കെട്ടുവിടാത്ത യുവാവ് പൊലീസിനോട് പുലമ്പിയത്രേ; മന്ത്രി മദ്യം വില്‍ക്കുന്നു. അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കാന്‍ ഞാന്‍ മദ്യം വാങ്ങി മോന്തുന്നു. മദ്യത്തിനറിയുമോ മന്ത്രിയെയും പൊലീസുകാരനെയും. പിന്നെ അപകടകാരണം, ഞാന്‍ കുടിച്ചിരുന്നതു പാലല്ലല്ലോ. അങ്ങനെയിരിക്കണം വേദാന്തിയായ മദ്യപാനി.
തട്ടിപ്പുകള്‍ക്ക് എത്ര മുഖങ്ങള്‍. നമ്മുടെ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഡിജിപി വരെയുള്ളവരില്‍ നിന്നു പണം തട്ടാന്‍ വാട്സ് ആപ്പിലൂടെ ശ്രമിച്ചവരില്‍ ഒറ്റയെണ്ണം മാത്രമെ അകത്തായിട്ടുള്ളു. ഡിജിപിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ച നൈജീരിയക്കാരന്‍ മാത്രം. അസമില്‍ നിന്നുവരുന്ന മറ്റൊരു തട്ടിപ്പുകഥ. ഒരു മാസം മുമ്പ് അസമിലെ വനിതാ എസ്ഐ ജുന്‍മെണി ദാ ഒരു തട്ടിപ്പുകാരനെ അറസ്റ്റ് ചെയ്തു. തന്റെ പ്രതിശ്രുതവരനായ റോണാപൊഗാംഗിനെ. എണ്ണ പ്രകൃതിവാതക കമ്മിഷനില്‍ ജോലി വാഗ്ദാനം ചെയ്ത് ദശലക്ഷങ്ങള്‍ പ്രതിശ്രുതവരന്‍ തട്ടിച്ചുവെന്നാണ് കേസ്. ദേശീയ മാധ്യമങ്ങള്‍ പോലും തന്റെ മോതിരക്കല്യാണം നടത്തിയ പ്രതിശ്രുതവരനെ വിലങ്ങണിയിച്ച ജുന്‍മെണിയെ പെണ്‍സിംഹം എന്നാണ് വാഴ്ത്തിപ്പാടിയത്. മൂന്നു ദിവസം മുമ്പ് ഈ വാര്‍ത്തയ്ക്ക് ഒരു മഹാട്വിസ്റ്റ്. വനിതാ എസ്ഐ ജൂന്‍മെണിയെയും അറസ്റ്റ് ചെയ്തു. പരാതിക്കാര്‍ പ്രതിശ്രുതവരന്റെ തട്ടിപ്പിനിരയായവര്‍. പ്രതിശ്രുതവധുവാണ് തങ്ങള്‍ക്ക് പ്രതിശ്രുതവരനെ പരിചയപ്പെടുത്തിക്കൊടുത്തതെന്നായിരുന്നു പരാതി. അസാമീസ് സ്റ്റൈലില്‍ വനിതാ എസ് ഐയുടെ നാഭിക്ക് രണ്ടു തൊഴി കിട്ടിയതോടെ പെണ്‍സിംഹം കുറ്റം സമ്മതിച്ചു. ഇവരെയൊക്കെ അപേക്ഷിച്ച് നമ്മുടെ പൊലീസ് എന്തു ഭേദം!
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.