എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുവെന്ന് അവകാശപ്പെട്ട് വിവിധ രാജ്യങ്ങളിലെ രോഷം ശമിപ്പിക്കാൻ സർക്കാർ ശ്രമിക്കുമ്പോഴും ബിജെപി നേതാക്കളുടെ പ്രവാചക നിന്ദയിൽ നയതന്ത്ര രോഷം തുടരുന്നു. ബിജെപി നേതാക്കളായ നൂപുർ ശർമയും നവീൻ കുമാർ ജിൻഡാലും പ്രവാചകൻ മുഹമ്മദ് നബിയെ അവഹേളിച്ചതിനെ അപലപിച്ച രാജ്യങ്ങൾ ഇന്ത്യൻ സർക്കാർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
ഇറാഖ്, ഇറാൻ, കുവൈറ്റ്, ഖത്തർ, സൗദി അറേബ്യ, ഒമാൻ, യുഎഇ, ജോർദാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബഹ്റൈൻ, മാലിദ്വീപ്, ലിബിയ, തുർക്കി, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളാണ് വിവാദ പരാമർശത്തിൽ ഇന്ത്യയ്ക്കെതിരെ ഔദ്യോഗിക പ്രതിഷേധം അറിയിച്ചത്. അതേസമയം എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയുമാണ് പ്രോത്സാഹിപ്പിക്കേണ്ടതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് പറഞ്ഞു.
ബിജെപി നേതാക്കളുടെ പരാമർശങ്ങളെ ഇസ്‍ലാമിക രാജ്യങ്ങൾ അപലപിച്ചതിനെ കുറിച്ച് പാകിസ്ഥാൻ മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വക്താവ് സ്റ്റെഫാൻ ഡുജാറിക്. ‘വിവാദ പരാമർശങ്ങൾ ഞാൻ കണ്ടിട്ടില്ല, പക്ഷേ എല്ലാ മതങ്ങളോടും ബഹുമാനവും സഹിഷ്ണുതയുമാണ് ഞങ്ങൾ പ്രോത്സാഹിപ്പിക്കുന്നത്’-അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ സർക്കാർ പരസ്യമായി മാപ്പ് പറയണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കുവൈത്തും ഖത്തറും.
ആഗോളതലത്തിലുള്ള ലക്ഷക്കണക്കിന് ഇസ്‍ലാമിക വിശ്വാസികളിൽ പരാമാർശം വേദനയുണ്ടാക്കിയ പശ്ചാത്തലത്തിൽ സർക്കാർ പരസ്യമായി ക്ഷമാപണം നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ഖത്തർ ചൂണ്ടിക്കാട്ടി. ലിബിയയും സംഭവത്തെ അപലപിച്ചു രംഗത്തുവന്നു. കുവൈത്തിൽ ഒരു സൂപ്പർ മാർക്കറ്റ് ഇന്ത്യൻ ഉല്പന്നങ്ങൾ ബഹിഷ്കരിച്ചു. അൽ-അർദിയ കോഓപറേറ്റീവ് സൊസൈറ്റി സ്റ്റോറിലെ തൊഴിലാളികളാണ് പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ത്യൻ ഉല്പന്നങ്ങൾ ഒഴിവാക്കിയത്.
89 ലക്ഷം ഇന്ത്യക്കാർ ജോലി ചെയ്യുകയും സ്വദേശത്തേക്ക് പണം അയക്കുകയും ചെയ്യുന്ന ഗൾഫുമായുള്ള ആഴത്തിലുള്ള വ്യാപാര‑വാണിജ്യ ബന്ധം കണക്കിലെടുത്താണ് ഗത്യന്തരമില്ലാതെ വിവാദ പരാമർശങ്ങളുടെ പേരിൽ ദേശീയ വക്താവ് നൂപുർ ശർമയെ സസ്പെൻഡ് ചെയ്യുകയും ഡൽഹി മാധ്യമവിഭാഗം തലവന്‍ നവീൻ കുമാർ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തത്.
ഇന്ത്യയെ നിശിതമായി വിമർശിക്കുന്ന 15 രാജ്യങ്ങളിൽ ഒന്നായ യുഎഇയില്‍ ജനസംഖ്യയുടെ 33 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. ഖത്തറിലെ ജനസംഖ്യയുടെ 26, കുവൈറ്റിൽ 24, ബഹ്റൈനിൽ 19 ശതമാനം എന്നിങ്ങനെയാണ് ഇന്ത്യക്കാരുടെ എണ്ണം. രാജ്യത്തിന് പ്രതിവർഷം 80 ബില്യൺ ഡോളറിലധികം വിദേശപണം നല്കുന്നത് ഗള്‍ഫിലെ ഇന്ത്യക്കാരാണ്. ഇന്ത്യയുടെ മൂന്നാമത്തെ വലിയ വ്യാപാര പങ്കാളിയും രണ്ടാമത്തെ വലിയ കയറ്റുമതി ലക്ഷ്യസ്ഥാനവുമാണ് യുഎഇ.
അനേക ലക്ഷം ഇന്ത്യക്കാർക്ക് തൊഴിൽ നൽകുകയും സമ്പദ് വ്യവസ്ഥയിലും പുരോഗതിയിലും നിർണായക സംഭാവനകൾ നൽകുകയും ചെയ്യുന്ന ഇസ്‍ലാമിക രാഷ്ട്രങ്ങളാണ് ബിജെപിയുടേയും സംഘപരിവാറിന്റെയും വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശക്തമായ ശബ്ദമുയർത്തുന്നത്.
English Summary: Diplomatic rage continues over blasphemy against the Prophet
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.