28 October 2024, Monday
KSFE Galaxy Chits Banner 2

പരിസ്ഥിതി സംരക്ഷണം പൊതുസമവായം വേണം

Janayugom Webdesk
June 9, 2022 4:55 am

ലോക പരിസ്ഥിതി ദിനത്തിന് ഒരുദിവസം മുൻപ്, ദേശീയ ഉദ്യാനങ്ങൾ, വന്യമൃഗ സങ്കേതങ്ങൾ എന്നിവയ്ക്കുചുറ്റും ഒരുകിലോമീറ്റർ സംരക്ഷിത മേഖലയാക്കിയും അവിടെ ഖനനം ഉൾപ്പെടെ പരിസ്ഥിതിലോല മേഖലകളെ സംബന്ധിച്ച 2011 ഫെബ്രുവരിയിലെ മാർഗനിർദേശങ്ങൾ പാലിക്കണമെന്നുമുള്ള സുപ്രീം കോടതിവിധി ദേശവ്യാപകമായ പ്രതിഷേധത്തിനും ചർച്ചകൾക്കും വഴിതെളിച്ചിരിക്കുന്നു. കേരളത്തിൽ മലയോര മേഖലകളിൽ വിഷയം പ്രതിഷേധ സമരങ്ങളിലേക്ക് വഴിതിരിയുകയാണ്. സംസ്ഥാനത്തെ ഇടുക്കി, വയനാട് ജില്ലകളിൽപ്പെട്ട പട്ടണങ്ങളിലും ജനവാസകേന്ദ്രങ്ങളിലും പ്രതിഷേധം ശക്തമാണ്. സുപ്രീം കോടതി വിധിക്കെതിരെ ജനതാല്പര്യം മുൻനിർത്തി പുനഃപരിശോധനാ ഹർജി സമർപ്പിക്കാൻ സംസ്ഥാന സർക്കാർ ഇതിനകം മുൻകൈ എടുത്തിട്ടുണ്ട്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രശ്നത്തെ സമീപിക്കുന്നതിനും കൂട്ടായ പരിഹാരമാർഗം ആരായുന്നതിനും പകരം വിഷയത്തെ രാഷ്ട്രീയവല്ക്കരിക്കാൻ പ്രതിപക്ഷവും, മതസംഘടനകളും ശ്രമിക്കുന്നത് സംസ്ഥാനത്തിന്റെയും ജനങ്ങളുടെയും ഉത്തമതാല്പര്യ സംരക്ഷണത്തിന് എത്രത്തോളം സഹായകമാവും എന്നത് ബന്ധപ്പെട്ടവർ പരിശോധിക്കേണ്ടതാണ്. ജനതാല്പര്യം സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണം എങ്ങനെ ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ ആവുമെന്നത് കേരളവും ഇന്ത്യയും ലോകവും നേരിടുന്ന കനത്ത വെല്ലുവിളിയാണ്. ഇക്കൊല്ലത്തെ ലോക പരിസ്ഥിതി പ്രവൃത്തി സൂചികയിൽ പഠനവിധേയമായ 180 രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാനത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത് എന്ന വസ്തുതയും അവഗണിക്കാവുന്നതല്ല. പരിസ്ഥിതി നാശത്തിന്റെ ഏറ്റവും ഗുരുതരമായ പ്രത്യാഘാതങ്ങളെ നിരന്തരം നേരിടുന്ന ഭൂപ്രദേശങ്ങളിൽ ഒന്നാണ് കേരളം.


ഇതുകൂടി വായിക്കൂ: പരിസ്ഥിതി സംരക്ഷണം ജീവന്റെ നിലനില്പിന് അനിവാര്യം


കഴിഞ്ഞ ഏതാനും വർഷങ്ങളായി പേമാരി, പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപ്പൊട്ടൽ തുടങ്ങി പ്രകൃതി ദുരന്തങ്ങളുടെ വിനാശകരമായ പരമ്പരകളെയാണ് കേരളം അഭിമുഖീകരിച്ചു പോരുന്നത്. അവയ്ക്കെല്ലാം നമുക്കുചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന പരിസ്ഥിതി നാശവുമായുള്ള പൊക്കിൾക്കൊടി ബന്ധത്തെ ആർക്കും നിഷേധിക്കാനും ആവില്ല. ദുരന്തമുഖത്ത് നാം അത് അംഗീകരിക്കുമെങ്കിലും ദുരന്തം കടന്നുപോകുമ്പോൾ പരിസ്ഥിതിനാശകാരിയായ വികസന വ്യാമോഹങ്ങൾ നമ്മെ കീഴടക്കുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. പരിസ്ഥിതി കണക്കിലെടുക്കാതെയുള്ള ഖനന പ്രവർത്തനങ്ങൾ, നിർമ്മാണ സങ്കേതങ്ങൾ, കൃഷി രീതികൾ, ഉപരിഘടനാ വികസനം എന്നിവയിൽ മൗലികമായ മാറ്റങ്ങൾക്കൊന്നിനും ഇനിയും നാം സന്നദ്ധമായിട്ടില്ല. ഇത് കേവലം മലയോര മേഖലയുടെ മാത്രം പ്രശ്നവുമല്ല. നമ്മുടെ തീരപ്രദേശവും ഇടനാടുമെല്ലാം സമാനമായ പാരിസ്ഥിതിക വെല്ലുവിളികൾ തന്നെയാണ് നേരിടുന്നത്. അതുകൊണ്ടുതന്നെ സംസ്ഥാനത്തിന്റെ ഏതുമേഖലകളിലും നടക്കുന്ന വികസന, സാമ്പത്തിക പ്രവർത്തനങ്ങൾക്ക് മതിയായ നിയന്ത്രണങ്ങൾ കൂടിയേതീരൂ. അതുസംബന്ധിച്ച് പൊതുവായ ഒരു സമവായം ഉരുത്തിരിയേണ്ടതുണ്ട്. ഇപ്പോഴത്തെ സുപ്രീം കോടതി വിധിയുടെ മുഖ്യപ്രശ്നമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്, അത് ഇന്ത്യപോലെ വിപുലവും വിശാലവും വൈവിധ്യമാര്‍ന്നതുമായ ഒരു ഭൂപ്രദേശത്തെ ഒരു അളവുകോൽക്കൊണ്ട് അളക്കാൻ ശ്രമിക്കുന്നു എന്നതാണ്.


ഇതുകൂടി വായിക്കൂ: പരിസ്ഥിതി സംരക്ഷിക്കാം; ദുരന്തം ഒഴിവാക്കാം


ഇന്ത്യയുടെ ദേശീയ ജനസാന്ദ്രതാ തോത് ചതുരശ്ര കിലോമീറ്ററിനു 360 ആയിരിക്കെ കേരളത്തിന്റേത് കിലോമീറ്ററിന് 860 ആണെന്നത് വിസ്മരിച്ചുകൂടാ. ആ വസ്തുത മാത്രംമതി സുപ്രീം കോടതി മാനദണ്ഡത്തിന്റെ പ്രായോഗികത പുനഃപരിശോധനാ വിധേയമാക്കാൻ. പരിസ്ഥിതിനാശം ഉയർത്തുന്ന വെല്ലുവിളികളെ അതിജീവിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്താനും നാളിതുവരെ ഉയർന്നുവന്ന ആശയങ്ങളും പരിഹാര മാർഗനിർദേശങ്ങളും കടുത്ത വെല്ലുവിളികളെ നേരിടുകയും പരാജയപ്പെടുകയുമാണ് ഉണ്ടായിട്ടുള്ളത്. ഡോ. മാധവ് ഗാഡ്ഗിൽ, കസ്തൂരി രംഗൻ തുടങ്ങിയവർ നേതൃത്വം നൽകിയ പശ്ചിമഘട്ട സംരക്ഷണ ശ്രമങ്ങളുടെ പരാജയം നമുക്ക് മുന്നിലുണ്ട്. ജനങ്ങളുടെ ന്യായമായ ഉത്ക്കണ്ഠകളെക്കാൾ നിക്ഷിപ്ത താല്പര്യങ്ങളാണ് അവയുടെ പരാജയങ്ങളിലേക്ക് നയിച്ചത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ മലയോര മേഖലകളിലെ സാധാരണ മനുഷ്യരുടെ താല്പര്യം ഉയർത്തിപ്പിടിച്ചു പുനഃപരിശോധനാ ഹർജിയുമായി മുന്നോട്ടുപോകാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കം പൊതുസമൂഹം സ്വാഗതം ചെയ്യും. എന്നാൽ, നിക്ഷിപ്ത താല്പര്യങ്ങൾ അത് അംഗീകരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ സാമൂഹിക, രാഷ്ട്രീയ തലങ്ങളിൽ പശ്ചിമഘട്ട മലനിരകളുടെയും വനം, വന്യജീവി സമ്പത്തിന്റെയും സംരക്ഷണം സംബന്ധിച്ച് ഒരു പൊതു സമവായം ഉയർന്നുവരേണ്ടത് സംസ്ഥാനത്തിന്റെയും ഇവിടത്തെ ജനജീവിതത്തിന്റെയും അടിയന്തര മൗലിക പ്രശ്നമായി മാറിയിരിക്കുന്നു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.