മൊബൈല്‍ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ നേര്‍വഴിക്ക് നയിക്കാന്‍ അവരുമായി “കൂട്ട്“കൂടാന്‍ കേരള പൊലീസ് എത്തുന്നു. മൊബൈൽ അടിമത്തത്തിൽനിന്ന് കുട്ടികളെ രക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പൊലീസ് “കൂട്ട്” എന്ന പുതിയ പദ്ധതിക്ക് രൂപം നൽകുന്നത്. നേരത്തേ നടപ്പാക്കിയ ‘കിഡ്‌സ് ഗ്ലോവ്’ പദ്ധതിയുടെ തുടർച്ചയായാണ് “കൂട്ട്”.
മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽ നിന്ന് മോചനം കിട്ടാത്ത നിരാശയില്‍ കഴിഞ്ഞ ദിവസം തിരുവനന്തപുരം നവായിക്കുളത്ത് പ്ലസ് വണ്‍ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസിന്റെ ശ്രമം. മൊബൈലിന്റെ അമിതോപയോഗം, സൈബർ തട്ടിപ്പ്, സൈബർ സുരക്ഷ, സ്വകാര്യത സംരക്ഷണ മേഖലകളിൽ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ദിശാബോധം നൽകും. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക.
മൊബൈൽ ഫോൺ അമിതോപയോഗത്തിന് അടിമപ്പെട്ട കുട്ടികൾക്ക് കൗൺസലിങ് നൽകും. ഇതിന് ജില്ലകളിൽ കൗൺസലർമാരെ നിയോഗിക്കും. സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവർക്കുള്ള നിയമസഹായവും മാനസിക പിന്തുണയും പുനരധിവാസവും ഉറപ്പാക്കും. ഇതിന്റെ ഭാഗമായി സ്കൂളുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ ക്ലാസും പൊലീസും കൗൺസലർമാരും ചേർന്ന് നടത്തും.
കുട്ടികളിലെ മാനസികസമ്മർദ്ദം ലഘൂകരിക്കാനായി പൊലീസ് ആരംഭിച്ച പദ്ധതിയാണ് ചിരി. കോവിഡ് വ്യാപനത്തെത്തുടർന്ന് വീട്ടിൽ തുടരാൻ നിർബന്ധിതരായ കുട്ടികൾക്ക് ആശ്വാസം പകരുന്നതിനായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. ചിരിയുടെ 9497900200 എന്ന ഹെൽപ് ലൈൻ നമ്പരിലേക്ക് കുട്ടികൾ മാത്രമല്ല അധ്യാപകരും മാതാപിതാക്കളും കുട്ടികളുടെ പ്രശ്നങ്ങളുമായി വിളിക്കാറുണ്ട്.
മൊബൈൽ ഫോണിന്റെ അമിതമായ ഉപയോഗം, കുട്ടികളുടെ ആത്മഹത്യാഭീഷണി എന്നിവയ്ക്ക് പരിഹാരം തേടിയായിരുന്നു മാതാപിതാക്കളുടെ കോളുകളിൽ അധികവും കോവിഡ് കാലത്ത് എത്തിയത്.
ഗുരുതരമായ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം തേടി വിളിച്ചവരും ഇക്കൂട്ടത്തിലുണ്ട്. അവർക്ക് ചിരി കോൾ സെന്ററിൽ നിന്ന് അടിയന്തരമായി പരിചയ സമ്പന്നരായ മനഃശാസ്ത്ര വിദഗ്ധരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
മാനസികപ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്ക് കുട്ടികൾ തന്നെ ടെലഫോണിലൂടെ കൗൺസലിങും നൽകുന്നുണ്ട്. മുതിർന്ന സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ, ഔർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയിൽ അംഗങ്ങളായ കുട്ടികൾ എന്നിവരിൽ നിന്ന് തിരഞ്ഞെടുത്ത് പ്രത്യേക പരിശീലനം നൽകിയ 300 ഓളം കുട്ടികളാണ് ചിരി പദ്ധതിയിലെ വോളന്റിയർമാർ. സേവന തൽപരരും പരിചയ സമ്പന്നരുമായ മാനസികാരോഗ്യവിദഗ്ധർ, മനഃശാസ്ത്രജ്ഞർ, അധ്യാപകർ എന്നിവരുൾപ്പെടുന്ന വിദഗ്ധസമിതി ഇവർക്ക് മാർഗനിർദേശങ്ങൾ നൽകുന്നുണ്ട്.
English Summary: Kerala police launches a new project ‘Koot’
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.