22 November 2024, Friday
KSFE Galaxy Chits Banner 2

റയില്‍വേ നടത്തുന്ന വെല്ലുവിളി

Janayugom Webdesk
July 5, 2022 5:00 am

തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ഉദ്ഘാടന — ശിലാസ്ഥാപന മാമാങ്കങ്ങള്‍ നടത്തിയും നേട്ടമായി പ്രചരണ ഘട്ടത്തില്‍ അവതരിപ്പിച്ചും ജനങ്ങളെ വഞ്ചിക്കുന്നതിന്റെ കേന്ദ്ര മാതൃകയായി മാറുകയാണ് തിരുവനന്തപുരം നേമം റയിൽവേ കോച്ചിങ് ടെർമിനൽ പദ്ധതി. പത്തുവര്‍ഷം മുമ്പ് 2011–12ല്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും നാമമാത്ര തുക ബജറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതായിരുന്നു ഈ പദ്ധതി. റയില്‍ സുരക്ഷാ നിധിയില്‍ നിന്നുള്ള 50 ലക്ഷം രൂപയാണ് നീക്കിവച്ചതെങ്കിലും 2014ലെ ലോക്‌സഭ, 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കേരളത്തില്‍ ബിജെപിയുടെ പ്രചരണ വിഷയങ്ങളില്‍ ഒന്നായിരുന്നു നേമം റയിൽവേ കോച്ചിങ് ടെർമിനൽ പദ്ധതി. 2016ലെ തെരഞ്ഞെടുപ്പില്‍ നേമത്തു വിജയിച്ച ബിജെപി പ്രതിനിധി ഒ രാജഗോപാലിന് പ്രസ്തുത പ്രചരണത്തിന്റെ ആനുകൂല്യംകൂടി ലഭിച്ചിട്ടുണ്ടാകാം. എന്നാല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചില്ലെന്നു മാത്രമല്ല വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് അംഗീകാരം നല്കുകയോ മതിയായ തുക അനുവദിക്കുകയോ ചെയ്തില്ല. തത്വത്തില്‍ അംഗീകരിച്ചതിനപ്പുറം നടപടികളില്ലാതിരുന്ന സാഹചര്യത്തിലാണ് 2016ല്‍ സംസ്ഥാനത്ത് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. സംസ്ഥാനത്തോടുള്ള റയില്‍ അവഗണന പൊതുവിലും നേമം കോച്ചിങ് ടെര്‍മിനല്‍ പദ്ധതി ഉള്‍പ്പെടെയുള്ളവ പ്രധാനമായും ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് നിരന്തരം നിവേദനങ്ങള്‍ നല്കിയതിന്റെ കൂടി പശ്ചാത്തലത്തിലാണ് മെല്ലെയാണെങ്കിലും നടപടികള്‍ ആരംഭിച്ചത്. അതുകൊണ്ടുതന്നെ 2019 മാര്‍ച്ച് ഏഴിന് കേന്ദ്ര റയില്‍ വകുപ്പ് മന്ത്രി പിയൂഷ് ഗോയല്‍ പദ്ധതി ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്തു. പക്ഷേ അടുത്തെത്തിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള പൊടിക്കയ്യായിരുന്നു അതെന്ന് പിന്നീട് വ്യക്തമായി. നേരത്തെ പാലക്കാട്ട് സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ച് വഞ്ചിച്ച സമീപനം നേമത്തിന്റെ കാര്യത്തില്‍ ഉണ്ടാകരുതെന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ എല്ലാ സഹായങ്ങളും പിന്തുണയും വാഗ്ദാനം നല്കിയെങ്കിലും പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്രം അലംഭാവം തുടരുകയാണുണ്ടായത്.


ഇതുകൂടി വായിക്കൂ: റയില്‍വേയില്‍ സ്വകാര്യവല്‍ക്കരണ ചൂളംവിളി


കേരളത്തിന്റെ തലസ്ഥാനവും തൊട്ടടുത്ത തമിഴ്‌നാട്ടിലേയ്ക്കുള്‍പ്പെടെ രാജ്യത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലേയ്ക്കും പ്രതിദിനം സര്‍വീസ് നടത്തുന്നതുമായ തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷന്റെ വികസന പരിമിതിയാണ് നേമം റയിൽവേ കോച്ചിങ് ടെർമിലിനെ കുറിച്ചുള്ള പരിഗണനയ്ക്കു കാരണമായത്. നഗരമധ്യത്തിലുള്ള തിരുവനന്തപുരം സ്റ്റേഷന്‍ വികസിപ്പിക്കുന്നതിന് ഒരിഞ്ചു ഭൂമി പോലും അധികമായെടുക്കാനാകില്ലെന്നത് വസ്തുതയുമാണ്. പുറപ്പെടുകയും എത്തിച്ചേരുകയും ചെയ്യുന്ന തീവണ്ടികള്‍ക്ക് മതിയായ സൗകര്യം ലഭ്യമല്ലാതെ ഞെരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്‍. സ്ഥല പരിമിതിയുണ്ടെങ്കിലും സാധ്യമായതിനെക്കാള്‍ ഇരട്ടിയിലധികം തീവണ്ടികളുടെ പരിപാലനമാണ് ഇവിടെ നിര്‍വഹിക്കേണ്ടിവരുന്നത്. പുറപ്പെടേണ്ട തീവണ്ടികള്‍ വൈകുന്നതിനു മാത്രമല്ല തിരുവനന്തപുരത്തിനു വടക്കോട്ടുള്ള പാത സ്തംഭിക്കുന്നതിനും ഇത് കാരണമാവുന്നു.


ഇതുകൂടി വായിക്കൂ: കോവിഡിനെ കൊള്ളയാക്കുന്ന റയില്‍വേ


ഈ സാഹചര്യത്തിലാണ് നേമത്തെ വികസിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ ഉയര്‍ന്നുവന്നത്. ടെര്‍മിനല്‍ വികസിപ്പിക്കുന്നതിനും പാത ഇരട്ടിപ്പിക്കുന്നതിനും 50 ഏക്കറോളം ഭൂമി ലഭ്യമാക്കാനാകുമെന്ന സാഹചര്യവും പദ്ധതിയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ക്ക് വേഗമേറ്റി. തെരഞ്ഞെടുപ്പ് തന്ത്രമായാണെങ്കിലും പ്രഖ്യാപനവും ശിലാസ്ഥാപനവുമൊക്കെയായി കേന്ദ്രം പ്രതീക്ഷകള്‍ക്ക് പച്ചക്കൊടി വീശുന്നതായി തോന്നിപ്പിക്കുകയും ചെയ്തു. എന്നാല്‍ ശിലാസ്ഥാപനം നടത്തി മൂന്നുവര്‍ഷം പിന്നിട്ടിട്ടും പദ്ധതി പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയില്ലെന്നുമാത്രമല്ല ഉപേക്ഷിച്ചുവെന്ന അറിയിപ്പ് കഴിഞ്ഞ മാസം നല്കിയിരിക്കുകയാണ്. തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള വാഗ്ദാനങ്ങള്‍ക്കപ്പുറം കേരളത്തിന്റെ റയില്‍വേ വികസനത്തിന്റെ കാര്യത്തില്‍ തുടര്‍ന്നുവരുന്ന നീചമായ അവഗണനയാണ് ഇക്കാര്യത്തിലും പ്രകടമായിരിക്കുന്നത്. ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്യുന്ന, രാജ്യത്തിന്റെ എല്ലാ ഭാഗത്തേയ്ക്കും പുറപ്പെടുകയും എല്ലാ ഭാഗത്തുനിന്നുമെത്തിച്ചേരുകയും ചെയ്യുന്ന യാത്രക്കാരുള്ള സംസ്ഥാനമെന്ന നിലയില്‍ പ്രത്യേക പരിഗണന വേണമെന്നില്ലെങ്കിലും മതിയായ സൗകര്യങ്ങള്‍ ലഭ്യമാക്കണമെന്നാണ് കേരളത്തിന്റെ നിലപാട്. റയില്‍ വികസനത്തിന് അത്യാവശ്യമായി ഉണ്ടാകേണ്ട പല നിര്‍ദേശങ്ങളും കേന്ദ്രത്തിന് മുന്നിലുണ്ട്. പാത ഇരട്ടിപ്പിക്കലും സ്റ്റേഷനുകളുടെ നവീകരണവും അതില്‍പ്പെടുന്നതാണ്. പാലക്കാട് കോച്ച് ഫാക്ടറി, തിരുവനന്തപുരം റയില്‍വേ ആശുപത്രി എന്നിങ്ങനെ കേന്ദ്രം പ്രഖ്യാപിച്ച് വഞ്ചിച്ച പദ്ധതികള്‍ ഇതിനു പുറമേയുണ്ട്. എന്നാല്‍ ഒന്നും ചെയ്യുന്നില്ലെന്നുമാത്രമല്ല പ്രഖ്യാപിച്ചവ പോലും നടപ്പിലാക്കാത്തത് വഞ്ചനയാണ്. ഇക്കാര്യത്തില്‍ പ്രധാനപ്പെട്ടതാണ് നേമം റയില്‍ കോച്ചിങ് ടെര്‍മിനല്‍. ഈ പദ്ധതി ഉപേക്ഷിക്കരുതെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വീണ്ടും കേന്ദ്രത്തിന് കത്ത് നല്കിയിട്ടുണ്ട്. തെക്കന്‍ കേരളത്തിന്റെ മാത്രമല്ല തമിഴ്‌നാടുള്‍പ്പെടെയുള്ള റയില്‍ വികസനത്തിന് വേഗമേറ്റുന്നതിനു സഹായകമാകുന്ന പദ്ധതി കൂടിയാണിത്. ആ നിലയില്‍ നേമം റയില്‍ വികസന പദ്ധതി ഉപേക്ഷിക്കുവാനുള്ള കേന്ദ്ര നീക്കം സംസ്ഥാനത്തോടുള്ള അവഗണന മാത്രമല്ല വെല്ലുവിളി കൂടിയായി കാണേണ്ടതുണ്ട്.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.