ഒളിമ്പ്യൻ പി ടി ഉഷ, സംഗീത സംവിധായകൻ ഇളയരാജ എന്നിവരുൾപ്പെടെ നാല് പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തത് ചട്ടലംഘനമെന്ന് നിയമ വിദഗ്ധർ. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങിയ ശേഷം വോട്ടവകാശമുള്ള പദവിയിലേക്ക് നാമനിർദ്ദേശം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇക്കാര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസർ കൂടിയായ ലോക്സഭാ സെക്രട്ടറി ജനറലിനും പഞ്ചാബ്-ഹരിയാന ഹൈക്കോടതിയിലെ അഭിഭാഷകനായ ഹേമന്ത് കുമാർ കത്തയച്ചു.
തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതിന് ശേഷം അത്തരം നാമനിർദ്ദേശങ്ങൾ നടത്തരുതെന്ന കീഴ്വഴക്കമുണ്ടെന്ന് ഭരണഘടനാ വിദഗ്ധനും ലോക്സഭാ മുൻ സെക്രട്ടറി ജനറലുമായ പി ഡി ടി ആചാരി പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 66 (1) അനുസരിച്ച് പാർലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളടങ്ങുന്ന ഇലക്ടറൽ കോളജാണ് ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് വോട്ടെടുപ്പ്. ജൂലെെ ആറിനാണ് ഇളയരാജ, ഡോ. വീരേന്ദ്ര ഹെഗ്ഡെ, പി ടി ഉഷ, വി വിജയേന്ദ്ര പ്രസാദ് എന്നിവരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നിർദ്ദേശിച്ചത്. ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിച്ചതിന് തൊട്ടടുത്ത ദിവസമാണിത്. ‘രാഷ്ട്രപതി സ്വന്തം നിലയിലല്ല, കേന്ദ്രസർക്കാരാണ് ആളുകളെ തീരുമാനിക്കുന്നത്. രാഷ്ട്രപതി അംഗീകാരം നല്‍കുക മാത്രമാണ് ചെയ്യുന്നത്.
ലോക്സഭയിലെയും രാജ്യസഭയിലെയും തെരഞ്ഞെടുക്കപ്പെട്ടവർക്കും നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്കും വോട്ട് ചെയ്യാൻ അർഹതയുണ്ട്. ലോക്സഭാ, നിയമാസഭാ തെരഞ്ഞെടുപ്പ് പോലെ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കുന്നില്ലെങ്കിലും വിജ്ഞാപന ശേഷം നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അനുവദിക്കണമോ എന്ന കാര്യത്തിൽ ഉചിതമായ തീരുമാനം വേണമെന്ന് ഹേമന്ത് കുമാർ ആവശ്യപ്പെട്ടു.
എന്നാൽ ‘ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞാലും രാജ്യസഭയിലേക്കുള്ള അംഗങ്ങളെ നിർദ്ദേശിക്കുന്നതിന് ഭരണഘടനാപരമായ തടസമില്ലെന്ന് പി ഡി ടി ആചാരി പറഞ്ഞു. അതേസമയം ഈ നടപടിയിൽ നിന്ന് സർക്കാർ വിട്ടുനില്‍ക്കുന്നതാണ് ഔചിത്യം. തെരഞ്ഞെടുപ്പിന് ശേഷം സർക്കാറിന് അത് ചെയ്യാം. തെരഞ്ഞെടുപ്പിന്റെ തലേന്ന് അംഗങ്ങളെ നിയോഗിച്ച സംഭവം മുമ്പുണ്ടായിട്ടില്ല. പുതിയ നാമനിർദ്ദേശങ്ങൾക്ക് ശേഷവും മൂന്ന് തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് ഈ നാലുപേരെയും പിന്നീട് നിയോഗിക്കാമായിരുന്നുവെന്നും ആചാരി പറഞ്ഞു.
English Summary: After announcing the election of Vice President: Nomination illegal
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.