17 May 2024, Friday

Related news

May 17, 2024
May 14, 2024
May 13, 2024
May 3, 2024
May 2, 2024
April 23, 2024
April 15, 2024
April 7, 2024
April 5, 2024
April 4, 2024

തീവണ്ടികളില്‍ സ്ത്രീകള്‍ക്ക് ദുരിതയാത്ര

Janayugom Webdesk
July 10, 2022 11:31 pm

കേരളത്തിലൂടെ ഓടുന്ന ഭൂരിഭാഗം തീവണ്ടികളിലും സ്ത്രീ സുരക്ഷാ സംവിധാനങ്ങളില്ലെന്ന ആക്ഷേപം ശക്തം. ട്രെയിനുകളിൽ വനിതകൾക്കെതിരായ അതിക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും പ്രായോഗിക നടപടികൾക്കു മുതിരാതെ അധികൃതർ അലംഭാവം തുടരുകയാണെന്നാണ് വ്യാപകമായ പരാതി.
ട്രെയിനിൽ സ്ത്രീക്കെതിരെ അക്രമമുണ്ടാകുമ്പോൾ ചില പ്രത്യേക സംവിധാനങ്ങൾ പ്രഖ്യാപിച്ച് അധികൃതർ രംഗത്തെത്തുന്നതല്ലാതെ അതിനപ്പുറത്തേക്ക് ഒരു നടപടിയുമുണ്ടാകുന്നില്ലെന്നാണ് വനിതാ യാത്രക്കാരുടെയും യാത്രക്കാരുടെ സംഘടനകളുടെയും പരാതി. ഈ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി നിരന്തരം നിവേദനങ്ങൾ നൽകുന്നുണ്ടെങ്കിലും അധികൃത സ്ഥാനങ്ങളിൽ കുലുക്കമില്ല.
യാത്രക്കാരായ വനിതകളുടെ സുരക്ഷയ്ക്കായി രണ്ടു വർഷം മുമ്പ് കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതിയാണ് ‘മേരി സഹേലി”. റയിൽവേ സംരക്ഷണ സേനയുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായി ദക്ഷിണ റയിൽവേയിൽ 17 സംഘങ്ങളും രൂപവത്കരിച്ചു. സ്ത്രീകളായ യാത്രക്കാരോടൊപ്പം മേലിൽ വനിതാ പൊലീസുകാരും ഉണ്ടാകുമെന്നും വനിതാ യാത്രക്കാരുടെ സീറ്റ് നമ്പറുകൾ ശേഖരിച്ച് വഴി മധ്യേയുള്ള സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോം ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കു കൈമാറുമെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അവർ ബർത്തുകളും മറ്റും നിരീക്ഷിക്കുമെന്നും ഒക്കെയായിരുന്നു വാഗ്ദാനങ്ങൾ. വർഷം രണ്ടു കഴിഞ്ഞിട്ടും കേരളത്തിലൂടെ ഓടുന്ന തീവണ്ടികളിൽ നാലെണ്ണത്തിൽ മാത്രമേ പേരിനായി ഈ സംവിധാനമുള്ളൂ. ലോക്കൽ ട്രെയിനുകളിൽ ഇതേക്കുറിച്ച് കേട്ടുകേൾവിപോലുമില്ല.
സുരക്ഷാ നടപടികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റയിൽവേ പൊലീസ് വിഭാഗം വിപുലീകരിക്കണമെന്ന നിർദ്ദേശമുണ്ടായിരുന്നെങ്കിലും, റയിൽവേ സംരക്ഷണ സേനയിലുണ്ടാകുന്ന ഒഴിവുകൾ പോലും നികത്താൻ കൂട്ടാക്കുന്നില്ല. സ്ത്രീകളുടെ സുരക്ഷിത യാത്രയ്ക്കായി കൂടുതൽ വനിതാ പൊലീസുകാരെ നിയമിക്കുമെന്ന ഉറപ്പും പാഴായി. നിർഭയ ഫണ്ട് ഉപയോഗിച്ച് എല്ലാ സ്റ്റേഷനുകളിലും സിസിടിവി കാമറകൾ സ്ഥാപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നെങ്കിലും അതും നടപ്പായില്ല. അതിക്രമങ്ങളുണ്ടായാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വിളിച്ചറിയിക്കാനുള്ള ഹെൽപ് ലൈന്‍ നമ്പറുകൾ പോലും ബോഗികളിലില്ലെന്നും യാത്രക്കാർ പറയുന്നു. കേരളത്തിലോടുന്ന ചില ട്രെയിനുകളിലടക്കം സ്ത്രീകൾക്കായി ഏർപ്പെടുത്തിയിരുന്ന പ്രത്യേക കോച്ചുകൾ, കോച്ച് ക്ഷാമത്തിന്റെ പേരുപറഞ്ഞ് 2018ൽ നിർത്തലാക്കി റയിൽവേ കെടുകാര്യസ്ഥത തെളിയിക്കുകയും ചെയ്തു.
11 വർഷം മുമ്പ്, എറണാകുളം-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ വച്ച് അതിക്രമത്തിനിരയായി സൗമ്യ എന്ന യുവതി ദാരുണമായി കൊല്ലപ്പെട്ട ശേഷം, സ്ത്രീ സുരക്ഷാ സംവിധാനം ശക്തമാക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെ അധികൃതർ ചില നടപടികളിലേക്കു കടന്നെങ്കിലും പിന്നീട് അവയൊക്കെ പഴങ്കഥയായി. കഴിഞ്ഞ വർഷം ഏപ്രിലിലും ജൂലൈയിലും ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളിൽ സ്ത്രീകൾക്കു നേരെ അക്രമങ്ങളുണ്ടായി. അടുത്ത നാളിൽ, എറണാകുളം-ഗുരുവായൂർ സ്പെഷ്യൽ ട്രെയിനിൽ പിതാവിനോടൊപ്പം യാത്ര ചെയ്ത യുവതിക്കുണ്ടായ ദുരനുഭവമാണ് പട്ടികയിൽ അവസാനത്തേത്. 

Eng­lish Sum­ma­ry: Mis­ery jour­ney for women in trains

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.