മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ താഴെ വീണെങ്കിലും ഒന്നും അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചില നിര്‍ണായക നീക്കങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം സൂചന നല്‍കി. മഹാവികാസ് അഗാഡി സഖ്യം തകര്‍ന്നിട്ടില്ലെന്ന മുന്നറിയിപ്പും അദ്ദേഹം ഷിന്‍ഡെ പക്ഷത്തിന് നല്‍കി. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടത്തിനാണ് കോണ്‍ഗ്രസ്-എന്‍സിപി-ശിവസേന സഖ്യം ഒരുങ്ങുന്നത്. ഇവര്‍ മൂന്ന് പേരും ചേര്‍ന്ന് ഏക്‌നാഥ് ഷിന്‍ഡെയെയും ബിജെപിയെയും നേരിടുമെന്ന് ശരത് പവാര്‍ വ്യക്തമാക്കുന്നു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പും ഇങ്ങനെ തന്നെയായിരിക്കും. മഹാവികാസ് അഗാഡിയിലെ സഖ്യത്തിനൊന്നും പ്രശ്‌നങ്ങളില്ല. ശിവസേനയും എന്‍സിപിയും കോണ്‍ഗ്രസും ഒന്നിച്ച് മത്സരിക്കുകയാണ് ഇനി ചെയ്യേണ്ടതെന്ന് പവാര്‍ പറയുന്നു. 2024ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് പേരും ഒന്നിച്ചായിരിക്കണം മത്സരം. സഖ്യത്തിലും, തന്റെ പാര്‍ട്ടിയിലെ നേതാക്കളോടും ചര്‍ച്ച ചെയ്ത് മാത്രമേ ഇത്തരമൊരു തീരുമാനമെടുക്കൂ എന്നും പവാര്‍ വ്യക്തമാക്കി. അതേസമയം ഉദ്ധവ് സര്‍ക്കാര്‍ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ ജില്ലകളുടെ പേര് മാറ്റിയത് താന്‍ അറിഞ്ഞില്ലെന്നും പവാര്‍ വ്യക്തമാക്കി. ഉദ്ധവ് സര്‍ക്കാരിന്റെ അവസാനത്തെ മന്ത്രിസഭാ തീരുമാനമായിരുന്നു ഇത്. എംവിഎ സര്‍ക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ ഭാഗമല്ല ജില്ലകളുടെ പേര് മാറ്റല്‍.
ഈ തീരുമാനം എടുത്തതിന് ശേഷം മാത്രമാണ് താന്‍ അറിഞ്ഞതെന്നും പവാര്‍ പറഞ്ഞു. ഔറംഗബാദില്‍ വെച്ച് തന്നെയായിരുന്നു പവാറിന്റെ പ്രതികരണം. മൂന്ന് പാര്‍ട്ടികളും ഒന്നിച്ച് വരണമെന്നത് തന്റെ വ്യക്തിപരമായ ആഗ്രഹമാണ്. ഇക്കാര്യങ്ങള്‍ക്ക് ചര്‍ച്ച ആവശ്യമാണ്. അതിന് ശേഷമേ എന്തും തീരുമാനിക്കൂ. ശിവസേനയില്‍ നിന്ന് വിട്ടുപോയ വിമതര്‍ക്ക് കൃത്യമായി ഒരു കാരണം പറയാനില്ല. അവരുടെ വിമത നീക്കത്തിന് ന്യായീകരണം തന്നെയില്ല. ഒരു കൃത്യമായ കാരണം അവര്‍ക്കില്ല. അവര്‍ ചിലപ്പോള്‍ ഹിന്ദുത്വത്തെ കുറിച്ച് സംസാരിക്കുന്നു. ചിലപ്പോള്‍ അവര്‍ പറയുന്നത് ഫണ്ടുകളെ കുറിച്ചാണെന്നും പവാര്‍ പറഞ്ഞു. നേരത്തെ വിമതര്‍ വിമത നീക്കത്തിന് കാരണമായി പറഞ്ഞത് ഹിന്ദുത്വത്തില്‍ നിന്ന് ശിവസേന നേതൃത്വം അകന്നതായിരുന്നു. പിന്നീട് ഇവരില്‍ പല എംഎല്‍എമാരും സ്വന്തം മണ്ഡലത്തിന് ഫണ്ട് ലഭിച്ചിരുന്നില്ലെന്നും പറഞ്ഞിരുന്നു. ഒരര്‍ത്ഥവുമില്ലാത്ത കാരണങ്ങളാണ് വിമതര്‍ പറയുന്നു.
എന്‍സിപി, ഹിന്ദുത്വം ഇങ്ങനെ കുറേ കാരണങ്ങളാണ് അവര്‍ പറയുന്നത്. അതുപോലെ ജില്ലകളും പേരുമാറ്റം സര്‍ക്കാരിന്റെ അജണ്ടയില്‍ ഇല്ല. മുന്‍കൂട്ടി ചര്‍ച്ചകളൊന്നും നടന്നില്ല. ഞങ്ങളുടെ പാര്‍ട്ടിയിലുള്ളവര്‍ ഇക്കാര്യത്തെ കുറിച്ച് പറഞ്ഞിരുന്നു. പക്ഷേ തീരുമാനം ഉദ്ധവ് താക്കറെയുടേത് ആയിരുന്നുവെന്നും പവാര്‍ വ്യക്തമാക്കി. ഔറംഗബാദിന്റെ വികസനം സംബന്ധിച്ചുള്ള തീരുമാനമാണ് എടുത്തിരുന്നതെങ്കില്‍ ജനങ്ങള്‍ സന്തോഷിക്കുമായിരുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഗോവയില്‍ കൂറുമാറുമോ എന്നതിനും പവാര്‍ മറുപടി നല്‍കി. കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നടന്ന കാര്യങ്ങള്‍ എങ്ങനെയാണ് മറക്കാന്‍ സാധിക്കും. എന്റെ അഭിപ്രായത്തില്‍ ഗോവയില്‍ അത് സംഭവിക്കാന്‍ കുറച്ച് വൈകിയെന്നാണ് പറയാനുള്ളത്. ഷിന്‍ഡെ സര്‍ക്കാരിന്റെ മന്ത്രിസഭ വൈകുന്നത് സുപ്രീം കോടതിയില്‍ വാദം നടക്കുന്നത് കൊണ്ടാവുമെന്നും പവാര്‍ പറഞ്ഞു.
നിയമ സംവിധാനത്തില്‍ വിശ്വാസമുണ്ട്. വിമതരുടെ കാര്യം കോടതി തീരുമാനിക്കുമെന്നും പവാര്‍ പറഞ്ഞു. ഷിന്‍ഡെ സര്‍ക്കാരിന്റെ ഭാവി പ്രവചിക്കാന്‍ ഞാനില്ല. ഈ സര്‍ക്കാര്‍ തീരുമാനങ്ങള്‍ എങ്ങനെ എടുക്കുമെന്ന് നോക്കട്ടെ. സ്പീക്കറുടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഒരു വര്‍ഷത്തോളമായി സ്പീക്കറോട് പറയുന്നതാണ്. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നപ്പോള്‍ 48 മണിക്കൂര്‍ കൊണ്ടാണ് ഗവര്‍ണര്‍ തീരുമാനമെടുത്തത്. ഉദ്ധവിന്റെ നേതൃത്വത്തെ കുറ്റം പറയാനില്ല. പക്ഷേ അദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതി മോശമായത് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് തടസ്സമായിട്ടുണ്ട്. ഉദ്ധവ് താക്കറെ ബിജെപിക്കൊപ്പം പോകുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും പവാര്‍ വ്യക്തമാക്കി.
English Summary: There will be decisive moves in Maharashtra during the assembly elections; Pawar warns Shinde faction that Mahavikas Agadi alliance is not broken
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.