നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി അവകാശ വാദങ്ങൾ നിരത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പ്രാഥമിക അന്വേഷണം തുടങ്ങി. ‘അതിജീവിതയ്ക്ക് ഒപ്പം’ കണ്‍വീനര്‍ പ്രഫ. കുസുമം ജോസഫ് നൽകിയ പരാതിയിലാണ് പൊലീസ് നടപടി.
കേസിലെ പ്രതിയായ പൾസർ സുനി മുമ്പും നടിമാരെ പീഡിപ്പിച്ചിട്ടുണ്ട് എന്നതടക്കമുള്ള പരാമർശങ്ങളാണ് ശ്രീലേഖ തന്റെ യൂട്യൂബ് ചാനലിലൂടെ നടത്തിയത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി ശ്രീലേഖയുടെ യൂ ട്യൂബ് വീഡിയോ പരിശോധിക്കും. അന്വേഷണത്തിന് ശേഷം കേസ് എടുക്കണോയെന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്നും പൊലീസ് അറിയിച്ചു.
അതിനിടെ ശ്രീലേഖയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം നീക്കം തുടങ്ങി. ഇക്കാര്യത്തിൽ ലഭിച്ച നിയമോപദേശം മേലുദ്യോഗസ്ഥരെ ധരിപ്പിച്ചിട്ടുണ്ട്. മൊഴിയെടുക്കാതെ മുന്നോട്ട് പോയാൽ തുടർ വിസ്താരത്തിൽ പ്രതിഭാഗം ഇക്കാര്യം ഉപയോഗിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ശ്രീലേഖയുടെ പ്രസ്താവനകൾ പരിശോധിച്ച് വ്യക്തത വരുത്താനാണ് നീക്കം. മുൻ ഡിജിപിയുടെ മൊഴിയെടുക്കാൻ ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിയാണ് അന്വേഷണ സംഘം തേടുന്നത്.
നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെന്ന് പ്രൊഫ: കുസുമം ജോസഫ് തൃശൂർ റൂറൽ എസ്‌പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. പൾസൾ സുനിക്കെതിരെ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ദിലീപിനെതിരെ പൊലീസ് കണ്ടെത്തിയ തെളിവുകളുടെ വിശ്വാസ്യത തന്നെ മുൻ ജയിൽ മേധാവി ചോദ്യം ചെയ്തിരുന്നു. ദിലീപും പൾസർ സുനിയും തമ്മിലുള്ള ഫോട്ടോ വ്യാജമാണെന്നും ഇരുവരും ഒരേ ടവർ ലോക്കേഷനിൽ വന്നിരുന്നത് വിശ്വാസ്യ യോഗ്യമല്ലെന്നാണ് ശ്രീലേഖയുടെ പരാമർശം. നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ദിലീപിന് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് ആർ ശ്രീലേഖയുടെ രംഗപ്രവേശം ഉണ്ടായത്.
English summary;Controversial reference; Investigation has been started against R Srilekha
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.