1 November 2024, Friday
KSFE Galaxy Chits Banner 2

നാളെ മുതല്‍ പ്രത്യേക വാക്സിന്‍ യജ്ഞം; കരുതല്‍ ഡോസ് സൗജന്യം

Janayugom Webdesk
July 14, 2022 8:29 am

രാജ്യത്ത് കരുതല്‍ ഡോസ് വിതരണത്തിനായി പ്രത്യേക സൗജന്യ വാക്സിന്‍ യജ്ഞം. 18 മുതല്‍ 59 വയസുവരെ പ്രായമുള്ളവര്‍ക്ക് നാളെ മുതല്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസ് സൗജന്യമായി ലഭിക്കും.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ആസാദി കാ അമൃത്‌ മഹോത്സവിനോടനുബന്ധിച്ചാണ് 75 ദിവസത്തെ പ്രത്യേക വാക്സിന്‍ യജ്ഞം സംഘടിപ്പിക്കുന്നത്.

18–59 പ്രായപരിധിയ്ക്കിടയിലുള്ള 77 കോടി ജനസംഖ്യയുടെ ഒരു ശതമാനത്തിന് താഴെ മാത്രമാണ് ഇതുവരെ മുൻകരുതൽ ഡോസ് നല്‍കിയിരിക്കുന്നത്. 60 വയസിനു മുകളിലുള്ള 26 ശതമാനം പേര്‍ക്കും മൂന്നാം ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥന്‍ അറിയിച്ചു.

വാക്സിന്റെ രണ്ട് ഡോസുകളം സ്വീകരിച്ച് ഒമ്പത് മാസം കഴിഞ്ഞവരെയാണ് മുന്‍കരുതല്‍ ഡോസ് ഗുണഭോക്താക്കളായി ആദ്യം നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ വാക്സിന്‍ ഡോസുകള്‍ സ്വീകരിച്ച് ആറുമാസം കഴിയുമ്പോള്‍ ഫലപ്രാപ്തി കുറയുന്നുവെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചി (ഐസിഎംആര്‍) ന്റെയും മറ്റ് അന്താരാഷ്ട്ര ഗവേഷണ കേന്ദ്രങ്ങളുടെയും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ദേശീയ സാങ്കേതിക ഉപദേശക സംഘ(എന്‍ടിജിഐ) ത്തിന്റെ ശുപാര്‍ശയെ തുടര്‍ന്ന് മുന്‍കരുതല്‍ ഡോസ് സ്വീകരിക്കാനുള്ള കാലയളവ് കേന്ദ്ര സര്‍ക്കാര്‍ ആറുമാസമായി പുനഃക്രമീകരിച്ചിരുന്നു.

രാജ്യത്ത് ഇതുവരെ 96 ശതമാനത്തിന് കോവിഡ് വാക്സിന്റെ ഒന്നാം ഡോസും 87 ശതമാനത്തിന് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. എന്നാല്‍ വളരെ ചെറിയൊരു ശതമാനം മാത്രമാണ് മൂന്നാം ഡോസ് സ്വീകരിച്ചിട്ടുള്ളത്.

കോവിഡ് മുന്‍കരുതല്‍ വാക്സിന്‍ ഡോസുകളുടെ വിതരണത്തില്‍ ഏറ്റവും പിന്നിലുള്ള രാജ്യം ഇന്ത്യയാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ശരാശരി 100 ഇന്ത്യക്കാരില്‍ 3.2 പേര്‍ക്ക് മാത്രമാണ് വാക്സിന്റെ മൂന്നാം ഡോസ് നല്‍കിയിരിക്കുന്നത്. ആഗോള ശരാശരി 27 ആണ്. നേപ്പാള്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങി രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചിട്ടുള്ളത്.

ബിഎ.2.75 ഇനി സെന്റോറസ് അതിതീവ്ര വ്യാപന ശേഷി

ലണ്ടന്‍: ഒമിക്രോണിന്റെ ഉപവകഭേദമായ പുതിയ ഉപവകഭേദമായ ബിഎ.2.75 ഇനി സെന്റോറസ് എന്നറിയപ്പെടും. ബിഎ.5 ഉപവകഭേദത്തിനേക്കാള്‍ അതിതീവ്ര വ്യാപന ശേഷിയാണ് സെന്റോറസിനുള്ളത്.

ഇന്ത്യയില്‍ ആദ്യമായി സ്ഥിരീകരിച്ച വകഭേദം പിന്നീട് യുകെ, യുഎസ്, ഓസ്ട്രേലിയ, ജര്‍മ്മനി, കാനഡ തുടങ്ങി പത്തിലധികം രാജ്യങ്ങളിലേക്കും വ്യാപിച്ചു.

നിലവില്‍ ആശങ്കയുടെ വകഭേദം എന്ന വിഭാഗത്തിലാണ് യൂറോപ്യന്‍ സെന്റര്‍ ഫോര്‍ ഡിസീസ് പ്രിവെന്‍ഷന്‍ ആന്റ് കണ്‍ട്രോള്‍ (ഇസിഡിസി) സെന്റോറസിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതിതീവ്ര വ്യാപനശേഷി തിരിച്ചറിഞ്ഞതിനാല്‍ ഉപവകഭേദത്തിനെതിരെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വൈറസിന്റെ തീവ്രത, വാക്സിനുകളോടുള്ള പ്രതികരണം, രോഗലക്ഷണങ്ങള്‍ എന്നിവ സംബന്ധിച്ച് ലോകാരോഗ്യ സംഘടനയും കൂടുതല്‍ നിരീക്ഷണങ്ങള്‍ നടത്തിവരുന്നുണ്ട്.

Eng­lish summary;Special vac­cine cam­paign from tomor­row; Reserve dose free

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.