23 November 2024, Saturday
KSFE Galaxy Chits Banner 2

തൊഴിലെവിടെ? തൊഴിൽ നൈപുണ്യം എവിടെ?

ഇന്ന് ലോക യുവജന തൊഴില്‍നൈപുണ്യ ദിനം
Janayugom Webdesk
July 15, 2022 6:00 am

ഇന്ന് ലോക തൊഴിൽ നൈപുണ്യ ദിനമാണ്. യുവജനങ്ങളിൽ തൊഴിൽ ആഭിമുഖ്യം, തൊഴിലധിഷ്ഠിത പഠന വിദ്യാഭ്യാസ രീതികളോട് താല്പര്യം സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ഈ ദിവസം ആഘോഷിക്കുന്നത്. ഇന്ത്യയിൽ ഈ ആഘോഷം വ്യർത്ഥമാണ് എന്ന് നാമെല്ലാവർക്കും അറിയാം. തൊഴിലില്ലായ്മ ആകാശംമുട്ടിനില്ക്കുന്ന നമ്മുടെ രാജ്യത്ത് യുവാക്കളുടെ തൊഴിൽ നൈപുണ്യത്തെക്കാൾ ബിജെപി സർക്കാരിന് താല്പര്യം യുവാക്കളെ കൂലി അടിമകളാക്കി മാറ്റുന്ന മുതലാളിത്ത നവലിബറൽ സംവിധാനത്തോടാണ്. 2014ൽ അധികാരത്തിലേറിയ ബിജെപി സർക്കാരിന്റെ യുവാക്കളോടുള്ള വഞ്ചനയുടെ എട്ടു കൊല്ലങ്ങൾ പൂർത്തിയാകുമ്പോൾ, ലോകത്തിൽ വച്ചുതന്നെ ഏറ്റവും കൂടുതൽ യുവജനങ്ങളുള്ള ഇന്ത്യയിലെ തൊഴിലില്ലായ്മയുടെ സ്ഥിതി മാത്രമല്ല, തൊഴിൽ നൈപുണ്യമില്ലാതാകുന്ന ദുരവസ്ഥയും ചർച്ച ചെയ്യേണ്ടതുണ്ട്. പ്രതിവർഷം അഞ്ചു കോടി തൊഴിലവസരങ്ങൾ വാഗ്ദാനംചെയ്താണ് ബിജെപി അധികാരത്തിൽ പ്രവേശിച്ചത്.

ഇന്നുവരെ ഈ വാഗ്ദാനം പാലിക്കാതെ തൊഴിലില്ലായ്മ സൃഷ്ടിച്ചു എന്നു മാത്രമല്ല, മൂന്ന് വലിയ വഞ്ചനകളാണ് ബിജെപി സർക്കാർ യുവജനങ്ങളോട് ചെയ്തത്. തൊഴിലില്ലായ്മയുടെ കണക്കുകളിൽ കൃത്രിമം കാണിച്ചു എന്നതാണ് ഒന്നാമത്തേത്. നിലനില്ക്കുന്ന തൊഴിലവസരങ്ങൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്നതാണ് മറ്റൊന്ന്. മൂന്നാമത്തേത്, തൊഴിൽ നൈപുണ്യത്തിൽ രാജ്യത്തെ പുറകോട്ട് വലിച്ചു എന്നതും. ഇതിനെല്ലാം വ്യക്തമായ തെളിവുകൾ നമുക്കു ലഭ്യമാണ്.
ഫെബ്രുവരിയിൽ തൊഴിലില്ലായ്മ നിരക്ക് 8.1 ആയിരുന്നുവെങ്കിൽ മാർച്ച് മാസത്തിൽ അത് 7.9 ശതമാനമായി കുറഞ്ഞുവെന്ന് റിപ്പോർട്ടുണ്ടെങ്കിലും ഇതോടൊപ്പം തൊഴിൽനിരക്ക് കുറഞ്ഞ വസ്തുത ഒരു കേന്ദ്ര സർക്കാരോ അവരുടെ കൂലിയെഴുത്തുകാരോ പറയില്ല. തൊഴിൽനിരക്ക് കുറഞ്ഞുവന്നാൽ എന്താണ് അർത്ഥമാക്കുന്നത്? അതിനർത്ഥം തൊഴിൽ തേടുന്നത് ഇല്ലാതായി എന്നാണ്. ഇനി പുതിയ അവസരങ്ങൾ ഇല്ല എന്ന് മനസിലാക്കിയ ലക്ഷക്കണക്കിന് മനുഷ്യർ അന്വേഷണം നിർത്തി തൊഴിൽ കമ്പോളത്തിൽ നിന്ന് പുറത്തുകടന്നു. ഇതോടൊപ്പം നിലനില്ക്കുന്ന തൊഴിൽ നഷ്ടപ്പെട്ടവർ വേറെയും ഉണ്ടെന്ന് ഓർക്കുക. മനുഷ്യരുടെ, പ്രത്യേകിച്ച് യുവാക്കളുടെ ദയനീയസ്ഥിതിയെ മറച്ചുവച്ച് അവരുടെ ഗതികേടിനെ തങ്ങളുടെ മുഖം രക്ഷിക്കാനുള്ള തന്ത്രമാക്കി മാറ്റുകയാണ് കേന്ദ്ര സർക്കാർ.

 


ഇതുകൂടി വായിക്കു; ഭരണപരാജയങ്ങള്‍ക്ക് മറപിടിക്കുന്ന വിദ്യാഭ്യാസ നയം | Janayugom Editorial

 


നിലനില്ക്കുന്ന തൊഴിലവസരങ്ങളെ ബിജെപി സർക്കാർ ഇല്ലാതാക്കുന്നത് ആദ്യം മനസിലാക്കിയത് ഐഎൽഒ (ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ) ആണ്. അവരുടെ 2017ലെ റിപ്പോർട്ടിൽ ഇന്ത്യയിലെ തൊഴിലവസരങ്ങൾ നശിച്ചുപോകാൻ സാധ്യതയുള്ളതാണ് എന്നു പറഞ്ഞിരുന്നു. ഇപ്പോൾ അത് സത്യമായി. അതോടൊപ്പം നിലനില്ക്കുന്ന തൊഴിലവസരങ്ങളെ കോർപറേറ്റുവല്ക്കരിച്ചും അവയെ ഇല്ലാതാക്കാനാണ് ശ്രമം. പൊതുമേഖലകളെ സ്വകാര്യവല്ക്കരിച്ചും അതോടൊപ്പം അഗ്നിപഥ് പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നും തൊഴിലവസരം ഒരു കിട്ടാക്കനിയാക്കി കേന്ദ്ര സർക്കാർ മാറ്റി. രണ്ട് കാരണങ്ങൾ കൊണ്ടാണ് അഗ്നിപഥ് പദ്ധതിക്കെതിരെ വലിയ പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നത്. ഒന്ന്, സേനയിലെ താഴേ റാങ്കിലുള്ള ജോലികളിൽ ഇനി സ്ഥിരനിയമനം ഉണ്ടാകില്ല. രണ്ട്, ഇപ്പോൾ സേനയുടെ സെലക്ഷൻ ഘട്ടം കഴിഞ്ഞവരുടെ ലിസ്റ്റുകൾ റദ്ദ് ചെയ്യപ്പെടും. ഈ പദ്ധതിയെ വൻകിട മുതലാളിമാർ ആദ്യം തന്നെ സ്വാഗതം ചെയ്തത് ശ്രദ്ധിച്ചാൽ മറ്റുള്ള കാര്യങ്ങൾ ഊഹിക്കാവുന്നതേയുള്ളു.

പിആർ വർക്കുകൾ കൊണ്ട് ഉത്സവം നടത്തിയ മോഡി സർക്കാർ വായുവിൽ വരച്ച വരപോലെ ചില പദ്ധതികൾ പ്രഖ്യാപിക്കുന്നുണ്ട്. അവ പ്രധാനമായും സ്കിൽ ഡവലപ്മെന്റ് അഥവാ നൈപുണ്യ വികസനത്തെ ഊന്നിപറയുന്നവയാണ്. എന്നാൽ ഈ പദ്ധതികൾ വിജയം കണ്ടോ എന്നറിയാൻ ചില പരിശോധനകൾ നടത്താം. യുണിസെഫിന്റെ ഒരു റിപ്പോർട്ട് അനുസരിച്ച്, 2030ഓടെ ഇന്ത്യയിലെ 50ശതമാനം യുവാക്കൾക്ക് തൊഴിലിന് ആവശ്യമായ വൈദഗ്ധ്യം ഉണ്ടായിരിക്കില്ല. ഇന്ത്യൻ യുവാക്കളുടെ കഴിവുകൾ ആഗോള ശരാശരിയെക്കാൾ താഴെയാണെന്ന് അത് ചൂണ്ടിക്കാട്ടി. കൊട്ടിഘോഷിച്ച പദ്ധതികൾ എല്ലാം പരാജയപ്പെട്ടുവെന്നു സാരം. യുവാക്കളുടെ സ്വപ്നങ്ങൾ തല്ലിക്കെടുത്തുന്ന ബിജെപി ഭരിക്കുമ്പോൾ തൊഴിൽ നൈപുണ്യ ദിനം ആഘോഷിക്കുന്നത് കോവിഡ് കാലത്ത് നടത്തിയ പുഷ്പവൃഷ്ടി പോലെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.