7 May 2024, Tuesday

Related news

May 4, 2024
May 2, 2024
April 30, 2024
April 28, 2024
April 27, 2024
April 25, 2024
April 24, 2024
April 24, 2024
April 23, 2024
April 22, 2024

കേന്ദ്ര സർക്കാരിന്റെ തിട്ടൂരം; പലതും മിണ്ടരുത്

Janayugom Webdesk
July 14, 2022 10:27 pm

രാജഭരണകാലത്തെ തിട്ടൂരങ്ങളെ ഓർമ്മിച്ച് പാർലമെന്റ് അംഗങ്ങൾക്ക് ഉപയോഗിക്കാവുന്ന വാക്കുകളിൽ നിയന്ത്രണമേർപ്പെടുത്തി മോഡി സർക്കാർ.
ജനാധിപത്യവ്യവഹാരത്തിൽ സാധാരണയായി ഉപയോഗിക്കുന്ന വാക്കുകൾ പോലും ‘അൺപാർലമെന്ററി’ (സഭ്യമല്ലാത്തത്) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തി ലോക്‌സഭാ സെക്രട്ടേറിയറ്റ് സർക്കുലർ ഇറക്കി. പുതിയ നിർദ്ദേശമനുസരിച്ച് ‘അഴിമതിക്കാരൻ’ എന്ന വാക്ക് പോലും മിണ്ടാൻ അംഗങ്ങൾക്ക് അവകാശമില്ല. മോഡി സർക്കാരിന്റെ യഥാർത്ഥ മുഖം തുറന്നുകാട്ടുന്ന വാക്കുകളാണ് വിലക്കിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. പാർലമെന്റിന്റെ വർഷകാല സമ്മേളനം 18ന് ആരംഭിക്കാനിരിക്കേയാണ് വാക്കുകൾക്ക് വിലക്ക്. അഹങ്കാരി, അഴിമതിക്കാരൻ, മുതലക്കണ്ണീർ, ഗുണ്ടായിസം, നാടകം, കാപട്യം, കരിദിനം, കഴിവില്ലാത്തവൻ, അരാജകവാദി, കോവിഡ് പരത്തുന്നവൻ, വഞ്ചകൻ, അപമാനിക്കപ്പെട്ട, ശകുനി, വിനാശകാരി, ഖലിസ്ഥാനി, രാജ്യദ്രോഹി, ലജ്ജാകരം, മന്ദബുദ്ധി, പീഡിപ്പിക്കുന്നവൻ ഉൾപ്പെടെ 65 വാക്കുകൾക്കാണ് വിലക്ക്. ഗദ്ദാർ (ചതിയൻ), കാലാദിൻ (കറുത്തദിനം), ദാദാഗിരി (വിരട്ടൽ), നികമ്മ (പ്രയോജനമില്ലാത്തത്) തുടങ്ങിയ ഹിന്ദി വാക്കുകളും ഉൾപ്പെടുന്നു. 

ലോക്‌സഭാ സെക്രട്ടേറിയറ്റ് ഇരുസഭകൾക്കും അൺപാർലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. ചർച്ചക്കിടെ പ്രസ്തുത വാക്കുകൾ ഉപയോഗിച്ചാൽ നീക്കം ചെയ്യും. എന്നാൽ വാക്കുകളും പ്രയോഗങ്ങളും നീക്കം ചെയ്യുന്നതിൽ രാജ്യസഭാ ചെയർമാനും ലോക്‌സഭാ സ്പീക്കറുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. പുതുതായി ഉൾപ്പെടുത്തിയ ചില വാക്കുകളും സൂചനകളും മറ്റ് ചില രാജ്യങ്ങളിലും അൺപാർലമെന്ററിയായി പ്രഖ്യാപിച്ചിട്ടുള്ളതാണെന്ന് സെക്രട്ടേറിയറ്റ് അവകാശപ്പെടുന്നു.
എന്നാൽ വാക്കുകൾ വിലക്കുന്നത് സർക്കാരിനെ വിമർശിക്കുന്നതിനെ തടസപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമർശിച്ചു. സഭ്യേതരമായ വാക്കുകളെന്ന പേരിലുള്ള കൈപ്പുസ്തകമുണ്ടാക്കുന്നതിന് സഭ്യേതരമായ വഴിയാണ് അധികാരികള്‍ സ്വീകരിച്ചതെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം കുറ്റപ്പെടുത്തി. എല്ലാവരും ചില മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഇടമാണ് പാര്‍ലമെന്റ്. പാര്‍ട്ടികള്‍, പ്രത്യേകിച്ച് ഭരണകക്ഷി അത് മനസിലാക്കണം. ചൂരലും പുസ്തകവും ഉപയോഗിക്കേണ്ട പ്രാഥമിക ക്ലാസ് മുറിയല്ല പാര്‍ലമെന്റെന്നും ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. 

‘പുതിയ ഇന്ത്യയുടെ പുതിയ നിഘണ്ടു’ എന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ’ വഞ്ചകർ, അഴിമതി, കാപട്യം, കഴിവുകെട്ടവൻ ഈ വാക്കുകളെല്ലാം ഉപയോഗിക്കും, ജനാധിപത്യത്തിന് വേണ്ടി പോരാടും, എന്നെ പുറത്താക്കട്ടെ’ ടിഎംസി നേതാവ് ഡെറിക് ഒബ്രിയാൻ പറഞ്ഞു. ‘സംഘി’ എന്ന വാക്ക് പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മൊയിത്ര പ്രതികരിച്ചു. ‘അതിശയകരമായിരിക്കുന്നു മോഡിജി’ എന്ന് മാത്രം പറയാൻ അനുവദിക്കുന്ന കാലം സത്യമാകുകയാണെന്ന് ശിവസേന നേതാവ് പ്രിയങ്ക ചതുർവേദി വിമർശിച്ചു.
അതേസമയം പാര്‍ലമെന്റില്‍ വാക്കുകളൊന്നും നിരോധിച്ചിട്ടില്ലെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. സഭയുടെ രേഖകളില്‍ നിന്ന് നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം മാത്രമാണ് ബുക്ക്‌ലെറ്റ് എന്നും സ്പീക്കര്‍ പറഞ്ഞു. 

Eng­lish Summary:Central Gov­ern­ment banned set of words
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.