കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ അനിയന്ത്രിതമായ സ്വകാര്യവല്ക്കരണത്തിന്റെയും വിവിധ വിദ്യാർത്ഥി വിരുദ്ധ നടപടികളുടെയും പട്ടികയിലെ പുതിയ പേരാണ് സെൻട്രൽ യൂണിവേഴ്സിറ്റീസ് എൻട്രൻസ് ടെസ്റ്റ് (സിയുഇടി). കേന്ദ്ര സർക്കാരിന് കീഴിലുള്ള 45 സർവകലാശാലകളിൽ ബിരുദ പ്രവേശനത്തിന് ഒറ്റത്തവണ പരീക്ഷ നടത്താനും അതിലൂടെ മെറിറ്റ് ലിസ്റ്റ് അനുസരിച്ച് ഏത് കേന്ദ്ര സർവകലാശാലയിലും പ്രവേശനം നേടാനും ഇതിലൂടെ സാധിക്കുന്നു. പ്രത്യക്ഷത്തിൽ പലരും ഈ ടെസ്റ്റ് ഒരു ‘അത്യാവശ്യ നടപടി’ ആയി തിരിച്ചറിയുകയും അതിന് അനുകൂലമായി വിവിധ വാദങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ നീക്കം യഥാർത്ഥത്തിൽ വിദ്യാർത്ഥികൾ തമ്മിലുള്ള വിടവ് നികത്താനാണോ അതോ പലമടങ്ങ് വർധിപ്പിക്കാനാണോ ഉപകരിക്കുക? ഈ സാഹചര്യത്തിൽ, സിയുഇടിയെക്കുറിച്ചുള്ള വ്യത്യസ്ത അഭിപ്രായങ്ങൾ മനസിലാക്കേണ്ടതും തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ വീക്ഷണകോണിൽ നിന്ന് പരിശോധിക്കേണ്ടതും ആവശ്യമാണ്.
ഈ പ്രവേശന പരീക്ഷയിൽ എൻസിഇആർടി നിർദ്ദേശിച്ച സിലബസ് പിന്തുടരുമെന്നാണ് പ്രാഥമിക പ്രഖ്യാപനം; ഇതിനർത്ഥം സിബിഎസ്ഇ ബോർഡിലെ വിദ്യാർത്ഥികൾ ആ സിലബസ് പഠിക്കുന്നു എന്നാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള ഓരോ സ്കൂൾ ബോർഡുകൾക്കും അതിന്റേതായ സിലബസുകളുണ്ട്. അതിനാൽ ആ സ്കൂളുകളിലെയെല്ലാം വിദ്യാർത്ഥികൾക്ക് രണ്ട് സിലബസുകൾ പഠിക്കേണ്ടത് സ്വാഭാവിക ആശയക്കുഴപ്പം സൃഷ്ടിക്കും. രാഷ്ട്രത്തിന്റെ ഫെഡറൽ ഘടനയെ കേന്ദ്ര സർക്കാർ ആവർത്തിച്ച് ആക്രമിക്കുകയാണ്. വിദ്യാഭ്യാസമേഖലയിലെ സംഘർഷം യഥാർത്ഥത്തിൽ വിദ്യാർത്ഥികളെ ദോഷകരമായി ബാധിക്കും. സംസ്ഥാന ബോർഡിന് കീഴിലുള്ള സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളിൽ വലിയൊരു വിഭാഗവും ഗ്രാമീണ‑തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവരോ നഗരങ്ങളിലെ ചേരികളിലെ തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ള പാർശ്വവല്ക്കരിക്കപ്പെട്ട വിഭാഗങ്ങളിൽ നിന്നുള്ള കുട്ടികളോ ആണ്. അതിനാൽ സ്റ്റേറ്റ് ബോർഡ് സ്കൂളുകളോടുള്ള വിവേചനം ഏറ്റവും കൂടുതൽ കഷ്ടപ്പെടുത്തുക ഇത്തരം വിദ്യാർത്ഥികളെ ആയിരിക്കും.
സിയുഇടി വഴി, നീറ്റ്/ജെഇഇ രൂപത്തിൽ ഒരു പ്രത്യേക മൂല്യനിർണയം ക്രമീകരിക്കുന്നു, ഇത് ഒരു കേന്ദ്രീകൃത നിയുക്ത ബോർഡ് നിയന്ത്രിക്കും. എന്നാൽ ഈ പരീക്ഷയിൽ പങ്കെടുക്കാൻ വിവിധ സംസ്ഥാന ബോർഡുകളിൽ പഠിച്ച, വിവിധ സാമ്പത്തിക, ഭൂമിശാസ്ത്ര, സാമൂഹിക സാഹചര്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ തമ്മിലുള്ള ഏകീകൃത മത്സരം ന്യായമായിരിക്കുമോ? ഝാർഖണ്ഡിലെ ആദിവാസി മേഖലയിൽ നിന്നുവരുന്ന ഒരു വിദ്യാർത്ഥിയുടെ വിദ്യാഭ്യാസ നിലവാരവും സാഹചര്യവും ഡൽഹിയിലോ കൊച്ചിയിലോ ഉള്ള ഉയർന്ന ജാതിയിൽ നിന്നുള്ള മിഡിൽ ക്ലാസ് (മധ്യവർഗ) കുടുംബത്തിലെ ഒരു വിദ്യാർത്ഥിയുടേതും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്നത് നിഷേധിക്കാനാവില്ല. അസമമായ വികസനം (അണ്‍ ഈവെൻ ഡെവലപ്മെന്റ്) അരങ്ങേറുന്ന ഈ രാജ്യത്ത് എല്ലാവർക്കും തുല്യ അവസരങ്ങൾ എന്നത് ഒരു സങ്കല്പം മാത്രമാണ്. വിദ്യാഭ്യാസ ലഭ്യതയ്ക്ക് അടിസ്ഥാന സൗകര്യങ്ങൾ വലിയ പങ്കുവഹിക്കുന്നതിനാൽ, വിദ്യാഭ്യാസം എന്നത് അവകാശം എന്നതിനെക്കാൾ ഒരു കുറഞ്ഞ വരേണ്യ വിഭാഗത്തിന്റെ പ്രത്യേകാവകാശം എന്നതായി മാറുന്നു. അതിനാൽ, ഇത്തരം അസമത്വങ്ങളെല്ലാം മനഃപൂർവം അവഗണിച്ചുകൊണ്ടുള്ള ‘ഒരൊറ്റ മത്സരത്തിൽ’ പാർശ്വവല്ക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ അത് മുൻകൂറായി പുറംതള്ളുന്നു.
മറ്റൊരു പ്രശ്നം സർവകലാശാലകളുമായി ബന്ധപ്പെട്ടതാണ്. വ്യത്യസ്ത സർവകലാശാലകളുടെ കാര്യത്തിൽ, ഓരോന്നിനും അതിന്റേതായ പ്രവേശന സംവിധാനവും പ്രവേശന പരീക്ഷാ സംവിധാനവുമുണ്ട്. പല സർവകലാശാലകളിലും (ജെഎൻയു, ജാമിയ മുതലായവ) ചില ന്യൂനപക്ഷ വംശങ്ങളിലും മതങ്ങളിലും ലിംഗഭേദങ്ങളിലും പെട്ട വിദ്യാർത്ഥികൾക്ക് സംവരണ സംവിധാനമുണ്ട്. ഇത് ഓരോ സർവകലാശാലയ്ക്കും അവരുടെ പരമാധികാരത്തിനനുസരിച്ച് വ്യത്യസ്തമാണ്, ഇവയെല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാനുള്ള ശ്രമം വഴി ന്യൂനപക്ഷങ്ങളുടെ സംവരണാവകാശത്തെ ഇല്ലാതാക്കുന്നു. എന്ത് പഠിക്കണം എന്നതിനു പുറമെ, എവിടെ ആര് പഠിക്കണം എന്ന് സവർണാധികാര താല്പര്യങ്ങളുടെ അടിസ്ഥാനത്തിൽ ഭരണകൂടം തീരുമാനിക്കുന്നത് ആശങ്കാജനകമാണ്. സമ്പൂർണ സവർണാധിപത്യത്തിലേക്ക് ലോകോത്തര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ടുവരിക എന്ന സംഘ്പരിവാർ അജണ്ട സിയുഇടിയിലൂടെ പ്രാവർത്തികമാക്കാൻ സാധിക്കുന്നു. പ്രവേശനം നിയന്ത്രിക്കുക വഴി അടിസ്ഥാനവർഗങ്ങളുടെയും ന്യൂനപക്ഷങ്ങളുടെയും സാമൂഹിക, സാമ്പത്തിക ഉന്നമനത്തിനും ജീവിതസുരക്ഷയ്ക്കുമുള്ള അവസരങ്ങൾ കൂടിയാണ് നിഷേധിക്കപ്പെടുന്നത്.
സിയുഇടി ആരംഭിക്കുമ്പോൾ ഉടൻ ആരംഭിക്കുന്ന മറ്റൊന്ന് സ്വകാര്യ സംരംഭങ്ങളുടെ കുതിപ്പാണ്. നീറ്റ്/ജെഇഇയുടെ കാര്യത്തിൽ, പരീക്ഷ അതിജീവിക്കാൻ പരീക്ഷാർത്ഥികൾ അധിക കോച്ചിങ് എടുക്കാൻ നിർബന്ധിതരാകുന്നതെങ്ങനെയെന്ന് നാം കാണുന്നതാണ്. വിദ്യാർത്ഥികളുടെ സഹായത്തോടെ രാജ്യത്തെ വിവിധ നഗരങ്ങളിൽ കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ അനിയന്ത്രിതമായ ബിസിനസ് ആരംഭിച്ചു. കൊൽക്കത്ത, ഡൽഹി, മുംബൈ, കൊച്ചി എന്നിവയുൾപ്പെടെ എല്ലാ പ്രധാന നഗരങ്ങളിലും ഒന്നിലധികം കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ ഉയർന്നുവന്നിട്ടുണ്ട്. സിയുഇടിയുടെ വിവിധ ബോർഡുകളിലെ വിദ്യാർത്ഥികൾ തമ്മിലുള്ള അസമമായ മത്സരം ഈ സ്വകാര്യ വിദ്യാഭ്യാസ വ്യവസായികൾക്കെല്ലാം മുന്നിൽ ലാഭത്തിന്റെ വിശാലമായ വിപണി തുറക്കുന്നു. ഇതിനകം തന്നെ, ബൈജൂസ് പോലുള്ള സ്വകാര്യ കമ്പനികൾ കഴിഞ്ഞ കുറച്ച് വർഷങ്ങളായി സ്വകാര്യ ഡിജിറ്റൽ വിദ്യാഭ്യാസ വിപണി കയ്യടക്കിയിട്ടുണ്ട്, പ്രത്യേകിച്ചും വിദ്യാർത്ഥി വിരുദ്ധ ലോക്ഡൗണുകൾ ചൂഷണം ചെയ്തുകൊണ്ട്. എല്ലാ വർഷവും മെഡിക്കൽ/എന്‍ജിനീയറിങ് പരീക്ഷാർത്ഥികളുടെ എണ്ണം എത്രയാണെങ്കിലും തുക കൂടുതലായിരിക്കും. ഇപ്പോൾ അവർ സിയുഇടിക്കായി സ്വന്തം കോച്ചിങ് കോഴ്സ് പ്രഖ്യാപിച്ചു. 60,000 രൂപ വാർഷിക ചെലവിൽ വിദ്യാർത്ഥികളെ സിയുഇടിക്ക് തയാറാക്കും. രണ്ട് ലക്ഷം സീറ്റുകൾക്കു വേണ്ടി 20ലക്ഷം പേരാണ് തയാറെടുക്കുന്നത്. പഠനമികവിനെക്കാൾ കുടുംബത്തിന്റെ സാമ്പത്തികശേഷി അനുസരിച്ചായിരിക്കും പ്രവേശനം. ചൂഷണത്തിൽ അധിഷ്ഠിതമായ ഈ സമാന്തര വിദ്യാഭ്യാസ ശൃംഖലയെ പരോക്ഷമായി പിൻതാങ്ങുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. സാമ്പത്തിക പ്രതിസന്ധിയുടെയും വിലക്കയറ്റത്തിന്റെയും പശ്ചാത്തലത്തിൽ, പ്രവേശന പരീക്ഷാ ട്യൂഷനുള്ള ഈ ചെലവ് വഹിക്കാൻ ഉയർന്ന, ഇടത്തരം കുടുംബങ്ങൾക്ക് മാത്രമെ സാധ്യമാകൂ. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മിക്ക വിദ്യാർത്ഥികളും മത്സരത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ പുറംതള്ളപ്പെടുന്നു.
(എഐഎസ്എഫ് എറണാകുളം ജില്ലാ കമ്മിറ്റി
അംഗവും കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത
സർവകലാശാലയിലെ ബിരുദാനന്തര ബിരുദ
വിദ്യാർത്ഥിയുമാണ് ലേഖകന്‍)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.