22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 18, 2024
November 4, 2024
October 30, 2024
October 27, 2024
October 23, 2024
October 19, 2024
October 18, 2024
October 14, 2024
October 11, 2024

ശിവസേനയിലെപിളര്‍പ്പ്: 12 എംപിമാര്‍ ഷിന്‍ഡെപക്ഷത്തിനൊപ്പം, പിന്നില്‍ ഉദ്ദവിനോടുള്ള ബിജെപിയുടെ പക

Janayugom Webdesk
July 19, 2022 4:23 pm

ശിവസേനയിലുണ്ടായ പിളര്‍പ്പ് ലോക്സഭാ അംഗങ്ങളിലേക്കും, വിമത നേതാവ് ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹാരാഷട്രയില്‍ അധികാരത്തില്‍ വന്നതിനു പിന്നാലെയാണ് ലോക്സഭാ അംഗങ്ങളും ഷിന്‍ഡെക്കൊപ്പം നീങ്ങുന്നത്. തുടര്‍ച്ചയായി നേതാക്കളെല്ലാം പാര്‍ട്ടി വിട്ട് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേരുകയാണ്. പന്ത്രണ്ടോളം സേന എംപിമാരും അടുത്തതായി വിമത ക്യാമ്പിനൊപ്പം ചേരാന്‍ ഒരുങ്ങുകയാണ്. ബിജെപിയുടെ വന്‍ നീക്കങ്ങളാണ് ഇതിന് പിന്നിലെന്ന് ഉറപ്പായിരിക്കുകയാണ്. ഉദ്ധവിനെ ഒറ്റപ്പെടുത്തി രാഷ്ട്രീയത്തില്‍ ഒന്നുമല്ലാതാക്കാനുള്ള നീക്കമാണ് ഷിന്‍ഡെയെ വെച്ച് ബിജെപി നടത്തുന്നത്.

ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസിന് ഇതില്‍ നിര്‍ണായക പങ്കുണ്ടെന്നു പറയപ്പെടുന്നു. എന്നാല്‍ പ്രത്യക്ഷത്തില്‍ ബിജെപിയുടെ ഒരു സാന്നിധ്യം പോലും കാണാന്‍ സാധിക്കില്ല. എന്നാല്‍ ശിവസേനയിലെ പിളര്‍പ്പിനു പിന്നില്‍ സഞ്ജയ് റാവത്താണെന്നു ശിവസേനയിലെ വിമത എംഎല്‍എമാരും, ബിജെപി നേതൃത്വവും പറയുന്നത്. മഹാവികാസ് അഗാഡിയുടെ രണ്ടരവര്‍ഷത്തെ ഭരണത്തില്‍ നിറഞ്ഞ് നിന്ന ഏക നേതാവും റാവത്താണെന്നാണ് ഇക്കൂട്ടരുടെ അഭിപ്രായവും, ശിവസേനയെ ഇങ്ങനെ തകര്‍ത്ത് ദുര്‍ബലമാക്കിയത് സഞ്ജയ് റാവത്താണെന്ന് ഇപ്പോള്‍ നേതാക്കള്‍ പറയുന്നത്. . എംഎല്‍എമാരെ രണ്ട് തട്ടിലായി വിഭജിച്ചതും റാവത്തിന്റെ തീരുമാനങ്ങളാണെന്ന് ശിവസേന എംഎല്‍എമാര്‍ ആരോപിക്കുന്നു.

സഞ്ജയ് റാവത്ത് 2019 വരെ രാഷ്ട്രീയത്തിലെ വലിയ നേതാവായിട്ടല്ല അറിയപ്പെട്ടിരുന്നത്. പ്രധാനമായും ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ ലേഖനങ്ങളുടെ പേരിലാണ് റാവത്ത് അറിയപ്പെട്ടിരുന്നത്. എന്നാല്‍ ആ വര്‍ഷം തന്നെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം റാവത്ത് പാര്‍ട്ടിയിലെ രണ്ടാമനായി. ശിവസേന മുഖ്യമന്ത്രി പദത്തിന്റെ പേരില്‍ ബിജെപിയുമായി ഇടഞ്ഞപ്പോള്‍ സഖ്യം വിടാന്‍ വേണ്ടി പ്രവര്‍ത്തിച്ചവരില്‍ മുന്നില്‍ സഞ്ജയ് റാവത്തുണ്ടായിരുന്നു. 2004ലാണ് റാവത്ത് ആദ്യമായി രാജ്യസഭയിലെത്തുന്നത്. ആ വര്‍ഷം തന്നെ പാര്‍ട്ടിയുടെ ചീഫ് വിപ്പായി അദ്ദേഹം മാറി. രാജ്യസഭയിലെ തീപ്പൊരി പ്രസംഗം റാവത്തിനെ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. എതിരാളികളുടെ ശ്രദ്ധ പോലും റാവത്തിന്റെ പ്രസംഗത്തിലായിരുന്നു. ശിവസേനയിലെ സുപ്രധാനികളെല്ലാം റാവത്തിന്റെ പ്രസംഗത്തിന്റെ ആരാധകരായിരുന്നു. തലസ്ഥാന നഗരിയില്‍ ശിവസേനയുടെ മുഖമായി അദ്ദേഹം മാറുകയും ചെയ്തു.

പാര്‍ട്ടിയെ എന്‍സിപിയുമായി ചേര്‍ത്ത് കഥകഴിക്കാനാണ് റാവത്തിന്റെ പ്ലാനെന്ന് വിമതര്‍ പറയുന്നു. വായില്‍ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞ് ഉദ്ധവിനെ വഴിതെറ്റിക്കുന്നതും റാവത്താണെന്ന് ഇവര്‍ പറയുന്നു. വിമതരെ മോശമായ ഭാഷയിലാണ് റാവത്ത് അധിക്ഷേപിച്ചതെന്നും ആരോപണമുണ്ട്. ശവങ്ങളെന്നും, പോത്തുകളെന്നും വരെ വിളിച്ചെന്നാണ് ആരോപണം. ഞങ്ങളുടെ വോട്ടുകള്‍ കൊണ്ടാണ് എംപിയായത് എന്ന് റാവത്ത് ആലോചിക്കണമെന്ന് അവര്‍ പറയുന്നു. വിമതരുമായി സംസാരിക്കാന്‍ ഉദ്ധവ് തയ്യാറായിരുന്നു. എന്നാല്‍ റാവത്ത് അത് തകര്‍ത്തുവെന്നാണ് വിമത എംഎല്‍എമാര്‍ ആരോപിക്കുന്നു.ശിവസേനയ്ക്ക് പതിനെട്ട് ലോക്‌സഭാ എംപിമാരാണ് ഉള്ളത്. ഇതില്‍ പന്ത്രണ്ട് പേരും ഷിന്‍ഡെ പക്ഷത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഇവര്‍ വിമത വിഭാഗവുമായി നിരന്തരം ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ ഇവരെ ഒപ്പം കൂട്ടാന്‍ പച്ചക്കൊടി വീശിയിട്ടുണ്ട്. 

നിലവില്‍ ഈ പന്ത്രണ്ട് എംപിമാരും ദില്ലിയിലാണ്. ഏക്‌നാഥ് ഷിന്‍ഡെയും ദില്ലിയിലെത്തിയിട്ടുണ്ട്. മുതിര്‍ന്ന ബിജെപി നേതാക്കളെ കാണാനാണ് അദ്ദേഹമെത്തിയത്. ദില്ലിയിലേക്ക് ഷിന്‍ഡെയുടെ രണ്ടാമത്തെ സന്ദര്‍ശനമാണിത്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ വീഴാതിരിക്കാനും ശിവസേന പിളരാതിരിക്കാനും ഏതറ്റം വരെയും പോകാന്‍ ഉദ്ധവ് താക്കറെ തയ്യാറായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ബിജെപി ക്യാമ്പിലേക്ക് വരെ വിളികള്‍ പോയിരുന്നതായിട്ടാണ് വിവരം. എന്നാല്‍ അവിടെ സംഭവിച്ച കാര്യങ്ങള്‍ ഉദ്ധവിനെയും ബിജെപിയെയും രണ്ട് തട്ടിലാക്കി മാറ്റിയിരിക്കുകയാണ്. ഇനിയൊരിക്കലും ബിജെപിയുമായി ചേരാന്‍ പറ്റാത്ത തരത്തിലുള്ള സംഭവങ്ങളും ഇക്കാര്യത്തില്‍ സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം ഉദ്ധവോ ശിവസേനയിലെ നേതാക്കളോ ഇക്കാര്യങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. പക്ഷേ ബിജെപിയുടെ മനസ്സില്‍ പകയുണ്ടെന്ന് നേതാക്കള്‍ പറയുന്നു.019ല്‍ ഉദ്ധവ് താക്കറെയെ ബിജെപിയുടെ കേന്ദ്ര നേതൃത്വം ഇതുപോലെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. അന്ന് ഒരു ചര്‍ച്ചയും വേണ്ടെന്ന് പറഞ്ഞ് പിരിഞ്ഞതാണ് ഉദ്ധവ് താക്കറെ.

അതാണ് ഇപ്പോള്‍ പകരം വീട്ടലിലെത്തിയത്. ശിവസേനയെ ഒപ്പം വേണം. എന്നാല്‍ ഉദ്ധവിനെ ആവശ്യമില്ലെന്ന നിലപാടാണ് ബിജെപി സ്വീകരിച്ചത്. അടുത്തിടെ ഉദ്ധവിനൊപ്പമുള്ള എംപിമാര്‍ രാഷ്ട്രീയ സാഹചര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തിയിരുന്നു. ബിജെപിയുമായി മധ്യസ്ഥ ശ്രമത്തിന് ഇവരെയാണ് ഉദ്ധവ് ഏല്‍പ്പിച്ചത്. എന്നാല്‍ ഇവര്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ചയ്ക്ക് ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. ബിജെപി കേന്ദ്ര നേതൃത്വം ഈ എംപിമാരെ പരിഗണിക്കുക പോലും ചെയ്തില്ല. ഉദ്ധവിന്റെ ഭാര്യ രശ്മി താക്കറെയുടെ സന്ദേശവുമായി ചില ശിവസേന പ്രവര്‍ത്തകര്‍ ഏക്‌നാഥ് ഷിന്‍ഡെയെ കാണാന്‍ ചെല്ലുകയും ചെയ്തു. എന്നാല്‍ ഉദ്ധവുമായി യാതൊരു ഒത്തുതീര്‍പ്പിനും ഷിന്‍ഡെ തയ്യാറല്ല. കാരണം ബിജെപി നേതൃത്വത്തില്‍ നിന്ന് അതിന് അനുമതി ഇല്ലെന്നാണ് ഷിന്‍ഡെ അറിയിച്ചത്.ജൂലായ് എട്ടിനും ഒന്‍പതിനുമായുള്ള കൂടിക്കാഴ്ച്ചയ്ക്കായി നേരത്തെ ഷിന്‍ഡെയും ദേവേന്ദ്ര ഫട്‌നാവിസും ദില്ലിയിലെത്തിയിരുന്നു. ധൈര്യഷീല്‍ സംബാജിറാവു മാനെ, സദാശിവ് ലോഖണ്ഡെ, ഹേമന്ദ് ഗോഡ്‌സെ, ഹേമന്ദ് പാട്ടീല്‍, രാജേന്ദ്ര ഗവിത്, സഞ്ജയ് മണ്ഡ്‌ലിക്, ശ്രീകാന്ത് ഷിന്‍ഡെ, ശ്രീരംഗ് ബാര്‍നെ, രാഹുല്‍ ഷെവാലെ, പ്രതാപ്‌റാവു ഗണപത്‌റാവു ജാദവ്, ക്രുപാല്‍ തുമാനെ, ഭാവന ഗവ്‌ലി എന്നിവരാണ് ഷിന്‍ഡെ പക്ഷത്തേക്ക് മാറാന്‍ തയ്യാറെടുത്തിരിക്കുന്ന പന്ത്രണ്ട് പേര്‍. മുംബൈയിലെ ശിവസേന എംഎല്‍എമാരുമായിഷിന്‍ഡെ പക്ഷം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ഷിന്‍ഡെയെ ശിവസേനയുടെ നേതാവായും തിരഞ്ഞെടുത്തു. ശിവസേനയുടെ പതിനാല് എംഎല്‍എമാര്‍ പുതിയ എക്‌സിക്യൂട്ടീവ് അംഗങ്ങളെ നിയമിക്കുന്നതിന് പ്രമേയം കൊണ്ടുവന്നു. ഉദ്ധവിനെ പിന്തുണച്ചവരാണിത്. പാര്‍ട്ടി പൂര്‍ണമായും ഷിന്‍ഡെയ്ക്ക് കീഴിലായിരിക്കുകയാണ്. അതേസമയം നൂറിലധികം പുതിയ ഓഫീസ് ജീവനക്കാരെ ഉദ്ധവ് നിയമിച്ചിട്ടുണ്ട്. മുംബൈ, പാല്‍ഗഡ്, യവത്മല്‍, അമരാവതി, എന്നീ ജില്ലകളിലാണ് ഈ നിയമനം. പാര്‍ട്ടിയുടെ സംഘടനാ അടിത്തറ കെട്ടിപ്പടുക്കുകയാണ് ഉദ്ധവ്. ബിഎംസപബി തിരഞ്ഞെടുപ്പിന് മുമ്പ് കരുത്ത് തെളിയിക്കുകയാണ് ഉദ്ധവിന്റെ ലക്ഷ്യം. അതേസമയം ഉദ്ധവ് പക്ഷത്തിന് നിന്ന് വിട്ടുപോകാന്‍ ഒരുങ്ങുന്ന പന്ത്രണ്ട് എംപിമാര്‍ക്കും വൈ കാറ്റഗറി സുരക്ഷ ഒരുക്കിയിരിക്കുകയാണ് കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍. ഇവരുടെ വീടുകളിലും ഓഫീസുകളിലും പാരാമിലിട്ടറിയാണ് സുരക്ഷ ഒരുക്കുക. ഓണ്‍ലൈന്‍ യോഗത്തിന് ശേഷമാണ് തീരുമാനമായത്.

ഇന്ന് തന്നെ പന്ത്രണ്ട് എംപിമാരും സ്പീക്കര്‍ ഓം ബിര്‍ളയെ കാണുമെന്നാണ് സൂചന. പുതിയ വിപ്പിനെയും ഗ്രൂപ്പ് നേതാവിനെയും പ്രഖ്യാപിക്കാന്‍ അഭ്യര്‍ത്ഥിക്കുക. ഷിന്‍ഡെ ഗ്രൂപ്പിന് രാഹുല്‍ ഷെവാലെ ഗ്രൂപ്പ് നേതാവാകണമെന്നാണ് ആഗ്രഹം്. ഭാവന ഗവ്‌ലി ചീഫ് വിപ്പാകണമെന്നുമാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. ഷിന്‍ഡെ ഈ പന്ത്രണ്ട് എംപിമാരെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു. ഭാവന ഗവ്‌ലി നേരത്തെ ബിജെപിയുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന് ഉദ്ധവിന് കത്തയച്ചിരുന്നു. അതുപോലെ രാഹുല്‍ ഷെവാലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിനെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

അതേസമയം രണ്ട് സീനിയര്‍ മന്ത്രിമാരെയും മുന്‍ മന്ത്രിമാരെയും ശിവസേനയില്‍ നിന്ന് ഉദ്ധവ് പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് പുറത്താക്കിയത്. രാംദാസ് കദം, മുന്‍ കേന്ദ്ര മന്ത്രി ആനന്ദ്‌റാവു അദ്‌സുല്‍ എന്നിവരെയാണ് പുറത്താക്കിയത്. നേരത്തെ രാംദാസ് കദമിന്റെ മകന്‍ യോഗേഷ് ഷിന്‍ഡെ ക്യാമ്പിനൊപ്പം ചേര്‍ന്നിരുന്നു.

Eng­lish Sum­ma­ry: Shiv Sena split: 12 MPs with Shin­de­pak­sha, BJP’s grudge against Uddhav behind

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.