19 December 2024, Thursday
KSFE Galaxy Chits Banner 2

പ്രകാശനൊപ്പം ഷഹദും പറന്നു.…തന്റെ സ്വപ്നത്തിലേക്ക്

മഹേഷ് കോട്ടയ്ക്കൽ
July 24, 2022 7:00 am

ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ പ്രേക്ഷകർ ഹൃദയത്തിലേറ്റിയ പ്രകാശൻ പറക്കട്ടെ ചിത്രത്തിന്റെ സംവിധായകൻ ഷഹദ് സിനിംയും ജീവിതത്തെയും പറ്റി സംസാരിക്കുന്നു…

സ്വന്തം സംവിധാനത്തിൽ ഒരു സിനിമ

ഏതൊരു സിനമാക്കാരനെ പോലെയും എന്റെയും വലിയൊരു സ്വപ്നമായിരുന്നു സ്വന്തം സംവിധാനത്തിൽ സിനിമ ഇറങ്ങുകയെന്നത്. ഒത്തിരി വർഷത്തെ കാത്തിരിപ്പിന്റെയും പ്രയത്നത്തിന്റെയും ഫലമാണ് ‘പ്രകാശൻ പറക്കട്ടെ’ എന്ന ചിത്രം. സ്വന്തമായി സിനിമ ഇറക്കാൻ സാധിച്ചതിലും അതിലുപരി പ്രേക്ഷകർ അത് ഹൃദയത്തോട് ചേർത്ത് പിടിച്ചതിലും പറഞ്ഞാൽ തീരാത്തത്ര സ്വന്തോഷത്തിലാണ്.

കഥാപത്രങ്ങൾ

കോവിഡ് കാലഘട്ടത്തിലാണ് ധ്യാൻ ചേട്ടൻ വിളിച്ച് ചിത്രത്തിന്റെ സബ്ജക്ടിനെ കുറിച്ച് സംസാരിക്കുന്നത്. കഥയുടെ ഒഴുക്കിനൊപ്പം ഞങ്ങൾ രണ്ട് പേരും ചർച്ച ചെയ്ത് ഒരോ കഥാപാത്രങ്ങളെയും മനസ്സിൽ കണ്ടാണ് ഒരോ രംഗങ്ങളും ചിത്രത്തിൽ ഉൾപ്പെടുത്തിയത്. ദിലീഷ് ചേട്ടന്റെയും, നിഷ ചേച്ചിയുടെയും സ്വഭാവികമായ അഭിനയങ്ങളെല്ലാം ചിത്രത്തിന് തീർത്തും അനുയോജ്യമാകുമെന്നത് തുടക്കത്തിലെ ഞങ്ങൾക്ക് ഉറപ്പായിരുന്നു. മാത്യു അടക്കം ഉള്ളവരുടെ അഭിനയം ചിത്രത്തിൽ സ്വാഭാവികത അല്ലെങ്കിൽ നാച്ചുറലായി. പ്രേക്ഷകർക്ക് ഫീൽ ചെയ്യണമെന്നുണ്ടായിരുന്നു. അതിൽ ഞങ്ങൾ വിജയിച്ചു. ഷൂട്ടിങ്ങ് വേളയിൽ തന്നെ എല്ലാവരും കഥാപാത്രങ്ങളെ വളരെ ഭംഗിയായി ചെയതിരുന്നു.

 

അച്ഛനായി ദിലീഷ് പോത്തൻ

ദിലീഷ് ഏട്ടനാണ് മാത്യുവിനെ കുമ്പളങ്ങി നെറ്റിസിലൂടെ സിനിമയിലേക്ക് കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ അവര് തമ്മിലുള്ള പരിചയം ചിത്രത്തിന് ഏറെ ഗുണകരമായി. നല്ല കോമ്പിനേഷനേഷനായിരുന്നു അത്. ദിലീഷ് ഏട്ടൻ മികച്ച സംവിധാനയകൻ എന്നതിലുപരി മികച്ച ഒരു അഭിനേതാവു കൂടിയാണ്. ഏത് രംഗങ്ങളിലും സംവിധായകൻ എന്ന നിലയിൽ ഞാൻ പ്രേക്ഷകരിലേക്കെത്തിക്കാൻ ഉദ്ദേശിച്ചതെല്ലാം അദ്ദേഹം വളരെ ഭംഗിയായി എത്തിച്ചു. ഷൂട്ടിങ് സമയത്ത് തന്നെ അദ്ദേഹത്തിന്റെ അഭിനയങ്ങൾ ഞാൻ ഏറെ ആസ്വദിച്ചിരുന്നു.

ഏട്ടൻ അനിയൻ കോമ്പിനേഷൻ

ചിത്രത്തിന്റെ ഒരു നട്ടെല്ലെന്ന് പറയുന്നത് ഏട്ടൻ അനിയൻ‍ കോമ്പിനേഷനാണ്. ചിത്രത്തിന്റെ ചർച്ച നടക്കുമ്പോള്‍ തന്നെ ഏട്ടനായി മാത്യുവിനെ തന്നെയാണ് കണ്ടിരുന്നത്. പിന്നീട് പ്രായം കുറഞ്ഞ അനിയനു വേണ്ടിയായിരുന്നു ശ്രമം. ഓഡീഷൻ നടത്തിയെങ്കിലും കഥക്ക് പറ്റിയ ഒരു കുഞ്ഞിനെ കിട്ടിയില്ല. ഇതിനിടയിലാണ് നടൻ ശ്രീജിത്ത് രവിയുടെ മകൻ ഒരു വെബ് സീരിസിൽ അഭിനയിച്ചത് കാണാൻ ഇടയായത്. അങ്ങനെയാണ് ചിത്രത്തിലേക്ക് അനിയൻ കഥാപാത്രമായി ഋതുൺ ജയ് ശ്രീജിത്ത് രവിയെ ലഭിക്കുന്നത്. ചിത്രത്തിൽ ഉടനീളം ഒരോ പ്രേക്ഷകർക്കും അനിയൻ കുഞ്ഞിനോടുള്ള ഒരു ഇഷ്ടം കാണാമായിരുന്നു. സിനിമ കണ്ടപലരും അത് എന്നോട് പറയുകയും ചെയ്തു.

ചിത്രത്തിലെ ഗ്രാമീണത

എപ്പോഴും സിനിമ ചെയ്യുന്ന സമയത്ത് എനിക്ക് അറിയുന്ന, പരിചിതമായ ഒരു അന്തരീക്ഷത്തിൽ സിനിമ ചെയ്യണമെന്ന് എപ്പോഴും ആഗ്രഹം ഉണ്ടായിരുന്നു. ധ്യാൻ ചേട്ടനോടും കുറെ കഥകൾ പറഞ്ഞപ്പോഴും അതിനും ഒരു ഗ്രാമീണ സ്വഭാവം ഉണ്ടായിരുന്നു. എന്റെ കുട്ടിക്കാലമെല്ലാം തീർത്തും മലയോര ഗ്രാമത്തിലാണ്. അവരുടെ സ്നേഹമെല്ലാം ഞാൻ നേരിട്ട് അറിഞ്ഞതാണ്. അതുകൊണ്ട് തന്നെ എനിക്ക് ഗ്രാമീണ പശ്ചാത്തലത്തിൽ സിനിമ ഭംഗിയായി ചെയ്യാൻ കഴിയുമെന്നത് ഉറപ്പായിരുന്നു. അങ്ങനെ ഇരിക്കെയാണ് പ്രകാശൻ പറക്കട്ടെ ചിത്രത്തിന്റെ സബ്ജക്ട് ലഭിക്കുന്നത്. പിന്നീട് ഇതിന് ആവശ്യമായ സ്ഥലങ്ങൾ അന്വേഷിച്ചു. അങ്ങനെയാണ് പ്രൊഡക്ഷൻ കൗൺട്രോളറായ ഷാഫി ചെമ്മാടും, കഥ പറയുമ്പോൾ ചിത്രത്തിന്റെ സംവിധാകൻ മോഹൻ സാറിന്റെയും നിർദ്ദേശത്തിൽ പൂവാറത്തോടെന്ന ലോക്കേഷനും ആനക്കാംമ്പോയിൽ എന്ന കവലയും പോയി കാണുകയും ആ ലോക്കേഷൻ ഉറപ്പിക്കുകയും ആയിരുന്നു. ഷൂട്ടിങ് വേളയിൽ അവിടുത്തെ നാട്ടുക്കാരും വലിയ സപ്പോർട്ടായിരുന്നു നൽകിയത്. ചിത്രത്തിലെ പ്രധാന രംഗം ഷൂട്ട് ചെയ്തത് നിലമ്പൂരിലെ റെയിവേ സ്റ്റേഷനിലാണ്. സത്യത്തിൽ എന്റെ സ്വപ്നങ്ങളിലേക്ക് ഞാൻ ട്രെയിൻ കയറിയിട്ടുള്ളത് നിലമ്പൂരിൽ നിന്നാണ് അവിടെതന്നെ ചിത്രത്തിലെ പ്രധാനമായ രംഗം ഷൂട്ട് ചെയ്യാൻ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു.

 

ഷാനിക്കയുടെ സംഗീതം

ഷാനിക്കയുടെ സംഗീതം ഉറപ്പായും ചിത്രത്തിന്റെ വലിയൊരു ഭാഗമാണ്. കഥയുമായി സമീപിച്ചപ്പോൾ തന്നെ നല്ലൊരു മ്യൂസിക് ട്രീറ്റ് ചെയ്യേണ്ട ചിത്രമാണെന്ന് ഷാനിക്ക പറഞ്ഞിരുന്നു. ചിത്രത്തിൽ അദ്ദേഹം സമ്മാനിച്ച പാട്ടുകൾ ഏറെ പ്രിയപ്പെട്ടതാണ്. ചിലച്ചിത്ര മേഖലക്ക് തന്നെ വലിയ ഹിറ്റുകൾ സമ്മാനിച്ച ഷാനിക്കയുടെ കൂടെ കൂറെ ദിനങ്ങൾ ഒരുമിച്ച് വർക്ക് ചെയ്യാൻ സാധിച്ചതിലുള്ള സന്തോഷം വലുതാണ്.

അസോസിയേറ്റായി ധ്യാൻ ശ്രീനിവാസനൊപ്പം

അടി കപ്യാരേ കൂട്ടമണി എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ് ധ്യാൻ ചേട്ടനെ പരിചയപ്പെടുന്നത്. പിന്നീട് ചേട്ടനെ നായകനാക്കി സിനിമ ചെയ്യാൻ ഒരുപാട് കഥകളുമായി സമീപിച്ചിരുന്നു അതൊന്നും ശരിയായില്ല. പിന്നീട് ഒരു വർക്ക് ചെയ്യാൻ എല്ലാം കാര്യങ്ങളും ശരിയായിയെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ അതും നടന്നില്ല. പിന്നീടാണ് ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലേക്ക് എന്നെ അസോസിയേറ്റായി വിളിക്കുന്നത്. സത്യത്തിൽ ആ സിനിമ എന്റെ ജീവിതത്തിൽ വലിയൊരു വഴിത്തിരിവായിരുന്നു. ധ്യാൻ എന്റെ ഗുരുനാഥനാണ്.

കുട്ടനായി സൈജു കുറിപ്പ്

സൈജു ചേട്ടൻ മികച്ച അഭിനേതാവാണെന്ന് നമുക്ക് അറിയാവുന്നതാണ്. ചിത്രം മികച്ചതാക്കാൻ അങ്ങേയറ്റം അദ്ദേഹം ശ്രമിക്കും. സിനിമയുടെ എല്ലാ കാര്യങ്ങളിലും കൂടെ നിൽക്കും. ചിത്രത്തിന്റെ കഥപറയുമ്പോൾ തന്നെ, കുട്ടൻമാമ എന്ന കഥാപാത്രം സൈജു ചേട്ടൻ തന്നെ ചെയ്യണമെന്ന് ഉറപ്പിച്ചിരുന്നു. പിന്നീട് അദ്ദേഹത്തോട് കഥ പറഞ്ഞപ്പോൾ ഞങ്ങളോടൊപ്പം ചേർന്നു. തീയേറ്ററിൽ തുടക്കം മുതൽ ചിരി പടർത്താൻ സാധിച്ചതും ചേട്ടന്റെ അഭിനയ കഴിവ് തന്നെയാണ്.

 

സിനിമാ ജിവിതം

പത്താം ക്ലാസ് കഴിഞ്ഞ കാലം മുതൽ ഷോർട്ട് ഫിലിമുകൾ ചെയ്തു തുടങ്ങിയാണ് സിനിമ മേഖലയിലേക്കുള്ള കാൽവെപ്പ്. നാടകളിൽ അഭിനയിച്ചും സംവിധാനം ചെയ്തുമെല്ലാം ആയിരുന്നു സ്കൂൾ കാലഘട്ടം. കലോത്സവ നാളുകളിൽ സംസ്ഥാന തലങ്ങളിലെല്ലാം മത്സരാർത്ഥിയായി പോയിട്ടുണ്ട്. ചെറുപ്പത്തിൽ തന്നെ സിനിമയെ വളരെയധികം ഇഷ്ടപ്പെടുന്ന ഒരു നാട്ടിൻ പുറത്തെ പയ്യൻ. എന്നെ അങ്ങനെ വിശേഷിപ്പിക്കാനാണ് എനിക്കിഷ്ടം. കണ്ട സിനിമകൾ വീണ്ടും വീണ്ടും കാണും. സ്കൂൾ കാലഘട്ടത്തിൽ ഒരു ഡോക്യൂമെന്ററി എടുക്കുന്നതിനായി ഒട്ടും പ്രതീക്ഷിക്കാതെ ഒരു ക്യാമറാമാനായി മാറേണ്ടിവന്നു. ശരിക്കും പറഞ്ഞാൽ അന്നായിരിക്കും ഒരുപക്ഷെ സിനിമ എന്ന മേഖലയിലേക്കുള്ള അല്ലെങ്കിൽ സ്വപ്നത്തിലേക്കുള്ള വഴിതുറന്നത്. ഡോക്യുമെന്ററിക്കു ശേഷം എന്റെ കൂട്ടുക്കാരെയും കുടുംബക്കാരെയും ഉൾപ്പെടുത്തി ഷോർട്ട് ഫിലിമുകൾ നിർമ്മിക്കാൻ തുടങ്ങി. എന്റെ അനിയനും കുടുംബക്കാരും വിപിൻ ദാസ്, റിയാസ് തുടങ്ങിയ കൂട്ടുക്കാർ ഉൾപ്പടെയുള്ളവരുമായി ആദ്യ ഷോർട്ട് ഫിലിം ചെയ്തു. 2009 കാലഘട്ടത്തിൽ ഷോർട്ട് ഫിലിമുകൾക്ക് പ്രാധാന്യം വന്ന് തുടങ്ങുന്നതേയുള്ളൂ. എന്നാൽ അന്ന് നിർമ്മിച്ച ഷോർട്ട് ഫിലിം ആളുകൾക്കിടയിൽ ശ്രദ്ധനേടി. അത് പ്രചോദനമായി. ഒപ്പന എന്ന ഷോർട്ട് ഫിലിം ചെയ്തതൊടെ വലിയൊരുമാറ്റം ജീവതത്തിൽ ഉണ്ടായി. കാലങ്ങൾ പിന്നിട്ടപ്പോൾ വിവിധ സിനിമകളിൽ സംവിധായക സഹായിയായും അസോസിയേറ്റ്, ചീഫ് അസോസിയേറ്റ് എന്നിങ്ങനെ എന്റെ പേര് സ്ക്രീനിൽ തെളിയുമ്പോ ഞാൻ പഴയകാലങ്ങളെല്ലാം ഓർക്കാറുണ്ട്.

അടുത്ത ചിത്രം

ക്യൂൻ എന്ന ചിത്രത്തിലെ മൂനീർ എന്ന കഥാപാത്രം ചെയ്ത അശ്വിൻ എഴുതി അദ്ദേഹം തന്നെ പ്രധാന കഥാപാത്രമായി എത്തുന്ന അനുരാഗം എന്ന ചിത്രമാണ് പുതിയ ചിത്രം. വൈകാതെ അത് തിയേറ്ററുകളിൽ എത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.