27 April 2024, Saturday

ദാരിയുഷ് : ചരിത്രത്തിന്റെ ഭിത്തിയിലേക്ക് തെറിച്ച ചോര

കെ കെ ജയേഷ്
October 22, 2023 7:30 am

സങ്കീർണമായ ജീവിതാവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും മനുഷ്യമനസുകളുടെ ആർദ്രമായി തൊട്ടുതലോടുന്ന തരത്തിലുള്ള ലളിത സുന്ദരമായ ആഖ്യാനമാണ് ഇറാനിയൻ സിനിമകളുടെ സവിശേഷത. രാഷ്ട്രീയവും തത്വശാസ്ത്രപരവുമായ അർത്ഥ തലങ്ങളും നിറയുമ്പോഴും സിനിമകളുടെ ആഖ്യാനരീതിയിൽ എപ്പോഴും കാവ്യാത്മകത നിറഞ്ഞു നിന്നു. ലോകവ്യാപകമായി ജനപ്രിയതയും അംഗീകാരങ്ങളും സ്വന്തമാക്കുന്ന ഈ സിനിമകൾക്ക് പിന്നിൽ പക്ഷെ, ത്യാഗത്തിന്റെയും പോരാട്ടത്തിന്റെയും കനൽവഴികളുണ്ട്.
1970 കളിലാണ് ഇറാനിയൻ നവതരംഗ സിനിമകളുടെ കാലം ആരംഭിക്കുന്നത്. ഇതിന് തുടക്കമിട്ടവരിൽ പ്രമുഖനാണ് അടുത്തിടെ കൊല്ലപ്പെട്ട ദാരിയുഷ് മെഹർജുയി എന്ന സംവിധായകൻ. അബ്ബാസ് ഖൈരസ്തമി, ജാഫർ പനാഹി, മാജിദ് മജീദി തുടങ്ങിയ വിഖ്യാതരായ ഇറാനിയൻ സംവിധായകർക്കൊപ്പമാണ് ഇദ്ദേഹത്തിന്റെയും സ്ഥാനം. ഇസ്ലാമിക വിപ്ലവത്തിന് ശേഷം സെൻസർഷിപ്പ് ശക്തമായ രാജ്യത്ത് വലിയ വെല്ലുവിളികൾ നേരിട്ടാണ് ഈ സംവിധായകരെല്ലാം തങ്ങളുടെ സിനിമകൾ ഒരുക്കിയത്. സിനിമകൾക്കെതിരെ രാജ്യത്ത് അക്രമാസക്തമായ കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. തിയേറ്ററുകൾ വ്യാപകമായി അക്രമിക്കപ്പെട്ടു. എന്നാൽ ഈ അടിച്ചമർത്തലുകളെയെല്ലാം നേരിട്ട് ഇറാന് ലോക സിനിമാ ഭൂപടത്തിൽ സ്ഥാനം ഉറപ്പിച്ച പ്രതിഭയായിരുന്നു ദാരിയുഷ് മെഹർജുയി.

മതപരമായ ചുറ്റുപാടുകളിലായിരുന്നു ജനനമെങ്കിലും ഇദ്ദേഹം പിന്നീട് കടുത്ത മതവിശ്വാസങ്ങളെ ഉപേക്ഷിച്ചു. കുട്ടിക്കാലം മുതലേ സിനിമാ മോഹം ഉള്ളിൽ കൊണ്ടുനടന്ന ഇദ്ദേഹം സിനിമ പഠിക്കാൻ അമേരിക്കയിലേക്ക് പോയി. എന്നാൽ ഹോളിവുഡ് സിനിമകളുടെ രീതികൾ ഉൾക്കൊള്ളാനാവാതെ സിനിമാ പഠനം തന്നെ ഉപേക്ഷിച്ച് മടങ്ങി. മാധ്യമ പ്രവർത്തകനായും അധ്യാപകനായുമൊക്കെ ജോലി നോക്കിയെങ്കിലും പിന്നീട് സിനിമയുടെ വഴിയിലൂടെ തന്നെ സ‍ഞ്ചരിച്ചു. ജെയിംസ് ബോണ്ട് ചിത്രങ്ങളുടെ പാരഡിയായ ഡയമണ്ട് 33 ആയിരുന്നു ആദ്യ ചിത്രം. വൻ മുതൽ മുടക്കിലൊരുക്കിയ സിനിമ പക്ഷെ തിയേറ്ററുകളിൽ പരാജയപ്പെട്ടു. എന്നാൽ രണ്ടാമത്തെ ചിത്രമായ ഗാവ് (ദി കൗ) എന്ന ചിത്രത്തിലൂടെ ദാരിയുഷ് ചലച്ചിത്ര ലോകത്ത് അടയാളപ്പെടുത്തപ്പെട്ടു. ഭരണകൂട വിലക്കുകൾ നേരിട്ടെങ്കിലും ഇറാനിയൻ ന്യൂവേവ് പ്രസ്ഥാനത്തിന് തുടക്കമിട്ട ഈ ചിത്രം രാജ്യത്തിന്റെ സിനിമാ ചരിത്രത്തിലെ വഴിത്തിരിവായും വിലയിരുത്തപ്പെട്ടു. ഗുലാം ഹുസൈൻ സെയ്ദിന്റെ കഥയെ അവലംബിച്ച് ഒരുക്കിയ ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം നിരവധി അന്തർദേശീയ പുരസ്ക്കാരങ്ങളും സ്വന്തമാക്കി.

The Cow

ഇറാന്റെ ഗ്രാമീണ ജീവിതക്കാഴ്ചകൾ നിറയുന്ന സിനിമ മഷ്ത് ഹസൻ എന്ന ഗ്രാമീണനും അയാളുടെ പ്രിയപ്പെട്ട പശുവും തമ്മിലുള്ള ബന്ധമായിരുന്നു ചിത്രം പറഞ്ഞത്. പശുവിനെ നഷ്ടപ്പെട്ട് തീവ്രദുഖത്തിൽ പശുവായി ഭാവാന്തരം പ്രാപിക്കുന്ന ഹസൻ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. രാജ്യത്തിലെ ഗ്രാമങ്ങളുടെ പിന്നോക്കാവസ്ഥയും ദാരിദ്രവും പുറംലോകത്ത് മോശമായ പ്രതിഛായയുണ്ടാക്കുമെന്ന് പറഞ്ഞായിരുന്നു ഈ ചിത്രത്തിന് ഭരണകൂടം നിരോധനം ഏർപ്പെടുത്തിയത്. സിനിമ പറയാതെ പറഞ്ഞ രാഷ്ട്രീയ വിമർശനങ്ങളും ഭരണകൂടത്തെ അസ്വസ്ഥരാക്കി. എന്നാൽ സംവിധായകൻ പതറിയില്ല. രഹസ്യമായി സിനിമയുടെ പ്രിന്റ് രാജ്യത്തിന് പുറത്തെത്തിച്ച് ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചു. സബ് ടൈറ്റിൽ പോലുമില്ലാതിരുന്ന സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കി. ഇറാനിൽ നിന്ന് ഇത്തരമൊരു സിനിമയോ എന്ന് പ്രേക്ഷകർ അമ്പരന്നു. ഈ സിനിമയോടെ ഇറാൻ സിനിമയുടെ പുതിയൊരു പാത തന്നെ തുറക്കപ്പെടുകയായിരുന്നു. മെഹർജുയി വെട്ടിയെടുത്ത ഈ പാതയിലൂടെയാണ് ലോകം ഇന്ന് ആരാധിക്കുന്ന നിരവധി ഇറാനിയൻ സംവിധായകർ ലോക സിനിമയുടെ തലപ്പത്തേക്ക് നടന്നുകയറിയത്.

മെഹർജുയിയുടെ ഭൂരിപക്ഷം സിനിമകളും സാഹിത്യ കൃതികളെ അവലംബിച്ചുള്ളതാണ്. സാഹിത്യത്തിൽ നിന്നും നാടകങ്ങളിൽ നിന്നുമെല്ലാം പ്രചോദനം ഉൾക്കൊണ്ട് അദ്ദേഹം സിനിമകളൊരുക്കി. ജീവിതം തൊട്ടറിയുന്ന ആ ചിത്രങ്ങളെല്ലാം ലോക ശ്രദ്ധ ആകർഷിക്കുകയും ചെയ്തു. മിസ്റ്റർ നൈവ്, ദ പോസ്റ്റ്മാൻ, ദി സൈക്കിൾ, ദി വൈൽഡ് ബാഫ്തി, ഹമൗൺ, ദി ലേഡി, സാറ, പരി, ലീല, ദി പിയർ ട്രീ, ദി മിക്സ്, ടു സ്റ്റേ ലൈവ്, സന്തൂരി, ഓറഞ്ച് സ്യൂട്ട്, ഗോസ്റ്റ്സ്, ലാ മൈനർ തുടങ്ങി നിരവധി ചിത്രങ്ങൾ ഇദ്ദേഹം ഒരുക്കിയിട്ടുണ്ട്.
പ്രതികൂല സാഹചര്യങ്ങളോട് പടവെട്ടിയാണ് മെഹർജുയി നടന്നു നീങ്ങിയത്. ഭീഷണികളെത്തുടർന്ന് കുറച്ചുകാലം അമേരിക്കയിലും ഫ്രാൻസിലുമായി കഴിഞ്ഞെങ്കിലും അദ്ദേഹം സ്വന്തം വേരുകളിലേക്ക് തന്നെ മടങ്ങി. സ്ത്രീകൾ സമൂഹത്തിലെ ബലഹീനമായ തന്തുക്കളല്ലെന്ന് സ്ഥാപിക്കുകയാണ് സിനിമകളിലൂടെ താൻ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. തന്റെ സിനിമകൾക്ക് പല തലങ്ങളുണ്ടന്ന് അദ്ദേഹം വിശ്വസിച്ചു. ഒരു സിനിമ പ്രേക്ഷകന്റെ ചിന്തകളെയും ആത്മാവിനെയും ബുദ്ധിയെയും ശുദ്ധീകരിക്കേണ്ടതുണ്ടെന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സിനിമയ്ക്ക് വേണ്ടി ജീവിതം സമർപ്പിച്ച കലാകാരൻ ഒടുവിൽ കൊലചെയ്യപ്പെട്ടു. ഭാര്യ വഹീതയ്ക്കൊപ്പം അജ്ഞാതരുടെ കത്തിമുനയിൽ ആ ജീവിതം അവസാനിച്ചു. കൊലപാതകത്തിലൂടെ കലാകാരൻ മാത്രമാണ് ഇല്ലാതായത്. അദ്ദേഹം ഒരുക്കിയ കലാസൃഷ്ടികൾ പ്രേക്ഷകരുമായി ഇനിയും സംവദിക്കും. അദ്ദേഹത്തിന്റെ നിലപാടും രാഷ്ട്രീയവും ഭരണകൂടത്തിന് മുന്നിൽ ചോദ്യങ്ങൾ ഉയർത്തിക്കൊണ്ടേയിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.