2 March 2024, Saturday

ചിരിയുടെ സുല്‍ത്താന്‍

കെ കെ ജയേഷ്
April 30, 2023 8:30 am
ന്റെ ജീവചരിത്ര പുസ്തകത്തിന്റെ അവസാന ഭാഗത്ത് മാമുക്കോയ ഒരനുഭവം പങ്കുവയ്ക്കുന്നു. ‘വർഷങ്ങൾക്ക് മുമ്പ് സിനിമാ സെറ്റിലേക്ക് ഒരു ചെറുപ്പക്കാരൻ വന്നു. തന്റെ കഷ്ടപ്പാടുകൾ കെട്ടഴിക്കുന്നതിനിടയിൽ അയാൾ കരഞ്ഞു. അപ്പോൾ ഞാൻ ചോദിച്ചു, ‘എന്തിനാണ് കരയുന്നത്? ചിരിക്കാൻ എന്തെങ്കിലുമുണ്ടാവും ജീവിതത്തില്… ആലോചിച്ചുനോക്ക്. കരച്ചില് മാത്രമല്ലല്ലോ ജീവിതം. ദുഃഖങ്ങൾക്കിടയിൽ ചിരിക്കുന്നത് ആരോഗ്യത്തിന് നല്ലതാ… അയാൾ എന്റെ കൈപിടിച്ചു.’

വേദനകൾക്കിടയിൽ… ജീവിത ദുരിതങ്ങൾക്കിടയിൽ… കരഞ്ഞുതുടങ്ങുന്ന നിമിഷങ്ങളിൽ എല്ലാം ആശ്വാസമായി മാമുക്കോയ എന്നും നമുക്ക് മുന്നിലെത്തി. ‘ഗഫൂർക്കാ ദോസ്ത്…’ പോലുള്ള അയാളുടെ കുഞ്ഞ് ഡയലോഗുകളിൽ എത്രയെത്ര തവണ നമ്മൾ നമ്മുടെ വേദനകൾ മറന്നിട്ടുണ്ട്… കണ്ണീർ മാഞ്ഞ് നമ്മളിൽ പൊട്ടിച്ചിരി ഉയർന്നിട്ടുണ്ട്… ജീവിതത്തിൽ അത്രയൊന്നും തമാശക്കാരനല്ലാത്ത മാമുക്കോയയെന്ന കോഴിക്കോട്ടുകാരൻ സ്ക്രീനിൽ ഗഫൂറും ജമാലിക്കയും അബ്ദുവും ഹംസക്കോയയും കുഞ്ഞിക്കാദറുമെല്ലാമായി പകർന്നാട്ടം നടത്തി നമ്മളെ വേദനകളിൽ നിന്ന് കൈപിടിച്ചുയർത്തുകയായിരുന്നു.

കല്ലായി കടവത്ത്

‘ചില ജാതി മരങ്ങളുണ്ട്. ആ മരങ്ങളിൽ വലിയ ഉരുപ്പടികളോ കൊത്തുപണികളോ തീർക്കാൻ കഴിയില്ല. അതുപോലൊരു ജാതി മരമാണ് ഞാൻ. കല്ലായിയിലെ ഒരു ആൾമരം’ — മാമുക്കോയയുടെ ഈ വാക്കുകളിലുണ്ട് അദ്ദേഹം ആരായിരുന്നുവെന്ന്. വയനാട്ടിൽ നിന്നും നിലമ്പൂരിൽ നിന്നുമെല്ലാം കല്ലായിയിലേക്ക് മരങ്ങൾ വരും. ലോറിയിലും തൊരപ്പയിലുമൊക്കെയായി അട്ടിയട്ടിയായി മുറിച്ച മരങ്ങൾ വന്നു വീഴും. നിലമ്പൂരിൽ നിന്നും മറ്റും തൊരപ്പകെട്ടിവരുന്ന മരത്തടികളെ നോക്കി കല്ലായി പുഴയോരത്ത് മാമുക്കോയ നിന്നു. മുമ്പ് എൽപി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ കല്ലായി പുഴയിൽ നിന്ന് ചെളി വാരി കൊണ്ടുപോയി വിറ്റ അനുഭവവും അദ്ദേഹത്തിനുണ്ടായിരുന്നു. മരത്തിന്റെ തൊലി പൊളിച്ച് വിറ്റും മുരിങ്ങയില പറിച്ച് തളിയിൽ കൊണ്ടുപോയി പട്ടൻമാർക്ക് വിറ്റുമെല്ലാം അദ്ദേഹം ജീവിതം മുന്നോട്ട് നയിക്കാൻ ശ്രമിച്ചിരുന്നു. പട്ടിണിയും പ്രയാസങ്ങളും നിറഞ്ഞ കുട്ടിക്കാലം. പഠനം പത്താം ക്ലാസിൽ അവസാനിച്ചപ്പോൾ തടിമില്ലുകളിൽ മരങ്ങൾക്ക് ചാപ്പ കുത്തുന്ന ജോലി തുടങ്ങി. മരങ്ങളെത്തിയാൽ മരങ്ങൾ വാങ്ങുന്നയാൾക്ക് അളന്നുകൊടുക്കണം. നാരും കോലും ഉപയോഗിച്ച് മരം മാമുക്കോയയായിരുന്നു അളന്ന് നൽകിയിരുന്നത്. കേരളത്തിലങ്ങോളമിങ്ങോളം വനങ്ങളിലെ മിക്ക കൂപ്പുകളിലും മരങ്ങൾക്ക് ചാപ്പയടിക്കാൻ അദ്ദേഹം സഞ്ചരിച്ചു. കന്യാകുമാരി മുതൽ മഹാരാഷ്ട്ര വരെ മരം അളക്കാൻ പോയിട്ടുണ്ടെന്ന് മാമുക്കോയ പറയാറുണ്ടായിരുന്നു. അങ്ങ് ആന്തമാൻ ദ്വീപ് വരെ ആ യാത്ര തുടർന്നു. തേക്ക്, വീട്ടി, മാവ്, പ്ലാവ്, അകിലുകൾ, പൈൻ, പാലി, പുന്ന, വെൺതേക്ക്, മരുത്, കരിമരുത് അങ്ങിനെ പലതരം മരങ്ങൾക്കിടയിൽ ഈ ജീവിതം തളിർത്തു. അക്കാലത്ത് കല്ലായിയിൽ മാത്രം ഇരുന്നൂറിൽ പരം മരമില്ലുകളുണ്ടായിരുന്നു. കാടറിഞ്ഞ, മരങ്ങളെയറിഞ്ഞ, മനുഷ്യരെയറിഞ്ഞ ഒരാളായി അങ്ങനെ മാമുക്കോയ മാറുകയായിരുന്നു.

മധുരമുള്ള കോഴിക്കോടൻ ചിരി

കല്ലായിപ്പുഴയെ അറിഞ്ഞ… പുഴയിലൂടെയെത്തുന്ന മരത്തടികളെ അറിഞ്ഞ കഷണ്ടിയുള്ള ഒരു മനുഷ്യൻ. പല്ലുന്തിയ മുഖത്ത് നിന്ന് ഒഴുകിപ്പടരുന്ന നിഷ്ക്കളങ്കമായ ചിരി. പൊട്ടിച്ചിരിയുതിർക്കുന്ന കോഴിക്കോടിന്റെ നാട്ടുഭാഷയുടെ ഭംഗി. എവിടെയെല്ലാം പോയാലും എത്രത്തോളം വളർന്നാലും അടിസ്ഥാനപരമായി അയാൾ കോഴിക്കോട്ടുകാരനായിരുന്നു. കല്ലായിപ്പുഴയ്ക്കൊപ്പം ഒഴുകിയതായിരുന്നു അയാളുടെ ജീവിതം. കഥാപാത്രങ്ങൾ മാറി മാറി വരുമ്പോഴും അയാളിലെ കോഴിക്കോടൻ സംസാര ശൈലിയും ഭാവങ്ങളും ചെറുപുഞ്ചിരിയും കൂടെ ചേർന്നു നിന്നു. അയാൾക്ക് രൂപപരിണാമങ്ങൾ വരുത്താൻ സംവിധായകർ ശ്രമിച്ചപ്പോഴെല്ലാം സ്വന്തം ദേശത്തിന്റെ സ്വത്വം അതിന്റെ എല്ലാ ചേരുവകളോടും കൂടെ അയാളിൽ നിന്ന് വിട്ടൊഴിയാതെ നിന്നു. മാമുക്കോയയുടെ കോഴിക്കോടൻ ഭാഷ ഒന്ന് മാറ്റിപ്പിടിപ്പിക്കാൻ താൻ പലതവണ ശ്രമിച്ചിട്ടുണ്ടെന്ന് സംവിധായകൻ സത്യൻ അന്തിക്കാട് പറയുന്നു. അർത്ഥത്തിലെ നാണുനായർ, സസ്നേഹത്തിലെ അപ്പുക്കുട്ടൻ തുടങ്ങിയ കഥാപാത്രങ്ങളെ ആ മാറ്റത്തിനായി ഒരുക്കിയതായിരുന്നു. പക്ഷെ സംവിധായകൻ പരാജയപ്പെട്ടു. ഒടുവിൽ തന്റെ ഐഡിന്റിറ്റിയായ ഭാഷ ഉപയോഗിക്കാൻ മാമുക്കോയയ്ക്ക് സംവിധായൻ അനുവാദം നൽകുകയായിരുന്നു. സസ്നേഹത്തിലെ അപ്പുക്കുട്ടനെ കോഴിക്കോട്ടുകാരനായി ചിത്രീകരിച്ചതുപോലും ഈ കീഴടങ്ങലിന്റെ ഭാഗമായിട്ടായിരുന്നു.
നടന്റെ സവിശേഷതകൾ തിരിച്ചറിഞ്ഞ സംവിധായകർ അതനുസരിച്ച് പോലും കഥാപാത്രങ്ങളെ സൃഷ്ടിച്ചു. ആ ഭാഷാ ശൈലി പോലും സംവിധായകർ കഥാപാത്ര നിർമ്മിതിയ്ക്കായും നർമ്മത്തിനായും ഉപയോഗപ്പെടുത്തുകയും ചെയ്തുകൊണ്ടിരുന്നു. തിരക്കഥയിൽ രേഖപ്പെടുത്തിയ അച്ചടി ഭാഷയെ തിരസ്ക്കരിച്ച് സ്വന്തം വാമൊഴിയിൽ ഡയലോഗുകൾ പറയാൻ സംവിധായകർ അദ്ദേഹത്തിന് പൂർണ സ്വാതന്ത്ര്യം നൽകി. മലബാറിന്റെ മുസ്ലീം വാമൊഴിയെ സ്വതസിദ്ധമായ ശൈലിയിൽ ഉപയോഗിച്ച മാമുക്കോയയെ പ്രേക്ഷകർക്ക് ഒരിടത്തും മടുത്തതുമില്ല.
സിബി മലയിൽ സംവിധാനം ചെയ്ത ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാലിക്ക ശങ്കുണ്ണി നായരായി ഉദയവർമ്മ തമ്പുരാന്റെ കോവിലകത്തെത്തുന്ന രംഗം കണ്ടു നോക്കുക. പരിചയപ്പെടാനെത്തുന്ന തമ്പുരാനോട് ‘മാണ്ട’ എന്ന് ശങ്കുണ്ണി നായരെന്ന ജമാലിക്ക പറയുമ്പോൾ തിയേറ്ററിൽ പൊട്ടിച്ചിരി നിറയുകയായിരുന്നു. ശശി ശങ്കർ സംവിധാനം ചെയ്ത മന്ത്രമോതിരത്തിലെ ചായക്കടക്കാരൻ അബ്ദു, പാപ്പി സംവിധാനം ചെയ്ത ശാകുന്തളം ബാലെയിൽ മഹർഷിയായി വേഷമിടുന്നു. തപോവനത്തിലെ മുനി കന്യകയെ വണ്ടുകൾ ഉപദ്രവിക്കുമ്പോൾ ‘പടച്ചോനെ വണ്ട്ന്ന് വച്ചാ എജ്ജാതി വണ്ട്.. ’ എന്നാണ് മഹർഷിയുടെ മറുപടി. മാപ്പിള ഭാഷ പറഞ്ഞ് നാടകം കുളമാക്കരുതെന്ന് പറയുന്ന ദുഷ്യന്തനായെത്തുന്ന കുമാരനോട് ‘ഈയിടെയായി നിനക്കൽപ്പം വർഗീയത കൂടുന്നുണ്ട്’ എന്നാണ് മഹർഷിയുടെ മറുപടി.
കഥാപാത്രങ്ങളുടെ മാറ്റങ്ങളിലും കോഴിക്കോടൻ ഭാഷയെ ചേർത്തുപിടിച്ച മാമുക്കോയയ്ക്ക് പക്ഷെ ഒരിടത്തും പിഴച്ചില്ല. അഭിനയ സിദ്ധികൊണ്ടും നർമ്മ ബോധം കൊണ്ടും അദ്ദേഹം സ്വതസിദ്ധമായ ഭാഷാശൈലിയിലും കഥാപാത്രങ്ങളുടെ ആത്മാവിലേക്ക് ഇറങ്ങിച്ചെന്നു. സത്യൻ അന്തിക്കാടിന്റെ നാടോടിക്കാറ്റിലെ ദാസനെയും വിജയനെയും ദുബായിലെത്തിക്കാമെന്ന് പറഞ്ഞ് മദ്രാസിലേക്ക് കയറ്റിവിട്ട് പറ്റിച്ച ഗഫൂർക്കയെ വരെ പ്രേക്ഷകർ വെറുത്തില്ല. സന്ദേശത്തിൽ ‘പ്രസിഡന്റേ.. ഈ ചൂട്ട് എന്താ ചെയ്യേണ്ടതെന്ന്’ അണിയുടെ ചോദ്യം. ചൂട്ട് കൊറേശ്ശേ കൊറേശ്ശേ തിന്നോ…’ എന്നാണ് ഐഎൻഎസ്‌പി നേതാവായ മാമുക്കോയയുടെ കെ ജി പൊതുവാളിന്റെ മറുപടി. നെഗറ്റീവ് സ്വഭാവം ഉള്ളപ്പോഴും നിഷ്ക്കളങ്ക തമാശകൾ പെരുമഴയായി നിറച്ചും തർക്കുത്തരം പോലെ മറുപടികൾ നൽകിയും മാമുക്കോയയുടെ കഥാപാത്രങ്ങൾ പ്രേക്ഷക ഹൃദയങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

നാടക വേദികളിലേക്ക്

സ്കൂളിൽ പഠിക്കുന്ന കാലം മുതലേ മാമുക്കോയ നാടകത്തിൽ അഭിനയിക്കാൻ തുടങ്ങിയിരുന്നു. സൈഗൽ ആർട്സ് പ്രൊഡക്ഷൻസ് എന്ന ക്ലബിന്റെ നാടക റിഹേഴ്സൽ ക്യാമ്പുകളിൽ മച്ചാട്ട് വാസന്തിയുടെയും മച്ചാട്ട് കൃഷ്ണന്റെയും നെല്ലിക്കോട് ഭാസ്ക്കരന്റെയുമെല്ലാം പ്രകടനങ്ങളായിരുന്നു വീട്ടിൽ പുനരവതരിപ്പിച്ചിരുന്നത്. ഉമ്മയുടെ കാച്ചിയും തട്ടവുമെല്ലാം എടുത്തൊരുക്കിയ സ്റ്റേജിൽ മാമുക്കോയ അങ്ങനെ ഒരു നടനായി. കല്ലായിലെ തടി വ്യവസായം പ്രതാപം നഷ്ടപ്പെട്ടുതുടങ്ങിയപ്പോൾ മാമുക്കോയ നാടകവേദികളിലെത്തി. കാർണിവലുകളെത്തുമ്പോൾ ഹാസ്യ നാടകങ്ങൾ അവതരിപ്പിച്ചായിരുന്നു തുടക്കം. സൂചിയേറും ഗാംബ്ലിങും അഭ്യാസ പ്രകടനങ്ങളുമെല്ലാമുള്ള കാർണിവലുകളിൽ ആളുകളെ ചിരിപ്പിക്കാനായി ഹാസ്യനാടകങ്ങൾ വേദിയിലെത്തി. കാർണിവൽ സംഘാടകനായ ജോൺ പീറ്ററിന്റെ സഹായിയായ മൊയ്തീൻ വഴിയായിരുന്നു കാർണിവലിലേക്കുള്ള പ്രവേശനം. സ്റ്റേജിൽ കയറുന്നതിന് മുമ്പ് അന്നവതരിപ്പിക്കേണ്ട ഒരു കഥ ആലോചിക്കും. കുറച്ച് തമാശകളുമെല്ലാം ചേർത്ത് തോന്നുംപോലെ ആ കഥ അവതരിപ്പിക്കും. സ്ക്രിപ്റ്റോ റിഹേഴ്സലോ ഒന്നുമില്ലാതെ സ്വന്തം മനോധർമ്മത്തിൽ നിന്ന് രൂപപ്പെടുന്ന നാടകങ്ങളിൽ തമാശക്കാരനായി മാമുക്കോയ തിളങ്ങി. പിന്നീടങ്ങളോട്ട് കോഴിക്കോട്ട് പ്രധാനപ്പെട്ട നാടക സമിതികളുടെയെല്ലാം ഭാഗമായി മാമുക്കോയ മാറി. വാസുപ്രദീപിന്റെ പ്രദീപ് ആർട്സിലും ആഹ്വാൻ സെബാസ്റ്റ്യന്റെ ആഹ്വാൻ ആർട്സിലും എ കെ പുതിയങ്ങാടിയുടെ യുണൈറ്റഡ് ഡ്രാമാറ്റിക് അക്കാദമിയിലും കെ ടി കുഞ്ഞുവിന്റെ എക്സല്‍ ഡ്രാമാറ്റിക് യൂണിവേഴ്സിലും മാമുക്കോയ കഥാപാത്രങ്ങളായി പകർന്നാടി. എ കെ പുതിയങ്ങാടിയുടെ വ്യാപാരി, കെ ടി കുഞ്ഞു സംവിധാനം ചെയ്ത ഗർഭസത്യഗ്രഹം, സലാം പള്ളിത്തോട്ടത്തിലിന്റെ ഇടവപ്പാതിയും കാത്ത് തുടങ്ങിയ നാടകങ്ങളിലെല്ലാം അഭിനേതാവായി അദ്ദേഹം തിളങ്ങി. ബാപ്പ ചന്ദ്രനിൽ എന്ന നാടകത്തിലെ ഹാസ്യവേഷം പ്രേക്ഷകരുടെ കയ്യടി നേടി. ബി മുഹമ്മദിന്റെ ഇഫ്രീത് രാജ്ഞി, പരിശുദ്ധ ഭവ്യൻ തുടങ്ങിയ നാടകങ്ങൾ അവതരിപ്പിക്കപ്പെട്ടതോടെ മികച്ച അഭിനേതാവായി അദ്ദേഹം വളരുകയായിരുന്നു. നാടകം ജോലി നഷ്ടപ്പെടുത്തിയ കഥയും മാമുക്കോയയ്ക്ക് പറയാനുണ്ട്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ചിരുന്ന സുന്നി ടൈംസ് എന്ന പത്രത്തിൽ സർക്കുലേഷൻ മാനേജറായി മാമുക്കോയ ജോലി ചെയ്തിരുന്നു. അഡ്രസെഴുതി പത്രം ആളുകൾക്ക് അയയ്ക്കുകയായിരുന്നു പണി. ഇതിനിടയിലും രഹസ്യമായി മാമുക്കോയ നാടകത്തിൽ അഭിനയിക്കാൻ പോയിരുന്നു. പുള്ളിക്കുപ്പായം എന്ന നാടകത്തിൽ അഭിനയിക്കുമ്പോൾ പത്രത്തിന്റെ ഓഫീസിലേക്ക് ആരോ നാടകത്തിന്റെ നോട്ടീസ് എത്തിച്ചു. ഹറാമായ നാടകത്തിൽ അഭിനയിച്ചതിന് ഒരു മൗലവി വഴക്ക് പറഞ്ഞു. ഒടുവിൽ സുന്നീ ടൈംസിൽ നിന്ന് മാമുക്കോയ പുറത്തായി.

അന്യരുടെ ഭൂമിയും ബഷീറും

കോഴിക്കോട് കോർണേഷൻ തിയേറ്ററിൽ വെച്ചാണ് മാമുക്കോയ ആദ്യമായി സിനിമ കാണുന്നത്. സിനിമയുടെ അദ്ഭുതക്കാഴ്ച അദ്ദേഹത്തെ വല്ലാതെ മോഹിപ്പിച്ചു. കണ്ടംബച്ച കോട്ട് എന്ന സിനിമ കണ്ടതോടെയാണ് സിനിമയിലഭിനയിക്കാനുള്ള മോഹം മനസിലുദിക്കുന്നത്. ഉറൂബിന്റെ ഉമ്മാച്ചുവും എസ് കെ പൊറ്റെക്കാടിന്റെ മൂടുപടവും സിനിമയാകുമ്പോൾ അവയുടെ ഓഡീഷന് മാമുക്കോയ പോയിരുന്നു. എന്നാൽ നിലമ്പൂർ ബാലന്റെ ‘അന്യരുടെ ഭൂമി’യിലൂടെ എന്ന സിനിമയിലൂടെയായിരുന്നു മാമുക്കോയയുടെ സിനിമയിലെ രംഗപ്രവേശം. ജനശക്തി പ്രൊഡക്ഷൻസിന്റെ ബാനറിൽ പി മാധവനാണ് ചിത്രം നിർമ്മിച്ചത്. നിഷേധിയായ ഒരു മനുഷ്യനായി മാമുക്കോയ ചിത്രത്തിലെത്തി. എന്നാൽ അവാർഡ് സിനിമയുടെ സ്വഭാവമുള്ള ഈ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ല. നൂൺഷോ ആയി ചില ടാക്കീസുകളിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ പ്രകടനം അധികമാളുകൾ കണ്ടതുമില്ല. അന്യരുടെ ഭൂമി കഴിഞ്ഞ് അടുത്തൊരു വേഷത്തിനായി അ‍ഞ്ചു വർഷത്തോളം നീണ്ട കാത്തിരിപ്പ്. മാമുക്കോയയെ സിനിമയുടെ വഴിയിലേക്ക് വീണ്ടും നയിച്ചത് സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീറായിരുന്നു. പി എ മുഹമ്മദ് കോയയുടെ ‘സുറുമയിട്ട കണ്ണുകൾ’ നോവൽ സിനിമയാക്കാൻ കലാസംവിധായകനായിരുന്ന എസ് കൊന്നനാട്ട് തീരുമാനിച്ചു. ഷൂട്ടിങ് ദിവസം അനുഗ്രഹം വാങ്ങാൻ ഗുരുതുല്യനായ ബഷീറിന്റെ വീട്ടിലെത്തുന്നു. വീട്ടിലപ്പോൾ മാമുക്കോയയും ഉണ്ടായിരുന്നു. മാമുക്കോയയ്ക്ക് ഒരു വേഷം നൽകാൻ ബഷീർ നേരിട്ട് നിർദേശിക്കുകയായിരുന്നു. മറ്റ് കഥാപാത്രങ്ങളൊന്നും നൽകാൻ ഇല്ലാതിരുന്നതുകൊണ്ട് കുതിരയ്ക്ക് പുല്ലു കൊടുക്കുന്ന ഒരാളായി മാമുക്കോയയെ നിർത്തി. ഇത് കണ്ട നെല്ലിക്കോട് ഭാസ്ക്കരനും ബഹുദൂറിനും സഹതാപം തോന്നി. കുറച്ചു സീനുകൾ കൂട്ടി നൽകാൻ അവർ സംവിധായകനോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ ചിത്രത്തിൽ ഹോട്ടലിലുള്ള ചില രംഗങ്ങളിൽ കൂടി മാമുക്കോയയ്ക്ക് അവസരം ലഭിക്കുന്നു. സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിന്റെ പരാജയം മാമുക്കോയയുടെ മുന്നോട്ടുള്ള വഴി പിന്നെയും അടച്ചു. പിന്നീടാണ് അവിചാരിതമായി 1986 ൽ സിബി മലയിൽ സംവിധാനം ചെയ്ത ദൂരെ ദൂരെ ഒരു കൂടു കൂട്ടാം എന്ന ചിത്രത്തിൽ അവസരം ലഭിക്കുന്നത്. സിനിമയിൽ അറബി മാഷായിട്ടാണ് മാമുക്കോയ അഭിനയിച്ചത്. മോഹൻലാൽ നായകനായ സിനിമയിലെ അറബി മാഷായ കോയയുടെ തകർപ്പൻ തമാശകൾ ഏറെ ജനപ്രിയമായി.

പൊട്ടിച്ചിരിയുടെ കാലം

സത്യൻ അന്തിക്കാടിന്റെ ഗാന്ധിനഗർ സെക്കന്റ് സ്ട്രീറ്റിലും മാമുക്കോയ തകർപ്പൻ പ്രകടനം നടത്തി. മാമുക്കോയയുടെ പ്രകടന മികവ് തിരിച്ചറിഞ്ഞ സംവിധായകൻ അദ്ദേഹത്തിന് വേണ്ടി കൂടുതൽ രംഗങ്ങൾ ചിത്രീകരിക്കുകയായിരുന്നു. സത്യൻ അന്തിക്കാടിന്റെ തന്നെ പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കറും സിബി മലയിലിന്റെ ഓഗസ്റ്റ് ഒന്നിലെ നെഗറ്റീവ് സ്വഭാവമുള്ള എരഞ്ഞോളി അബൂബക്കറും പിന്നാലെ ചിരിപടർത്തി. നാടോടിക്കാറ്റില ഗഫൂർക്കയെ എല്ലാ വിഭാഗം ജനങ്ങളും ഒരേ മനസ്സോടെ നെഞ്ചിലേറ്റി. ഈ കഥാപാത്രത്തിന്റെ റഫറൻസുകൾ പല സിനിമകളിലും പിന്നീട് നമ്മൾ കണ്ടു. 89 ൽ സിദ്ധിഖ്- ലാൽ കൂട്ടുകെട്ടിൽ പിറന്ന റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മാമുക്കോയ തന്റെ ജൈത്രയാത്ര ആരംഭിക്കുകയായിരുന്നു. ‘എറങ്ങി വാടാ തൊരപ്പാ’ എന്ന് പറഞ്ഞ് ഹംസക്കോയ രംഗത്തെത്തുമ്പോൾ തന്നെ തിയേറ്ററിൽ ഉയർന്നത് കൂട്ടച്ചിരി. ‘ഇതെന്താ ഓട്ടോറിക്ഷാ ബസ് സ്റ്റാന്റാണോ’, ‘എനിക്ക് പടച്ച തമ്പുരാനെ ഒന്ന് കാണണം’, ‘തലയ്ക്ക് വെളിവില്ലാത്തത് നിങ്ങളുടെ ബാപ്പയ്ക്കാണ്’ തുടങ്ങിയ ഡയലോഗുകളെല്ലാം ഇന്നും  ജനപ്രിയമാണ്. ഇതേ വർഷം തന്നെ മഴവിൽക്കാവടിയിലെ പഴനിയിലെ പോക്കറ്റടിക്കാരനായ കുഞ്ഞിക്കാദറായെത്തി മാമുക്കോയ വീണ്ടും പ്രേക്ഷക ഹൃദയം കൊള്ളയടിച്ചു. 91 ൽ പുറത്തിറങ്ങിയ സത്യൻ അന്തിക്കാടിന്റെ സന്ദേശത്തിലെ രാഷ്ട്രീയക്കാരനായ കെ ജി പൊതുവാൾ ഇന്ന് ട്രോളർമാരുടെയടക്കം പ്രിയപ്പെട്ട കഥാപാത്രമാണ്. രാജൻ ബാലകൃഷ്ണൻ സംവിധാനം ചെയ്ത കൺകെട്ടിൽ കീലേരി അച്ചുവായി മാമുക്കോയയുടെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. സംസാരത്തിന്റെയും രൂപത്തിന്റെയും പ്രത്യേകതകൾ മാമുക്കോയയെ പലപ്പോഴും ടൈപ്പ് കാസ്റ്റ് ചെയ്തു. മലബാറിലാണ് കഥ നടക്കുന്നതെങ്കിൽ ഒരു ചായക്കടക്കാരൻ മുസ്ലീമായി സംവിധായകർ അദ്ദേഹത്തെ തീരുമാനിച്ചു തുടങ്ങി. അപ്പോഴും തന്റെ അഭിനയ സിദ്ധിയുടെ കരുത്തിൽ മാമുക്കോയ പ്രേക്ഷകരെ മടുപ്പിക്കാതെ പിടിച്ചു നിന്നു. ക്ലീനർ ഹംസയും തിയേറ്റർ ഓപ്പറേറ്റർ ജബ്ബാറും വേലായുധൻ കുട്ടിയും കുഞ്ഞനന്തൻ മേസ്തിരിയും കുറപ്പും കുഞ്ഞിക്കണ്ണനും ഫോട്ടോഗ്രാഫറും കോൺസ്റ്റബിൾ ഹമീദും പി സി പെരുവണ്ണാപുരവും ശങ്കരേട്ടനും ചെറിയ രാമൻനായരുമെല്ലാമായി മലയാള സിനിമയുടെ ഫ്രെയിമിൽ മാമുക്കോയ പൊട്ടിച്ചിരി നിറച്ചുകൊണ്ടിരുന്നു.

അസാധാരണ ഭാവപ്പകർച്ച

പൊട്ടിച്ചിരിപ്പിക്കുന്ന കഥാപാത്രങ്ങൾക്കിടയിലും അവസരം ലഭിച്ചപ്പോഴെല്ലാം സൂക്ഷ്മാഭിനയം കൊണ്ടും അസാധാരണ ഭാവപ്പകർച്ച കൊണ്ടും മാമുക്കോയ പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ‘പെരുമഴക്കാല’ത്തിലെ അബ്ദുവും ‘കുരുതി‘യിലെ മൂസാ ഖാലിദും മാമുക്കോയ എന്ന നടന്റെ വ്യത്യസ്ത ഭാവാവിഷ്കാരമായിരുന്നു. 2004 ൽ ടി എ റസാഖിന്റെ രചനയിൽ വിരിഞ്ഞ കമലിന്റെ പെരുമഴക്കാലത്തിൽ മരുമകന്റെ മോചനത്തിനുവേണ്ടി പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട്, മകൾക്കൊപ്പം യാചിച്ച് തളർന്നിരിക്കുന്ന വയോവൃദ്ധനായ് മാമുക്കോയ നടത്തിയ വേഷപ്പകർച്ച പ്രേക്ഷകരുടെ കരളലിയിപ്പിക്കുന്ന കാഴ്ചയായിരുന്നു. റസിയയുടെ വാപ്പ അബ്ദുവിന്റെ മൗനങ്ങൾ പോലും ഹൃദയങ്ങളിൽ വിങ്ങലായി പടർന്നു. രോഗബാധിതനായി ശരീരം തളർന്നപ്പോഴാണ് മറ്റൊരു അദ്ഭുതം മാമുക്കോയ കാഴ്ചവെച്ചത്. മനു വാര്യർ സംവിധാനം ചെയ്ത ‘കുരുതി‘യിലെ മൂസ ഖാലിദെന്ന കഥാപാത്രം പ്രേക്ഷകരെ ഞെട്ടിച്ചു. മൂത്രസഞ്ചിയും പേറി രോഗാതുരമായ സാഹചര്യങ്ങളോട് മല്ലടിച്ച്, ചാരുകസേരയിലെ ഇരുന്ന ഇരിപ്പിലുള്ള ആ കഥാപാത്രത്തിന്റെ മാറ്റിൽ മറ്റുള്ള നടന്മാരെല്ലാം നിഷ്‌പ്രഭരായി. കമലിന്റെ ‘ഗസലി‘ലെ മൊല്ലാക്കയെന്ന കഥാപാത്രവും മാമുക്കോയയുടെ അഭിനയ ജീവിതത്തിലെ വേറിട്ട കഥാപാത്രമാണ്.

ഉറച്ച നിലപാടുകളുള്ള കലാകാരൻ

നടനെന്നതിലുപരി ഉറച്ചതും ധീരവുമായ നിലപാടുകളായിരുന്നു മാമുക്കോയയെ ശ്രദ്ധേയനാക്കിയത്. സംഘപരിവാർ ഫാസിസ്റ്റ് ഭീകരതകൾക്കെതിരെ അദ്ദേഹം ധൈര്യപൂർവ്വം പ്രതികരിച്ചു. ജെഎൻയു വിദ്യാർത്ഥി പ്രക്ഷോഭകാലത്തും പൗരത്വഭേദഗതി നിയമത്തിനെതിരായും അദ്ദേഹത്തിന്റെ ശബ്ദമുയർന്നു. ഉറച്ച മതവിശ്വാസിയായിരിക്കുമ്പോൾ തന്നെ സ്വന്തം മതത്തിലെ അനാചാരങ്ങൾക്കെതിരെ സംസാരിക്കാൻ അദ്ദേഹം ഭയന്നില്ല. കലയും നാടകവും സിനിമയുമെല്ലാം ഹറാമാണെന്ന് പറയുന്ന മതപണ്ഡിതരെ അദ്ദേഹം പരിഹസിച്ചു. ചില ആളുകൾ അവരുടെ വിവരമില്ലായ്മകൾ കൊണ്ട് കൂട്ടിയുണ്ടാക്കിയ ഒന്നാണ് ഇപ്പോഴത്തെ മതമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. മുസ്ലീങ്ങൾ നിലവിളക്ക് കത്തിക്കാൻ പാടില്ലെന്ന് ഒരു വിഭാഗം മതപണ്ഡിതൻമാർ ഫത്‌വ ഇറക്കിയപ്പോൾ കുത്ത് വിളക്ക് കത്തിച്ച് വെച്ച് ആ വെളിച്ചത്തിൽ ഓത്തും നിസ്ക്കാരവുമെല്ലാം ചെയ്തിരുന്ന ഉമ്മയെ താനോർത്തുപോയെന്ന് പറഞ്ഞ് അദ്ദേഹം അവർക്കെതിരെ ആഞ്ഞടിച്ചു. സിനിമ കാണരുതെന്ന മതനേതാക്കളുടെ ശാസനയ്ക്കെതിരെയും മാമുക്കോയ ധീരമായി സംസാരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ച് ഖുർ ആനിൽ ഒരു വാക്കുപോലുമില്ല. സിനിമ കാണരുത് എന്ന് നമ്മുടെ പണ്ഡിതൻമാര് പറയുന്നത് ഏത് കിത്താബിനെ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം ചോദിച്ചു.
‘പഴയ എഞ്ചിനിലോടുന്ന ഒരു വണ്ടിപോലെയാണ് കോഴിക്കോട്. പലരും ഈ വണ്ടിയിലെ യാത്രക്കാരായിരുന്നു. ഓരോരുത്തരായി ഓരോ സ്റ്റേഷനിൽ ഇറങ്ങിപ്പോയി. ഏതോ സ്റ്റേഷനിൽ ഒരു ചുവന്ന സിഗ്നലും പിടിച്ച് പടച്ചോൻ നമ്മളെയും കാത്ത് നിൽക്കുന്നുണ്ട്. ആ സ്റ്റേഷനിൽ എത്തുന്നത് വരെ ഈ യാത്ര തുടരണം. ചിലര് മരിക്കുമ്പോൾ അവര് മരിക്കരുതായിരുന്നു എന്നൊരു തോന്നലുണ്ടാവുമല്ലോ. മനുഷ്യൻമാർക്കിടയിൽ പടച്ചോൻ നേരിട്ടയച്ച ശിപായിമാരെപ്പോലെ ചിലര്. അവര് മരിക്കരുതായിരുന്നു’ — മാമുക്കോയയുടെ ഈ വാക്കുകളിൽ തന്നെ അവസാനിപ്പിക്കാം. പടച്ചോൻ നേരിട്ടയച്ച ശിപായിയായിരുന്നു അദ്ദേഹവും. ‘മലയാളികളെ കുടുകുടാ ചിരിപ്പിച്ച് സന്തോഷിപ്പിക്കടാ ശൈത്താനേ’ എന്ന് പറഞ്ഞ് ഭൂമിയിലേക്കയച്ച പ്രിയപ്പെട്ട ശിപായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.