22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 11, 2024
September 8, 2024
August 4, 2024
March 21, 2024
March 8, 2024
February 5, 2024
January 9, 2024
November 17, 2023
November 12, 2023
September 2, 2023

മാനസിക‑ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി ‘പ്രിയ വീട് ഒരുങ്ങി’

Janayugom Webdesk
തിരുവനന്തപുരം
July 25, 2022 11:09 pm

മാനസിക‑ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലെ ആദ്യ ‘പ്രിയ ഹോം’ ഇന്ന് നാടിന് സമർപ്പിക്കും.
കൊട്ടാരക്കര വെളിയം കായിലയിലാണ് ‘പ്രിയ ഹോം’ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ പദ്ധതിയാണ് സംയോജിത പുനരധിവാസ ഗ്രാമമെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതകാലത്ത് ആവശ്യമായി വരുന്ന മുഴുവൻ സംവിധാനവും ഉൾച്ചേർന്നതാകണം പുനരധിവാസ ഗ്രാമമെന്നാണു സാമൂഹ്യ നീതി വകുപ്പിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.
ധനമന്ത്രി കെ എൻ ബാലഗോപാൽ ‘പ്രിയ ഹോം’ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു അധ്യക്ഷത വഹിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിനു വിട്ടു നൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് ‘പ്രിയ ഹോം’ ഒരുക്കിയത്. കമലാസനൻ-സരോജിനി ദമ്പതികളുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർഥം കൂടിയാണ് ഇവർ സ്ഥലവും കെട്ടിടവും വിട്ടുനൽകിയത്. മുൻ എംഎൽഎ സി എച്ച് കണാരന്റെ കൊച്ചുമകളാണ് പ്രിയ.
തങ്ങളുടെ കാലശേഷം മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള ആശങ്കയോടെയാണ് ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കൾ ജീവിതം കഴിച്ചുകൂട്ടുന്നതെന്ന് മന്ത്രി പറഞ്ഞു. ഈ ആശങ്കയ്ക്ക് പരിഹാരം കാണാനുള്ള വിവിധ പ്രവർത്തനങ്ങളിലാണ് സർക്കാർ.
ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നു പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ദേശീയതലത്തിൽത്തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന വിപുലമായ പുനരധിവാസ സൗകര്യങ്ങളോടുകൂടിയ ഒന്നാണ് എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുനരധിവാസ ഗ്രാമം. കാസർകോട് മൂളിയാറിൽ നിർമിക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലിനിക്കിലെ സൈക്കോളജി ബ്ലോക്കും, കൺസൾട്ടിങ് ആൻഡ് ഹൈഡ്രോ തെറാപ്പി ബ്ലോക്കുമാണ് നിർമിക്കുന്നത്. ഒരു വർഷമാണ് നിർമാണ കാലാവധി.
തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ എന്നിവിടങ്ങളിലും പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. അസിസ്റ്റീവ് ലിവിങ് സൗകര്യങ്ങളോടെയുള്ള പുനരധിവാസ ഗ്രാമം എന്ന സങ്കല്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാഥാർത്ഥ്യമാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

വിപുലമായ പുനരധിവാസ സൗകര്യങ്ങള്‍ 

വൈകല്യം മുൻകൂറായി കണ്ടെത്തൽ, ഫിസിയോ തെറാപ്പിയടക്കം തെറാപ്പി സൗകര്യങ്ങൾ, സർജിക്കൽ കണക്ഷൻ, സ്‌പെഷ്യൽ സ്‌കൂൾ കം വിറ്റിസി, ഷെൽട്ടേഡ് വർക്‌ഷോപ്പ്, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള താമസസൗകര്യം എന്നിവ പുനരധിവാസ ഗ്രാമം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും.
മാനസിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രീകൾക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രീകൾക്കും പ്രത്യേകം താമസസൗകര്യം പുനരധിവാസ കേന്ദ്രങ്ങളിലുണ്ടാകും. ശുചിമുറികളോടുകൂടിയുള്ള ഡോർമെറ്ററികൾ, ശുചിമുറികളോടുകൂടിയുള്ള മുറികൾ, പൊതു ശുചിമുറിയോടുകൂടിയുള്ള മുറികൾ എന്നിവ ഇതിനായി ഒരുക്കും.
ഡൈനിങ്, കാന്റീൻ സൗകര്യങ്ങൾ, തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക സൗകര്യങ്ങളോടുകൂടിയുള്ള കേന്ദ്രങ്ങൾ, കോൺഫറൻസ് റൂമോടു കൂടിയുള്ള പഠന കേന്ദ്രങ്ങൾ, ജീവനക്കാർക്ക് യോഗം ചേരാനുള്ള സൗകര്യത്തോടുകൂടിയ ഓഫീസ് സൗകര്യങ്ങൾ, വിവിധ തരം തെറാപ്പികൾക്കുവേണ്ടിയുള്ള മുറികൾ (സൈക്യാട്രിക്, ഫിസിയോതെറാപ്പി, സ്പീച്ച് സെൻസറി, യോഗ, സംഗീതം), ആംഫി തിയേറ്റർ, വാർഡ്, ഫാർമസി എന്നിവ കേന്ദ്രങ്ങളിലുണ്ടാകും.

Eng­lish Summary:‘Priya Vedu’ for men­tal­ly and intel­lec­tu­al­ly chal­lenged women

You may like this video also

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.