19 December 2024, Thursday
KSFE Galaxy Chits Banner 2

അട്ടപ്പാടിയും പഴനിസാമിയും പിന്നെ സച്ചിയും നഞ്ചിയമ്മയും

പുരസ്കാര തിളക്കത്തിൽ നഞ്ചിയമ്മ, 
നോവുന്ന ഓർമ്മയായി സച്ചി…
രാധാകൃഷ്ണൻ മാന്നനൂർ
July 31, 2022 5:24 pm

അട്ടപ്പാടി എന്ന ഗോത്രഭൂമിയിലെ നക്ഷത്രത്തിളക്കമുള്ള പേരിന്റെ ഉടമകളാണിന്ന് പഴനിസാമിയും നഞ്ചിയമ്മയും.
‘അയ്യപ്പനും കോശി‘യും സിനിമയിലൂടെ. സംവിധായകൻ സച്ചി കണ്ടെടുത്ത ഈ ആദിവാസി ഗോത്ര പ്രതിഭകൾ അട്ടപ്പാടിക്കാരുടെ സൂപ്പർ താരങ്ങളാണിന്ന്. അട്ടപ്പാടി ഗോത്ര സമൂഹത്തിലെ പഴനിസാമിയും നഞ്ചിയമ്മയും കണ്ട സ്വപ്നങ്ങളും, സ്വന്തമാക്കിയ സ്വപ്ന നേട്ടങ്ങളും, പിന്നിട്ട ജീവിത സാഹചര്യങ്ങളും, ഒരു സിനിമാ കഥയെക്കാൾ ഇമ്പമുള്ളതാണ്. സംവിധായകൻ സച്ചി വിട പറഞ്ഞിട്ട് ജൂൺ പതിനെട്ടിന് രണ്ട് വർഷം പിന്നിടുമ്പോൾ തങ്ങളുടെ മല ദൈവങ്ങൾക്കൊപ്പം സ്ഥാനം നൽകി അട്ടപ്പാടിയുടെ ഗോത്രഭൂമി സച്ചിയെന്ന മനുഷ്യനെ ആരാധിക്കുന്നുണ്ട്.
അട്ടപ്പാടിയുടെ സൗന്ദര്യവും ആത്മാഭിമാനവും സംസ്ക്കാരവും അഭ്രപാളിയിലൂടെ പുറം ലോകത്തെത്തിച്ച സച്ചി ഈ ഗോത്ര മണ്ണിലെ പുതിയ ദൈവമായി ആരാധിക്കപ്പെടുന്നു. ആ സച്ചിയിലൂടെയാണ് നഞ്ചിയമ്മ ഇന്ത്യയിലെ മികച്ച ഗായികയായി മാറിയത്.

അട്ടപ്പാടിയിലെ മൊട്ടക്കുന്നുകളെ നോക്കി അനാഥനായ ഒരു ആദിവാസി, യുവാവ് ഒരിയ്ക്കലും ഒരട്ടപ്പാടിക്കാരൻ ‘കാണാൻ പാടില്ലാത്ത’ ചില സിനിമ സ്വപ്നങ്ങൾ കാണുമായിരുന്നു. അരപട്ടിണിയും മുഴു പട്ടിണിയും കൂടപ്പിറപ്പായ അട്ടപ്പാടിക്കാരൻ (അതും ആദിവാസികൾ) കാണാൻ പാടാത്ത സ്വപ്നം. തന്റെ പട്ടിണിയെയും, അനാഥത്വത്തെയും, ഇല്ലായ്മകളെയും, പരിമിതികളെയും മറന്ന് അവൻ ആ ഗോത്രഭൂമിയിലിരുന്ന് സിനിമയും, അഭിനയവുമൊക്കെ സ്വപ്നം കണ്ടത്.
താരശോഭയുടെ നിലാവ് പരന്ന് തിളങ്ങി നിൽക്കുന്ന സിനിമാ ലോകത്ത് എത്തപ്പെടാൻ അവൻ പലപ്പോഴും അട്ടപ്പാടി ചുരമിറങ്ങി. സ്ഥിരമായി സിനിമകൾ ചിത്രീകരിക്കാനെത്തുന്ന ഒറ്റപ്പാലത്തും, പാലക്കാടും, കൊല്ലങ്കോട്ടും എത്തി അഭിനയിക്കാൻ അവസരം ചോദിച്ചു. യാചിച്ചു. സിനിമയിൽ അഭിനയിക്കാൻ അവസരം ചോദിച്ചു വന്ന അട്ടപ്പാടിക്കാരൻ ആദിവാസി യുവാവിനെ പല സിനിമാക്കാരും അനുഭാവത്തോടെ നോക്കിയില്ല. പരിഗണിച്ചില്ല. ചിലർ നോക്കിയെങ്കിലും ആ നോട്ടത്തിലെ ഭാവത്തിന് വേറെ അർത്ഥങ്ങളായിരുന്നു. ചുരമിറങ്ങി വന്ന യുവാവിന്റെ കഥ കേട്ട് ചിലർ മാത്രം സഹതാപത്തോടെ വെച്ചു നീട്ടിയത് ‘മിന്നി മറയുന്ന’ വേഷങ്ങൾ. അങ്ങനെ നാലഞ്ച് സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി. അട്ടപ്പാടി കുന്നുകളിൽ അപ്പോഴേക്കും ‘സിനിമാ നടൻ’ എന്ന പേര് ഒരല്പം പരിഹാസത്തോടെ പരന്നു കഴിഞ്ഞിരുന്നു.

സിനിമയിലൊന്നുമാകാതെ ഇനി ചുരം കയറി പോകാനും, അട്ടപ്പാടിയിൽ ജീവിക്കാനും വയ്യാത്ത അവസ്ഥ. കാണുന്നവർ അടുത്ത സിനിമയെ പറ്റിയും അടുത്ത വേഷത്തെ പറ്റിയും ചെറിയ കളിയാക്കലോടെ തിരക്കി കൊണ്ടിരുന്നു. അട്ടപ്പാടിയിലേക്കുള്ള ചുര വഴികളെക്കാൾ വളവും, തിരിവും, കയറ്റവും, ഇറക്കവും, സങ്കീർണ്ണതകളും നിറഞ്ഞതാണ് തന്റെ മുന്നിലുള്ള സിനിമയിലേക്കുള്ള വഴി എന്ന് അയാൾ തിരിച്ചറിഞ്ഞു. ഒടുവിൽ ഒരിയ്ക്കലും നടക്കില്ലെന്ന യാഥാർത്ഥ്യം അംഗീകരിച്ച് സിനിമയും സ്വപ്നങ്ങളും മനസിൽ ചുരുട്ടി കെട്ടി ആ യുവാവ് അട്ടപ്പാടിയുടെ ചുരം തിരിച്ചു കയറി. ചുരം കയറുമ്പോൾ വേദനയോടെ തന്റെ സിനിമ സ്വപ്നങ്ങളെ ചുര വഴികളിൽ തന്നെ അയാൾ ഉപേക്ഷിച്ചു.
അട്ടപ്പാടിയിലെത്തി വീണ്ടും മണ്ണിൽ പണിയെടുക്കുന്ന കർഷകനായി. വനം വകുപ്പിലെ വാച്ചർ ജോലിയിലും തന്റെ ജീവിതം ഒതുക്കി. കാടിനെ കാത്തും കാടിറങ്ങി വരുന്ന കാട്ടാന കൂട്ടത്തെ എതിരിട്ടും അയാൾ തന്റെ വാച്ചർ ജോലിയിൽ വ്യാപൃതനായി.

അപ്പോഴും അവനെ അടുത്തറിയുന്ന അവന്റെ അട്ടപ്പാടി കുന്നുകൾ ഒരശരീരീ പോലെ അയാളിലെ സ്വപ്നങ്ങൾ ഉരുവിട്ടു കൊണ്ടിരുന്നു.
സിനിമയെന്ന സ്വപ്നം ഉപേക്ഷിച്ച ആ ആദിവാസി യുവാവിനെ തേടി മലയാള സിനിമ സച്ചി എന്ന മിടുക്കനായ, പ്രശസ്തനായ സംവിധായകന്റെ കൈപിടിച്ച് അട്ടപ്പാടി ചുരം കയറി ചെന്നു. ‘അയ്യപ്പനും കോശിയും’ സിനിമയിൽ അട്ടപ്പാടിക്കാരനായ എക്സൈസ് ഓഫീസറായി പൃഥ്വിരാജിനോട് മുഖാമുഖം നിന്ന് സംസാരിക്കുന്ന കഥാപാത്രം കൈവെള്ളയിൽ വെച്ച് നൽകി. അട്ടപ്പാടിയുടെ മണ്ണിൽ തന്നെ അറിയുന്ന ആയിരങ്ങൾ ചുറ്റും നോക്കി നിൽക്കെ പഴനിസാമി എക്സൈസ് ഓഫീസറായി പൃഥ്വിരാജിന്റെ കഥാപാത്രത്തോട് മാറ്റുരച്ചു.
സച്ചി ആക്ഷൻ പറയുന്നതിന് മുൻപ് പൃഥ്വി പഴനിസാമിക്ക് ധൈര്യം നൽകി. “നിങ്ങൾ കാട്ടാനകൾക്ക് നേരെ കരുത്ത് കാണിക്കുന്നവരല്ലേ… അത്ര ധൈര്യം വേണ്ട ഇതിന്. നിങ്ങൾക്ക് നന്നായി ചെയ്യാനാവും…”
ആ കഥാപാത്രത്തിന് സച്ചി ‘പഴനിസാമി’ എന്നു നാമകരണം ചെയ്യാൻ തയ്യാറായെങ്കിലും ഒടുവിൽ പഴനിസാമിയടക്കം കൂടെയുള്ളവർ തന്നെ ഫൈസൽ എന്ന പേരിലേക്ക് അത് വഴി മാറ്റിച്ചു. ‘അയ്യപ്പനും കോശിയും’ സിനിമയിലൂടെ പ്രശസ്തിയും, അവസരവും സിനിമ സ്വപ്നങ്ങളും പഴനിസാമിക്ക് മുന്നിൽ ചുരം കയറിയെത്തി.
സിനിമ ചെയ്യാനുളള അണിയറ പ്രവർത്തനങ്ങളുമായി അട്ടപ്പാടിയിലെത്തിയ സംവിധായകൻ സച്ചിക്ക് മുന്നിൽ പഴനിസാമിയെ എത്തിച്ചത് സച്ചിയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയൻ നമ്പ്യാരും സംഘവുമാണ്. പഴനിസാമിയോട് സച്ചി ആദ്യമായി ആവശ്യപ്പെട്ടത് ആദിവാസികളുടെ ഒരു തനത് പാട്ടും, വാദ്യസംഗീതവുമാണ്. അയ്യപ്പനും കോശിയിലും ക്ലൈമാക്സ് സീനുകളിൽ ഉപയോഗിക്കാൻ മെലഡി ടച്ചുള്ള ആദിവാസി ഈണങ്ങളും വരികളും ഗോത്ര ഗന്ധവുമുള്ള ഒരു പാട്ട്.
ഒരാഴ്ചത്തെ സമയം ചോദിച്ച് പഴനിസാമി സച്ചിയുടെ താമസസ്ഥലത്തു നിന്നിറങ്ങി. “പാട്ടായാൽ പറയണം” എന്നു പറഞ്ഞ് സച്ചിയും സംഘവും കൊച്ചിയിലേക്കും.


പാട്ടു തേടി അട്ടപ്പാടി കുന്നുകളിൽ ആടുമേയ്ച്ചു നടന്ന നഞ്ചിയമ്മയിലേക്ക്.
അക്ഷരാഭ്യാസം നേടിയിട്ടില്ലെങ്കിലും ആടുകളെ മേയ്ച്ചു നടക്കുമ്പോൾ സഞ്ചിയമ്മ പാടും. താളം പിടിക്കും. ആദിവാസി സംസ്ക്കാരത്തിന്റെ തുടിപ്പുള്ള വരികൾ — ഗോത്ര മണ്ണിൽ നിന്ന് പാരമ്പര്യമായി പകർന്ന് കിട്ടിയതും, മനസിൽ മുളപൊട്ടുന്നതുമായ വരികൾ. ആദിവാസി സമൂഹത്തിന് മാത്രം സ്വന്തമായ പാട്ടും താള- മേള വാദ്യ സംഗീതങ്ങളും. ആ ശൈലിയിൽ ഒരു ആദിവാസി പാട്ട് വേണമെന്ന സച്ചി ഏല്പിച്ച ഉത്തരവാദിത്വം മനസിലിട്ട് നടന്ന പഴനിസാമിയുടെ പ്രതീക്ഷ മുഴുവൻ നഞ്ചിയമ്മയിലായിരുന്നു.
ആ പ്രതീക്ഷ നഞ്ചിയമ്മ തെറ്റിച്ചതുമില്ല. പക്ഷേ, സച്ചിയുടെയും സംഗീത സംവിധായകന്റെയും പ്രതീക്ഷ മുഴുവൻ തെറ്റിച്ച് അയ്യപ്പനും കോശിയിലൂടെ നഞ്ചിയമ്മയും, അവരുടെ ‘കലക്കാത്ത സന്ദന’വും ‘ദൈവമകളെ…’ എന്നാരംഭിക്കുന്ന പാട്ടുകളും ഭൂമി മലയാളം മുഴുവൻ കീഴടക്കി മുന്നേറി. ‘ആട് മേയ്ച്ചു നടക്കുന്നതിനിടെ തന്നെ നഞ്ചിയമ്മ അയ്യപ്പനും കോശിക്കും വേണ്ടി സച്ചി ആഗ്രഹിച്ച പാട്ടെഴുതി നൽകി. ആദ്യം നാലു വരികൾ. പത്ത് ദിവസം കൊണ്ട് നഞ്ചിയമ്മ മരുമകൻ രാജേന്ദ്രന്റെ സഹായത്തോടെ പാട്ട് വരികൾ പൂർത്തിയാക്കി നൽകി. നഞ്ചിയമ്മയുടെ വേറിട്ട ശബ്ദം പതിഞ്ഞ മൂന്നു ഗാനങ്ങളോടെ അയ്യപ്പനും കോശിയും പേക്ഷകലക്ഷങ്ങളുടെ മനസിൽ ചേക്കേറി.
പഴനിസാമിയുടെ ആസാദി സംഗീത ഗ്രൂപ്പിലെ അംഗമായിരുന്നു നഞ്ചിയമ്മ. ആദിവാസികളുടെ തനത് ഗാനത്തോടൊപ്പം നഞ്ചിയമ്മ രചിച്ച പട്ടും അയ്യപ്പനും കോശിയിലും ഹിറ്റായി. ഇപ്പോൾ ഇന്ത്യൻ സംഗീതരംഗത്തെ മികച്ച ശബ്ദമായി പാട്ടുകാരിയായി നഞ്ചിയമ്മ അട്ടപ്പാടി മലനിരകൾക്ക് പോലും അഭിമാനമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.