17 November 2024, Sunday
KSFE Galaxy Chits Banner 2

കൊല്ലുന്ന രാജാവിന് തിന്നുന്ന സചിവന്‍!

ദേവിക
വാതിൽപ്പഴുതിലൂടെ
August 1, 2022 5:30 am

‘കമ്പം മൂത്ത് കമ്പപ്പുര കത്തിക്കുന്ന കരിമരുന്നാശാന്‍’ എന്നൊരു ചൊല്ല് വെടിക്കെട്ടുപ്രേമികള്‍ക്കിടയിലുണ്ട്. കമ്പപ്പുര കത്തിക്കുമ്പോള്‍ താനും ഒപ്പം ചാമ്പലാകുന്നുവെന്ന് ചിന്തിക്കാനുള്ള ബുദ്ധിയൊന്നും വെടിക്കെട്ടു വിദഗ്ധനില്ല. അഴിമതിയിലും ധൂര്‍ത്തിലും മഹാകോടീശ്വര പ്രീണനത്തിനും പേരുകേട്ട മോഡിയുടെ മഹത്തായ ഇന്ത്യ ഇപ്പോള്‍ കമ്പപ്പുര കത്തിയമരുന്നതുപോലെയായി. ലോക്‌സഭയില്‍ ഈയിടെ കേട്ട ഒരു പ്രസംഗം മോഡിഭരണത്തിലെ ഇന്ത്യയുടെ ദുരന്തത്തിന്റെ വാങ്മയ ചിത്രമായി. പ്രസംഗത്തിന്റെ തുടക്കത്തിലെ ചോദ്യം തന്നെ ബഹുജോറാണ്. ‘മോഡിജീ താങ്കള്‍ ഇങ്ങനെ താടിനീട്ടി വളര്‍ത്തിയാല്‍ ടാഗോറാകുമോ?’ ഐക്യഭാരതത്തെ മതാടിസ്ഥാനത്തില്‍ നിങ്ങള്‍ വെട്ടിമുറിച്ചില്ലേ? അംബാനിമാരുടെയും അഡാനിമാരുടെയും 5.55 ലക്ഷം കോടി രൂപയുടെ വായ്പകള്‍ എഴുതിത്തള്ളിയ നിങ്ങള്‍ ജനങ്ങള്‍ക്കൊപ്പമോ മഹാകോടീശ്വരന്മാര്‍ക്കൊപ്പമോ? യശസ്വിയായ രാജാവാണെന്ന് പെരുമ്പറയടിക്കാന്‍ പ്രതിവര്‍ഷം 900 കോടി രൂപ ചെലവഴിക്കുന്നു. വിദേശനാടുകള്‍ കാണാന്‍ ഇതിനകം ചെലവഴിച്ചത് 25,000 കോടി. പ്രധാനമന്ത്രിയുടെ സുരക്ഷാ ചെലവുകള്‍ക്ക് ചെലവ് 25 കോടി. കുംഭമേളയിലെ നഗ്നസന്യാസിമാര്‍ക്ക് വര്‍ഷംതോറും ചെലവഴിക്കുന്നത് 1,300 കോടി. വിമാനത്താവളങ്ങള്‍ വിറ്റു, തുറമുഖങ്ങളും തീവണ്ടികളും റയില്‍വേ സ്റ്റേഷനുകളും വിറ്റു തുലച്ചു. എന്തിന് മുന്‍ യുഎസ് പ്രസിഡന്റിന് ഹസ്തദാനം ചെയ്യാനും വഴിനീളെയുള്ള ചേരികളിലെ പട്ടിണിപ്പാവങ്ങളെ ട്രംപ് കാണാതിരിക്കാനുമായി കോട്ടമതിലുകള്‍ തീര്‍ത്തതിനും താങ്കള്‍ ചെലവാക്കിയത് മുന്നൂറു കോടി രൂപയല്ലേ. ഇന്ത്യയെന്ന വെടിമരുന്നുശാലയ്ക്കാണ് താങ്കള്‍ തീ കൊളുത്തിയിരിക്കുന്നതെന്നു പറഞ്ഞ് പാര്‍ലമെന്റംഗം പ്രസംഗം അവസാനിപ്പിക്കുമ്പോള്‍ മോഡിയുടെ മുഖത്ത് നിസംഗഭാവം. അമിത്ഷായാകട്ടെ ഒരു ഇളിഭ്യച്ചിരി. എരുമയുടെ ആസനത്തില്‍ കിന്നരം വായിക്കുന്നതുകൊണ്ട് ഒരു ഫലവുമില്ലെന്ന മട്ടിലുള്ള ചിരി.


ഇതുകൂടി വായിക്കൂ: നിലവിടുന്ന നേതാവിനെ നിലയ്ക്കുനിര്‍ത്തണം


ഇതെല്ലാം കണ്ടപ്പോഴും കേട്ടപ്പോഴുമാണ് ‘കൊല്ലുന്ന രാജാവിന് തിന്നുന്ന സചിവന്‍’ എന്ന ചൊല്ല് ഓര്‍ത്തുപോയത്. മോഡിയുടെ സചിവന്മാരിലൊരാളാണ് പ്രഹ്ലാദ് പട്ടേല്‍. കേന്ദ്ര ജലശക്തി മന്ത്രി, ജലം ഒരു ശക്തിയാണെന്ന് വകുപ്പിന്റെ നാമകരണത്തിലൂടെ തന്നെ സമ്മതിച്ചിരിക്കുന്നു. മധ്യപ്രദേശുകാരനായ ഈ മന്ത്രിപുംഗവന്റെ മണ്ഡലത്തില്‍ കുടിവെള്ളം കിട്ടാതെ മലിനജലം കുടിച്ച് കഴിഞ്ഞ ദിവസം മരിച്ചത് മൂന്നു പേര്‍. എഴുപതു പേര്‍ ആശുപത്രിയില്‍, പത്തുപേര്‍ ഗുരുതരാവസ്ഥയില്‍. ഇത് മന്ത്രിയുടെ ദമോഹകഞ്ചാരി ഗ്രാമത്തിലെ മാത്രം സ്ഥിതി. നൂറ്റിമുപ്പതു കോടിയില്പരം ജനസംഖ്യയുള്ള ഇന്ത്യയിലെ പകുതിയിലേറെ പേര്‍ക്കും ശുദ്ധമായ കുടിവെള്ളം അപ്രാപ്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. മലിനജലം കഴിച്ച് രോഗികളും അനാരോഗ്യവാന്മാരുമാകുന്ന 65 കോടി ജനങ്ങളുടെ നഷ്ടപ്പെടുന്ന പ്രയത്നദിനങ്ങള്‍ മൂലമുള്ള ദേശീയനഷ്ടം 42,000 കോടി രൂപ. എന്നിട്ടും മോഡി വിളിച്ചുകൂവുന്നു, ‘മേരേ പ്യാരേ ദേശ്‌വാസിയോം, ഭായിയോം ബഹനോം ഹം ലോകശക്തി’ എന്ന്. അതാണ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത്, ഇതെല്ലാം പറയാന്‍ ലേശം ഉളുപ്പ് വേണമെന്ന്!
കാസര്‍കോട് നിന്നുള്ള ഒരു വാര്‍ത്ത കണ്ടപ്പോള്‍ ഒരു മുദ്രാവാക്യം വിളിക്കാന്‍ തോന്നിപ്പോയി; ‘ഇല്ലാ തരികിട മരിക്കുന്നില്ല, തലമുറ തലമുറ കൈമാറി ജീവിക്കുന്നു ഞങ്ങളിലൂടെ.’ മുപ്പതുവര്‍ഷം പഴക്കമുള്ള പ്രശസ്തമായ ഒരു ചെറു ഹോട്ടലിലേക്ക് നാലഞ്ച് ന്യൂജന്‍ പയ്യന്മാര്‍ എത്തുന്നു. ചിക്കന്‍ ഫ്രൈയ്ക്ക് ഓര്‍ഡര്‍ ചെയ്യുന്നു. മുഴുവന്‍ അകത്താക്കിക്കഴി‍ഞ്ഞപ്പോള്‍ ഫ്രൈയില്‍ ജീവനുള്ള പുഴുവെന്ന് വിളിച്ചുകൂവി പയ്യന്മാര്‍ ബഹളമായി. വറുത്ത ഇറച്ചിയില്‍ ജീവനുള്ള പുഴുവെങ്ങനെ എന്ന ചോദ്യമൊന്നും വേണ്ട. നുളയ്ക്കുന്ന പുഴുവിന്റെയും എല്ലിന്‍കഷ്ണങ്ങളുടെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. അച്ചടി-ദൃശ്യമാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊണ്ടാടുന്നു. ഇതെല്ലാം കണ്ടും കേട്ടും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ പഠിച്ചിരുന്ന, ഇപ്പോള്‍ വൃദ്ധരായിക്കഴിഞ്ഞ ചില വിരുതന്മാര്‍ മുദ്രാവാക്യം വിളിക്കുന്നു; ഇല്ലാ ഇല്ല മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. അരനൂറ്റാണ്ടിനുമപ്പുറമാണ്. കോളജിലെ ഈ വേന്ദ്രന്മാര്‍ ജന്തുശാസ്ത്ര ലാബിലേക്ക് പഠനത്തിനുള്ള എലിയെയും തവളയെയും ശേഖരിച്ചെത്തുന്ന സ്പെസിമെന്‍ കളക്ടര്‍ കൊച്ചപ്പിയെ സമീപിക്കുന്നു. ഒരു രൂപ കൊച്ചപ്പിയുടെ പോക്കറ്റിലിട്ടുകൊടുത്തിട്ട് കല്പിക്കും, പത്തു പാറ്റകള്‍ ഇങ്ങു പോരട്ടെ. ഒരു രൂപ അന്നു വലിയ തുകയാണ്. കോഫി ഹൗസില്‍ 25 പൈസയ്ക്ക് ഒരു മസാലദോശയും 10 പൈസയ്ക്ക് ഒരു കാപ്പിയും കിട്ടുന്ന കാലം. ചത്ത പാറ്റകളിലൊന്നിനെ പൊതിഞ്ഞു കീശയിലാക്കി നേരെ സെക്രട്ടേറിയറ്റിനടുത്ത ഹോട്ടലുകളില്‍ ഒന്നില്‍ എത്തും. ബിരിയാണിയും മട്ടനുമോ ഗീ റോസ്റ്റോ കഴിച്ചിട്ട് പൊതിയിലെ പാറ്റയുടെ മൃതശരീരം പാത്രത്തിലെ അവശേഷിക്കുന്ന ഭക്ഷണത്തില്‍ നിക്ഷേപിക്കും. പിന്നെ ആകെ ബഹളമായി; ജഗപൊഗയായി. ഹോട്ടലുടമയും ജീവനക്കാരും ഈ വിദ്യാര്‍ത്ഥി ശിങ്കിടിമുങ്കന്മാരോട് കേണപേക്ഷിക്കും. ‘പ്ലീസ് നാറ്റിക്കരുത്. ഭക്ഷണത്തിന്റെ കാശുവേണ്ട. നിങ്ങള്‍ ബഹളം വച്ചാല്‍ നാട്ടാരറിയും. ഹോട്ടല്‍ പൂട്ടുകയേ വഴിയുള്ളു’. അന്ന് ഈ നമ്പര്‍ പയറ്റിയവരില്‍ ജീവിച്ചിരിക്കുന്നവര്‍ കാസര്‍കോട്ടെ പിള്ളേരോട് പറയുന്നു, ഇതു പഴയ നമ്പര്‍. പുതിയതെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തെടുക്കു.


ഇതുകൂടി വായിക്കൂ: ചെലോല്ടെ റെഡിയാകും ചെലോല്ടെ റെഡിയാവൂല്ല


ഓരോ ഗ്രാമത്തിലും കാക്കത്തൊള്ളായിരം തെരുവു നായ്ക്കളാണുള്ളത്. അവയില്‍ നല്ലൊരു പങ്ക് പേപ്പട്ടികള്‍. പക്ഷിപ്പനി വന്നാല്‍ കോഴികളെയും താറാവുകളെയും കൊന്നൊടുക്കും. ഡെങ്കിവന്നാല്‍ കൊതുകുനിര്‍മ്മാര്‍ജ്ജനം. കഴിഞ്ഞ ദിവസം ഒരു കര്‍ഷകന്റെ ഉപജീവനമാര്‍ഗമായ 160 താറാവുകളെയാണ് തെരുവുനായ്ക്കള്‍ കടിച്ചുകൊന്നത്. പക്ഷേ തെരുവുനായ്ക്കളെ കൊല്ലരുതെന്നാണ് ബിജെപി നേതാവായ മനേകയുടെ കല്പന. അവയെ വന്ധ്യംകരിച്ചോളു. അങ്ങനെ തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാമത്രെ. കോടതികളും മേനകയ്ക്കൊപ്പം. അതിനാല്‍ നാടുനീളെ തെരുവുപട്ടികളുടെ വന്ധ്യംകരണയജ്ഞം തകൃതി. കൊല്ലത്ത് ഇപ്രകാരം വന്ധ്യംകരിക്കപ്പെട്ട ഒരു പെണ്‍പട്ടി പ്രസവിച്ചത് അഞ്ച് അരുമക്കുഞ്ഞുങ്ങളെ! ഇനി മനേക എന്തു പറയും. വന്ധ്യംകരിക്കപ്പെട്ട ആണ്‍പട്ടികളൊന്നും പെറ്റില്ലല്ലോ എന്നാവും ന്യായീകരണം.
വിശാഖപട്ടണത്തെ ആര്‍ കെ ബീച്ചില്‍ ശ്രീനിവാസറാവു എന്ന അപ്പാവിയും സായിപ്രിയ എന്ന ജഗജില്ലി ഭാര്യയുമായി വിവാഹ വാര്‍ഷികം ആഘോഷിക്കാനെത്തുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ പ്രിയ അപ്രത്യക്ഷയാകുന്നു. കടലില്‍ ഭാര്യ തിരയില്‍പ്പെട്ടുവെന്ന് ഭര്‍ത്താവിന്റെ പരാതി. സര്‍ക്കാര്‍ ഉടനടി യുദ്ധസജ്ജം. നാവികസേനയുടെ മൂന്നു കപ്പലുകളും ഹെലികോപ്റ്ററുകളും വള്ളങ്ങളും രണ്ടു ദിവസം കടലില്‍ മുഴുവന്‍ മുങ്ങിത്തപ്പുന്നു. എല്ലാം വൃഥാവിലായപ്പോള്‍ ബംഗളുരുവില്‍ നിന്ന് പ്രിയയുടെ വിളിവരുന്നു; ഞാനിവിടെ കാമുകന്‍ രവിയോടൊപ്പം സസുഖം വാഴുന്നു! സര്‍ക്കാര്‍ തെരച്ചിലിനു ചെലവാക്കിയ ഒരു കോടി രൂപ സ്വാഹ. ചെലവായ ഒരു കോടി വേണമെന്നാവശ്യപ്പെട്ട് നാവികസേന രംഗത്തുവന്നിരിക്കുകയാണിപ്പോള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.