22 December 2024, Sunday
KSFE Galaxy Chits Banner 2

കോമണ്‍വെല്‍ത് ഗെയിംസ്; ലക്ഷ്യയും സിന്ധുവും സ്വര്‍ണത്തിളക്കത്തില്‍

Janayugom Webdesk
ബിര്‍മിങ്ഹാം
August 8, 2022 7:52 pm

കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ ബാഡ്മിന്റണില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് സ്വര്‍ണം. ഫൈനലില്‍ കാനഡയുടെ മിഷേൽ ലിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധുവിന്റെ സ്വര്‍ണനേട്ടം. സ്‌കോര്‍: 21–15, 21–13. കോമണ്‍വെല്‍ത്ത് ഗെയിംസിലെ താരത്തിന്റെ ആദ്യ സ്വര്‍ണനേട്ടമാണിത്. 2014‑ല്‍ വെങ്കലവും 2018‑ല്‍ വെളളിയും നേടിയിരുന്നു.
രണ്ട് തവണ ഒളിമ്പിക് മെഡല്‍ ജേതാവായ സിന്ധു മികച്ച പ്രകടനമാണ് മത്സരത്തിലുടനീളം കാഴ്ചവച്ചത്. ആദ്യ ഗെയിം 21–15 എന്ന സ്കോറിനാണ് ഇന്ത്യൻ താരം സ്വന്തമാക്കിയത്. 11–8 എന്ന രീതിയിൽ ഒപ്പത്തിനൊപ്പം പോരാടിയ ശേഷമാണ് ആദ്യ ഗെയിം സിന്ധു നേടിയത്. മത്സരം കൈവിട്ട ലി നിരവധി പിഴവുകൾ വരുത്തുന്നതാണ് രണ്ടാം ഗെയിമിൽ കണ്ടത്. ഇതോടെ സിന്ധു അനായാസം മുന്നേറി. 12–7 എന്ന നിലയിൽനിന്ന് 13–10 എന്ന നിലയിലേക്കു കളി മാറ്റാൻ ലീയ്ക്കു സാധിച്ചു. എന്നാൽ പിഴവുകൾ രണ്ടാം ഗെയിമിലും ആവര്‍ത്തിച്ചതോടെ രണ്ടു സെറ്റുകളും ലോക ഒന്നാം നമ്പർ താരം സ്വന്തമാക്കുകയായിരുന്നു. മിക്‌സഡ് ടീം ഇത്തില്‍ സിന്ധു നേരത്തേ വെള്ളി നേടിയിരുന്നു. ഈ കോമണ്‍വെല്‍ത്തില്‍ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണം കൂടിയാണിത്.

ബാഡ്മിന്റണ്‍ പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്‍ സ്വര്‍ണം നേടി. മലേഷ്യയുടെ ങ് സേ യോംഗിനെയാണ് ത്രില്ലര്‍ പോരാട്ടത്തില്‍ ലക്ഷ്യ തോല്‍പ്പിച്ചത്. വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് ഇന്ത്യന്‍ താരത്തിന്റെ വിജയം. സ്കോര്‍: 19–21, 21–9, 21–16. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലക്ഷ്യ സെന്നിന്റെ ആദ്യ സ്വര്‍ണമാണിത്.
ഇരുവരും നേര്‍ക്കുനേര്‍ വന്ന മൂന്ന് മത്സരങ്ങളിലും ജയം ലക്ഷ്യക്കായിരുന്നു. ആദ്യ ഗെയിം നേരിയ വ്യത്യാസത്തിലാണ് ലക്ഷ്യക്ക് നഷ്ടമായത്. എന്നാല്‍ രണ്ടാം ഗെയിമില്‍ അതിനുളള മറുപടി താരം നല്‍കി. മുന്നാം ഗെയിമിലും ലക്ഷ്യ ആധിപത്യം തുടര്‍ന്നു. പാതിദൂരം പിന്നിടുമ്പോള്‍ 11–7ന് മുന്നിലായിരുന്നു. പിന്നീട് 15–9 ആക്ക് ലീഡുയര്‍ത്തി. അധികം വൈകാതെ മത്സരവും കയ്യിലാക്കി. 2021 ലോകചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി ഏവരെയും അത്ഭുതപ്പെടുത്തിയ താരം യൂത്ത് ഒളിമ്പിക്‌സില്‍ വെള്ളിയും നേടിയിട്ടുണ്ട്.
ബാഡ്മിന്റണ്‍ പുരുഷ ഡബിള്‍സില്‍ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി- ചിരാഗ് ചന്ദ്രശേഖര്‍ ഷെട്ടി സഖ്യത്തിന് സ്വര്‍ണം. ഇംഗ്ലണ്ടിന്റെ ബെന്‍ ലെയ്ന്‍-സീന്‍ വെന്‍ഡി സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഇന്ത്യന്‍ മെഡല്‍നേട്ടം. സ്‌കോര്‍: 21–15, 21–13.
മത്സരത്തില്‍ ഇന്ത്യയുടെ ആധിപത്യമാണ് കണ്ടത്. ഇംഗ്ലണ്ടിന് ഇന്ത്യക്ക് മേല്‍ വെല്ലുവിളി സൃഷ്ടിക്കാനായില്ല. രണ്ട് സെറ്റുകളിലും അനായാസ വിജയമാണ് ഇന്ത്യ നേടിയത്.
ടേബിള്‍ ടെന്നീസ് പുരുഷ സിംഗിള്‍സില്‍ ഇന്ത്യയുടെ ശരത് കമാലിന് സ്വര്‍ണം. ഫൈനലില്‍ ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡിനെ തകര്‍ത്താണ് ശരത് സ്വര്‍ണമെഡലില്‍ മുത്തമിട്ടത്. കോമൺവെൽത്ത് ഗെയിംസിൽ ശരത്തിന്റെ രണ്ടാം സ്വർണമെഡലാണിത്.
ഒന്നിനെതിരേ നാല് ഗെയിമുകള്‍ക്കാണ് ശരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പോരാട്ടവീര്യത്തോടെ തിരിച്ചുവന്ന ശരത് പിച്ച്‌ഫോര്‍ഡിനെ പിച്ചിച്ചീന്തി. പിന്നീടുള്ള നാല് ഗെയിമുകളും നേടിയ ശരത് സ്വര്‍ണമെഡല്‍ കഴുത്തിലണിഞ്ഞു. സ്‌കോര്‍: 11–13, 11–7, 11–2, 11–6, 11–8.

Eng­lish Sum­ma­ry: Com­mon­wealth Games; Lak­shya and Sind­hu bagged gold

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.