ജീവനക്കാരുടെ ശമ്പളം നൽകാൻ സാവകാശം തേടി കെഎസ്ആർടിസി ഹൈക്കോടതിയെ സമീപിച്ചു. ജൂലൈ മാസത്തെ ശമ്പളം നൽകാൻ 10 ദിവസം കൂടി സമയം വേണമെന്നാണ് ആവശ്യം. ജൂൺ മാസത്തെ ശമ്പളം നൽകിയത് ഡീസൽ ചെലവിനുള്ള പണം ഉപയോഗിച്ചാണെന്നും കെഎസ്ആർടിസി കോടതിയെ അറിയിച്ചു.
ധനവകുപ്പിനെതിരെ കെഎസ്ആർടിസി വിമർശനമുന്നയിച്ചു. ശമ്പളം നൽകാൻ സഹായം ചോദിച്ചിട്ടും അനുകൂല നിലപാട് ഉണ്ടായില്ലെന്നാണ് വിമർശനം. 20 കോടി രൂപ നൽകാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടും ധനവകുപ്പ് പണം നൽകിയില്ല. എന്തുകൊണ്ട് പണം അനുവദിക്കുന്നില്ലെന്നു കെഎസ്ആർടിസിക്ക് അറിയില്ല. സർക്കാർ പറഞ്ഞ പണം ലഭിക്കും എന്ന് കരുതി 10 കോടി ഡീസലിന് നൽകി. ഇതോടെ ശമ്പളം നൽകാൻ കഴിയാത്ത പ്രതിസന്ധി ഉണ്ടായെന്നും കെഎസ്ആർടിസി കോടതിയിൽ പറഞ്ഞു.
കെഎസ്ആർടിസിയിലെ ഡീസൽ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ അനുവദിച്ച 20 കോടി രൂപ ഇതുവരെ അക്കൗണ്ടിൽ എത്തിയിട്ടില്ല. നടപടിക്രമങ്ങൾ കഴിഞ്ഞ് ഇന്നെങ്കിലും പണം ലഭിക്കും എന്ന പ്രതീക്ഷയിലാണ് മാനേജ്മെന്റ്. പണം ലഭിക്കുമെന്ന് ഉറപ്പായതോടെ സ്വകാര്യപമ്പുകളിൽ നിന്ന് ഡീസൽ അടിക്കുന്നത് കെഎസ്ആർടിസി നിർത്തി. ഒപ്പം നേരത്തെ നൽകിയ 123 കോടി രൂപയുടെ സഹായ അഭ്യർത്ഥന പിൻവലിച്ച് കെഎസ്ആർടിസി സർക്കാരിന് പുതിയ അപേക്ഷ സമർപ്പിച്ചു.
103 കോടി രൂപയുടെ പുതിയ അഭ്യർത്ഥനയാണ് സർക്കാരിന് മുന്നിൽ വച്ചത്. ഇതിൽ 50 കോടി നിലവിലെ ഓവർ ഡ്രാഫ്റ്റ് അടച്ചു തീർക്കാനും മൂന്നു കോടി രൂപ ഇതുവരെ എടുത്ത ഓവർ ഡ്രാഫ്റ്റുകളുടെ പലിശ കൊടുക്കാനുമാണ്. ബാക്കി 50 കോടി രൂപ ജുലൈ മാസത്തെ ശമ്പള വിതരണം തുടങ്ങാനുമാണ് ആവശ്യപ്പെടുന്നത്. ഓഗസ്റ്റ് 10 കഴിഞ്ഞിട്ടും ശമ്പള വിതരണം വൈകുന്നതിൽ കെഎസ്ആർടിസി സിഎംഡിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി നടത്തിയത്.
English Summary: KSRTC seeks delay in payment of salary in High Court
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.