കോർപറേറ്റുകളെ പ്രീണിപ്പിക്കാൻ മോഡി സർക്കാർ നല്കിയ നികുതിയിളവിലൂടെ മൂന്ന് വർഷം കൊണ്ട് ഖജനാവിന് നഷ്ടമായത് മൂന്ന് ലക്ഷം കോടി. കോർപറേറ്റ് നികുതി കുറച്ചതു മൂലമുള്ള നഷ്ടമാണിത്. കോർപറേറ്റുകള്‍ക്കുള്ള നികുതി ഉയർത്തി ഇന്ധനനികുതി കുറയ്ക്കണമെന്ന ആവശ്യം പല കോണുകളിൽ നിന്നും ഉയരുമ്പോഴും സർക്കാർ മൗനത്തിലാണ്. എന്നാല്‍ അവശ്യസാധനങ്ങൾക്കുൾപ്പെടെ ജിഎസ്‍ടി വർധിപ്പിച്ച് സാധാരണക്കാരെ പിഴിയുകയും ചെയ്യുന്നു.
2019ലാണ് കോർപറേറ്റ് നികുതി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ധനമന്ത്രി നിർമ്മലാ സീതാരാമൻ നടത്തിയത്. തുടർന്നുള്ള രണ്ട് സാമ്പത്തിക വർഷങ്ങളിൽ മാത്രം കേന്ദ്ര ഖജനാവിന് 1.84 ലക്ഷം കോടിയുടെ നികുതി നഷ്ടപ്പെട്ടു. 2019–20ൽ 87,835 കോടിയും 2020–21ൽ 96,400 കോടി രൂപയും കുറവുണ്ടായതായി ലോക്‌സഭാ സമിതിയാണ് ചൂണ്ടിക്കാട്ടിയത്. 2021–22 ലെ കണക്കുകൾ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ലക്ഷം കോടിയിലധികം വരുമെന്നാണ് കണക്കാക്കുന്നത്. അങ്ങനെയാകുമ്പോൾ മൂന്ന് വർഷത്തെ നഷ്ടം മൂന്ന് ലക്ഷം കോടിയാകും.
കോർപറേറ്റുകൾക്കുള്ള നികുതിയിളവ് പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരമുള്ള നികുതി പിരിവിൽ ഇടിവുണ്ടായിരുന്നു. 2016–17 ലെ മൊത്ത നികുതി പിരിവ് 100.7 ശതമാനമായിരുന്നത് 2017–18ൽ 98.6 ശതമാനമായി കുറഞ്ഞു. 2018–19ൽ 92.5 ശതമാനമായും 2019–20ൽ 92.9 ശതമാനവുമായി. കമ്പനികളിൽ നിന്ന് പുതിയ നിക്ഷേപം ആകർഷിക്കുന്നതിനും തൊഴിൽ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉത്തേജനം നൽകുന്നതിനുമായി ആഗോളതലത്തിൽ മത്സരാധിഷ്ഠിത വ്യാപാരാന്തരീക്ഷം സ്ഥാപിക്കാനാണ് പുതിയ നികുതി വ്യവസ്ഥയെന്നാണ് സർക്കാർ അവകാശപ്പെട്ടിരുന്നത്.
30 ശതമാനമായിരുന്ന കോർപറേറ്റ് നികുതി 22 ശതമാനമായാണ് 2019 ൽ കുറച്ചത്. സെസും സർചാർജും ചേരുമ്പോൾ നികുതി 25.17 ശതമാനം വരും. പുതിയ കമ്പനികളുടെ നികുതി 25 ശതമാനത്തിൽ നിന്നും 15 ശതമാനമായും കുറച്ചു.
നികുതി കുറച്ചതിലൂടെ 1.45 ലക്ഷം കോടിയുടെ വരുമാന നഷ്ടമുണ്ടാവുമെന്നാണ് അന്ന് കണക്കാക്കിയിരുന്നത്. എന്നാൽ കോവിഡിനെത്തുടർന്ന് വലിയ രീതിയിൽ നികുതി നഷ്ടം ഉണ്ടാവുമ്പോഴും കോർപറേറ്റ് നികുതിയിൽ മാറ്റം വരുത്താൻ സർക്കാർ തയാറായില്ല. പകരം ഇക്കഴിഞ്ഞ ബജറ്റിൽ കോർപറേറ്റ് നികുതി 12 ശതമാനമായി വീണ്ടും കുറച്ചു. പുതിയ ഉല്പന്നനിർമ്മാണ കമ്പനികളുടെ 15 ശതമാനമെന്ന ഇളവ് ഒരു വർഷം കൂടി തുടരാനും തീരുമാനിച്ചിരുന്നു. കോവിഡ് കണക്കിലെടുത്ത് സ്റ്റാർട്ടപ്പുകൾക്കുള്ള നികുതി ഇളവുകൾ മൂന്ന് വർഷമെന്നത് നാല് വർഷമാക്കി.
വാണിജ്യ സ്ഥാപനങ്ങളുടെ ലാഭത്തിൽ നിന്ന് നേരിട്ട് ഈടാക്കുന്നതാണ് കോർപറേറ്റ് നികുതി. ഉടമകൾ അറ്റാദായത്തിന്റെ ഒരു ഭാഗം നികുതിയായി അടയ്ക്കണം. വാറ്റ്, ജിഎസ്‍ടി, എക്സൈസ് നികുതി പോലുള്ള പരോക്ഷ നികുതികളും കോർപറേറ്റ് നികുതിയും തമ്മിൽ വ്യത്യാസമുണ്ട്. കമ്പനികളുടെ വരുമാനം അല്ലെങ്കിൽ മൂലധനം എന്നിവയ്ക്ക് മേൽ ഒരു രാജ്യം ചുമത്തുന്ന നേരിട്ടുള്ള നികുതിയാണിത്.
English Summary: Corporate Tax Cut: Loss Rs 3 Lakh Crore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.