22 November 2024, Friday
KSFE Galaxy Chits Banner 2

മതരഹിതരുടെ സംവരണം

കുരീപ്പുഴ ശ്രീകുമാര്‍
വർത്തമാനം
August 18, 2022 5:15 am

ടുത്തകാലത്ത് ഹൈക്കോടതിയിൽ നിന്നും കേരള സർക്കാരിന് നല്കിയ ഒരു നിർദ്ദേശമാണ് ഈ തലക്കെട്ട് സ്വീകരിക്കാൻ പ്രേരണയായത്. ഇന്ത്യൻ ഭരണഘടനയുടെ മതേതര സ്വഭാവം അതിന്റെ ശരിയായ അർത്ഥത്തിൽ ഉൾക്കൊണ്ടു എന്നതാണ് ആ നിർദ്ദേശത്തെ ശ്രദ്ധേയമാക്കിയത്. ഔദ്യോഗിക രേഖകളിൽ മതമില്ലെന്നു രേഖപ്പെടുത്തിയ അഞ്ച് വിദ്യാർത്ഥികൾ കോടതിയെ സമീപിക്കുന്നു. രേഖകളിൽ മതവും ജാതിയുമില്ലാത്തവരായതിനാൽ സ്വാഭാവികമായും മുന്നാക്ക വിഭാഗത്തിൽപ്പെട്ടുപോകുന്നവർക്ക് ആ വിഭാഗത്തിലെ പിന്നാക്കക്കാർക്കുള്ള സംവരണാനുകൂല്യം അനുവദിക്കണം എന്നായിരുന്നു അവരുടെ ആവശ്യം. ബഹുമാനപ്പെട്ട കോടതി ഈ ആവശ്യം പരിഗണിക്കുകയും ഇവർക്ക് സർട്ടിഫിക്കറ്റ് നല്കാൻ സർക്കാരിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഹർജിയിൽ തീരുമാനമെടുക്കുന്നത് ഒരു മാസത്തേക്ക് മാറ്റിവച്ച കോടതി, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വം എന്ന ആശയം ജീവിതത്തിൽ ഉൾക്കൊള്ളാൻ ധൈര്യം കാണിച്ചവരാണ് ഹർജിക്കാരെന്ന് അഭിപ്രായപ്പെടുകയും ചെയ്തു. ജസ്റ്റിസ് വി ജി അരുൺ ഇന്ത്യയിലെ മുഴുവൻ മതാതീത മനുഷ്യരുടെയും അഭിനന്ദനത്തിന് പാത്രമായിരിക്കുകയാണ്.


ഇതുകൂടി വായിക്കൂ:  മതം കറുപ്പാകാം; പക്ഷേ കറുപ്പിനു മതമില്ല


ഇന്ത്യൻ സാഹചര്യത്തിൽ വർഗീയമായി രൂപപ്പെട്ടിട്ടുള്ള എല്ലാ കുടുംബങ്ങളിലും കുഞ്ഞുങ്ങൾ ജനിക്കുന്നത് ജാതിയുടെയും മതത്തിന്റെയും പിള്ളത്തൊട്ടിലിലേക്കാണ്. അവിടെ കേൾക്കുന്ന താരാട്ട് മതദൈവങ്ങളുടെ വാഴ്‌ത്തുകളുമാണ്. ഈ തടവറകളിൽ നിന്നും ചിന്തകൊണ്ട് സ്വതന്ത്രരാകുന്നവരാണ് മതരഹിത മനുഷ്യരാകുന്നത്.
മതപരമായ ബാല്യകാലമുള്ളവർ പോലും വളർന്ന് വരുമ്പോൾ സ്വന്തം ജീവിതത്തിൽ നിന്നും മതവും ജാതിയും അവ നൽകുന്ന അന്ധപ്രവൃത്തികളും പൂർണമായും ഒഴിവാക്കും. ചിലരൊക്കെ പ്രണയമെന്ന കാന്തവലയത്തിൽപ്പെടുകയും മതരഹിത മനുഷ്യകുടുംബങ്ങൾ രൂപപ്പെടുത്തുകയും ചെയ്യും. സ്വന്തം കുഞ്ഞുങ്ങളെ അവർ മനുഷ്യരായി വളർത്തും. സ്കൂളിൽ ചേർക്കുമ്പോൾ ജാതിയും മതവും രേഖപ്പെടുത്തേണ്ട എന്ന സര്‍ക്കാർ ഉത്തരവ് നിലവിലുണ്ട്. ആ കുട്ടികൾ മാനുഷികമൂല്യങ്ങൾ ഉൾക്കൊണ്ട് സ്നേഹത്തിന്റെ യൂണിഫോമിട്ട് വളരും. അവർക്കാണ് ഉപരിപഠനത്തിനും ഉദ്യോഗലബ്ധിക്കും സംവരണം വേണ്ടത്. അവരത് അർഹിക്കുന്നുണ്ട്. ഇങ്ങനെ വളരുന്ന കുട്ടികൾ ഒരിക്കലും വർഗീയവാദികളോ മത തീവ്രവാദികളോ ആവുകയില്ല. ജാതിമത പരിഗണനയോ സ്പർധയോ കൂടാതെ പൗരസമൂഹത്തോട് അവർ പെരുമാറും. ഇങ്ങനെയുള്ള പൗരസമൂഹത്തെ രൂപപ്പെടുത്തിയെടുത്താൽ മതതീവ്രവാദം കൊണ്ടുള്ള വിപത്തുകളെ എന്നേക്കുമായി തടയാം.
മതതീവ്രവാദത്തെ ആയുധംകൊണ്ട് നേരിടാൻ സാധിക്കില്ല. അത് മുളയിലേ നുള്ളേണ്ടതാണ്. പ്രകൃതി പശ്ചാത്തലമായ മനുഷ്യാവബോധം കുഞ്ഞുന്നാളിലേ പകർന്നു കൊടുക്കേണ്ടതുണ്ട്. അടുത്തിരുന്നു പഠിക്കുന്ന കുട്ടിയെ മനുഷ്യക്കുട്ടിയായി കാണണമെന്നും മതക്കുട്ടിയായി കാണരുതെന്നുമുള്ള പാഠം വിലപ്പെട്ടതാണ്. സമത്വത്തിൽ ഊന്നിയുള്ള ഒരു ഭരണഘടനയാണ് നമുക്കുള്ളത്. അത് ഏതെങ്കിലും മത ദൈവത്തിന്റെ പേരിൽ ആരംഭിക്കുന്നതുമില്ല. നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്നു പറഞ്ഞുകൊണ്ടാണ് ആ മഹദ് ഗ്രന്ഥം ആരംഭിക്കുന്നത്.


ഇതുകൂടി വായിക്കൂ:ജാതി, ജാതി, ജാതി


നിന്റെ മതമേതാണെന്ന് ചോദിച്ചാൽ നമ്മൾ മനുഷ്യരാണെന്ന് പറയുന്ന കുട്ടികൾ നമ്മുടെ നാടിന്റെ അഭിമാനമാണ്. ഈ വിഭാഗത്തിൽപ്പെടുന്ന കുട്ടികൾ ജാതിസംവരണത്തിന്റെ പിന്നാലെ പോകാറില്ല. ചിലപ്പോൾ അവർക്കത് അർഹതയുള്ളതുപോലും ആയിരിക്കും. എന്നാൽ ജാതിമത വിഭാഗീയതയ്ക്കെതിരെയുള്ള പോരാളികൾ എന്ന നിലയിൽ അവരത് അവകാശപ്പെടാറില്ല. സവർണ അവർണ ഭേദമില്ലാത്ത ഒരു സമൂഹമാണല്ലോ അവരുടെ ലക്ഷ്യം.
കേരളത്തിൽ, മതമില്ലാത്ത ജീവൻ അവാർഡ് എന്നൊരു സമ്മാനമുണ്ട്. സ്കൂൾ രേഖകളിൽ ജാതിയും മതവും രേഖപ്പെടുത്തിയിട്ടില്ലാത്ത വിദ്യാർത്ഥികളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്നവർക്കുള്ള സമ്മാനമാണത്. അപേക്ഷകരുടെ എണ്ണം പ്രതിവർഷം വർധിച്ചുവരുന്നതായാണ് കാണപ്പെടുന്നത്. ആ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ ഈ നിർദ്ദേശം മനുഷ്യസമൂഹത്തിന്റെ സാധ്യതയിലേക്ക് കൂടുതൽ പ്രകാശം പരത്തുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.