രാജ്യത്ത് പെണ്‍കുഞ്ഞുങ്ങളുടെ ജനന നിരക്കില്‍ വര്‍ധന. ജനനനിരക്കിലെ ആണ്‍— പെണ്‍ വിടവ് കുറഞ്ഞുവരുന്നതായാണ് പ്യു റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ഓരോ നൂറ് പെണ്‍കുട്ടികള്‍ക്ക് 108 ആണ്‍കുട്ടികളാണുള്ളത്. 2019–21ല്‍ ഇത് 110 ആയിരുന്നു. 2001 ല്‍ ഹരിയാനയിലും പഞ്ചാബിലും നൂറ് പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ 127 ആണ്‍കുട്ടികളാണ് ജനിച്ചിരുന്നത്. 2019–21ല്‍ ഹരിയാനയില്‍ ആണ്‍കുട്ടികളുടെ എണ്ണം 112 ആയും പഞ്ചാബില്‍ 111 ആയും കുറഞ്ഞു. 2019–21 വരെയുള്ള ദേശീയ കുടുംബാരോഗ്യ സര്‍വെ, 2011ലെ സെന്‍സസ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനപ്പെടുത്തിയാണ് പഠനം നടത്തിയിരിക്കുന്നത്.
ആയിരം പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ എത്ര ആണ്‍കുട്ടികള്‍ ജനിക്കുന്നുവെന്ന് കണക്കാക്കിയാണ് ലിംഗാനുപാതം നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര സര്‍വേകളില്‍ ഓരോ നൂറ് പെണ്‍കുട്ടികളും ജനിക്കുമ്പോള്‍ എത്ര ആണ്‍കുട്ടികള്‍ ജനിക്കുന്നു എന്നത് അനുസരിച്ചാണ് അനുപാതം കണക്കാക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള ലിംഗാനുപാത വിടവ് നികന്നുവരുന്നുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതിഗതികള്‍ രൂക്ഷമായതായും റിപ്പോര്‍ട്ടിലുണ്ട്.
ആണ്‍കുട്ടികളുടെ ജനനത്തിന് പ്രാധാന്യം നല്‍കുന്നതില്‍ രാജ്യവ്യാപകമായി ഇടിവുണ്ടായിട്ടുണ്ട്. പ്രത്യേകിച്ച് സിഖ് വംശജര്‍ക്കിടയില്‍. ലിംഗനിര്‍ണയം വിലക്കിയ സര്‍ക്കാര്‍ നടപടി ഏറെ പ്രശംസനീയമാണെന്നും പഠനത്തില്‍ പറയുന്നു. ലിംഗനിര്‍ണയം, ലിംഗം കണ്ടെത്തിയുള്ള ഗര്‍ഭഛിദ്രം എന്നിവ നിരോധിക്കുകയും പെണ്‍കുട്ടികളുടെ ജനനത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ പ്രത്യേക കാമ്പയിനുകള്‍ സംഘടിപ്പിച്ചതും ലിംഗാനുപാത വിടവ് കുറയാൻ കാരണമായെന്ന് പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
1971ലാണ് ഇന്ത്യയില്‍ ഗര്‍ഭഛിദ്രം നിയമവിധേയമാക്കുന്നത്. 1980കളിലാണ് അള്‍ട്രാസൗണ്ട് പരിശോധന പ്രാബല്യത്തില്‍ വരുന്നത്. മനുഷ്യരുടെ ആന്തരികാവയവങ്ങള്‍ പരിശോധിക്കുന്ന സോണോഗ്രഫിയിലൂടെ ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യവും ഉറപ്പാക്കി തുടങ്ങി. ഇതിലൂടെ കുട്ടികളുടെ ലിംഗ പരിശോധന നടത്തുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തിരുവെന്നാണ് അന്നത്തെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അക്കാലത്ത് ആണ്‍കുട്ടികളുടെ ജനനനിരക്കില്‍ വര്‍ധനവും രേഖപ്പെടുത്തി.
1996ല്‍ ഇന്ത്യയില്‍ ലിംഗനിര്‍ണയം വിലക്കി. 2011 ലാണ് ലിംഗാനുപാത നിരക്കില്‍ ഏറ്റവും വലിയ വിടവുണ്ടായത്. നൂറ് പെണ്‍കുട്ടികള്‍ക്ക് 111 ആണ്‍കുട്ടികളായിരുന്നു അന്ന് ജനിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഇന്ത്യയിലെ ലിംഗാനുപാത നിരക്കില്‍ പ്രകടമായ വ്യത്യാസങ്ങളുണ്ടാകുകയും നേരിയതോതില്‍ വിടവ് കുറഞ്ഞുവരികയും ചെയ്തു. മെഡിക്കല്‍ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമാണ് ഗര്‍ഭിണികള്‍ അള്‍ട്രാസൗണ്ട് സ്കാനിങ് നടത്തുന്നത്. ലിംഗ നിര്‍ണയത്തിനുള്ള പരിശോധനകളില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കാന്‍ ഇന്ത്യയിലെ അമ്മമാര്‍ക്ക് കഴിയുന്നുവെന്നും പഠനത്തില്‍ പറയുന്നു.
English Summary: Increase in the birth rate of female babies in the country
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.