ഓണക്കാലത്ത് നാട്ടിലേക്കുള്ള മലയാളികളുടെ യാത്രയെ കൊള്ളയടിക്കുള്ള അവസരമാക്കാൻ തന്ത്രങ്ങളുമായി സതേൺ റയിൽവേ. ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് അനുവദിച്ചിരുന്ന തീവണ്ടികളുടെയും സർവീസുകളുടെയും എണ്ണം വെട്ടിക്കുറച്ചാണ് ഇക്കുറി കൊള്ളയ്ക്കുള്ള തന്ത്രം മെനയുന്നത്.
ഓണക്കാലത്തെ തിരക്ക് കുറയ്ക്കാനെന്ന ഭാവേന ഇത്തവണ റയിൽവേ അനുവദിച്ചിട്ടുള്ളത് ആറ് ടെയിനുകളും 10 സർവീസുകളും മാത്രമാണ്. മുൻകാലങ്ങളിൽ അനുവദിച്ചിരുന്ന ട്രെയിനുകളുടെയും സർവീസുകളുടെയും എണ്ണം വച്ചു നോക്കുമ്പോൾ വളരെ കുറവാണിത്. ഓണം സീസണിൽ ആദ്യമായാണ് ഇത്രയും മോശമായ അവസ്ഥ.
ഈ നടപടി മൂലം ഓണക്കാലത്ത് മലയാളി യാത്രക്കാരുടെ പ്രയാസങ്ങൾ ഇരട്ടിക്കുമെന്ന് തീർച്ച. നടപടി ലാഭക്കണ്ണോടു കൂടിയതാണെന്നും തിരക്ക് വല്ലാതെ വർദ്ധിക്കുന്ന ഘട്ടത്തിൽ, യാത്രക്കാരെ സഹായിക്കാനാണെന്ന വ്യാജേന പ്രത്യേക ട്രെയിനുകൾ അനുവദിച്ച് പ്രീമിയം തത്കാൽ ടിക്കറ്റിലൂടെ കൊള്ള നടത്താനുള്ള ലക്ഷ്യമാണ് സതേൺ റയിൽവേയ്ക്കുള്ളതെന്നുമാണ് യാത്രക്കാരുടെ ആരോപണം.
മലയാളികൾ ഏറ്റവും കൂടുതലുള്ള കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ഓണ സീസണിൽ സാധാരണ അനുവദിച്ചിരുന്ന പ്രത്യേക തീവണ്ടികൾ ഇപ്രാവശ്യമില്ല. അവ കാരണം കൂടാതെ റദ്ദ് ചെയ്തിരിക്കുകയാണ്. പ്രത്യേകമായി അനുവദിച്ചിട്ടുള്ളത് ബംഗളൂരു, ചെന്നെ എന്നിവിടങ്ങളിലേക്കു മാത്രമായി പരിമിതപ്പെടുത്തിയിട്ടുമുണ്ട്. പ്രധാന വണ്ടികളിലൊന്നും ഇപ്പോൾത്തന്നെ ടിക്കറ്റ് കിട്ടാനില്ലെന്ന പരാതി വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നു കഴിഞ്ഞിട്ടുണ്ട്.
നേത്രാവതി എക്സ്പ്രസ്, ചെന്നെ-തിരുവനന്തപുരം മെയിൽ ഉൾപ്പെടെയുള്ള പ്രധാന ട്രെയിനുകളിലൊന്നും ഓണം കഴിയുന്നതു വരെ ടിക്കറ്റ് കിട്ടാനില്ല. ഈ സ്ഥിതി രൂക്ഷമാവുകയും നാട്ടിലെത്താൻ എത്ര പണം മുടക്കാനും മലയാളി നിർബന്ധിതനാവുകയും ചെയ്യുന്ന ഒരു കനകാവസരമാണ് റയിൽവേ ഉന്നമിടുന്നത്. ഓണക്കാലത്ത് കൂടുതൽ ട്രെയിനുകൾ വേണമെന്ന യാത്രക്കാരുടെ ആവശ്യത്തോട്, സമയമാകുമ്പോൾ പരിഗണിക്കാം എന്ന് അധികൃതർ നൽകുന്ന മറുപടി ഇതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് യാത്രക്കാരുടെ സംഘടനകൾ പറയുന്നു.
ഇതിനിടെ, ഇന്ത്യൻ റയിൽവേ കേറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷന്റെ കടുംപിടിത്തം മൂലം കേരളത്തിലെ റയിൽവേ സ്റ്റേഷനുകളിലടടക്കം പ്രവർത്തിച്ചു വന്ന 19 റസ്റ്റോറന്റുകൾ അടച്ചുപൂട്ടിയതോടെ, ഇവിടങ്ങളിൽ ഭക്ഷണം വിതരണം നിലച്ചതായ പരാതിയുമുയർന്നു. എറണാകുളം ടൗൺ, തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, തൃശൂർ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെയും കന്യാകുമാരി, ബംഗളൂരു, നാഗർകോവിൽ എന്നിവിടങ്ങളിലെയും റസ്റ്റോറന്റുകളുടെ പ്രവർത്തനമാണ് നിലച്ചത്. റസ്റ്റോറന്റ് ഫീസ് കുത്തനെ കൂട്ടിയ ഐആർസിടിസി നടപടിയെ തുടർന്നാണ് നടത്തിപ്പുകാർ രംഗം വിട്ടത്. പലയിടങ്ങളിലും റസ്റ്റോറന്റ് നടത്തിപ്പ് ഏറ്റെടുക്കാൻ ആരും മുന്നോട്ടു വരുന്നില്ലെന്നും അറിയുന്നു.
English Summary: Railways with strategy to loot on Onam
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.