21 April 2025, Monday
KSFE Galaxy Chits Banner 2

Related news

December 5, 2023
April 26, 2023
March 16, 2023
March 16, 2023
February 6, 2023
January 19, 2023
January 9, 2023
January 1, 2023
December 21, 2022
December 21, 2022

പരിസ്ഥിതി സംവേദക മേഖല: ഉപഗ്രഹസര്‍വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന

Janayugom Webdesk
തിരുവനന്തപുരം
August 29, 2022 11:01 pm

പരിസ്ഥിതി സംവേദക മേഖലകളിലെ കെട്ടിടങ്ങള്‍, സ്ഥാപനങ്ങള്‍, ഇതര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍, ഭൂവിനിയോഗം എന്നിവ സംബന്ധിച്ച് വിവരശേഖരണത്തിന് ഉപഗ്രഹസര്‍വേയ്ക്കു പുറമേ നേരിട്ടുള്ള പരിശോധന കൂടി നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
സാങ്കേതികവിദ്യാ സംവിധാനം വഴിയുള്ള കണക്കെടുപ്പിലെ വിശദാംശങ്ങള്‍ നേരിട്ടുള്ള പരിശോധന വഴി ഉറപ്പിക്കും. ഇക്കാര്യങ്ങള്‍ പഠിച്ച് സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കും. സമിതി ഒരു മാസത്തിനുള്ളില്‍ ഇടക്കാല റിപ്പോര്‍ട്ടും മൂന്നു മാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ടും സമര്‍പ്പിക്കും. തദ്ദേശ സ്വയംഭരണം, റവന്യു, കൃഷി, വനം എന്നീ വകുപ്പുകള്‍ വകുപ്പുതലത്തില്‍ ലഭ്യമാക്കിയ വിവരങ്ങള്‍ ചീഫ് സെക്രട്ടറി ക്രോഡീകരിക്കും. ഉപഗ്രഹ സംവിധാനം വഴി തയാറാക്കിയ ഡാറ്റയും വകുപ്പുതല ഡാറ്റയും വിദഗ്ധ സമിതി പരിശോധിക്കും. 115 വില്ലേജുകളിലാണ് ബഫര്‍സോണ്‍ വരുന്നത്. ഇവയുടെ യഥാര്‍ത്ഥ വിവരം കൃത്യമായി രേഖപ്പെടുത്താനാണ് വിദഗ്ധസമിതി രൂപീകരിച്ചത്.
സുപ്രീം കോടതി ആവശ്യപ്പെട്ടത് പ്രകാരം സാങ്കേതികവിദ്യാ സഹായത്തോടെ ഉപഗ്രഹ സംവിധാനം വഴി പരിസ്ഥിതി സംവേദക മേഖലയിലുള്ള കെട്ടിടങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും മറ്റും കണക്കെടുപ്പ് സംസ്ഥാനം പൂര്‍ത്തീകരിച്ചിട്ടുണ്ട്. പുനഃപരിശോധനാ ഹര്‍ജി സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്. തുറന്ന കോടതിയില്‍ വേഗത്തില്‍ വാദം കേള്‍ക്കണം എന്ന ആവശ്യം സംസ്ഥാനം ഉന്നയിക്കും. യോഗത്തില്‍ മന്ത്രിമാരായ കെ രാജന്‍, പി പ്രസാദ്, എ കെ ശശീന്ദ്രന്‍, പി രാജീവ്, വിവിധ വകുപ്പ് സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

2019ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കേണ്ടതില്ല 

തിരുവനന്തപുരം: സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള പരിസ്ഥിതി സംവേദക മേഖല സംബന്ധിച്ച 2019ലെ മന്ത്രിസഭാ തീരുമാനം റദ്ദാക്കേണ്ടതില്ലെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ. 2019ലെ മന്ത്രിസഭാ തീരുമാനത്തിൽ പൂജ്യം മുതൽ ഒരു കിലോമീറ്റർ വരെ പരിസ്ഥിതി സംവേദക മേഖലയെന്നാണ് വ്യക്തമാക്കിയിരുന്നതെങ്കിലും 2020ലെ മന്ത്രിതല സമിതി ഇതിൽ ജനവാസ മേഖലകൾ ഒഴിവാക്കി ദേഭഗതി വരുത്തിയിരുന്നു. ഈ മന്ത്രിതല സമിതി തീരുമാനത്തിന് 2020ൽ മന്ത്രിസഭ സാധൂകരണവും നൽകി. അതിനാൽ 2019ലെ ഉത്തരവ്‌ റദ്ദാക്കേണ്ടതില്ലെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ വ്യക്തമാക്കി. 2020ലെ തീരുമാനപ്രകാരം കേന്ദ്ര സർക്കാരിന്‌ സമർപ്പിച്ച വിജ്ഞാപനങ്ങളിലെല്ലാം ജനവാസമുള്ള പ്രദേശങ്ങൾ ഒഴിവാക്കിയിരുന്നു. എല്ലാ നിയമോപദേശങ്ങൾക്കും ശേഷം സ്വീകരിച്ചിട്ടുള്ളതാണ്‌ ഈ തീരുമാനമെന്നും മന്ത്രി പറഞ്ഞു. 

Eng­lish Sum­ma­ry: Buffer­zone; Direct obser­va­tion in addi­tion to satel­lite survey 

You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.