22 September 2024, Sunday
KSFE Galaxy Chits Banner 2

Related news

July 7, 2024
May 23, 2024
May 12, 2024
July 15, 2023
June 20, 2023
December 10, 2022
October 31, 2022
September 11, 2022
September 3, 2022
August 31, 2022

പ്രളയക്കെടുതിയില്‍ പാകിസ്ഥാന്‍

Janayugom Webdesk
കറാച്ചി
August 30, 2022 10:56 pm

പാകിസ്ഥാനില്‍ നാശം വിതച്ച് പ്രളയം. രാജ്യത്തിന്റെ മൂന്നിലൊന്ന് മേഖലകളും വെള്ളത്തിനടിയിലായി. 1,136 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചതായാണ് ദേശീയ ദുരന്തനിവാരണ ഏജന്‍സിയുടെ റിപ്പോ­ര്‍ട്ട്.
388.7 മില്ലിമീറ്റർ മഴയാണ് ഈ വര്‍ഷം ലഭിച്ചത്. രാജ്യത്തിന്റെ ദേശീയ ശരാശരിയായ 134 മില്ലിമീറ്ററിന്റെ മൂന്നിരട്ടിയാണിത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കനുസരിച്ച് ഓഗസ്റ്റിൽ മാത്രം 166.8 മില്ലിമീറ്റർ മഴയാണ് രാജ്യത്ത് പെയ്തത്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അടിസ്ഥാന സൗ­കര്യങ്ങള്‍ പുനഃസ്ഥാപിക്കാ­ന്‍ 10 ബില്യണ്‍ ഡോളറിലധികം ചെലവാണ് പ്രതീക്ഷിക്കുന്നത്. പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്ന് ശതമാനത്തോളം വരുമിത്.
സിന്ധ്, ബലുചിസ്ഥാന്‍ പ്രവിശ്യകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. രണ്ടരലക്ഷം ഏക്കറിലധികം കൃഷി നശിച്ചു. 1.6 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമുണ്ടായതായാണ് അ­നൗദ്യോഗിക കണക്കുകള്‍. 66 ജില്ലകളെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാല്‍ ദുരന്തബാധിത പ്രദേശങ്ങളുടെ എണ്ണം ഉയര്‍ന്നേക്കും. ആകെ ജനസംഖ്യയുടെ ഏഴിലൊന്ന് ആളുകളെ മാറ്റിപ്പാര്‍പ്പി­­ച്ചു. 2010 ലാണ് ഇതിനുമു­ന്‍­പ് ഇ­­ത്രെയും രൂക്ഷമായ വെളളപ്പൊക്കമുണ്ടാകുന്നത്. 2000 പേ­രാണ് അന്ന് മരിച്ചത്. കാലാവസ്ഥാ വ്യതിയാനമാണ് വെള്ളപ്പൊക്കത്തിന്റെ കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. കാലാവസ്ഥാ വ്യതിയാന സൂചികയിലെ എട്ടാമത്തെ രാജ്യമാണ് പാകിസ്ഥാന്‍.
അതിനിടെ, സിന്ധ് പ്രവിശ്യയില്‍ വെള്ളപ്പൊക്കബാധിതരുമായി പോയ ബോട്ട് മുങ്ങി 13 പേര്‍ മരിച്ചു. 25 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. എട്ട് പേ­രെ രക്ഷപ്പെടുത്തി, ബിലാവല്‍പൂരില്‍ നിന്നുള്ള ആള്‍ക്കാരുമായി ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി സര്‍ക്കാര്‍ നോഡല്‍ ഡിസാസ്റ്റര്‍ ഏ­ജന്‍സി രൂപീകരിച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റിയുടെയും സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനങ്ങളെ ഏജന്‍സി ഏകോപിപ്പിക്കും. ഇതിനു പുറമെ, പാക് സര്‍ക്കാരും ഐക്യരാഷ്ട്ര സഭയും സംയുക്തമായി 2022 പാകിസ്ഥാന്‍ വെള്ളപ്പൊക്ക പ്രതികരണ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
കാനഡ അഞ്ച് മില്യണ്‍ ഡോളറും ചെെന 100 മില്യണ്‍ യുവാനും ധനസഹായം പ്രഖ്യാപിച്ചു. പാകിസ്ഥാനിലേക്ക് ഭക്ഷണം, മരുന്നുകള്‍, ടെന്റുകൾ, പാർപ്പിട സാമഗ്രികൾ എ­ന്നിവ ഉടൻ എത്തിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. 1.5 ദശലക്ഷം പൗണ്ടിന്റെ ധനസഹായം യുകെയും പ്രഖ്യാപിച്ചു. 

Eng­lish Sum­ma­ry: Pak­istan in flood

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.