15 November 2024, Friday
KSFE Galaxy Chits Banner 2

തൊഴിലുറപ്പ് പദ്ധതിക്ക് അന്ത്യംകുറിക്കാന്‍ കേന്ദ്രം

നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ ഫണ്ട് തടയുമെന്ന് മുന്നറിയിപ്പ്
Janayugom Webdesk
ന്യൂഡല്‍ഹി
September 6, 2022 10:45 pm

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ വരിഞ്ഞുമുറുക്കി കേന്ദ്രം. സുതാര്യത ഉറപ്പാക്കുന്നതിനായി പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ ഫണ്ട് തടഞ്ഞുവയ്ക്കുമെന്ന മുന്നറിയിപ്പുമായി ഗ്രാമവികസന മന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കത്തയച്ചു.
എംഎൻആർഇജിഎ ഫണ്ടുകളുടെ ഉപയോഗത്തിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കാൻ കൊണ്ടുവന്ന സൂചകങ്ങൾ പാലിക്കുന്നതിന്റെ വിലയിരുത്തൽ ഒക്ടോബറിൽ നടത്തുമെന്ന് ഗ്രാമവികസന മന്ത്രി ഗിരിരാജ് സിങ് പറഞ്ഞു. 2005 സെപ്റ്റംബറിൽ ഇടതുപക്ഷ പിന്തുണയോടെ പാർലമെന്റ് പാസാക്കിയ തൊഴിലുറപ്പ് നിയമം രാജ്യത്ത് ദാരിദ്ര്യ നിർമാർജനത്തിന് നല്ല പങ്കാണ് വഹിച്ചിരുന്നത്.
തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണം സമീപകാലത്ത് ശക്തമായിട്ടുണ്ട്. തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കുക, ബജറ്റ് വിഹിതം വെട്ടിച്ചുരുക്കുക തുടങ്ങിയ നടപടികള്‍ ഇതിനോടകം നടപ്പാക്കി. ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തിമാത്രമേ ഏറ്റെടുക്കാൻ പാടുള്ളൂവെന്ന കേന്ദ്ര സർക്കാരിന്റെ ഉത്തരവ് കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് വൻ തിരിച്ചടിയായി.
കമ്മിഷണർമാരുടെ സന്ദർശനം, ഹാജർ, സോഷ്യൽ ഓഡിറ്റ്, മൊബൈൽ ആപ്പിലൂടെയുള്ള നിരീക്ഷണം, വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഗ്രാമവികസന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്. തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുവേണ്ടിയാണ് ഇവയെന്ന് അധികൃതര്‍ പറയുന്നു.
സോഷ്യൽ ഓഡിറ്റിങ് ശക്തമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ മന്ത്രാലയം ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്തുകളില്‍ ഒരു സ്വതന്ത്ര ഡയറക്ടറെ നിയമിക്കണം. സോഷ്യൽ ഓഡിറ്റ് നടത്തി സാമ്പത്തിക ദുരുപയോഗത്തിലൂടെ നഷ്ടമായ തുക സമയബന്ധിതമായി പരമാവധി തിരിച്ചെടുക്കണം. സോഷ്യൽ ഓഡിറ്റ് ഗ്രാമസഭയിൽ മതിയായ ഉദ്യോഗസ്ഥരെ സംസ്ഥാനങ്ങൾ ഉറപ്പാക്കേണ്ടതുണ്ട്.
എല്ലാ ജില്ലകളിലും ഓംബുഡ്‌സ്‌പേഴ്‌സണിനായുള്ള റിക്രൂട്ട്‌മെന്റ് സമയബന്ധിതമായി പൂർത്തിയാക്കണം. നാഷണൽ മൊബൈൽ മോണിറ്ററിങ് സംവിധാനത്തിലേക്ക് തൊഴിലാളികളുടെ തത്സമയ ഹാജർ, ജിയോടാഗ് ചെയ്ത ഫോട്ടോഗ്രാഫുകള്‍ എന്നിവ അപ്‌ലോഡ് ചെയ്യണം. നിരീക്ഷണ ചുമതലയുള്ള മേഖലാ, സംസ്ഥാന ഓഫീസർമാര്‍ പ്രതിമാസം 10 വർക്ക്‌സൈറ്റ് സന്ദർശനങ്ങളെങ്കിലും നടത്തി റിപ്പോര്‍ട്ട് അപ്‌ലോഡ് ചെയ്യണം. കൂടാതെ വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ നിരീക്ഷണവും ഹാജരും ഉറപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഏറെക്കുറെ എല്ലാ പഞ്ചായത്തുകളിലും വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഇക്കാര്യത്തിലും പിന്നിലാണ്. തൊഴിലുറപ്പ് പദ്ധതിയുടെ പേരില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകാന്‍ പുതിയ നടപടി കാരണമാകും. ഓഡിറ്റ് റിപ്പോർട്ടിലടക്കം കുറവുകൾ കണ്ടെത്തി പണം വൈകിച്ചിരുന്ന മുന്‍കാലനടപടികളിലും കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. കേരളത്തില്‍ 16.45 ലക്ഷം കുടുംബങ്ങളിലായി 18.99 ലക്ഷം രജിസ്റ്റർ ചെയ്ത തൊഴിലാളികളുണ്ട്. വലിയ പഞ്ചായത്തുകളിൽ 5000 തൊഴിലാളികൾ വരെയുണ്ട്. 

Eng­lish Sum­ma­ry: Cen­ter to end job guar­an­tee scheme

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.