ഓണം ബമ്പർ നറുക്കെടുപ്പിന് ഇനി ഒരാഴ്ച മാത്രം ശേഷിക്കെ അച്ചടിച്ചതിൽ 44 ലക്ഷം ടിക്കറ്റുകളും വിറ്റഴിച്ചു. 500 രൂപയാണ് ടിക്കറ്റ് വില. 220 കോടിയോളം രൂപയുടെ വിറ്റുവരവ് നടന്നതായിട്ടാണ് അനൗദ്യോഗിക കണക്ക്. നറുക്കെടുപ്പ് നടക്കുന്ന ഈ മാസം 18ന് ശേഷമേ വിൽപ്പനയിലൂടെ സർക്കാർ ഖജനാവിലെത്തിയ തുകയുടെ ആകെ ചിത്രം വ്യക്തമാകൂ. 60 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിട്ടുളളത്. നറുക്കെടുപ്പിന് മുമ്പ് മുഴുവൻ ടിക്കറ്റുകളും വിറ്റഴിക്കുമെന്നാണ് കരുതുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണത്തെ ഓണം ബമ്പർ ജനങ്ങളുടെ കൈകളിലെത്തുന്നത്. ഒന്നാം സമ്മാനം 25 കോടി രൂപയാണ്. രണ്ടാംസമ്മാനം അഞ്ച് കോടി രൂപയും മൂന്നാംസമ്മാനം ഒരുകോടി വീതം 10 പേർക്കും നൽകും.
ബമ്പർ സമ്മാനമായി മാത്രം 40 കോടി രൂപയാണ് സമ്മാനത്തുകയിലുള്ളത്. ഇതിന് പുറമേ നാലാംസമ്മാനം ഒരുലക്ഷം വീതം 90 പേർക്കും സമാശ്വാസ സമ്മാനം അഞ്ച് ലക്ഷംവീതം ഒമ്പത് പേർക്കും ലഭിക്കും. മൊത്തം 126 കോടി രൂപയുടേതാണ് സമ്മാനത്തുക. വരുമാനത്തിൽ നിന്ന് 40 ശതമാനം നികുതിയിനത്തിലും കമ്മിഷൻ ഇനത്തിലും പോകും. അവസാന ഘട്ടം വരെ അച്ചടി ചെലവ് അടക്കം കണക്കാക്കിയാണ് ലാഭം കണക്കാക്കുക. കഴിഞ്ഞവർഷം അച്ചടിച്ച 54 ലക്ഷം ഓണം ബമ്പറും വിറ്റഴിഞ്ഞിരുന്നു. ജൂലൈ 18 മുതൽ ആരംഭിച്ച ടിക്കറ്റ് വില്പന കാലാവസ്ഥ പ്രതികൂലമായ ദിവസങ്ങളിൽ പോലും ഒട്ടും പിന്നാക്കം പോയിട്ടില്ലെന്ന് ഏജന്റുമാർ സാക്ഷ്യപ്പെടുത്തുന്നു. ആദ്യഘട്ടത്തിൽ 30 ലക്ഷം ടിക്കറ്റും, പിന്നീട് 20 ലക്ഷവും 10 ലക്ഷവും വീതം മൂന്ന് ഘട്ടമായാണ് അച്ചടിച്ചത്.
ഓഗസ്റ്റ് വരെ പ്രതിദിനം ശരാശരി ഒരുലക്ഷം ടിക്കറ്റ് വരെ വിറ്റിരുന്നത് ഈ മാസം തുടക്കം മുതൽ ശരാശരി രണ്ടുലക്ഷം ടിക്കറ്റ് വരെ വിറ്റു പോകുന്നുണ്ട്. ഇതുവരെയുള്ള വിൽപന അനുസരിച്ച് അഞ്ച് ദിവസത്തിനുള്ളിൽ ലോട്ടറി പൂർണമായും വിറ്റഴിക്കുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. ഫലപ്രഖ്യാപനത്തിന് മുമ്പുവരെ ടിക്കറ്റ് വാങ്ങാം. ആവശ്യമെങ്കിൽ ഇനിയും ടിക്കറ്റ് അച്ചടിക്കും. 90 ലക്ഷം ടിക്കറ്റ് വരെ അച്ചടിക്കാൻ സർക്കാർ അനുമതിയുണ്ട്. ജില്ലാ ഓഫീസുകളിൽ നിന്നുള്ള ഡിമാൻഡ് അനുസരിച്ചാകും അച്ചടി. ബമ്പർ ഒന്നാംസമ്മാനാർഹമാകുന്ന ടിക്കറ്റ് വിൽക്കുന്ന ഏജന്റിന് 2.50 കോടിരൂപ കമ്മിഷൻ ലഭിക്കും. ഫോട്ടോസ്റ്റാറ്റ് ടിക്കറ്റുകളെ ചെറുക്കാൻ അതീവ സുരക്ഷയോടെയാണ് ടിക്കറ്റ് അച്ചടിച്ചത്.
English Summary: Onam bumper draw
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.